പേജുകള്‍‌

2012, ജനുവരി 4, ബുധനാഴ്‌ച

സ്വപ്നങ്ങള്‍... സ്വപ്നങ്ങള്‍

പാലാ കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന കെ.എം. മാണി സാധാരണ നിലയില്‍ വലിയ വെട്ടില്‍ച്ചെന്നു ചാടുന്ന സ്വഭാവക്കാരനല്ല. പക്ഷേ, ഇപ്പോള്‍ പെട്ടു പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. വഴിയേ പോയ വയ്യാവേലി എടുത്തു തലയില്‍ വച്ചു എന്ന അവസ്ഥയിലാണിപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്. ഒരു അല്ലലും അലട്ടലുമില്ലാതെ കൊണ്ടു നടന്ന സ്വന്തം പാര്‍ട്ടിയിലേക്ക് വഴിയേ നടന്ന ചില വയ്യാവേലികളെ വലിച്ചു കയറ്റിയതിന്‍റെ തലവേദനയിലാണു പാവം.

കേരളക്കരയില്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി ഉണ്ടെന്നു പാലാക്കാരാരും സമ്മതിച്ചു തരില്ല. പാലായിലെ എല്ലാ വിധ കോണ്‍ഗ്രസുകളും ചേര്‍ന്നതാണു കേരള കോണ്‍ഗ്രസ്. അവിടെ കേരള കോണ്‍ഗ്രസ് എന്നാല്‍ ഒന്നേയുള്ളു. അതിനു ലീഡറും ഒരാളേയുള്ളു. മറ്റാരെങ്കിലും ലീഡര്‍ഷിപ്പിനു വന്നാല്‍ മാണിസാര്‍ കൈയും കെട്ടി നോക്കിയിരിക്കില്ല. പാര്‍ട്ടിയിലിരുന്ന് ഏതെങ്കിലും കൊള്ളി പുകഞ്ഞാല്‍ പുറത്ത് എന്നതാണു ഫോര്‍മുല. അങ്ങനെ പുകഞ്ഞുപുറത്തു ചാടിയവരാണു പി.ജെ. ജോസഫ്, ടി.എം. ജേക്കബ്, പി.സി. ജോര്‍ജ് തുടങ്ങിയവര്‍. മാണിയെക്കാള്‍ മുന്‍പേ കേരള കോണ്‍ഗ്രസുകാരനായതുകൊണ്ട് ആര്‍. ബാലകൃഷ്ണ പിള്ളയെ ഇക്കൂട്ടത്തില്‍പ്പെടുത്താനാവില്ല. അതുകൊണ്ടു തന്നെ പിള്ളയൊഴികെ മറ്റെല്ലാവരും മാണിയുടെ കൂടെച്ചേര്‍ന്നു. അല്ല, ഒപ്പം ചേര്‍ത്തു എന്നു പറയുന്നതാണു ശരി. അവരെല്ലാം ഇപ്പോള്‍ മാണിയെക്കാള്‍ വളരുന്നോ എന്ന ശങ്ക ഇല്ലാതെയുമില്ല.

മാണിയെ മാണി സാറേ എന്നു വിളിച്ചു നടന്ന പീക്കിരിപ്പിള്ളേര്‍ വരെ ഇന്നു മന്ത്രിയോ മുഖ്യമന്ത്രിയോ ആണ്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ പലേടത്തും മാണിയെക്കാള്‍ വളരെ ജൂനിയറായ പലരും മുഖ്യമന്ത്രിപദത്തിലെത്തി. മരിക്കുന്നതിനു മുന്‍പു മാണിസാറിന് ഒരു ആഗ്രഹമേ ബാക്കിയുള്ളു. ഒരു തവണ, ഒരേയൊരു തവണ കേരളത്തിന്‍റെ മുഖ്യമന്ത്രി ആവണം. അങ്ങനെ ആഗ്രഹിക്കുന്നതില്‍ ഒരു തെറ്റും പറയാനുമാവില്ല. അധ്വാനവര്‍ഗ സിദ്ധാന്തം മുതലിങ്ങോട്ടു കേരളത്തിന്‍റെ വികസന നയരേഖ വരെയുണ്ടാക്കി, കേരളത്തിന്‍റെ സമഗ്ര വികസനത്തിന് ഊടും പാവും നെയ്യാന്‍ മാണിയോളം മിടുക്കു കാട്ടിയ എത്ര നേതാക്കളുണ്ട്?

