പേജുകള്‍‌

2010, നവംബർ 29, തിങ്കളാഴ്‌ച

finger print

വീണ്ടും ചില കമ്യുണിസ്റ്റ്
സ്വത്വ വാദങ്ങള്‍
സി.പി. രാജശേഖരന്‍
"ഉത്തര കേരളത്തിന്‍റെ പ്രതിനിധിയെന്ന നിലയിലാണു കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ഐക്യകേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയാക്കിയത്. അതിനു നേതൃത്വം നല്കിയത് എം.എന്‍. ഗോവിന്ദന്‍ നായരും''.’’ എഴുതപ്പെടാത്ത ചരിത്രത്തിലെ മഹത്തായ രാഷ്ട്രീയ പരിവര്‍ത്തനത്തിന്‍റെ കഥയാണിതെന്നു വെളിപ്പെടുത്തുന്നതു ബഹുമാനപ്പെട്ട വനം മന്ത്രി ബിനോയ് വിശ്വം. അദ്ദേഹത്തിന്‍റെ പുതിയ ചരിത്രാഖ്യാനം കേള്‍ക്കുമ്പോള്‍ ഇതുവരെ രചിക്കപ്പെട്ടതും വായിക്കപ്പെട്ടതുമായ ചരിത്രത്തെക്കുറിച്ച് വല്ലാത്തൊരു അവജ്ഞ തോന്നുന്നു. ഒന്നുകില്‍ ചരിത്രത്തിനു തെറ്റി. അല്ലെങ്കില്‍ ചരിത്രകാരന്മാര്‍ക്കു തെറ്റി. തെറ്റായ ചരിത്രം രേഖപ്പെടുത്തുകയും പിന്നീടു സൗകര്യം കിട്ടുമ്പോഴൊക്കെ തിരുത്തുകയും ചെയ്യുന്നതു കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ പതിവുള്ള ചരിത്രമായതുകൊണ്ടു ബിനോയ് വിശ്വം രചിക്കുന്ന പുതിയ ചരിത്രത്തിലേക്കു വീണ്ടും വീണ്ടും ഊളിയിടാന്‍ ഏതൊരു ചരിത്രാന്വേഷിക്കും ഉത്സാഹം തോന്നുക സ്വാഭാവികം.
   1957 ആണു ബിനോയി സഖാവ് പറയുന്ന ചരിത്രത്തിന്‍റെ കാലം. അന്നു സഖാവിനു പ്രായം വെറും രണ്ടു വയസ്. ഒരു കാലഘട്ടത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ആ കാലഘട്ടത്തില്‍ത്തന്നെ ജീവിക്കണമെന്നില്ല. അന്നത്തെ ചരിത്രം വായിച്ചുപഠിച്ചാലും മതി. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ബീജാവാപം ചെയ്യുന്നത് 1934 ല്‍. അങ്ങനെ ഒരു പാര്‍ട്ടിയുടെ പേരില്‍ ആദ്യം ഒരു മീറ്റിങ് നടക്കുന്നത് 1937 ജൂലൈയില്‍ കോഴിക്കോട്ടും. പി. കൃഷ്ണ പിള്ള, ഇ.എം.എസ് നമ്പൂതിരിപ്പാട്, എന്‍.സി. ശേഖര്‍, കെ. ദാമോദരന്‍ എന്നിവരാണു മീറ്റിങ്ങില്‍ പങ്കെടുത്തത്. ഇവരെല്ലാം കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗം മുറയ്ക്കു നടക്കണമെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് ഒരു സഖാവും കൂടി പങ്കെടുക്കണമെന്ന ഏര്‍പ്പാട് അന്നുമുണ്ടായിരുന്നു. കോഴിക്കോട് മീറ്റിങ്ങില്‍ അങ്ങനെ അഞ്ചാമതൊരാളും പങ്കെടുത്തു- എസ്.വി. ഘാഠേ. സിപിഐ അംഗമെന്ന നിലയിലായിരുന്നു സോഷ്യലിസ്റ്റ് കോണ്‍ഗ്രസുകാരുടെ യോഗത്തില്‍ ഘാഠേ പങ്കെടുത്തത്. അദ്ദേഹം മറ്റു നാലുപേരെയും കമ്യൂണിസ്റ്റാക്കി. അങ്ങനെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി നിലവില്‍ വന്നു.
