പേജുകള്‍‌

2012, നവംബർ 19, തിങ്കളാഴ്‌ച

കണ്ണു തുറക്കാത്ത ദൈവങ്ങള്‍

ചെറിയാന്‍ ഫിലിപ്പ് പറഞ്ഞതു പോലെ ഉമ്മന്‍ ചാണ്ടിയോട് എ.കെ. ആന്‍റണിക്ക് ആനപ്പകയുണ്ടോ എന്നറിഞ്ഞുകൂടാ. കെ. മുരളീധരന്‍ പറഞ്ഞതു പോലെ യുഡിഎഫില്‍ കണ്ടകശനിയുടെ അപഹാരമുണ്ടോ എന്നും നിശ്ചയം പോരാ. ഷിബു ബേബി ജോണ്‍ പറഞ്ഞതു പോലെ രാശിയില്‍ തെളിയുന്നതു ശുക്രനാണോ എന്ന കാര്യത്തിലും അത്ര പിടിപാടില്ല. ഏതായാലും ഒരു കാര്യം ഉറപ്പ്. പതിനേഴു മാസം പിന്നിട്ട ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ദശാസന്ധിയിലാണ്. പാപദോഷം തീര്‍ക്കാന്‍ പരിഹാരം കണ്ടേ പറ്റൂ. ഇല്ലെങ്കില്‍ ഉച്ചാടനം തീര്‍ച്ച. ഉച്ചിയുറപ്പിച്ച കൈകൊണ്ടു തന്നെ ഉദകക്രിയ എന്നൊരു പാപദോഷം കൂടി പ്രശ്നവശാല്‍ കാണുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സ്റ്റാര്‍ കാംപെയ്നര്‍ ആയിരുന്ന എ.കെ. ആന്‍റണി തന്നെയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ തലതൊട്ടപ്പന്‍. ഹൈക്കമാന്‍ഡില്‍ കേരളത്തിന്‍റെ ലാസ്റ്റ് വേഡ്. ആരെ വാഴ്ത്തണം, ആരെ വീഴ്ത്തണം എന്നൊക്കെ ഒറ്റ മനനത്തില്‍ ആന്‍റണിക്കു തീരുമാനിക്കാം. അതുകൊണ്ടു തന്നെ ആന്‍റണിക്കു മുന്നില്‍ റാന്‍ എന്നേ എല്ലാവരും പറയൂ. ഇങ്ങോട്ട് എന്തെങ്കിലും പറഞ്ഞാലും മറുത്തൊരക്ഷരം ഉരിയാടില്ല. സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്ന എല്ലാവര്‍ക്കും ആന്‍റണി തന്നെ കണ്‍കണ്ട ദൈവം.

ദൈവകോപത്തിനു പ്രതിവിധി തേടി പാഴൂര്‍ പടിക്കലാണു യുഡിഎഫ് നേതൃത്വമെന്നാണ് അശരീരി. കഴിഞ്ഞ ടേമില്‍ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു തന്നെ മുക്കാല്‍ വഴിയില്‍ വലിച്ചിറക്കിയതിനു പിന്നില്‍ ലീഗ് ഉണ്ടെന്ന് ആന്‍റണി സംശയിക്കുന്നു. 2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരൊറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെപ്പോലും വിജയിപ്പിക്കാന്‍ കഴിയാതെ പോയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ടശക്തികളെ മുഴുവന്‍ ഉച്ചാടനം ചെയ്യാതെ ദൈവകോപം ശമിക്കില്ലെന്നും പ്രശ്നവശാല്‍ കാണുന്നു. പരിഹാരകര്‍മങ്ങള്‍ പലതുണ്ട്. അതു പിന്നീട്. വളരെ അടിയന്തിരമായി ചെയ്യാനുള്ള രണ്ടു ക്രിയകളുണ്ട്. കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും കൂടി ഉടന്‍ പെരുന്നയ്ക്കു വണ്ടി കയറുക. അവിടെയിറങ്ങി, പെരുന്ന സുബ്രഹ്മണ്യന്‍ കോവിലില്‍ കുളിച്ചു തൊഴുത്, നേരേ കിഴക്കോട്ടു നടന്ന് സുകുമാരന്‍ നായര്‍ക്കു വഴിപാടു നടത്തി പ്രായശ്ചിത്തം ചെയ്യുക. (കോവിലില്‍ നാരങ്ങാ മാലയും സുകുമാരന്‍ നായര്‍ക്ക് നായര്‍ മന്ത്രിയും ദേവസ്വവുമൊക്കെയാണ് ഇഷ്ട നിവേദ്യം).