1964ല്‍ കെ.എം. ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഇവിടെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഉദയം ചെയ്തപ്പോള്‍ ആന്ധ്ര പ്രദേശില്‍ നന്ദമൂരി താരക രാമറാവു എന്ന എന്‍.ടി. രാമറാവു സിനിമ യിലും നാടകങ്ങളിലും രാജാ പാര്‍ട്ട് കെട്ടി നിറഞ്ഞാടുകയായിരുന്നു. സിനിമാ വേഷങ്ങളിലെങ്ങാനും മന്ത്രിയോ മുഖ്യ മന്ത്രിയോ ആയി വേഷം കെട്ടിക്കാണുമെന്നല്ലാതെ രാമറാവുവിനു രാഷ്ട്രീയത്തിന്‍റെ എബിസിഡി അറിയില്ലായിരുന്നു. കേരള കോണ്‍ഗ്രസ് പിറവിയെടുത്തു പതിനെട്ടു വര്‍ഷം കഴിഞ്ഞാണു രാമറാവു തെലുങ്കു ദേശം പാര്‍ട്ടിക്കു രൂപം നല്‍കിയത്. തെലുങ്കുനാട്ടില്‍ തെലുങ്കു ദേശം പാര്‍ട്ടിയുടെ പ്രസക്തി എന്താണോ, അതാണു കേരളത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. 1982 ല്‍ രാമറാവു ടിഡിപി ഉണ്ടാക്കുമ്പോള്‍ കെ.എം. മാണി കേരളത്തില്‍ ധനകാര്യ-നിയമ മന്ത്രി. അതിനും അഞ്ചു വര്‍ഷം മുന്‍പുതന്നെ അദ്ദേഹം മന്ത്രി ആയി എന്നതും ഓര്‍ക്കണം. പക്ഷേ, കേരള കോണ്‍ഗ്രസിനെക്കാള്‍ പതിനെട്ടു വയസിന് ഇളപ്പമുള്ള ടിഡിപിയുടെ ലേബലില്‍ എത്രയോ തവണ രാമറാവു ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി. രാമറാവു ജീവിച്ചിരിക്കുമ്പോഴും കാലശേഷവും മരുമകന്‍ ചന്ദ്ര ബാബു നായിഡു മുഖ്യമന്ത്രിയായി, ഇന്ദ്രപ്രസ്ഥത്തില്‍ കിങ് ആയി, കിങ് മേക്കറായി. എന്നിട്ടും മാണിയുടെ ഗതി എന്തായി? ഇതിനൊന്നുമുള്ള യോഗ്യത മാണിസാറിനില്ലെന്ന് ആരും കരുതരുത്. തലവര അത്ര ശരിയല്ലെന്നു പറഞ്ഞാല്‍ മതിയല്ലോ.

കെ.എം. ജോര്‍ജും ആര്‍. ബാലകൃഷ്ണ പിള്ളയും മറ്റും ചേര്‍ന്ന് 1964ല്‍ കേരള കോണ്‍ഗ്രസിനു രൂപം കൊടുക്കുമ്പോള്‍ മാണി കോണ്‍ഗ്രസുകാരനായിരുന്നു. കോട്ടയം ഡിസിസി ഭാരവാഹി. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കാന്‍ ഒരു കേരള കോണ്‍ഗ്രസുകാരനു വേണ്ടി നടത്തിയ തെരച്ചിലിലാണു മാണിയെന്ന കേരള കോണ്‍ഗ്രസുകാരന്‍റെ പിറവി. 1965 ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനിറങ്ങിയ മാണിയുടെ കഴിവു തിരിച്ചറിഞ്ഞ സുഹൃത്തും കോണ്‍ഗ്രസുകാരനുമായ എം.എം. ജേക്കബ് ഉപദേശിച്ചതാണ്- അരുതാത്തതിനു പോകരുത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാലും ജയിക്കും, ഭാവി ശോഭനമാകും. എന്തു ചെയ്യാം? അനുസരണശീലം കുറവായതുകൊണ്ട് ജേക്കബ് സാറ് പറഞ്ഞതു മാണിസാറ് കേട്ടില്ല. അല്ലെങ്കി ലും ഒരു നാഴി വേറൊരു നാഴിയില്‍ കയറില്ലല്ലോ. പ്രത്യേകിച്ചു പാലായില്‍. പിന്നീടൊരിക്കല്‍ ഒരു പൊതുവേദിയില്‍ ജേക്കബിന്‍റെ കമന്‍റ് ഇങ്ങനെ ആയിരുന്നു. അന്നു ഞാന്‍ പറഞ്ഞതു മാണി കേട്ടിരുന്നെങ്കില്‍ എത്ര മുന്‍പേ അദ്ദേഹം കേരളത്തിന്‍റെ മുഖ്യമന്ത്രി ആകുമായിരുന്നു!

