പേജുകള്‍‌

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

finger print

സ്വാമി ശരണം, സഖാക്കളെ!

     എ.പി. അബ്ദുല്ലക്കുട്ടിയും ഡോ. കെ. എസ്. മനോജും മഞ്ഞളാംകുഴി അലിയുമൊക്കെ വള്ളികുന്നം കടുവിനാല്‍ മംഗലശേരി മനയില്‍ കെ. ധനഞ്ജയന്‍ നമ്പൂതിരിയെ കണ്ടു പഠിക്കണം. നമ്പൂതിരിയെ പരിചയമില്ലെന്നുണ്ടോ? ശബരിമല മാളികപ്പുറം മേല്‍ശാന്തിയായി ഇക്കഴിഞ്ഞ തുലാം ഒന്നിനു നറുക്കു വീണ പൂജാരി ശ്രേഷ്ഠന്‍. അടുത്ത വൃശ്ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കു ശബരിമലയിലെ പുറപ്പെടാശാന്തി.
  ശബരിമല ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തിലെയും തൊട്ടടുത്ത മാളികപ്പുറം ക്ഷേത്രത്തിലെയും പൂജാരിമാരാകുക എന്നാല്‍ മന്ത്ര-തന്ത്രങ്ങള്‍ വശമുള്ള ഏതൊരാളുടെയും സ്വപ്നമാണ്. അതിനു താന്ത്രിക വിദ്യയില്‍ അവഗാഹം മാത്രം പോരാ, ദൈവകൃപയും ഭാഗ്യവും ഉണ്ടായാലേ നറുക്കു വീഴൂ. പിടിപാടും വഴിപാടും കാണിക്കയുമൊക്കെയുണ്ടെങ്കില്‍ മേല്‍ശാന്തിപ്പട്ടികയില്‍ ഇടം പിടിക്കാമെന്നല്ലാതെ നിയമനം കിട്ടണമെന്ന് ഒരുറപ്പുമില്ല. യോഗ്യത നേടിയ പത്തു പേരില്‍ നിന്ന് അനേകായിരം വിശ്വാസികളുടെ കണ്‍മുന്നില്‍വച്ച് നറുക്കെടുപ്പിലൂടെയാണു മേല്‍ശാന്തിയെ തെരഞ്ഞെടുക്കുക.
  ധനഞ്ജയന്‍ നമ്പൂതിരിയുടെ താന്ത്രിക പാണ്ഡിത്യത്തെക്കുറിച്ച് ആക്ഷേപമില്ല. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം പട്ടികയില്‍ ഇടം പിടിക്കില്ലായിരുന്നു. ദൈവവിശ്വാസത്തിലും ഒരു കുറവുമില്ലെന്നു നിസ്സംശയം പറയാം. അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിനു മേല്‍ശാന്തിയായി നറുക്കു വീഴില്ലായിരുന്നു.
    ധനഞ്ജയന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായതിന് അബ്ദുള്ളക്കുട്ടിയും മനോജും അലിയുമൊക്കെ എന്തു വേണമെന്നാണോ ചോദ്യം? വേണമല്ലോ. അബ്ദുള്ളക്കുട്ടി എസ്എഫ്ഐക്കാരനായിരുന്നു എന്നു കേട്ടിട്ടുണ്ട്. നല്ല കമ്യൂണിസ്റ്റ് ആയിരുന്നോ എന്ന് ഉറപ്പില്ല. എസ്എഫ് ഐക്കാരെല്ലാവരും കമ്യൂണിസ്റ്റ് ആവുമെന്നു മാര്‍ക്സോ ഏംഗല്‍സോ ഇഎംഎസോ ഒന്നും ഒരിടത്തും പറഞ്ഞിട്ടുമല്ല. കമ്യൂണിസത്തിലേക്കുള്ള എഞ്ചുവടി ക്ലാസ് മാത്രമാണ് എസ്എഫ്ഐ. എഞ്ചുവടി പുസ്തകം വായിച്ചിട്ടുള്ളവര്‍ തുടര്‍ന്നുള്ള എല്ലാ പഠനത്തിനും പറ്റിയ പാണ്ഡിത്യം നേടിയെന്നു ധരിക്കരുത്. അങ്ങനെ കരുതിയാല്‍ പാവം അബ്ദുള്ളക്കുട്ടിക്കു പറ്റിയതു പറ്റും.
