പേജുകള്‍‌

2011, ജനുവരി 27, വ്യാഴാഴ്‌ച

മത്സരിക്കാനോ ?  ഞാനോ... ഏയ്..!
 
സിപിആര്‍

തെരഞ്ഞെടുപ്പ് എന്നു കേള്‍ക്കുന്നതേ ചിലര്‍ക്ക് അലര്‍ജിയാണ്. നിസ്വാര്‍ഥ സേവനം എന്നതിനപ്പുറം പൊതുപ്രവര്‍ത്തകര്‍ സ്ഥാനമാനങ്ങളില്‍ നിന്നു മാന്യമായ അകലം പാലിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍. ഉദാഹരണത്തിനു വക്കം പുരുഷോത്തമന്‍. കഴിഞ്ഞ തവണ ക്ലിഫ് ഹൗസിലെ പൊറുതി കഴിഞ്ഞു പുറത്തിറങ്ങുന്നതിനു മുന്‍പു തന്നെ വക്കം ഒരു കാര്യം തുറന്നു പറഞ്ഞിരുന്നു- താനിനി തെരഞ്ഞെടുപ്പിനില്ല.
   അവസരങ്ങള്‍ ചെറുപ്പക്കാര്‍ക്കും നവാഗതര്‍ക്കുമായി നീക്കി വച്ച്, കാഷായം ധരിച്ചു വല്ല കമണ്ഡലുവും വാങ്ങി കാശിക്കോ ആന്‍ഡമാനിലോ പോയി തപസിരിക്കും. സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കാന്‍ ഇനി തന്നെ കിട്ടില്ല. അല്ലെങ്കില്‍ത്തന്നെ ഇനി ആരാകാന്‍? എന്താഗ്രഹിക്കാന്‍? മുഖ്യമന്ത്രി ആയില്ലെങ്കിലും മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ താമസിച്ചിട്ടുണ്ട്. സ്പീക്കറായിട്ടുണ്ട്, മന്ത്രിയായിട്ടുണ്ട്, ലഫ്റ്റനന്‍റ് ഗവര്‍ണറായിട്ടുണ്ട്. മതി, ഇനി ഒന്നും വേണ്ട. അതാണു പക്വമതികളുടെ ലക്ഷണം. കുറേയൊക്കെ ആയിക്കഴിഞ്ഞാല്‍ വിരക്തി തോന്നും.
     ഒരു നിയമസഭാ തെരഞ്ഞെടുപ്പു കൂടി ആസന്നമായിക്കഴിഞ്ഞു. വക്കത്തെ വിശ്വാസമുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെ തീരെ വിശ്വസിച്ചുകൂടാ. ഇനി മത്സരിക്കാനില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ പറയുന്നവരെ മത്സരിപ്പിച്ചേ അടങ്ങൂ പാര്‍ട്ടി. അതുകൊണ്ട് പുരുഷോത്തമന്‍ അങ്ങ് ഇന്ദ്രപ്രസ്ഥത്തിലാണു ഈയിടെ പൊറുതി. അവിടെ അക്ബര്‍ റോഡിലോ, ജന്‍ പഥിലോ ഒക്കെ ചുറ്റിക്കറങ്ങി ഒരു സീറ്റു തരപ്പെടുത്താനാണെന്നാണ് അസൂയക്കാര്‍ പറഞ്ഞുപരത്തുന്നത്. എന്നാല്‍, യഥാര്‍ഥ വസ്തുത വക്കത്തിനു മാത്രമേ അറിയൂ.
     തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഒരാഗ്രഹവുമില്ലെന്നു മാഡത്തെക്കണ്ട് ഒന്നു പറയണം. ഗുലാം നബി ആസാദിനെ കണ്ടാലും മതി. അഥവാ, സീറ്റ് ലഭിച്ചു മത്സരിച്ചു ജയിച്ചാല്‍ തന്നോടു മുഖ്യമന്ത്രിയാകാനൊന്നും ഒരു കാരണവശാലും ആവശ്യപ്പെടരുതെന്നു കട്ടായം പറയും. ഉമ്മന്‍ ചാണ്ടിക്കു പകരം ഒരു മുതിര്‍ന്ന കോണ്‍ഗ്രസുകാരനെ പരിഗണിക്കുകയും, അദ്ദേഹം ഈഴവ സമുദായക്കാരനാവണമെന്നു ഹൈക്കമാന്‍ഡ് തീരുമാനിക്കുകയും നല്ല ഭരണപരിചയം വേണമെന്നു നിര്‍ബന്ധം പിടിക്കുകയുമൊക്കെ ചെയ്താല്‍ ആകെ പുലിവാലാകും. ഇനി മുഖ്യമന്ത്രിയല്ല, കര്‍ക്കശക്കാരനായ ഒരു ധനമന്ത്രിയോ കരുത്തനായ ആഭ്യന്തര മന്ത്രിയോ വേണമെന്നെങ്ങാനും പാര്‍ട്ടി ആലോചിച്ചാലും പ്രശ്നമാണ്. തെരഞ്ഞെടുപ്പു രംഗത്തു നിന്നും പിന്മാറിയാല്‍ തന്നെപ്പിടിച്ചു വല്ല ഗവര്‍ണറോ ലെഫ്. ഗവര്‍ണറോ ആക്കിക്കളയുമോ എന്ന പേടിയുമുണ്ട്.