    അന്നു മുതലിങ്ങോട്ടു പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റ്കാര്‍ക്കെല്ലാം ഏകമാന സ്വഭാവമായിരുന്നു. അവര്‍ക്കിടയില്‍ പുലയനെന്നോ പറയനെന്നോ നായരെന്നോ നമ്പൂതിരിപ്പാടെന്നോ ഈഴവനെന്നോ തീയനെന്നോ, മുഹമ്മദീയനെന്നോ, ക്രൈസ്തവനെന്നോ, മലബാറിയെന്നോ, തിരുവിതാംകൂറുകാരനെന്നോ എന്തിനു സിപിഐക്കാരനെന്നോ സിപിഎംകാരനെന്നോ പോലും വ്യത്യാസമില്ലായിരുന്നു. ചൈനയിലായാലും റഷ്യയിലായാലും ക്യൂബയിലായാലും ഇന്ത്യയിലായാലും കമ്യൂണിസ്റ്റ്കാരനെന്നാല്‍ കട്ടിച്ചുവപ്പു ചോരയുള്ള കമ്യൂണിസ്റ്റ്കാരന്‍ തന്നെ. ഇവരൊക്കെത്തമ്മില്‍ കാലദേശഭിന്നതയില്ലാതെ വല്ലാത്തൊരു ഐക്യവും നിലനിന്നിരുന്നു. പല പഴയകാല കമ്യൂണിസ്റ്റ് നേതാക്കളും അതിന്‍റെ പേരില്‍ പല പഴികള്‍ കേട്ടിട്ടുമുണ്ട്. ഇന്ത്യാ- ചൈന യുദ്ധത്തിന്‍റെ ചരിത്രം വായിച്ചിട്ടുള്ളവര്‍ക്കു വേഗം കാര്യം പിടികിട്ടും.
     ഇനി ബിനോയ് പറഞ്ഞ ചരിത്രത്തിലേക്ക്. 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്വത്വവാദങ്ങളുണ്ടായിട്ടില്ല. അന്നു കേരളത്തിലെ പാര്‍ട്ടിയെ നയിച്ചതു ചിന്തയിലും വാക്കിലും പ്രവൃത്തിയിലും കമ്യൂണിസം മാത്രം നിറഞ്ഞ എം.എന്‍. ഗോവിന്ദന്‍ നായര്‍. അദ്ദേഹം നയിച്ച പാര്‍ട്ടിക്കു തെക്കനെന്നോ വടക്കനെന്നോ മറ്റേതെങ്കിലും തരത്തിലുള്ള താരിപ്പിലോ ഭിന്നതകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഇതുവരെ വായിച്ചിട്ടുള്ള ചരിത്രം. പാര്‍ട്ടി ഓരോ ഉത്തരവാദിത്വം ഓരോ സഖാക്കളെ ഏല്പിക്കും. അവരതു ഭംഗിയായി നിറവേറ്റും. 1957 ല്‍ പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്വം എംഎന്നിനായിരുന്നു. തെരഞ്ഞെടുപ്പു നേരിട്ടു ഭരണം നയിക്കാനുള്ള ചുമതല ഇഎംഎസിനും.
      മലബാറിന്‍റെ പ്രാതിനിധ്യം പരിഗണിച്ചാണ് ഇഎംഎസിനെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയാക്കിയതെന്നു ചരിത്രത്തില്‍ ഇന്നോളം വായിച്ചിട്ടില്ല. ഇഎംഎസിനെ മാത്രമല്ല, സി. അച്യുത മേനോനെയും പി.കെ. വാസുദേവന്‍ നായരെയും ഇ.കെ. നായനരെയും വി.എസ്. അച്യുതാനന്ദനെയുമൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിച്ചത് അവരുടെ സ്വത്വ പരിഗണനകളുടെ പേരിലാണെന്നു കരുതാന്‍ വയ്യ. അവരെല്ലാം കമ്യൂണിസ്റ്റ്കാരായതുകൊണ്ടാണ് ഈ പദവിയിലെത്തിയതെന്നാണു ചരിത്രം പഠിപ്പിക്കുന്നത്. അല്ലെന്നു ബിനോയ് പറഞ്ഞതു ശരിവച്ചാല്‍ ഇതുവരെയുള്ള ചരിത്രം തെറ്റായിരുന്നുവെന്നു സമ്മതിച്ചു ബന്ധപ്പെട്ട ചരിത്രകാരന്മാര്‍ തല കുനിക്കട്ടെ.