    രണ്ടു തവണ പാര്‍ലമെന്‍റില്‍ എത്താനുള്ള വഴിപ്പുസ്തകമായിരുന്നു അദ്ദേഹത്തിന് എസ്എഫ്ഐ എന്നു പറഞ്ഞാലും തെറ്റില്ല. ഒരു കമ്യൂണിസ്റ്റ്കാരനെ വഴി തെറ്റിക്കാന്‍ പോന്ന സകല ഏടാകൂടങ്ങളും എംപിയായി ഇന്ദ്രപ്രസ്ഥത്തില്‍ എത്തുന്നവരെ കാത്തിരിപ്പുണ്ടെന്നു ദീര്‍ഘകാലം കമ്യൂണിസ്റ്റ് എംപിയും നെഹ്റുവിന്‍റെ കാലത്തെ പ്രതിപക്ഷ നേതാവുമായിരുന്ന എ.കെ. ഗോപാലന്‍ തന്നെ എഴുതിപ്പഠിപ്പിച്ചിട്ടുണ്ട്. എകെജിക്ക് അങ്ങനെ പലതും പറയാം. അവസരങ്ങളോടു പുറംതിരിഞ്ഞു നില്ക്കുന്നവര്‍ നല്ല അബ്ദുള്ളക്കുട്ടിമാരല്ല. അതുകൊണ്ട് നല്ലനല്ല അവസരങ്ങള്‍ കണ്ടു പഠിച്ചതാണോ കുട്ടി ചെയ്ത കുറ്റം? അതിന് അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതു ശരിയായില്ല.
   തന്‍റെ വിശ്വാസങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ പാര്‍ട്ടി അനുവദിക്കുന്നില്ലെന്ന കുട്ടിയുടെ കണ്ടുപിടിത്തമായിരുന്നു കടുകട്ടി. കുട്ടിക്കാലത്ത് മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമൊന്നും അശേഷം ഉണ്ടായിരുന്നില്ല. എന്നാല്‍ മിക്കവരെയും പോലെ വൈകിയാണു വിവേകം ഉദിച്ചത്. അപ്പോഴേക്കും കുട്ടിയുടെ തല പാര്‍ട്ടിയുടെ കക്ഷത്തായിപ്പോയി. തനിക്കു മതത്തില്‍ വിശ്വസിക്കണമെന്ന തോന്നലുണ്ടായപ്പോഴാണു മതങ്ങളോടു പാര്‍ട്ടിക്കത്ര മതിപ്പില്ലെന്ന കാര്യം അദ്ദേഹത്തിനു ബോധ്യമായത്. മതത്തിലും ആരാധനയിലുമൊന്നും വിശ്വസിച്ചുപോകരുതെന്നു പാര്‍ട്ടി പറഞ്ഞെന്നു കുട്ടി പത്രസമ്മേളനം വിളിച്ചു പറഞ്ഞപ്പോള്‍ നാട്ടുകാരും സംശയിച്ചുപോയി എന്നതു വസ്തുത. ആരാധ്യപുരുഷന്‍ നരേന്ദ്ര മോഡിയോടുള്ള ആരാധന മൂത്ത് ബിജെപിയില്‍ ചേരുമെന്നു തോന്നിയ ഘട്ടത്തിലാണു കുട്ടിയെ കണ്ണൂര്‍ വീരന്‍ കെ. സുധാകരന്‍ റാഞ്ചിയത്.
     ഏറെക്കുറെ ഇതു തന്നെയായിരുന്നു ഡോ. കെ. എസ് മനോജിന്‍റെ പ്രശ്നവും. കുരിശിന്‍റെ വഴിയേ നടന്ന മനോജിനെപ്പിടിച്ച് പാര്‍ട്ടിയുടെ വഴിയേ നടത്തിയതു മാര്‍ക്സിസ്റ്റ് പാര്‍ട്ടി. മതത്തിന്‍റെ വഴിയെക്കാള്‍ ആദായകരമാണു രാഷ്ട്രീയ വഴിയെന്നു വെളിപാടുണ്ടായപ്പോള്‍ മനോജ് മതം വിട്ടു രാഷ്ട്രീയത്തില്‍ ചേര്‍ന്നു. അബ്ദുല്ലക്കുട്ടിയെപ്പോലെ മനോജും പാര്‍ട്ടി ടിക്കറ്റില്‍ എംപിയായി ഇന്ദ്രപ്രസ്ഥത്തിലെത്തി. രണ്ടാമൂഴത്തില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് വാര്‍ന്നു പോകുന്നു എന്നു കണ്ടപ്പോള്‍ മനോജ് പാര്‍ട്ടി ലൈന്‍ വിട്ടു. കുരിശിന്‍റെ വഴി തന്നെയാണു മെച്ചമെന്ന് ബോധ്യപ്പെട്ട് അദ്ദേഹം തിരിച്ചു നടന്നു.