പക്ഷേ, പിന്നീടും പല തവണ മുഖ്യമന്ത്രി പദത്തിനു വളരെ അടുത്തെത്തിയതാണു മാണി. 1979 ല്‍ പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിപദം രാജി വയ്ക്കുകയും സിപിഐ ഇടതുപക്ഷത്തേക്കു പോകുകയും ചെയ്തപ്പോള്‍ പലരും കരുതിയത് മാണി മുഖ്യമന്ത്രി ആകുമെന്നായിരുന്നു. എന്നാല്‍ കെ. കരുണാകരന്‍റെ മനസില്‍ മറ്റൊരാളായിരുന്നു ആ സ്ഥാനത്തേക്ക്- സി.എച്ച്. മുഹമ്മദ് കോയ. അങ്ങനെ കോയ മുഖ്യമന്ത്രി ആയി. അവസരം കാത്തിരുന്ന മാണിയാകട്ടെ, കഷ്ടിച്ചു രണ്ടു മാസത്തിനുള്ളില്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. അതോടെ കോയ മന്ത്രിസഭ വീണു.

അപ്പോഴും ഒരു ചാന്‍സ് മാണിക്കു ബാക്കിയുണ്ടായിരുന്നു. ഒന്നുകില്‍ യുഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രി. അല്ലെങ്കില്‍ ഇടതു മുന്നണിയില്‍ ചേര്‍ന്ന് അഡ്ഹോക്ക് മന്ത്രിസഭ. രണ്ടായാലും നേട്ടം മാണിക്ക്. പക്ഷേ, അസൂയാലുക്കള്‍ സമ്മതിച്ചില്ല. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്താനായിരുന്നു വിധി. അന്നത്തെ തെരഞ്ഞെടുപ്പിലാണ് എ.കെ. ആന്‍റണിയും കെ.എം. മാണിയും ഇടതുപക്ഷത്ത് എത്തിയത്.

കാലചക്രം എത്ര പെട്ടെന്നാണ് ഉരുണ്ടു മാറിയത്. പഴയ നാടകത്തിന്‍റെ അണിയറകളെല്ലാം അതേപടി ആവര്‍ത്തിക്കുന്നു. രംഗപടത്തിനു മാത്രമേ വ്യത്യാസമുള്ളു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് പി.സി. ജോര്‍ജിനെയും പി.ജെ. ജോസഫിനെയും കൂടെക്കൂട്ടിയതിനു പിന്നില്‍ ചെറിയൊരു രാഷ്ട്രീയ മോഹം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ യുഡിഎഫിലെ വലിയ രണ്ടാമത്തെ കക്ഷിയെന്ന അംഗീകാരം. അങ്ങനെ വന്നാല്‍ ഒരു ഉപമുഖ്യമന്ത്രി പദം. ഇനി വല്ല വിധേനയും 1979 ആവര്‍ത്തിച്ചാല്‍ മുഖ്യമന്ത്രിപദം തന്നെ. പക്ഷേ, കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി എന്നു പറയുന്നതു പോലെ പാറശാല മുതല്‍ മ ഞ്ചേശ്വരം വരെ കോണ്‍ഗ്രസും ലീഗും കാലു വാരി. പ്രതീക്ഷിച്ചതിന്‍റെ പകുതി പോലും സീറ്റ് ലഭിക്കാതെ നാണം കെട്ടതു മിച്ചം.

പക്ഷേ, അതിനിടെ ഒരു രജത രേഖ പോലെ തെളിഞ്ഞുവന്ന മുല്ലപ്പെരിയാര്‍ ഇഷ്യൂ പ്രതീക്ഷ നല്‍കിയതാണ്. കളിച്ചുകളിച്ച് അതും ഇല്ലാതാവുമെന്നാണ് ഇപ്പോഴത്തെ പേടി. മുല്ലപ്പെരിയാര്‍ പ്രശ്നം കത്തിക്കയറിയപ്പോള്‍ത്തന്നെ സംഭവം പി.ജെ. ജോസഫ് ഹൈജാക്ക് ചെയ്തു. ഇക്കാര്യത്തില്‍ മാണിയെക്കാള്‍ സ്കോര്‍ ചെയ്യുന്നതു ജോസഫ് തന്നെ. പ്രശ്നം പത്തു ദിവസത്തിനുള്ളില്‍ പരിഹരിക്കുന്നില്ലെങ്കില്‍ ചില കടുംകൈ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ഏതു മുല്ല, എന്തു പെരിയാര്‍ എന്ന മട്ടിലാണ് ഇപ്പോള്‍ യുഡിഎഫ് മുല്ലപ്പെരിയാര്‍ ഇഷ്യുവില്‍ ഇടപെടുന്നത്.