അവിടെ നിന്ന് എസി റോഡ് വഴി ആന്‍റണിയുടെ ചേര്‍ത്തലയെത്തും മുന്‍പ് കണിച്ചു കുളങ്ങര കാര്‍ത്ത്യായനീ ക്ഷേത്രത്തിലെത്തുക. ദേവിക്കു പട്ടും ഇഷ്ട വഴിപാടും സമര്‍പ്പിക്കുക. പക്ഷേ, ദേവിക്കു തൃപ്തി വരണമെങ്കില്‍ തൊട്ടപ്പുറത്തു വെള്ളാപ്പള്ളി വീട്ടില്‍ നടേശ മൂര്‍ത്തിയെക്കൂടി പ്രസാദിപ്പിക്കണം. ഒന്നോ രണ്ടോ കോളെജുകള്‍, ഏതാനും പള്ളിക്കൂടങ്ങള്‍, ഒരു മെഡിക്കല്‍ കോളെജ് തുടങ്ങിയവ മതിയാവും മൂര്‍ത്തിയെ പ്രസാദിപ്പിക്കാന്‍.

ഭൂരിപക്ഷ ദോഷങ്ങള്‍ ഒഴിഞ്ഞുമാറിയാല്‍ ഇപ്പോഴത്തെ ദൈവകോപത്തിന് ഇത്തിരി ശമനം ലഭിക്കും. ബാക്കിയൊക്കെ സാവകാശം ആലോചിച്ചു ചെയ്യാവുന്നതേയുള്ളൂ. ആന്‍റണി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു തൊടുത്ത രാഷ്ട്രീയ മിസൈലിന്‍റെ ലക്ഷ്യം ഭൂരിപക്ഷ സമുദായങ്ങളെ അനുനയിപ്പിക്കലാണെന്ന കാര്യം അറിയാത്തവരില്ല. മുസ്ലിം ലീഗിന്‍റെ അഞ്ചാം മന്ത്രി, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു ഫലം, അടുത്തിടെ ശക്തി പ്രാപിച്ച നായര്‍-ഈഴവ ഐക്യം, കോണ്‍ഗ്രസിലും ഗവണ്മെന്‍റിലും ഭൂരിപക്ഷ സമുദായങ്ങള്‍ക്കു നഷ്ടമാകുന്ന പ്രാതിനിധ്യവും സ്വാധീനവും തുടങ്ങി പല ഘടകങ്ങളുണ്ട് ആന്‍റണീ കോപത്തിനു പിന്നില്‍. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിലെ ചില പരാമര്‍ശങ്ങളും ആന്‍റണിയെ സ്വാധീനിച്ചിട്ടുണ്ട്.

ഏതായാലും ആന്‍റണിയുടെ പ്രസ്താവന കേരളത്തില്‍ യുഡിഎഫിനും സര്‍ക്കാരിനും കണ്ടകശനിയുടെ അപഹാരമുണ്ടാക്കിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രതിവിധി ഫലിച്ചില്ലെങ്കില്‍ കൊണ്ടേ പോകൂ. അല്ലെങ്കില്‍ പ്രതിക്രിയയ്ക്കുള്ള സാധ്യതയും തള്ളരുത്. എല്ലാക്കാലത്തും ആന്‍റണിയെ സഹായിച്ചിട്ടുള്ള മുസലിം ലീഗിനെ അവസരം കിട്ടിയപ്പോഴെല്ലാം ആന്‍റണി തഴഞ്ഞിട്ടുണ്ടെന്ന വസ്തുത പാണക്കാട്ടും പരിസരത്തും അങ്ങാടിപ്പാട്ടാണ്. ഏറ്റവും ഒടുവില്‍ ഇ. അഹമ്മദിന്‍റെ ക്യാബിനറ്റ് റാങ്കിനു തടയിട്ടതിനടക്കം കണക്കു ചോദിക്കാനിരിക്കുകയാണ് തങ്ങന്മാര്‍. അവരെങ്ങാനും വല്ല അറ്റകൈയും പ്രയോഗിച്ചാല്‍ പ്രവചനാതീതമാകും കാര്യങ്ങള്‍.

