പേജുകള്‍‌

2012, ഡിസംബർ 4, ചൊവ്വാഴ്ച

പൊക്കി വിടാന്‍ 

ആളുണ്ടെങ്കില്‍

ഏതു നായയ്ക്കും...

 
 
പൊക്കി വിടാന്‍ ആളുണ്ടെങ്കില്‍ ഏതു നായയ്ക്കും ചന്ദ്രനില്‍ പോകാം എന്നൊരു ചൊല്ലുണ്ട്. വെറുതേ പഴി കേട്ടതല്ലാതെ ഒരു നായയും ഇന്നോളം ചന്ദ്രനില്‍ കാലു കുത്തിയിട്ടില്ല എന്നതു വേറേ കാര്യം. പണ്ടൊരു നായയെ സോവ്യറ്റ് യൂണിയന്‍ ബഹിരാകാശത്തേക്കു പൊക്കിവിട്ടെങ്കിലും പാവത്തിന് റോക്കറ്റിലിരുന്നു ചാവാനായിരുന്നു വിധി. കേട്ടിട്ടില്ലേ, ലെയ്ക എന്ന നായയെ.

റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു ചാവാലിപ്പട്ടിയായിരുന്നു കുദ്രിയാവ്ക. ഈ പെണ്‍പട്ടി സോവ്യറ്റ് സ്പെയ്സ് പ്രോഗ്രാമിലെ ഒരു പറ്റം ശാസ്ത്രജ്ഞന്മാരുടെ കണ്ണില്‍പ്പെട്ടതു വളരെ യാദൃച്ഛികമായിട്ടായിരുന്നു. തെരുവില്‍ മറ്റു നായകളോടൊപ്പം അലഞ്ഞു തിരിയുമ്പോഴും വല്ലാത്ത ഒരു ശാന്തത അവളില്‍ നിഴലിട്ടു. നല്ല മേനിയഴക്. സഹനായകളോടു കലഹമില്ല, കൂട്ടത്തിലെ നേതാവിനോടു വല്ലാത്ത വിധേയത്വം, അനുസരണ, റഷ്യയിലെ കൊടും തണുപ്പിലും വിറകൊള്ളാത്ത തൊലിക്കട്ടി. ഊരും പേരുമില്ലാത്ത ഈ പെണ്‍പട്ടിക്ക് കുദ്രിയാവ്ക എന്നു പേരു നല്‍കിയത് മോസ്കോയിലെ ഏതോ വഴിപോക്കന്‍.

ഏതായാലും ശാസ്ത്രജ്ഞരുടെ കണ്ടെത്തലോടെ കുദ്രിയാവ്കയുടെ യോഗം തെളിഞ്ഞു. എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു. പേനും ചെള്ളും ഒഴിപ്പിച്ചു വൃത്തിയാക്കി. പട്ടിയാണെങ്കിലും പത്രാസു മാറ്റി അവളെ ശാസ്ത്രജ്ഞയാക്കി. ഒടുവില്‍ കുദ്രിയാവ്ക എന്ന പഴഞ്ചന്‍ പേരു മാറ്റി ലെയ്ക എന്ന സ്റ്റൈലന്‍ പേരിട്ടു. വിശ്രുത സോവ്യറ്റ് ശാസ്ത്രജ്ഞന്‍ ഒലെഗ് ഗസെങ്കോയുടെ ശിക്ഷണത്തില്‍ ബഹിരാകാശ ഗവേഷണത്തിലെ ഏറ്റവും ചെലവേറിയ വിദ്യാര്‍ഥിനിയായി. ഇതുവരെ കാര്യങ്ങള്‍ കുശാല്‍. ഇനിയാണ് ലെയ്കയുടെ കഷ്ടകാലം തുടങ്ങുന്നത്.