പിറവം ഉപതെരഞ്ഞെടുപ്പിലാണ് ഇനി കണ്ണ്. എങ്ങനെയെങ്കിലും അതൊന്നു നീട്ടിക്കിട്ടണമെന്നാണു കുഞ്ഞൂഞ്ഞും കൂട്ടരും പ്രാര്‍ഥിക്കുന്നത്. ഇപ്പോഴത്തെ പോക്കു പോയാല്‍ കച്ചി തൊടുമെന്ന പ്രതീക്ഷ യുഡിഎഫിനില്ല. സാക്ഷാല്‍ ടി.എം. ജേക്കബ് നേരിട്ടു മത്സരിച്ചപ്പോള്‍പ്പോലും 170ല്‍പ്പരം വോട്ടുകളായിരുന്നു ഭൂരിപക്ഷം. എന്നു വച്ചാല്‍ കഷ്ടിച്ചു നൂറു പേരെ ഇപ്പുറത്തെത്തിച്ചാല്‍ മതി, ഇടതു മുന്നണി വിജയക്കൊടി പാറിക്കും.

അങ്ങനെ വന്നാല്‍ ഇടതുപക്ഷത്തിന് അം ഗബലം 69 എന്നാവും. യുഡിഎഫിന് 71ഉം. അവിടെയാണു മാണിസാര്‍ തുറുപ്പ് വീശാനിരിക്കുന്നത്. ശിഷ്ടകാലം മുഴുവന്‍ ക്ലിഫ് ഹൗസില്‍ത്തന്നെ ഉണ്ടു താമസിക്കണമെന്ന അച്യുതാനന്ദമോഹം ഒരിക്കലും നടക്കാത്ത മോഹമാകാന്‍ സാധ്യതയുണ്ട്. പാര്‍ട്ടി സമ്മേളനങ്ങളില്‍ അപ്പാടെ, സഖാവിന്‍റെ ഒറ്റയാന്‍ പോക്കിനെതിരേ രൂക്ഷ വിമര്‍ശനമാണ്. പോരാത്തതിനു ബന്ധുവിന് വഴിവിട്ടു ഭൂമി പതിച്ചു നല്‍കിയ കേസില്‍ വിജിലന്‍സ് കേസില്‍ പ്രതിയാകാനും പോകുന്നു. കേസില്‍പ്പെട്ടവര്‍ അധികാരത്തില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന് അച്യുതാനന്ദന്‍ തന്നെ എത്രയോ വട്ടം പറഞ്ഞിരിക്കുന്നു. അതു പാര്‍ട്ടി അംഗീകരിച്ചാല്‍, ഇടതുപക്ഷത്തു നിന്നു മറ്റൊരാളും മുഖ്യമന്ത്രിപദം മോഹിക്കാന്‍ ഇടയില്ല. ഈ ഗ്യാപ്പില്‍ മാണി ഒരു ഇടതുചായ്വ് പ്രകടിപ്പിച്ചാല്‍ മതി, 1979 ല്‍ കിട്ടാതെ പോയ മുഖ്യമന്ത്രിപദം മാണി സാറിനെ തേടി എത്താതിരിക്കില്ലെന്നും രാഷ്ട്രീയ ജ്യോതിഷികള്‍ പ്രവചിക്കുന്നു.

സല്‍പുത്രന്‍ ജോസ് കെ. മാണി ഇന്ദ്രപ്രസ്ഥ ത്തില്‍ കേവലം എംപി ആയി ഒതുങ്ങുന്നതും ബാലകൃഷ്ണ പിള്ളയുടെ മകനും ഇനി ജേക്ക ബിന്‍റെ മകനും മന്ത്രിമാരായി തനിക്കൊപ്പം മന്ത്രിസഭയിലിരിക്കുന്നതും കണ്ടിരിക്കാനുള്ള മഹാമനസ്കത മാണിസാറിന് ഉണ്ട് എന്നു തന്നെ വേണം വിശ്വസിക്കാന്‍. ഏതായാലും പിറവം തെര ഞ്ഞെടുപ്പ് വരെ കാത്തിരിക്കാം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