കേരള കോണ്‍ഗ്രസിലുമുണ്ട് ഇതേ പ്രശ്നങ്ങള്‍. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഏറ്റവും വലിയ പ്രാതിനിധ്യം ലഭിച്ചിട്ടും ജോസ് കെ. മാണിക്കു മന്ത്രിസ്ഥാനം നല്‍കാതിരുന്നതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ടശക്തികള്‍ക്കെതിരേ പാലാ പള്ളികളില്‍ കൂട്ടമണിയടിച്ചു കുര്‍ബാന നടക്കുന്നു, എന്നുമുണ്ട് വിവരം. ഉദ്ദിഷ്ടകാര്യം നടന്നാല്‍ അടുത്തു വരാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിച്ചേക്കാം.

മുസ്ലിം ലീഗിന്‍റെ മറവില്‍ മുസ്ലിം സമുദായത്തിനും കേരള കോണ്‍ഗ്രസുകളുടെ മറവില്‍ ക്രൈസ്തവര്‍ക്കും വലിയ പരിഗണന ലഭിക്കുമ്പോള്‍, കൊള്ളാവുന്ന ഒരു വകുപ്പു പോലും ഭൂരിപക്ഷ സമുദായത്തിന് കിട്ടിയില്ലെന്നതായിരുന്നു പെരുന്ന, കണിച്ചുകുളങ്ങര ദൈവങ്ങളുടെ നീരസത്തിനു കാരണം. ഈ ദോഷത്തിനു പരിഹാരമായി ആഭ്യന്തര വകുപ്പ് ബലി നല്‍കി ഉമ്മന്‍ ചാണ്ടി പ്രായശ്ചിത്തം ചെയ്തതാണ്. പാണക്കാട്ടും പാലായിലും കാണിക്കയിട്ടു മടുത്തു. എന്നിട്ടും ദൈവങ്ങളൊന്നും പ്രീതിപ്പെട്ടില്ലെങ്കില്‍ എന്തു ചെയ്യാന്‍? ഇനിയും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്‍റെ ജന്മം പിന്നെയും ബാക്കി എന്ന മട്ടില്‍ തല കുനിച്ചു നില്‍ക്കുകയാണ് പാവം കുഞ്ഞൂഞ്ഞ്.

അതിനിടയിലാണ് നായര്‍-ഈഴവ ഐക്യം എന്ന പുതിയ അവതാരം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഈ അവതാരം വലിയ തോതില്‍ ഉറഞ്ഞാടി എന്ന് ആന്‍റണി അടക്കമുള്ളവര്‍ വിലയിരുത്തുന്നു. ബിജെപിയെയാണത്രേ ഈ അവതാരം അനുഗ്രഹിച്ചത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന്‍റെ 500 ശതമാനം വര്‍ധനവോടെ ബിജെപി കുറിച്ച നേട്ടം കോണ്‍ഗ്രസ് നേതൃത്വത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തെത്തിയ സ്ഥിതിക്ക് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്കയില്‍ നിന്നാണ് ആന്‍റണിയുടെ ബ്രഹ്മാസ്ത്രം ഉമ്മന്‍ ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും മേല്‍ പതിച്ചതെന്നും പ്രശ്നത്തില്‍ തെളിയുന്നു.

രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടക്കം ആരോടും അയിത്തമില്ല എന്ന് എല്‍.കെ. അഡ്വാനി ഇവിടെ വന്നു പറഞ്ഞു മടങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസം തന്നെയാണ് ആന്‍റണി ഭൂരിപക്ഷ വര്‍ഗീയ കാര്‍ഡും ഇടതുപക്ഷ അനുകൂല നിലപാടും പുറത്തെടുത്തതെന്നതും ശ്രദ്ധേയം. നെയ്യാറ്റിന്‍കരയില്‍ ഒരു വര്‍ഷം കൊണ്ട് ആറില്‍ നിന്ന് 23 ശതമാനത്തിലേക്കു ബിജെപി വോട്ടിങ് നില ഉയര്‍ന്നതിനു പിന്നില്‍ ഭൂരിപക്ഷ സമുദായങ്ങളുടെ ശാക്തീകരണം തിരിച്ചറിയുന്നവരാണ് എല്ലാ രാഷ്ട്രീയക്കാരും. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു സീറ്റൊന്നും ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസിന്‍റെ സീറ്റ് കുറയ്ക്കുകയാണു ബിജെപിയുടെ തന്ത്രം. കമ്യൂണിസ്റ്റുകളോടും അയിത്തമില്ലെന്ന അഡ്വാനിയുടെ പ്രസ്താവനയ്ക്കു പിന്നിലെ ഗൂഢലക്ഷ്യവും അതു തന്നെ. താമരയ്ക്കു കുത്തിയില്ലെങ്കിലും അരിവാളില്‍ വോട്ടു കുത്താം സംഘപരിവാരങ്ങള്‍ക്ക്. കൈ അറുത്തിട്ടാലും കൈപ്പത്തിക്കു കുത്തരുതെന്ന് വാജ്പേയ് പറഞ്ഞതിന്‍റെ വ്യംഗം.

തെരഞ്ഞെടുപ്പില്‍ യുപിഎ ഘടകകക്ഷികളെ കണ്ടെത്തുന്നതിന്‍റെയും ഏകോപിപ്പിക്കുന്നതിന്‍റെയും ചുമതല എ.കെ. ആന്‍റണിക്കാണ്. ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും വേദിയിലിരുത്തി ആന്‍റണി സിപിഎം നേതാക്കളെ പുകഴ്ത്തിയതിനു പിന്നില്‍ തെരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷവുമായുള്ള സമവായ സാധ്യത സംശയിക്കുന്നവരുണ്ട്. കേരളത്തില്‍ പാര്‍ട്ടിയുടെ മതേതര മുഖം വീണ്ടെടുത്ത് പുതിയ പ്രതിച്ഛായ ചര്‍ച്ചയ്ക്ക് തയാറാവുക. അല്ലെങ്കില്‍ സമഗ്രമായ മാറ്റത്തിനു സജ്ജമാകുക. ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും ഈ സന്ദേശം കൂടി നല്‍കുന്നുണ്ട്, കേന്ദ്ര സര്‍ക്കാരിലും പാര്‍ട്ടിയിലും രണ്ടാമനായ ആന്‍റണി. കേരളത്തില്‍ മികച്ച വിജയം ആന്‍റണിയുടെ ആവശ്യവും ലക്ഷ്യവുമാണ്. അതിന് സംസ്ഥാന മന്ത്രിസഭയിലെ അഴിച്ചു പണി, പാര്‍ട്ടി പുനഃസംഘടന തുടങ്ങിയവയാണു മുരളീധരന്‍ ജ്യോത്സ്യര്‍ വിധിക്കുന്ന പ്രതിവിധികള്‍. ഒപ്പം സിപിഎമ്മുമായി വിശാലമായ ചങ്ങാത്തവും.

