ഭൂതകാലത്തിന്‍റെ തടവറകള്‍
സിപിഎമ്മിനെക്കുറിച്ചു നിങ്ങള്‍ക്കൊന്നും ഒരു ചുക്കും അറിയില്ലെന്നു പണ്ടൊരിക്കല്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ അതൊരു തമാശയായി മാത്രമേ കരുതിയുള്ളൂ. വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സിപിഎമ്മിനു പേടിയാണെന്ന കെ. ആര്‍. ഗൗരിയമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഈ പാര്‍ട്ടിയെക്കുറിച്ചു പഴയ സിപിഎമ്മുകാര്‍ക്കു വലിയ പിടിപാടില്ലെന്നു വ്യക്തമായി.
പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയാത്ത വലിയ അച്ചടക്ക ലംഘനമാണ് അച്യുതാനന്ദന്‍ നടത്തിയതെന്നും വേറേ ആരായിരുന്നെങ്കിലും പാര്‍ട്ടിയില്‍ കാണില്ലായിരുന്നു എന്നും സിപിഎമ്മിന്‍റെ തന്നെ മുതിര്‍ന്ന നേതാവ് ടി. ശിവദാസ മേനോന്‍ വ്യക്തമാക്കിയതോടെ ഇപ്പോഴത്തെ പാര്‍ട്ടി നേതാക്കള്‍ക്കു പോലും പാര്‍ട്ടിയെക്കുറിച്ചു കാര്യമായ അറിവില്ലെന്നു തോന്നുന്നു. അച്യുതാന്ദന്‍റെകാര്യം നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടു ചര്‍ച്ച ചെയ്യാമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ടു പറഞ്ഞപ്പോള്‍ സംശയം ബലപ്പെട്ടു തുടങ്ങി. തത്ക്കാലം കുഴപ്പങ്ങള്‍ക്കൊന്നും ഇറങ്ങിപ്പുറപ്പെടരുതെന്നും സമയം വരുമ്പോള്‍ എല്ലാം ശരിയാക്കാമെന്നും എല്ലാവരും ഭൂതകാലത്തിന്‍റെ പിടിയിലാണെന്നും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കൂടി വ്യക്തമാക്കിയതോടെ സാധാരണ ജനങ്ങള്‍ തലയ്ക്കു കൈവച്ച് ഉറക്കെ വിളിച്ചു പറയും, ഇല്ലാ സഖാക്കന്മാരെ, ഞങ്ങള്‍ക്കാര്‍ക്കും ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല.
കയ്യൂരും കരിവെള്ളൂരും പുന്നപ്രയും വയലാറും ശൂരനാടുമൊക്കെപ്പോലെ കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്കു പ്രിയപ്പെട്ട നാടാണു കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം. രണ്ടു പതിറ്റാണ്ടു മുന്‍പേ അവിടെ പാര്‍ട്ടി പ്രാദേശിക ഘടകവും ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ പ്രാദേശിക നേതൃത്വവും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ട്. ഏറാമല പഞ്ചായത്തു തെരഞ്ഞെടുപ്പാണു മുഖ്യം.
ഒഞ്ചിയത്ത് ഒരിക്കല്‍ വി.എസ്. അച്യുതാനന്ദന്‍റെ പക്ഷത്തു ശക്തമായി നിലയുറപ്പിച്ചയാളായിരുന്നു ടി.പി. ചന്ദ്രശേഖരന്‍. അദ്ദേഹമടക്കം ചില പാര്‍ട്ടി അംഗങ്ങള്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. അവര്‍ ചേര്‍ന്നു രൂപീകരിച്ച റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ സിപിഎമ്മിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. 2005ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2009ല്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും അതു പാര്‍ട്ടിക്കു വലിയ ആഘാതവുമായി. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഈ പ്രതിസന്ധി ഒരളവു വരെ പരിഹരിക്കുകയും പല മേഖലകളിലും പഴയ പ്രതാപത്തിലേക്കു തിരിച്ചു വരുകയും ചെയ്ത അവസരത്തിലാണ് ഒഞ്ചിയത്ത് ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍റെ അതിദാരുണവും പൈശാചികവുമായ കൊലപാതകം. മനഃസാക്ഷിയുള്ള ഒരാള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല, ദാരുണമായ ആ നരഹത്യ. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍, ആരായാലും അവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണം, അവര്‍ വിചാരണ ചെയ്യപ്പെടണം, നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പു വരുത്തുകയും വേണം. പൊലീസ് വകുപ്പ് ഭരിക്കുന്നതു കോണ്‍ഗ്രസ് ആയതിനാല്‍ അതില്‍ ഒരു തരത്തിലുള്ള ഇളവും ആരും പ്രതീക്ഷിക്കുന്നതുമില്ല.