    പിന്നെ, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇതില്‍ ഏതു വേണമെങ്കിലും ആകാന്‍ പുരുഷോത്തമന്‍ സാറ് നിര്‍ബന്ധിതനായിപ്പോകും. അത്രയ്ക്ക് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിപ്പോയി. ആറ്റിങ്ങലിലും ചിറയിന്‍കീഴിലും വര്‍ക്കലയിലുമുള്ള സ്ഥാനമോഹികളും കോണ്‍ഗ്രസുകാരും വക്കത്തിനെ സംശയിക്കുന്നത് അവരുടെ കുറ്റം.
വക്കത്തെപ്പോലാണു വി.എം. സുധീരനും. നല്ല അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍. 2004 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ, ഇനിയൊരു തെരഞ്ഞെടുപ്പിനു മത്സരിക്കാനില്ലെന്ന് അദ്ദേഹം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞതാണ്. പാര്‍ട്ടി കേള്‍ക്കെണ്ടെ? ആലപ്പുഴയില്‍ മത്സരിച്ചേ പറ്റൂ എന്നു പാര്‍ട്ടിക്കു നിര്‍ബന്ധം. എന്നിട്ടെന്തു പറ്റി? പാര്‍ട്ടി നിര്‍ത്തിയ സുധീരനെതിരേ വെള്ളാപ്പള്ളി നടേശന്‍ നിര്‍ത്തിയ വേറൊരു സുധീരന്‍ കുറേ വോട്ടു പിടിച്ചുമാറ്റിയില്ലായിരുന്നെങ്കില്‍ 2009ലെ തെരഞ്ഞെടുപ്പില്‍ കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുമായിരുന്നോ? ഇനി 2004ലെ തെരഞ്ഞെടുപ്പില്‍ സുധീരന്‍ വിജയിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആലപ്പുഴയ്ക്കു കേന്ദ്രത്തില്‍ ക്യാബിനറ്റ് മന്ത്രിമാര്‍ രണ്ടായിരിക്കുമോ ഉണ്ടാവുക? എല്ലാം ആലപ്പുഴയുടെ തലേവര.
      തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്നു സുധീരന്‍ പറഞ്ഞത് ആലപ്പുഴയെ ഉദ്ദേശിച്ചായിരുന്നു എന്നെങ്കിലും മനസിലാക്കാനുള്ള വിശേഷബുദ്ധി കോണ്‍ഗ്രസ് നേതൃത്വത്തിനില്ലാതെപോയി. ഏതായാലും ഇനി ആ പണിക്കു സുധീരനെ കിട്ടില്ല. തൃശൂര്‍കാരനായ സുധീരന്‍ ആലപ്പുഴയിലല്ല മത്സരിക്കേണ്ടത്. തൃശൂരില്‍ത്തന്നെയാണ്. അതിനുള്ള കളമൊക്കെ സുധീരന്‍സാറ് ഒരുക്കിക്കഴിഞ്ഞു.
      ലീഡര്‍ കരുണാകരന്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ സുധീരന്‍ കഴിഞ്ഞേ ലീഡറുടെ മനസില്‍ വേറൊരാള്‍ ഇടം നേടൂ. കരുണാകരന്‍റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് ആന്‍റണി എഴുതിക്കൊടുത്ത പട്ടികയില്‍ നിന്ന് സുധീരന്‍റെ പേര് കടുപ്പത്തില്‍ വെട്ടിത്തിരുത്തിയ ആളാണു കരുണാകരന്‍. കരുണാകരനോട് അന്നു തുടങ്ങിയ വൈരാഗ്യം ആയകാലത്തെല്ലാം സുധീരന്‍ കൊണ്ടുനടന്നിട്ടുമുണ്ട്. എന്നാല്‍ അന്നത്തെ സുധീരനാണോ ഇന്നത്തെ സുധീരന്‍?