മൂന്നു നേരവും പാലും തേനും പഞ്ചസാരയും കൊടുത്ത് ഓമനിച്ച ലെയ്കയെ 1957 ഒക്റ്റോബര്‍ 31 നു കുളിപ്പിച്ചു കുട്ടപ്പിയാക്കി, ബഹിരാകാശ യാത്രികരുടെ ഉടുപ്പും യന്ത്രങ്ങളും ഫിറ്റ് ചെയ്യിച്ച്, സ്പുട്നിക് -2 എന്ന ബഹിരാകാശ പേടകത്തില്‍ കയറ്റിയിരുത്തി. ഒരു പന്തികേടു മണത്തെങ്കിലും സംഗതി പൊല്ലാപ്പാകുമെന്ന് ലെയ്ക സ്വപ്നേപി കരുതിയില്ല. കൗണ്ട് ഡൗണ്‍ തുടങ്ങി. മൂന്നു ദിവസം പിന്നിട്ട് നവംബര്‍ 2. ലെയ്കയെയും കൊണ്ട് സ്പുട്നിക്-2 ബഹിരാകാശത്തേക്കു കുതിച്ചു. പാവം ലെയ്ക. അന്നു പോയ പോക്കാണ്. ഇന്നേവരെ ഭൂമിയില്‍ തിരിച്ചു വന്നിട്ടില്ല. തന്നെയുമല്ല, ബഹിരാകാശത്തു പോയ ലെയ്ക, റോക്കറ്റില്‍ സുഖ മരണം പ്രാപിച്ചു എന്നായിരുന്നു സോവ്യറ്റ് സ്പെയ്സ് പ്രോഗ്രാമിലെ ശാസ്ത്രജ്ഞര്‍ വളരെക്കാലം പറഞ്ഞു പ്രചരിപ്പിച്ചത്. എന്നാല്‍, സോവ്യറ്റ് പതനം പിന്നിട്ട് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് റഷ്യന്‍ ശാസ്ത്രജ്ഞര്‍ അക്കാര്യം സ്ഥിരീകരിച്ചത്. പാവം ലെയ്കയുടേത് സുഖമരണമായിരുന്നില്ല, റോക്കറ്റിനുള്ളില്‍ ഞെരിഞ്ഞമര്‍ന്ന്, തീയില്‍ വെന്തു ചാവുകയായിരുന്നത്രേ ഈ പാവം പട്ടി.

മോസ്കോ തെരുവില്‍ സഹനായകളുടെ ആട്ടും തുപ്പും കടിയുമേറ്റു ചത്തിരുന്നെങ്കില്‍ കുദ്രായാവ്ക എന്ന കൊടിച്ചിപ്പട്ടിയെ ആരറിയുമായിരുന്നു? എന്നാല്‍ അവിടെ നിന്ന് അവളെ കണ്ടെത്തി, ഒലെഗ് ഗസെങ്കോ പരിശീലിപ്പിച്ചു പറത്തി വിട്ടതു കൊണ്ട് അവള്‍ ലെയ്ക ആയി. ഇന്ന് മോസ്കോ മഹാനഗരത്തില്‍ ഒലെഗ് ഗസെങ്കോയുടെ പ്രതിമ ഉണ്ടോ എന്നറിയില്ല. പക്ഷേ, ലെയ്കയുടെ കൂറ്റന്‍ പ്രതിമ, ഒരു റോക്കറ്റിന്‍റെ മുകളറ്റത്ത് മനോഹരമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. അങ്ങനെയാണ്, പൊക്കി വിടാന്‍ ഒരാളുണ്ടെങ്കില്‍ ഏതു പട്ടിക്കും ചന്ദ്രനില്‍ പോകാന്‍ കഴിയുമെന്ന പ്രയോഗം തന്നെയുണ്ടായത്.

ലെയ്കയെ ചന്ദ്രനില്‍ എത്തിക്കുകയായിരുന്നില്ല, ഗസെങ്കോയുടെ ലക്ഷ്യം. ലെയ്ക പോയ വഴിയേ അങ്ങനെ പല ജീവജാലങ്ങളെയും ബഹിരാകാശത്തു പറത്തിയ ഗസെങ്കോയുടെ പിന്‍ഗാമികള്‍ 1969 ജൂലൈ 20ന് നീല്‍ ആംസ്ട്രോങ്ങിനെ ചന്ദ്രനില്‍ ഇറക്കി. ലെയ്ക റോക്കറ്റിലിരുന്നു ചത്തില്ലായിരുന്നെങ്കില്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ഇറങ്ങുമായിരുന്നില്ല എന്നതു മൂന്നു തരം.

കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലി നടക്കുന്ന കോലാഹലങ്ങളുടെ ആകെമൊത്തം ടോട്ടല്‍ കണ്‍ഫ്യൂഷന്‍റെ പൊരുളും ഏതാണ്ട് ഇതു തന്നെ. പലര്‍ക്കും പലതുമാകണം. അതിനു പലരെയും പലതുമാക്കണം. അതായത്, ആംസ്ട്രോങ്ങിന് ചന്ദ്രനില്‍ ഇറങ്ങാന്‍ ലെയ്കയെ റോക്കറ്റില്‍ കയറ്റിയതു പോലെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പറ്റിയത് ഉദാഹരണം. തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പല അവകാശ വാദങ്ങളും സ്ഥാനമോഹങ്ങളുമുണ്ടായി. പല തലങ്ങളില്‍ മോഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ അര്‍ഹതയുള്ള പലരും പിന്തള്ളപ്പെട്ടു. അര്‍ഹിക്കാത്ത പലര്‍ക്കും അവസരം ലഭിച്ചു. അങ്ങനെ 90 സീറ്റ് കിട്ടേണ്ടിടത്ത് കിട്ടിയത് വെറും 72. മന്ത്രിസഭാ രൂപീകരണത്തിലും അതു തന്നെ ആവര്‍ത്തിച്ചു. അതുകൊണ്ട് അന്നു തുടങ്ങിയ അടി ഇന്നും ഒരു കുറവുമില്ലാതെ പുരോഗമിക്കുന്നു.

