പേജുകള്‍‌

2017, ഒക്‌ടോബർ 3, ചൊവ്വാഴ്ച


കൊച്ചിയുടെ സ്വന്തം മെട്രൊ 1

കൊച്ചി മെട്രൊ റെയിൽ യാഥാർഥ്യമാക്കയിതിനു പിന്നിൽ ഇ. ശ്രീധരനും ഏലിയാസ് ജോർജിനുമുള്ള സ്ഥാനമാണ് കേരളത്തിനു വെളിച്ച വിപ്ലവം സമ്മാനിച്ച ഇടുക്കി പദ്ധതിയുടെ കോർഡിനേറ്റർ ഡോ. ഡി. ബാബു പോളിന്. കോട്ടയം കലക്റ്ററായിരിക്കെ, ഇടുക്കി അണക്കെട്ടിൻറെ നിർമാണ മേൽനോട്ടം അദ്ദേഹത്തിനായിരുന്നു. കോട്ടയം കലക്റ്ററേറ്റിലും ഇടുക്കിയിലെ ക്യാംപ് ഓഫിസിലുമായി കർമനിരതനായപ്പോൾ അദ്ദേഹത്തിനു സഹായത്തിനു കിട്ടിയത് വൈദ്യുത വകുപ്പിൻറെ ഒരു കരിയർ ഫോണും ജില്ലാ പൊലീസിൻറെ വയർലെസും മാത്രം. എന്നിട്ടും അഞ്ചു വർഷത്തിനുള്ളിൽ ഇടുക്കി ഡാം പണി തീർത്തു. സാങ്കേതികവിദ്യ ഇത്രയധികം വികസിച്ച സാഹചര്യത്തിൽ കൊച്ചി മെട്രൊയുടെ നിർമാണ വേഗം പോരായിരുന്നു എന്ന് ബാബു പോൾ. പക്ഷേ, ഇത്രയെങ്കിലും സാധിച്ചല്ലോ. അതാണു വലിയ നേട്ടമെന്നും വിലയിരുത്തൽ.
മെട്രൊ വാർത്ത കൺട്രോളിങ് എഡിറ്റർ സി.പി. രാജശേഖരനുമായി നടത്തിയ അഭിമുഖം.


