പേജുകള്‍‌

2011, ജൂലൈ 13, ബുധനാഴ്‌ച

finger print

ഓസീ ഇച്ച്ചിച്ച്ചതും
ഡോക്ടര്‍ കല്പ്പിച്ച്ചതും
 
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ എന്നു കേട്ടിട്ടേയുള്ളു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ അതിപ്പോള്‍ അച്ചട്ടായി. ഒന്നുരണ്ട് ആഴ്ച്ചത്തേക്കു ശബ്ദിക്കരുതെന്നാണു ഡോക്റ്റര്‍മാര്‍ അദ്ദേഹത്തോടു കര്‍ശനമായി നിര്‍ദേശിച്ചിരിക്കുന്നത്. ഇന്നു നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നു കുഞ്ഞൂഞ്ഞ് നിര്‍ബന്ധം പിടിക്കുന്നുണ്ടെങ്കിലും ടെലിഫോണില്‍പ്പോലും മിണ്ടിപ്പോകരുതെന്ന കാര്യത്തില്‍ മെഡിക്കല്‍ കോളെജിലെ ഡോക്റ്റര്‍മാര്‍ക്ക് ഒരു വിട്ടുവീഴ്ചയുമില്ല. ഒരു കണക്കിന് അതു നന്നായി എന്ന് ഉമ്മന്‍ ചാണ്ടി ആത്മഗതം നടത്തുന്നുമുണ്ട്. ചുറ്റും നില്‍ക്കുന്ന ആള്‍ക്കൂട്ടത്തെ തല്‍ക്കാലം ആംഗ്യം കാണിച്ചു മാറ്റി നിര്‍ത്താം.
   കോണ്‍ഗ്രസിലിപ്പോള്‍ ഒരാള്‍ക്ക് ഒരു പദവി എന്നതാണ് ഇക്വേഷന്‍. മുഖ്യമന്ത്രി ആവാന്‍ വേണ്ടി കുഞ്ഞൂഞ്ഞ് പ്രതിപക്ഷ നേതൃസ്ഥാനം തന്നെ ഉപേക്ഷിച്ചു. (കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരാള്‍ തന്നെയായിരുന്നു എന്നു സാക്ഷാല്‍ എ. കെ. ആന്‍റണി പറഞ്ഞത് ഓര്‍ക്കുമല്ലോ. ഇക്കുറിയും അതാവാമായിരുന്നു. പക്ഷേ, പാര്‍ട്ടി സമ്മതിക്കില്ല).
    ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ചുമതല വഹിക്കുന്ന യുഡിഎഫ് ചെയര്‍മാന്‍ പദവി പോലും യോഗ്യരായ മറ്റാരെയെങ്കിലും ഏല്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ഉമ്മന്‍ ചാണ്ടി മാത്രമല്ല, കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള എല്ലാ കോണ്‍ഗ്രസുകാരും ഈ വഴിക്കു തന്നെ. കെപിസിസി പ്രസിഡന്‍റ് പദവി നിലനിര്‍ത്തുന്നതിനു രമേശ്ജി മന്ത്രിമോഹം ഉപേക്ഷിച്ചു. ഒരാള്‍ക്ക് ഒരു പദവി എന്ന ഇക്വേഷന്‍ വച്ചു നോക്കിയാല്‍ ഒരു പത്തു മുപ്പതു ലക്ഷം സ്ഥാനമാനങ്ങളെങ്കിലും ഉണ്ടായാല്‍ മാത്രമേ ഒരു മാതിരി കോണ്‍ഗ്രസുകാരെയൊക്കെ ഒരു വിധം തൃപ്തിപ്പെടുത്താനാവൂ. അവര്‍ക്കു വീതം വയ്ക്കാനുള്ള ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനം മുതല്‍ മെംബര്‍ സ്ഥാനം വരെ വീതം വച്ചു തീരണമെങ്കില്‍ ഒരു മൂന്നാലു മാസത്തേക്കെങ്കിലും ഉമ്മന്‍ ചാണ്ടിക്കും രമേശിനും നാക്കു വായിലിടാന്‍ നേരമുണ്ടാകില്ല.
    മൂന്നു രൂപ വീതം രൊക്കം നല്‍കി സജീവ പാര്‍ട്ടി അംഗത്വം നേടിയ മുപ്പതു ലക്ഷത്തില്‍പ്പരം കോണ്‍ഗ്രസുകാരുണ്ടെന്നാണു കണക്ക്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റവര്‍ക്ക് ഇനി സ്ഥാനമാനങ്ങളൊന്നും നല്‍കില്ലെന്നാണു തീരുമാനം. അതുകൊണ്ടു പരമാവധി ഒരു അന്‍പതു പേരേ ഒഴിവാക്കാം. ബാക്കിയെല്ലൊവരും സ്ഥാനം കിട്ടാന്‍ മാനം മറന്നും നെട്ടോട്ടത്തിലാണ്. ഏതെങ്കിലും ബോര്‍ഡ്, അല്ലെങ്കില്‍ കോര്‍പ്പറേഷന്‍.