      എം.എന്‍. ഗോവിന്ദന്‍ നായരുടെ ജന്മശതാബ്ദി ആഘോഷ വേളയിലാണു ബിനോയുടെ ചരിത്രപുനരാഖ്യാനം എന്നതും ശ്രദ്ധേയം. സിപിഎംകാരനായ ഇഎംഎസിനെക്കാള്‍ മുഖ്യമന്ത്രിയാകാന്‍ സര്‍വഥായോഗ്യന്‍ എംഎന്‍ ആണെന്നും അദ്ദേഹത്തിന്‍റെ നേതൃപാടവവും ഉദാരമനസ്കതയുമാണ് ഇഎംഎസിനെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിച്ചതെന്നും പറഞ്ഞുവച്ച് വല്യേട്ടനിട്ടൊരു കൊട്ടുകൊടുക്കാനാണു ബിനോയ് ഉദ്ദേശിച്ചത് എന്നു ധരിച്ചാലും ശരിയാകില്ല. കാരണം പാര്‍ലമെന്‍ററി താത്പര്യങ്ങളോടും സ്ഥാപിത താത്പര്യങ്ങളോടും വിമുഖത കാട്ടിയ ആളായിരുന്നു എം.എന്‍. പാര്‍ട്ടി താത്പര്യങ്ങള്‍ മാനിച്ചു തെരഞ്ഞെടുപ്പു നേരിട്ട് പാര്‍ലമെന്‍റിലും നിയമസഭയിലുമെത്തി മന്ത്രിവരെ ആയെങ്കിലും അദ്ദേഹത്തിനു പാര്‍ട്ടിയായിരുന്നു എന്നും വലുത്. ജനങ്ങളോടായിരുന്നു എംഎന്നിന്‍റെ എക്കാലത്തെയും പ്രതിബദ്ധത.
      1972 ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ ഭവന മന്ത്രിയായിരിക്കേ, എം.എന്‍ ആവിഷ്കരിച്ച ലക്ഷം വീട് പദ്ധതിയാണ് ഒരുവേള ഇന്ത്യയില്‍ ആദ്യമായി അധഃസ്ഥിതര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കുമായി ആരംഭിച്ച ആദ്യ സാമൂഹിക ഭവന പദ്ധതി. രക്തസാക്ഷിത്വം വരിച്ച സൈനികര്‍ക്കുവേണ്ടി നിര്‍മിച്ച ഫ്ളാറ്റുകള്‍ പോലും ചില ഭരണാധിപന്മാര്‍ കൈക്കലാക്കുന്ന ഇന്നത്തെ തലമുറയ്ക്ക് എം.എന്‍ ഒരു വിസ്മയം തന്നെയാവാം. കേരളത്തില്‍ അങ്ങോളമിങ്ങോളം നൂറുകണക്കിനു കോളനികളില്‍ ലക്ഷം വീടുകള്‍ നിര്‍മിച്ച എം.എന്‍, അതിലൊരിടത്തും തന്‍റെ പേരു പോലും കൊത്തിവച്ചില്ല.
      അതിസമ്പന്നമായ ചുറ്റുപാടുകളില്‍ ജീവിച്ച ആളാണ് അദ്ദേഹം. രാഷ്ട്രീയം കളിച്ച് ഉള്ളതെല്ലാം തുലച്ചയാളും. ഒടുവില്‍ സ്വന്തം ഭാര്യയുടെ പേരിലുള്ള വീടും സ്ഥലവും പാര്‍ട്ടി പ്രവര്‍ത്തനത്തിനു വേണ്ടി വില്ക്കാന്‍ ആലോചിച്ചതായി ഒരു ചരിത്രം കേട്ടിട്ടുണ്ട്. എന്നാല്‍ , ചില സുഹൃത്തുക്കള്‍ എംഎന്നിനെ ഗുണദോഷിച്ചു- കൈവിട്ടാണു കളിക്കുന്നത്. നാട്ടുകാര്‍ക്കു വീടുണ്ടാക്കി കൊടുക്കാന്‍ നെട്ടോട്ടമോടുന്ന താങ്കള്‍ സ്വന്തം ഭാര്യയുടെ പേരിലുള്ള വീടുപോലും വിറ്റ് രാഷ്ട്രീയം കളിച്ചാല്‍ പെരുവഴിയില്‍ക്കിടന്നു ചാവും. അവര്‍ ശപിച്ചു.