മാറേണ്ടതു മനോഭാവം

ഡോ. ഡി. ബാബു പോൾ ഐഎഎസ്



? ഭാഗികമായെങ്കിലും കൊച്ചി മെട്രൊ റെയിൽ യാഥാർഥ്യമായിരിക്കുന്നു. ഈ ചരിത്ര വിജയത്തെ എങ്ങനെ കാണുന്നു.
·        ആരൊക്കെ പണം മുടക്കിയാലും ആരൊക്കെ പിന്നിൽ പ്രവർത്തിച്ചാലും കൊച്ചി മെട്രൊ റെയിൽ കൊച്ചിക്കാരുടെ സ്വന്തം പദ്ധതിയാണ്. അവർ എതിർത്തിരുന്നെങ്കിൽ പദ്ധതി ഇപ്പോൾ എങ്ങുമെത്തുമായിരുന്നില്ല. കൊച്ചിക്കാരുടെ ത്യാഗത്തിൻറെ വിലയാണ് മെട്രൊ റെയിൽ.
കൊച്ചി മെട്രൊ റെയിൽ ഒരു സൂചകമാണ്. ഭാവി കേരളത്തിന്‍റെ മാറ്റത്തിലേക്കുള്ള സൂചകം. അതൊരു സംസ്കാരം കൂടിയാണ്. കേരളീയ ജനസമൂഹത്തിന്‍റെ നവനാഗരികതയിലേക്കുള്ള സംസ്കാരം. ഇനി മാറേണ്ടതു നമ്മുടെ മനോഭാവമാണ്. വികസനം എന്‍റെ വീട്ടുമുറ്റത്തു വരണം. പക്ഷേ, അത് തൊട്ടയൽക്കാരന്‍റെ ചെലവിലാകണം എന്ന നിർബന്ധബുദ്ധി മാറിയേ മതിയാകൂ. ഈ മനോഭാവം മാറ്റാനുള്ള ചില ശ്രമങ്ങളെങ്കിലും കാണുന്നുണ്ട്. അത്തരമൊരു മാറ്റത്തിന്‍റെ ആദ്യത്തെ വിജയമാണു കൊച്ചി മെട്രൊ റെയിൽ.
? ഇതു കേരളമാണ്. ഇവിടെ ഒന്നും നടക്കില്ല. ഒന്നും ശരിയാകാൻ ഇവിടുത്തെ ആളുകൾ സമ്മതിക്കില്ല. ഈ പേരുദോഷത്തിനുള്ള മറുപടിയല്ലേ, കൊച്ചി മെട്രൊ റെയ്ൽ.
·         കൊച്ചി മെട്രൊ സമീപ കാലകേരളത്തിനു മികച്ച മാതൃക തന്നെയാണ്. കേരളീയരുടെ മനോഭാവത്തിൽ വന്ന മാറ്റം തന്നെയാണ് കൊച്ചി മെട്രൊയുടെ കരുത്ത്. കൊച്ചിയിലെ ജനങ്ങളുടെ ഇച്ഛാശക്തി ഒന്നു മാത്രമാണ് ഈ പദ്ധതി ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ‌ സഹായിച്ചത്. തൃപ്പൂണിത്തുറയിലേക്കും കാക്കനാട്ടേക്കും നെടുമ്പാശേരിയിലേക്കും മെട്രൊ നീളുന്നതോടെ കൊച്ചിയുടെ മുഖം തന്നെ മാറും.
‍? മെട്രൊ റെയിൽ‌ പൂർത്തിയാകുന്നതോടെ കൊച്ചിയുടെ ഗതാഗതക്കുരുക്ക് അഴിയുമെന്നു കരുതുന്നുണ്ടോ.
·        കേരളത്തിൽ ഇപ്പോഴുള്ള മുഴുവൻ വാഹനങ്ങളും ഒരുമിച്ചു നിരത്തിലിറക്കിയാൽ ഒരു കിലോമീറ്റർ‌ ദൂരത്തിൽ 600 മീറ്റർ ദൂരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടി വരും. ബാക്കി വരുന്ന 400 മീറ്റർ ദൂരത്തിലാണ് വാഹനങ്ങൾക്കു ചലിക്കാൻ കഴിയുക. കൊച്ചിയിലെ മുഴുവൻ വാഹനങ്ങളും ഒരുമിച്ചു നിരത്തിലിറക്കിയാൽ നഗരത്തിൽപ്പിന്നെ സൂചികുത്താൻ ഇടം കിട്ടില്ല. അതുകൊണ്ട്, പബ്ലിക് ട്രാൻസ്പോർ‌ട്ട് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തണം. അതുപയോഗിക്കാൻ‌ ജനങ്ങളും മുന്നോട്ടു വരണം. സ്വമേധയാ വരുന്നില്ലെങ്കിൽ നിയമം കൊണ്ട് അങ്ങനെ നിർബന്ധിക്കണം.
? കൊച്ചി മെട്രൊയിൽ കാര്യമായ രാഷ്‌ട്രീയ വിവാദങ്ങളുണ്ടായില്ല.