1948ല്‍ ഒഞ്ചിയം സമരത്തില്‍ വെടിയേറ്റു രക്തസാക്ഷിത്വം വരിച്ചത് എട്ടു സഖാക്കള്‍. അവിടെ അടുത്ത കാലത്തു പാര്‍ട്ടി പ്രാദേശിക ഘടകത്തിലുണ്ടായ ഭിന്നതകളുടെ പേരില്‍ പാര്‍ട്ടി വിട്ടവരാണ് ആര്‍എംപി സഖാക്കള്‍. അവരെ തിരികെകൊണ്ടുവരാന്‍ കഴിയാതെ പോയ സംസ്ഥാന നേതൃത്വത്തിനെതിരേ അച്യുതാനന്ദന്‍ സഖാവ് ഇപ്പോള്‍ നടത്തുന്ന രോഷ പ്രകടനം കമ്യൂണിസ്റ്റ് അല്ലാത്തവരെപ്പോലും വിപ്ലവ പുളകിതരാക്കും.
ഒഞ്ചിയം സഖാക്കളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ നടപടി 1964ലെ സിപിഐ പിളര്‍പ്പു പോലെയാണ് അച്യുതാനന്ദന്‍ സഖാവ് കണക്കാക്കുന്നത്. ഇവരെ പുറത്താക്കിയ സെക്രട്ടറി പിണറായി വിജയനെ എസ്.എ. ഡാങ്കെയോട് ഉപമിച്ചിരിക്കുന്നു. 1964 ലെ കമ്യൂണിസ്റ്റ് പിളര്‍പ്പും തുടര്‍ന്നു സിപിഎം രൂപീകരണവുമൊക്കെ ചരിത്രത്തില്‍ പൊടിപിടിച്ചു കിടപ്പുണ്ട് ഇന്നും. അതില്‍ അച്യുതാനന്ദന്‍ സഖാവിന്‍റെ പങ്ക് എന്താണെന്ന് എത്ര പരതിയിട്ടും പക്ഷേ, പിടികിട്ടുന്നില്ല. ഇ.എം.എസ്, എ.കെ.ജി, സുന്ദരയ്യ, രണദിവെ, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ജ്യോതി ബസു, തുടങ്ങിയ അഖിലേന്ത്യാ നേതാക്കള്‍ എടുത്ത നിലപാടിന് ഒപ്പം നിന്നു എന്നതാണ് അദ്ദേഹത്തിന്‍റെ പങ്ക്.
1963 മാര്‍ച്ച് ഒന്‍പതിനു പ്രസിദ്ധപ്പെടുത്തിയ പീപ്പിള്‍സ് ഡെയ്ലി പത്രത്തിന്‍റെ മുഖപ്രസംഗത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യയിലെ വിഭാഗീയത സംബന്ധിച്ച ആദ്യത്തെ ആധികാരിക രേഖ പുറത്തുവിട്ടത്. തിരുത്തല്‍വാദികള്‍ക്കുള്ള കണ്ണാടി എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഈ മുഖപ്രസംഗം, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഇടതുപക്ഷക്കാര്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നു. ഇടതു പക്ഷക്കാര്‍ എന്നാല്‍ പാര്‍ട്ടിയിലെ ചൈനാപക്ഷവാദികള്‍. വലതുപക്ഷക്കാര്‍ എന്നാല്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ അനുകൂലിക്കുന്ന സോവ്യറ്റ് യൂണിയന്‍ പക്ഷവാദികള്‍. ഉള്‍പ്പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ അതിനു മുന്‍പു തന്നെ ഇത്തരം ചര്‍ച്ചകള്‍ നടന്ന സാഹചര്യത്തില്‍ വലതുപക്ഷ വാദി എസ്.എ. ഡാങ്കെ പാര്‍ട്ടി ചെയര്‍മാനും ഇടതുപക്ഷ വാദി ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനറല്‍ സെക്രട്ടിയുമായിരുന്നു, 1964 ല്‍ പാര്‍ട്ടി പിളരുമ്പോള്‍.