       അവസാനകാലത്തു ലീഡര്‍ മനസില്‍ക്കൊണ്ടു നടന്ന ഒരു വലിയ മോഹം സാക്ഷാത്കരിച്ചുകൊടുക്കാന്‍ സുധീരനല്ലാതെ ഇന്ന് ആരുണ്ട്? കേരള മോചന യാത്ര കഴിഞ്ഞ് പുതുപ്പള്ളിയിലോ, തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലോ ചെന്നു നടുവ് നിവര്‍ക്കുന്നതിനു മുന്‍പ് രമേശിനെയും വിളിച്ചു ഡല്‍ഹിയിലെത്തി, മാഡത്തെ നേരിട്ടു കണ്ട് കാര്യങ്ങള്‍ പറഞ്ഞുധരിപ്പിച്ചു കെ. മുരളീധരനെ പാര്‍ട്ടിയില്‍ തിരിച്ചെടുപ്പിക്കുന്ന കാര്യം ഏറ്റെന്ന് ഉമ്മന്‍ ചാണ്ടിയെക്കൊണ്ടു സമ്മതിപ്പിച്ചില്ലേ?
     കരുണാകരന്‍റെ തട്ടകമായ തൃശൂരില്‍ മത്സരിക്കാന്‍ ഇനി വേറേ ഒരാളു വേണമെന്നു പറയുമോ, മുരളീധരനോ പദ്മജയോ ചന്ദ്രമോഹനോ സാവിത്രി ലക്ഷ്മണനോ, തേറമ്പിലോ, ആരെങ്കിലും? അങ്ങനെ സുധീരന്‍റെ കാര്യം ഓകെ. മുരളീധരനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താലും ഇല്ലെങ്കിലും കരുണാകരവിഭാഗത്തിന്‍റെ സിംപതി വോട്ടുകളായി സുധീരന്‍റെ പെട്ടിയില്‍ത്തന്നെ വീഴും, മൂന്നുതരം.

** ** **
       സിപിഎമ്മിനെപ്പോലെ ഭാഗ്യം ചെയ്ത പാര്‍ട്ടി ഇന്നു കേരളത്തിലുണ്ടെന്നു തോന്നുന്നില്ല. വച്ചടി വച്ചടി കയറ്റം. അച്യുതാനന്ദന്‍ സഖാവ് വല്ലപ്പോഴും ഇത്തിരി ഏനക്കേട് കാട്ടുന്നതല്ലാതെ ഒരു കുഴപ്പവും പാര്‍ട്ടിക്കു സംഭവിച്ചിട്ടില്ല. ഘടകകക്ഷികളെല്ലാം എത്ര സന്തോഷത്തോടെയാണു പാര്‍ട്ടിയെ സഹായിക്കുന്നത്? ചന്ദ്രചൂഡന്‍ സഖാവും പങ്കജാക്ഷന്‍ സഖാവും കൂടി മനസറിഞ്ഞു സഹായിച്ച് കൊല്ലത്തെ പാര്‍ലമെന്‍റ് സീറ്റ് എകെജി സെന്‍ററില്‍ കൊണ്ടുകൊടുത്തു. ചോറിങ്ങും കൂറങ്ങുമായി നടന്ന വീരേന്ദ്ര കുമാറിന്‍റെ കൈയിലിരിപ്പുകൊണ്ടു കോഴിക്കോട് സീറ്റില്‍ പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടു കുത്താനായി. കെ.എം. മാണിയുടെ കൈപ്പുണ്യം കൊണ്ടു പി.ജെ. ജോസഫിനെക്കൊണ്ടുള്ള മാനക്കേടും മാറിക്കിട്ടി. ഇനി ഇടുക്കിയിലും നല്ല നലമൊത്ത സത്യക്രിസ്ത്യാനിയെ പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെ മത്സരിപ്പിക്കാം.
     കണ്ണടച്ചു തുറക്കും മുന്‍പ് മൂന്നു പാര്‍ലമെന്‍റ് സീറ്റുകളാണു പാര്‍ട്ടിക്കു ലഭിച്ചതെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി റെക്കോഡ് മണ്ഡലങ്ങളിലാണു മത്സരിക്കാന്‍ പോകുന്നത്. ആര്‍എസ്പി, ജനതാ ദള്‍ എസ്, കേരള കോണ്‍ഗ്രസ് ജോസഫ് എന്നീ ഘടകകക്ഷികളുടെ നിയമസഭാ മണ്ഡലങ്ങളില്‍ പലതിലും ഇനി സിപിഎം മത്സരിക്കും. പായസം കുടിച്ചിരിന്നവനു കല്‍ക്കണ്ടം കൂടി എന്നു പറഞ്ഞതുപോലെ, ഓരോരുത്തരും തങ്ങളാലാവുംവണ്ണം സിപിഎമ്മിനെ സഹായിക്കുമ്പോള്‍ കടന്നപ്പള്ളി രാമചന്ദ്രന്‍റെ കോണ്‍ഗ്രസ് എസ് കൈയുംകെട്ടി നോക്കിയിരിക്കാന്‍ പാടില്ല. ലോക്സഭാ സീറ്റില്ലെങ്കിലും ഏക നിയമസഭാ സീറ്റായ എടക്കാട് സിപിഎമ്മിനു ദാനം ചെയ്ത് സ്വന്തം പാര്‍ട്ടിയുടെ അടിക്കാടു തെളിച്ചിരിക്കുന്നു കടന്നപ്പള്ളി.