പുനഃസംഘടനയുടെ കാര്യത്തിലും കാര്യങ്ങള്‍ അതേ വഴിക്കാണെന്ന തോന്നലില്‍ നിന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന മുഴുവന്‍ അപശബ്ദങ്ങളുമെന്ന് സ്ഥാനമോഹികളും പുറന്തള്ളപ്പെടുന്നവരും പറയുന്നു. ആരെങ്കിലും എന്നെയൊന്നു പൊക്കിവിടണേയന്നെ പ്രാര്‍ഥനയിലാണ് എല്ലാവരും.

പണ്ടൊക്കെ ഏതെങ്കിലും ഒരു ഗ്രൂപ്പിന്‍റെ പെട്ടി പിടിച്ചാല്‍ മതിയായിരുന്നു. കാര്യങ്ങള്‍ എളുപ്പമായേനെ. എന്നാല്‍ ഇപ്പോഴത്തെ ഗ്രൂപ്പ് വര്‍ക്ക് പാര്‍ട്ടിയുടെ അന്തകന്‍വിത്താണെന്ന് എല്ലാവരും ഏകസ്വരത്തില്‍ പറയുന്നു. തന്നെയുമല്ല, ആരൊക്കെ ഏതൊക്കെ ഗ്രൂപ്പിലാണെന്ന കാര്യത്തിലും ഒരെത്തും പിടിയുമില്ല. അബദ്ധത്തില്‍ വല്ല ഗ്രൂപ്പിലും ചെന്നു പെട്ടാല്‍ തിരിഞ്ഞു കുത്താനാവും യോഗം.

ഉമ്മന്‍ ചാണ്ടിയുടെ ഗ്രൂപ്പില്‍ നിന്നാല്‍ ചെന്നിത്തല വെട്ടും. ചെന്നിത്തലയുടെ ഗ്രൂപ്പില്‍ നിന്നാല്‍ മുരളി വെട്ടും. മുരളിയുടെ ഗ്രൂപ്പില്‍ നിന്നാല്‍ പദ്മജ വെട്ടും. പദ്മജയുടെ കൂടെ നിന്നാല്‍ ചാക്കോ വെട്ടും. ചാക്കോയുടെ ഗ്രൂപ്പിലായാല്‍ പി.ജെ. കുര്യന്‍ വെട്ടും. ഒരു ഗ്രൂപ്പിലും നില്‍ക്കാതെ വന്നാല്‍ തെന്നല ബാലകൃഷ്ണ പിള്ളയുടെ ഗതി വരും. ഏതെങ്കിലും തരത്തില്‍ നോമിനേഷന്‍ തരപ്പെടുത്തിയാലും രക്ഷയില്ല. സി.വി. പദ്മരാജന് അലര്‍ജി പിടിക്കും. അഹോ..! ഓര്‍ക്കുമ്പോള്‍ത്തന്നെ പ്രാന്തു പിടിക്കുന്നു. ഇതൊക്കെ ഓര്‍ത്തിട്ടാവണം കണ്ണൂര്‍ ഫയല്‍വാന്‍ കെ. സുധാകരന്‍ അടവു മാറ്റിയത്. ഹൈക്കമാന്‍ഡ് കല്‍പ്പിക്കട്ടെ, അനുസരിക്കാം. പക്ഷേ, ഒരു വ്യവസ്ഥയുണ്ട്. അനുസരിക്കാന്‍ പറ്റുന്നതേ കല്‍പ്പിക്കാവൂ. ഇല്ലെങ്കില്‍ കല്‍പ്പാന്ത കാലത്തോളം പുനഃസംഘടന ഇതേപോലൊക്കെ അങ്ങു നടന്നാല്‍ മതി. അതുവരെ എല്ലാവരും സ്വയം പൊങ്ങിയാല്‍ മതി, ആരും ആരേയും പൊക്കണ്ട.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