വലതുപക്ഷത്തെ ഡാങ്കെയെ പുറത്താക്കാന്‍ നേരത്തേതന്നെ, ഇടതുപക്ഷക്കാര്‍ കൊണ്ടുപിടിച്ചു ശ്രമം തുടങ്ങിയരുന്നു. 1924ല്‍ കാണ്‍പുര്‍ കമ്യൂണിസ്റ്റ് ഗൂഢാലോചനക്കേസില്‍ തടവില്‍ക്കഴിയുമ്പോള്‍, തന്നെ വിട്ടയച്ചാല്‍ ബ്രിട്ടീഷ് പൊലീസ് ഏജന്‍റ് ആയി പ്രവര്‍ത്തിക്കാമെന്നു പഴയ ബ്രിട്ടീഷ് കോളനി സര്‍ക്കാരിനു ഡാങ്കെ കത്തെഴുതി എന്നായിരുന്നു ഇടതുപക്ഷത്തിന്‍റെ ആരോപണം. ഡാങ്കെ രാജി വയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കത്തിന്‍റെ ആധികാരികത തള്ളിയ ഡാങ്കെ രാജിക്കു വിസമ്മതിച്ചു. അതില്‍ പ്രതിഷേധിച്ചാണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് 32 അംഗങ്ങള്‍ ഇറങ്ങിപ്പോയത്. അവരെയാണു ഡാങ്കെ വര്‍ഗവഞ്ചകരെന്നു വിളിച്ചത്.
ഈ സംഭവങ്ങളും ഒഞ്ചിയം സംഭവവും തമ്മില്‍ എങ്ങനെ കൂട്ടിക്കെട്ടും? അങ്ങനെ കൂട്ടിക്കെട്ടിയാല്‍ പിണറായി വിജയനെക്കാള്‍ മുന്‍പേ വര്‍ഗവഞ്ചന കാട്ടിയത് വി.എസ്. അച്യുതാനന്ദന്‍ തന്നെയാണെന്നുമില്ലേ ചരിത്രം? 1998 ലെ പാലക്കാട് സമ്മേളനത്തില്‍ അദ്ദേഹം വെട്ടിനിരത്തിയ എത്രയെത്ര നേതാക്കള്‍ പാര്‍ട്ടിയിലും പൊതു സമൂഹത്തിലും അപ്രസക്താരായി. ഒഞ്ചിയം സഖാക്കളോടു കാണിച്ച സ്നേഹം എന്തുകൊണ്ട് അച്യുതാനന്ദന്‍ അന്ന് അവരൊടു കാണിച്ചില്ല. ഇ. ബാലാനന്ദന്‍, സി. കണ്ണന്‍, ഒ. ഭരതന്‍, വി.ബി.ചെറിയാന്‍, സി.കെ. ചക്രപാണി, കെ.എന്‍. രവീന്ദ്ര നാഥ്, എം.എം. ലോറന്‍സ്, പുത്തലത്തു നാരായണന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, പാട്യം രാജന്‍, പാട്യം ഗോപാലന്‍, എം.പി. പരമേശ്വരന്‍ ...പാര്‍ട്ടി പടിയടച്ചവരും ദണ്ഡിച്ചവരുമായ സഖാക്കളുടെ പട്ടിക നീളും.