      ഒരു കണക്കിനു കടന്നപ്പള്ളിയുടേത് ഒരു പ്രായശ്ചിത്തം തന്നെയാണ്. സ്വതന്ത്ര ഭാരതത്തിന്‍റെ ഇന്നോളമുള്ള പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ മൂന്നേ മൂന്നു തവണ മാത്രമേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുള്ളൂ. അതില്‍ രണ്ടു തവണയും വിജയിച്ചതു കടന്നപ്പള്ളി. മൂന്നു തവണ മത്സരിച്ചു വിജയിച്ചു പാര്‍ലമെന്‍റിലെത്തി നെഹ്റുവിന്‍റെ കാലത്തു പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലന്‍റെ മണ്ഡലമായിരുന്നു കാസര്‍ഗോഡെന്നും മറക്കരുത്. 1971 ല്‍ ഇവിടെ മത്സരിച്ച കടന്നപ്പള്ളി അടിയറവ് പറയിച്ചതു സാക്ഷാല്‍ ഇ.കെ. നായനാരെ. അങ്ങനെ സിപിഎം തട്ടകത്തില്‍ അവരുടെ ജഗജില്ലിയെത്തന്നെ മലര്‍ത്തിയടിച്ച കടന്നപ്പള്ളി 1977ലും മണ്ഡലം കാത്തു. അടിയന്തരാവസ്ഥയെത്തുടര്‍ന്നുണ്ടായ കശപിശകളില്‍ എ.കെ. ആന്‍റണിയോടൊപ്പം കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലെത്തിയ കടന്നപ്പള്ളി, പിന്നീട് ആന്‍റണി മടങ്ങിയിട്ടും മുന്നണി വിട്ടില്ല. അതിന്‍റെ പ്രത്യുപകാരമായി സിപിഎം അവരുടെ ശക്തികേന്ദ്രങ്ങളിലൊന്നായ എടക്കാട്ടു മത്സരിപ്പിച്ച് എംഎല്‍എയാക്കി, ഇപ്പോള്‍ മന്ത്രിയുമാക്കി.
കടന്നപ്പള്ളിയെ മന്ത്രിയാക്കാന്‍ ഇത്തിരി വൈകിയതിന്‍റെ മനഃസ്ഥാപത്തിലാണു സിപിഎം എന്നാണു കേള്‍ക്കുന്നത്. ഇത്തിരി മുന്‍പേ ഈ ബുദ്ധി ഉദിച്ചിരുന്നെങ്കില്‍ കഴിഞ്ഞ തവണ തന്നെ കോണ്‍ഗ്രസ് എസിന്‍റെ കഥ കഴിയുമായിരുന്നുപോലും. കടന്നപ്പള്ളി മന്ത്രിയായി ഒരു വര്‍ഷം തികയും മുന്‍പ് അദ്ദേഹത്തിന്‍റെ പാര്‍ട്ടി തന്നെ ഛിന്നഭിന്നമായി. വയസുകാലത്തു സര്‍ക്കാര്‍ ചെലവില്‍ ഭജനം പാര്‍ക്കാനും ക്ഷേത്ര ദര്‍ശനം നടത്താനും അവസരം നല്കിയതാണ്. പക്ഷേ, തലേവരയില്ലാതെപോയി. ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഏറ്റവും സജീവസാന്നിധ്യം അവശ്യം വേണ്ടിയിരുന്ന ശബരിമല മകരവിളക്ക് ദിവസം കടന്നപ്പള്ളി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടി മീറ്റിങ്ങിലായിരുന്നു. മകരവിളക്കു കഴിഞ്ഞു 102 തീര്‍ഥാടകര്‍ മരിച്ചു, ദേവസ്വം വകുപ്പ് പ്രതിക്കൂട്ടിലായി കോടതി കയറി നില്ക്കുമ്പോള്‍, കടന്നപ്പള്ളിയുടെ പാര്‍ട്ടിയും തവിടു പൊടിയായി. ഏതായാലും ഇനി എടക്കാട് സീറ്റെന്നും പറഞ്ഞ് ആരും വരില്ലല്ലോ എന്നാണ് എകെജി സെന്‍ററിലെ കുശുകുശുപ്പ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