    ശാന്ത സുന്ദരമായ ചെറു പുഞ്ചിരിയായിരുന്നു എംഎന്നിന്‍റെ മറുപടി. “”""എടോ, കേരളത്തിലെ ഏതു വീട്ടിലേക്കും കടന്നു ചെന്ന് ഞാന്‍ എം.എന്‍. ഗോവിന്ദന്‍ നായരാണെന്നു പറഞ്ഞാല്‍ എനിക്ക് ഇത്തിരി കഞ്ഞി കിട്ടും. കിടക്കാന്‍ ഒരു പായയും തരും''.’’ അതായിരുന്നു എം.എന്‍ എന്ന മൂല്യാധിഷ്ഠിത കമ്യൂണിസ്റ്റിന്‍റെ ആത്മവിശ്വാസം.
        1984 ല്‍ മരിക്കുന്നതുവരെ എംഎന്‍ കേരളത്തിലെ മുഴുവന്‍ പേര്‍ക്കും പ്രിയങ്കരനായിരുന്നു. ഇന്നും അവര്‍ക്കിടയില്‍ എംഎന്‍ സജീവമായിത്തിന്നെയുണ്ട്. മാതൃകാ കമ്യൂണിസ്റ്റുകാരനായി അവരെല്ലാം അദ്ദേഹത്തെ മനസില്‍ ആരാധിക്കുന്നു. അദ്ദേഹത്തെ സ്വത്വരാഷ്ട്രീയത്തിന്‍റെ പ്രതിനിധിയാക്കാന്‍ ശ്രമിക്കുന്നത് അവര്‍ പെട്ടെന്നു പൊറുത്തുതരുമെന്നു തോന്നുന്നില്ല, അത് എംഎന്‍റെ പാര്‍ട്ടിക്കാരനായ ആളാണെങ്കില്‍പ്പോലും. കാരണം ഇന്നത്തെ കമ്യൂണിസ്റ്റ്കാരായിരുന്നില്ല അന്നത്തെ കമ്യൂണിസ്റ്റ്കാര്‍. അന്നത്തെ കമ്യൂണിസ്റ്റ്കാര്‍ക്കു പാര്‍ട്ടിയായിരുന്നു എല്ലാം. സഖാക്കളായിരുന്നു പ്രാണന്‍. ജനങ്ങള്‍ക്കു വേണ്ടി ജീവിക്കുമ്പോള്‍ സ്വന്തം കാര്യങ്ങള്‍ അവര്‍ മറക്കുമായിരുന്നു. ഇന്നതല്ല സ്ഥിതി. സ്ഥാനമാനങ്ങള്‍ നേടാന്‍ നല്ല പാര്‍ട്ടിക്കാരനാവണമെന്ന ഒരു നിര്‍ബന്ധവുമില്ല. അഥവാ, പാര്‍ട്ടിക്കാരനാവുന്നതു തന്നെ നല്ല സ്ഥാനമാനങ്ങള്‍ നോക്കിത്തന്നെയാണ്. നാലാളെക്കൂട്ടി നല്ലൊരു പ്രകടനം നടത്തിയാല്‍ മുഖ്യമന്ത്രിവരെ ആകാന്‍ കഴിയുന്ന കാലത്ത്, കുടുംബസ്വത്ത് വിറ്റ് പാര്‍ട്ടി വളര്‍ത്തി, പാവങ്ങളെ പോറ്റിയ പഴയ സഖാക്കളെ സ്വത്വവാദികളാക്കരുതേ,
പ്ലീസ്..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