     സിപിഎമ്മില്‍ നിന്നുകൊണ്ട് തന്‍റെ വിശ്വാസങ്ങളെ മുറുകെപ്പിടിക്കാന്‍ പറ്റുന്നില്ലായിരുന്നു അദ്ദേഹത്തിന്‍റെ സങ്കടം. പാര്‍ട്ടിയെക്കാള്‍ വലുതാണു വിശ്വാസമെന്നു തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം വിശ്വാസത്തിന്‍റെ വഴിയേ തിരിച്ചു നടന്നു, നടക്കുന്നു. പക്ഷേ അവിടെ എത്തിയോ എന്നു തീര്‍ത്തങ്ങു പറയാനും വയ്യ. ഓരോരുത്തര്‍ക്കു തോന്നുമ്പോള്‍ കയറിവരാനുള്ള വഴിയല്ല അതെന്ന് ആലപ്പുഴ രൂപത തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, ഏതു പാതിരായ്ക്കു വന്നു കേറിയാലും എല്ലാ വിശ്വാസികള്‍ക്കും (മുരളീധരനൊഴികെ) കയറിക്കിടക്കാന്‍ ഒരു പായ കിട്ടുന്ന ബൃഹദ് തറവാടാണല്ലോ കോണ്‍ഗ്രസ്. അങ്ങനെ മനോജും അവിടെ വിരിവച്ചു.
      എംഎല്‍എ ആയപ്പോഴും മറ്റനേകം പദവികള്‍ വഹിച്ചപ്പോഴുമെല്ലാം മഞ്ഞളാംകുഴി അലിക്ക് പാര്‍ട്ടി വിശ്വാസമായിരുന്നു വലുത്. എന്നാല്‍ മറ്റു ചില താത്പര്യങ്ങള്‍ തലയ്ക്കു പിടിച്ചപ്പോള്‍ അദ്ദേഹത്തിലും പുതിയ വിശ്വാസങ്ങള്‍ മുളയ്ക്കാന്‍ തുടങ്ങി. അലിയെ ഹജ്ജ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കുറച്ചു കാലം കൂടി അദ്ദേഹം പാര്‍ട്ടി വഴിയില്‍ സഞ്ചരിച്ചേനെ. അതുണ്ടായില്ല. അലിയും സ്വന്തം വഴി നോക്കിപ്പോയി.
        താന്താങ്ങളുടെ വിശ്വാസങ്ങളെ അംഗീകരിക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ വിശ്വാസ സ്വാതന്ത്ര്യമില്ലെന്നും ആരോപിച്ചാണ് ഇവരെല്ലാം പാര്‍ട്ടി വിട്ടത് എന്നിടത്തു നിന്നു വേണം ധനഞ്ജയന്‍ നമ്പൂതിരിയുടെ ശബരിമല പ്രവേശം വിലയിരുത്തപ്പെടേണ്ടത്. എസ്എഫ് ഐ ഭാരവാഹി ആയിരുന്നു എന്നെങ്കിലും അബ്ദുള്ളക്കുട്ടിക്കു പറയാം. എന്നാല്‍ മറ്റു രണ്ടു പേര്‍ക്കും പാര്‍ട്ടിയില്‍ ഒരു പദവിയുമുണ്ടായിരുന്നില്ല. പദവി കിട്ടാനാണ് ഇവരെല്ലാം പാര്‍ട്ടിക്കാരായതെന്നു ചുരുക്കം. ഉള്ള പദവികള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നു വന്നപ്പോഴോ, കൂടുതല്‍ പദവികള്‍ ലഭിക്കില്ലെന്ന് ഉറപ്പു വന്നപ്പോഴോ ഓരോരരുത്തരും പാര്‍ട്ടി വിട്ടു പോകുകയായിരുന്നു. അതിനു മൂന്നു പേരും കൂട്ടുപിടിച്ചതു തങ്ങളുടെ മതവിശ്വാസങ്ങളെയും.