പക്ഷേ, അടങ്ങിക്കൊടുക്കാന്‍ ലീഗ് തയാറല്ല. ആന്‍റണി അങ്ങനങ്ങു ആളു കളിക്കേണ്ട എന്നാണ് പാണക്കാട്ടു നിന്നുള്ള അവസാന സന്ദേശം. ആന്‍റണിക്കു മുഖ്യമന്ത്രി ആകാന്‍ 1995ല്‍ ലീഗിന്‍റെ ഉരുക്കുകോട്ടയായ തിരൂരങ്ങാടി സീറ്റ് വിട്ടുകൊടുത്തത് അവര്‍ എടുത്തുകാട്ടുന്നു. എന്നാല്‍ മുഖ്യമന്ത്രി ആയ ശേഷം ന്യൂനപക്ഷ സമുദായങ്ങള്‍ വിലപേശല്‍ കേന്ദ്രങ്ങളായി മാറുന്നു എന്നായിരുന്നു ആന്‍റണിയുടെ പരാമര്‍ശം. 2009ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീടു നടന്ന പിറവം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുകളിലും ആന്‍റണി ആയിരുന്നു യുഡിഎഫിന്‍റെ മുഖ്യ ക്രൗഡ് പുള്ളര്‍. അന്നെല്ലാം അച്യുതാനന്ദനെയും അദ്ദേഹത്തിന്‍റെ മന്ത്രിസഭയെയും അതിനിശിതമായി വിമര്‍ശിക്കാന്‍ ആന്‍റണി പിശുക്കു കാട്ടിയില്ല.

കേരളം ബംഗാളാക്കരുത് എന്നു നാടുനീളെ പറഞ്ഞു നടന്ന ആന്‍റണി എന്നാലിപ്പോള്‍ അന്നത്തെ സര്‍ക്കാരിനു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു പിന്നില്‍ ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും മോശക്കാരാക്കുകയാണു ലക്ഷ്യമെന്നും ലീഗുകാര്‍ വിലയിരുത്തുന്നു. ലീഗിനെ ഒപ്പം നിര്‍ത്താന്‍ വയ്യെങ്കില്‍ ലീഗും ഒപ്പം നില്‍ക്കുന്നില്ല. ഒപ്പം നില്‍ക്കാന്‍ ലീഗ് ഇല്ലെങ്കില്‍ കോണ്‍ഗ്രസ് എവിടൊക്കെ എന്നു കാണട്ടെ എന്ന അവരുടെ ആദ്യ ചോദ്യത്തിനുമുണ്ട് കുറച്ചെങ്കിലും അര്‍ഥവ്യാപ്തി. അപമാനിതരായി മുന്നണിയില്‍ തുടരണോ എന്നു കേരള കോണ്‍ഗ്രസും ആലോചിക്കുന്നുണ്ടത്രേ. ഒന്നുകില്‍ മന്ത്രിസഭയില്‍ നിന്നു ലീഗിന്‍റെ രാജി. അല്ലെങ്കില്‍ 1978ലേതിനു സമാനമായ സാഹചര്യങ്ങളില്‍ കെ.എം. മാണിക്ക് ക്ലിഫ് ഹൗസിലേക്ക് ഒരു അവസരം. ചിരകാല മോഹസാക്ഷാത്കാരം.

രണ്ടായാലും 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇനി എങ്ങനെ വോട്ടു ചോദിക്കും എന്നു കൂടി എല്ലാവരും കൂടി ആലോചിച്ചു തുടങ്ങുന്നതു കൊള്ളാം. തെരഞ്ഞെടുപ്പു കഴിഞ്ഞ് യുപിഎയ്ക്ക് ഇടതു മുന്നണിയുടെ പിന്തുണ കൂടി. യുപിഎ ഘടക കക്ഷി ഏകോപന സമിതിയുടെ അധ്യക്ഷനായ ആന്‍റണിയുടെ ബ്രഹ്മോസ് അത്രയേ ലക്ഷ്യം വച്ചിരുന്നുള്ളൂ. പക്ഷേ, അതു ചെന്നു വീണത് ലക്ഷ്യം തെറ്റി സ്വന്തം പക്ഷത്തിന്‍റെ നെഞ്ചത്തും. അനുഭവിക്കാനുള്ളതൊക്കെ അനുഭവിക്കുക തന്നെയെന്നതാണല്ലോ ഏതു പ്രശ്നാരിയുടെയും അവസാനത്തെ ചാര്‍ത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