കെ.ആര്‍. ഗൗരിയമ്മയെ മുഖ്യമന്ത്രി ആക്കുമെന്നു പ്രചരിപ്പിച്ച പാര്‍ട്ടി സെക്രട്ടറിയായിരുന്നു അച്യുതാനന്ദന്‍. എന്നാല്‍ ഗൗരിയമ്മയെ തഴഞ്ഞ് നായനാരെ മുഖ്യമന്ത്രിയാക്കിയ പാര്‍ട്ടി നേതൃത്വത്തോടു കലഹിച്ച ഗൗരിയമ്മയ്ക്കു രഹസ്യ പിന്തുണ നല്‍കി അദ്ദേഹം. ഗൗരിയമ്മയുടെ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ഉന്നയിക്കുമെന്നു പുറത്ത് ഉറപ്പു നല്‍കിയ അദ്ദേഹം സമയം വന്നപ്പോള്‍, മൗനം പാലിച്ചു. ഈഴവ സമുദായത്തില്‍ നിന്ന് ഒരാള്‍ക്കു മുഖ്യമന്ത്രിപദമെന്നു പാര്‍ട്ടി തീരുമാനിച്ചാല്‍ അതു ഗൗരിയമ്മ ആയിരിക്കരുത്, താന്‍ തന്നെ ആയിരിക്കണമെന്ന വിഎസിന്‍റെ തന്നിഷ്ടമായിരുന്നു അതിനു പിന്നിലെന്ന് ഗൗരിയമ്മ തന്നെ പിന്നീടു വെളിപ്പെടുത്തി. ജെഎസ്എസ് എന്ന പാര്‍ട്ടി രൂപീകരിച്ചു ഗൗരിയമ്മ ഇപ്പോള്‍ വലതുപക്ഷത്താണ്.
സംസ്ഥാനത്തു മാര്‍ക്സിസ്റ്റ് ഭരണം നിലനിര്‍ത്തണമെന്ന ഒരൊറ്റ അജന്‍ഡ മാത്രമായിരുന്നു, എം.വി. രാഘവന്‍റെ ബദല്‍ രേഖയ്ക്കു പിന്നില്‍. അതിന്‍റെ പേരില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടിക്കു വേണ്ടി ചെയ്ത തെറ്റ് തിരുത്താന്‍ ഒരവസരം നല്‍കിയിരുന്നെങ്കില്‍, സിഎംപി എന്ന പാര്‍ട്ടി ഉണ്ടാക്കി വലതു ചേരിയില്‍ വന്ന രാഘവന്‍ എന്നേ പാര്‍ട്ടിയില്‍ തിരിച്ചു വന്നേനെ. പാര്‍ട്ടി വിട്ടു പുതിയ പാര്‍ട്ടി ഉണ്ടാക്കി, എംഎല്‍എയും മന്ത്രിമാരുമായി ഗൗരിയമ്മയും രാഘവനും. ഇവരും താന്‍ വെട്ടിനിരത്തിയവരും അടക്കം പാര്‍ട്ടി കൈവിട്ട സഖാക്കള്‍ക്ക് തെറ്റു തിരുത്താന്‍ അവസരം നല്‍കണമെന്ന് ഒരിക്കല്‍പോലും ആവശ്യപ്പെടാത്ത അച്യുതാനന്ദനാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ട ഒഞ്ചിയം സഖാക്കളുടെ നടപടിയെ 1964ലെ പാര്‍ട്ടി പിളര്‍പ്പിനോട് ഉപമിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ, സ്വന്തം സഖാക്കളെ നിഷ്കരുണം വെട്ടിനിരത്തിയ അച്യുതാനന്ദനാണ് പിണറായി വിജയനെ ഡാങ്കെയോട് ഉപമിക്കുന്നത്. എന്തൊരു വിരോധാഭാസം?
സ്റ്റോപ് പ്രസ്:
അച്യുതാനന്ദന്‍ എന്തുകൊണ്ടാണ് ഇത്ര അഗ്രസിവ് ആകുന്നത്. കാരണമുണ്ട്. വയസ് തൊണ്ണൂറാകുന്നു. ഇനി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത കുറവ്. മത്സരിച്ചാല്‍ത്തന്നെ ജയി(പ്പി)ക്കുമോ എന്ന് ഉറപ്പില്ല. ജയിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനത്തോ പ്രതിപക്ഷ നേതൃസ്ഥാനത്തോ വരുമെന്ന് ആരു കണ്ടു. കൂടെ നില്‍ക്കാന്‍ ആളുമില്ല, നിര്‍ത്താന്‍ അറിയുകയുമില്ല. പിന്നെന്തു ചെയ്യാന്‍ ! അന്തം വിട്ടാല്‍ ആരും എന്തും ചെയ്തുപോകും സാാര്‍..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