       വിശ്വാസങ്ങള്‍ ബലിചെയ്തു പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയ അബ്ദുല്ലക്കുട്ടി നിങ്ങളെന്നെ കോണ്‍ഗ്രസ് ആക്കി എന്ന പേരില്‍ ഒരു പുസ്തകമെഴുതി വില്പന നടത്തുകയാണ്. എന്നാല്‍ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് ആകുന്നതിനു മുമ്പ് വേറൊരാള്‍ കമ്യൂണിസ്റ്റ് ആയിരുന്നു. നിങ്ങളെന്നെ കമ്യൂണ്സിറ്റ് ആക്കി എന്ന പേരില്‍ വിഖ്യാതമായ ഒരു നാടകവും അദ്ദേഹം എഴുതിയിട്ടുണ്ട്. സാക്ഷാല്‍ തോപ്പില്‍ ഭാസി. ഭാസിയുടെ നാട്ടുകാരനാണു ധനഞ്ജയന്‍ നമ്പൂതിരി. ആലപ്പുഴ കായംകുളത്തിനടുത്തുള്ള വള്ളികുന്നം കടവിനാല്‍ മംഗലശേരിയാണ് നമ്പൂതിരിയുടെ ഇല്ലം.
       കടുവിനാല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു അദ്ദേഹം. പൂജാരിയുടെ ചുമതല നിര്‍വഹിക്കുമ്പോള്‍ത്തന്നെ നമ്പൂതിരി സിപിഎം കൊടുവിനാല്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ആ സ്ഥാനത്തു തുടരുമ്പോഴാണ് മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിക്കാരനായിരിക്കെത്തന്നെ, പൂജാദി കര്‍മങ്ങള്‍ നടത്തുന്നതിനു ധനഞ്ജയന്‍ നമ്പൂതിരിക്കു പാര്‍ട്ടി അനുമതി നല്കിയിരുന്നു എന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്ര ബാബുവും തുറന്നു സമ്മതിക്കുന്നു. ശബരിമലയിലെ പുറപ്പെടാശാന്തിയായി നിയമനം ലഭിച്ചതിനാല്‍ ഇനി ഒരു വര്‍ഷത്തേക്കു വള്ളികുന്നത്ത് വരാനാവില്ല. അതുകൊണ്ട് കടുവിനാല്‍ ബ്രാഞ്ച് കമ്മിറ്റിക്കു പുതിയ സെക്രട്ടറിയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണു പാര്‍ട്ടി. പാര്‍ട്ടിക്കു ക്ഷീണം സംഭവിച്ചാലും വിശ്വാസങ്ങള്‍ എങ്ങനെ സംരക്ഷിക്കുന്നു എന്നതിന് ഇതിലും വലിയ തെളിവു വേണോ?
      ധനഞ്ജയന്‍ നമ്പൂതിരി പൂജയ്ക്കു പോകുന്നതു സാധാരണ ക്ഷേത്രത്തിലല്ല, ശബരിമല മഹാക്ഷേത്രത്തിലാണ്. ശബരിമല സന്നിധാനത്തു ജാതിയില്ല, മതമില്ല, ഉച്ച നീചത്വങ്ങളൊന്നുമില്ല. ഭഗവാനും ഭക്തനും ഒന്നാകുന്ന സാക്ഷാല്‍ തത്വമസി ആയ സന്നിധനത്ത് പൂജാദികര്‍മങ്ങള്‍ക്കു കമ്യൂണിസ്റ്റ് പൂജാരിതന്നെ വേണം.
       അബ്ദുള്ളക്കുട്ടിയും മനോജും അലിയുമൊക്കെ പാര്‍ട്ടി വിട്ടുപോയത് അവരുടെ വിശ്വാസത്തിന്‍റെ പേരിലല്ല, സ്വന്തം സ്ഥാനമാനങ്ങള്‍ നോക്കിയാണെന്ന് ഇനിയും മനസിലായിട്ടില്ലെങ്കില്‍, അവര്‍ പൂന്താനത്തു സ്വാമിയുടെ ജ്ഞാനപ്പാന ഒന്നിരുത്തി വായിക്കുക,

സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലര്‍...
മെട്രോ വാര്‍ത്ത (2010 ഒക്ടോബര്‍ 25 )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