     എല്ലാവരുടെയും അവസാന പ്രതീക്ഷ ഓസിയിലാണ്. വരെട്ടെ, നോക്കട്ടെ, ശ്രമിക്കാം, ശരിയാക്കാം, വിഷമിക്കാതിരിക്ക്, ഓാാക്കെ തുടങ്ങി, എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റവാക്കില്‍ ഉത്തരം നല്‍കിയാല്‍ത്തന്നെ ഓസിക്ക് ദിവസേന ഒരു പത്തു പന്ത്രണ്ടു മണിക്കൂര്‍ സംസാരിക്കേണ്ടി വരും. ഏതായാലും നല്ല നേരത്താണ് ഒരു പനി വന്നതും ഡോക്റ്റര്‍മാര്‍ വോയ്സ് റെസ്റ്റ് കല്‍പിച്ചതും. താങ്ക്സ് ഗോഡ്!
    എന്നാല്‍ രമേശിന് ആ ഭാഗ്യവുമില്ല. ഇന്ദിരാഭവനിലായാലും നിയമസഭയിലായാലും പുറത്തിറങ്ങിയാലും, എന്തിന്! ബാത്ത് റൂമില്‍ കയറിയാല്‍പ്പോലും സ്ഥാനമോഹികളെ മുട്ടീട്ടു നടക്കാന്‍ പറ്റാത്ത അവസ്ഥ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാത്തവര്‍ക്കാണു പുതിയ പദവികളില്‍ മുന്‍ഗണന. അവര്‍തന്നെയുണ്ട് ആയിരക്കണക്കിന്. എല്ലാവരെയും എങ്ങനെ തൃപ്തിപ്പെടുത്തും? ഓര്‍ത്താല്‍ ആര്‍ക്കായാലും ഉറക്കം വരില്ല. വി.എം. സുധീരന്‍, വക്കം പുരുഷോത്തമന്‍ തുടങ്ങിയ വമ്പന്മാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം കാണിക്കാതിരുന്നതിന്‍റെ ഗുട്ടന്‍സും പിടികിട്ടി വരുന്നതേയുള്ളൂ. മഹാമനസ്കത, ജനാധിപത്യത്തിന്‍റെ ഉന്നത പാരമ്പര്യം എന്നൊക്കെയാണു കരുതിയത്. എന്നാല്‍ സംഗതി അങ്ങനെയല്ല എന്നാണ് ഇപ്പോള്‍ അണിയറയില്‍ കേള്‍ക്കുന്നത്.
    ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പങ്കു വയ്ക്കുന്നതോടൊപ്പം പാര്‍ട്ടിയിലും പുനഃസംഘടന വരാനിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത സീനിയര്‍ നേതാക്കളെ പാര്‍ട്ടി ഭാരവാഹികളാക്കാനാണു ഹൈക്കമാന്‍ഡ് ആലോചന. സുധീരന്‍റെയും വക്കത്തിന്‍റെയുമൊക്കെ മനസിലിരിപ്പ് എന്താണോ ആവോ? ചെന്നിത്തലജിക്ക് ഒരു സമാധാനവുമില്ലെന്നാണ് അശരീരി.
    മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം..! കഴിഞ്ഞ നാലു പതിറ്റാണ്ടായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ ഇരിപ്പും നടപ്പും കിടപ്പുമെല്ലാം കോണ്‍ഗ്രസിന്‍റെ കൂടെയാണ്. സംസര്‍ഗാ ഗുണാ ദോഷാ.. എന്നാണു നാട്ടു നടപ്പ്. ആ നിലയ്ക്കു കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവിയെങ്കില്‍ ലീഗില്‍ ഒരു പദവി രണ്ടു പേര്‍ക്ക് എന്നതാണു നയം. അങ്ങനെ ഏകപതി ഛത്രപതിയായി സാക്ഷാല്‍ പി.കെ. കുഞ്ഞാലിക്കുട്ടി വഹിച്ചിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവി രണ്ടായി പകുത്ത് ഇ.ടി. മുഹമ്മദ് ബഷീര്‍ സാഹിബിനും കെ.പി.എ മജീദിനും നല്‍കി. ബഷീര്‍ ഡല്‍ഹിയിലിരുന്നും മജീദ് മലപ്പുറത്തിരുന്നും പാര്‍ട്ടിയെ നയിക്കും. തിരുവനന്തപുരത്തെ കാര്യങ്ങള്‍ തല്‍ക്കാലം കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെ നോക്കിക്കൊള്ളും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