·        അതാണു വലിയ ഗുണം ചെയ്തത്. പണ്ട് ചെർക്കളം അബ്ദുള്ള തദ്ദേശ മന്ത്രിയായിരുന്ന കാലം.  കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംസ്ഥാന ഹിൽ ഹൈവേ പദ്ധതിക്ക് അന്നാണു പൊതുമരാമത്തു മന്ത്രി പി.ജെ. ജോസഫ് അനുമതി തേടിയത്.  കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നാലു മണിക്കൂർ കൊണ്ട് ഓടിയെത്താവുന്ന തരത്തിലായിരുന്നു പദ്ധതിയുടെ രൂപകല്പന. ഈ പദ്ധതി കാസർഗോട്ടുകാരനായ ചെർക്കളം അബ്ദുള്ളയ്ക്കു വേണ്ടി ആണെന്നായിരുന്നു ആക്ഷേപം. അതോടെ പദ്ധതി കെട്ടിപ്പെറുക്കി പെട്ടിയിലായി.
? രാഷ്‌ട്രീയത്തിലെ ഈ പകൽപ്പേടിക്ക് എന്നാണ് അവസാനം.
·         നല്ല ഇച്ഛാശക്തിയും ആജ്ഞാ ശക്തിയുമുള്ള ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ട് അദ്ദേഹത്തെ മിക്കവർക്കും ഭയമുണ്ട്, ആദരവുമുണ്ട്. വികസനപ്രവർത്തനങ്ങൾക്കു ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ കോംപൻസേഷൻ നൽകുമെന്നു പിണറയി തറപ്പിച്ചു പറയുന്നു. എന്നിട്ടും എതിർത്താൽ കർശന നടപടി എന്ന മുന്നറിയിപ്പാണു കേരളത്തിലിപ്പോൾ വികസനപദ്ധതികൾക്കു വേഗം കൂട്ടുന്നത്.
? ഇടുക്കി ജല പദ്ധതിയുടെ മുഖ്യ നിർവാഹകനായിരുന്നു താങ്കൾ. അന്നതൊരു മഹാത്ഭുതം തന്നെയായിരുന്നു. ഇന്നിപ്പോൾ കൊച്ചി മെട്രൊയും. അന്നും ഇന്നും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കും.
·        ഇടുക്കി അണക്കെട്ടിന്‍റെ നിർമാണ ഘട്ടത്തിൽ ഞാൻ കോട്ടയം കലക്റ്ററായിരുന്നു. കോട്ടയത്തെ കലക്റ്റേഴ്സ് ബംഗ്ലാവ് കൂടാതെ മൂലമറ്റത്ത് ഒരു ക്യാംപ് ഓഫിസും അനുവദിച്ചുകിട്ടി. രണ്ടിടത്തും താമസിച്ചായിരുന്നു പദ്ധതിക്കു മേൽനോട്ടം വഹിച്ചത്. അന്നു കോട്ടയത്തു നിന്നു മൂലമറ്റത്തേക്കോ, ഇടുക്കിയിലേക്കോ ബന്ധപ്പെടാൻ ഒരു മാർഗവുമില്ലായിരുന്നു. വൈദ്യുതി വകുപ്പിന്‍റെ കരിയർ ഫോണും പൊലീസ് വയർലെസും ആയിരുന്നു ആശ്രയം. അത്തരമൊരു സാഹചര്യത്തിൽ നിന്ന് വിവര സാങ്കേതികതയുടെയും ടെലികമ്യൂണിക്കേഷൻ വിസ്ഫോടനത്തിന്‍റെയും കാലത്താണു ഇപ്പോൾ നമ്മൾ ജീവിക്കുന്നത്. കൊച്ചി മെട്രൊ സമയബന്ധിതമാക്കുന്നതിൽ സാങ്കേതിക വളർച്ച വലിയ ഘടകമായിരുന്നു. എന്നിട്ടും പദ്ധതി വൈകി.
? മോഡുലർ ബ്രിഡ്ജ്, എലിവേറ്റഡ് ഹൈവേ തുടങ്ങിയ നവീന നിർമാണഘടകങ്ങൾ കേരളത്തിന് എത്രമാത്രം യോജിക്കും.
·         സ്ഥലപരിമിതി ഏറെയുള്ള സംസ്ഥാനമാണു കേരളം. ഉള്ള സ്ഥലത്തു കൂടുതൽ നിർമാണം എന്നതു മികച്ച ഫോർമുല തന്നെയാണ്. പക്ഷേ, അതിന്‍റെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്.
?നമ്മുടെ ഗതാഗതക്കുരുക്കിന് എന്താണു ഭാവി പരിഹാരം
·         മൂന്നുതരത്തിൽ അതിനു പരിഹാരം കാണണം. കര, ജലം, വ്യോമം.
നിലവിലെ ദേശീയ പാതകൾ എത്രയും വേഗം ദേശീയ നിലവാരത്തിലുള്ളവയാക്കണം. മെട്രൊ റെയിലിന്‍റെ വേഗത്തിൽ സ്ഥലമെടുപ്പും മറ്റ് നടപടികളും പൂർത്തിയാക്കണം. നിർദിഷ്ട തീരദേശ ഹൈവേയും ഹിൽ ഹൈവേയും എത്രയും പെട്ടെന്നു യാഥാർഥ്യമാക്കണം.
ഒട്ടും ഉപയോഗിക്കാതെ കിടക്കുന്നതാണു ജലപാത. കോവളം മുതൽ കാസർഗോഡ് വരെ ഉൾനാടൻ ജലഗതാഗതത്തിന് അവസരമുണ്ട്. എന്‍റെ അച്ഛന്‍റെ അമ്മാവൻ മരങ്ങാട്ടു മാത്തുക്കത്തനാർ തിരുവിതാംകൂർ എംഎൽസി ആയിരുന്ന കാലത്തു പെരുമ്പാവൂരിൽ നിന്ന് വൈക്കം വരെ കാളവണ്ടിയിലും വൈക്കത്തു നിന്നു തിരുവനന്തപുരം ചാക്ക വരെ വലിയ വള്ളത്തിലുമാണ് വന്നിരുന്നത്. അന്നു മധ്യകേരളത്തിൽ നിന്നു തെക്കോട്ടുള്ള യാത്രയും ചരക്കു നീക്കവും ഈ ജലപാതയിലൂടെ‍‍യായിരുന്നു. ഇന്നും അതേ ജലപാതയുണ്ട്. പക്ഷേ, ആരും ഉപയോഗിക്കുന്നില്ല. കൊല്ലം -കോട്ടപ്പുറം ദേശീയ ജലപാതയുടെ പണി മിക്കവാറും തീർന്നു. തെക്കോട്ടു കോവളം വരെയും വടക്കോട്ടു കാസർഗോഡ് വരെയും നീട്ടാനുള്ള നടപടിയും പുരോഗമിക്കുന്നു. ഇതു വേഗത്തിൽ പൂർത്തിയായാൽ റോഡിലെ തിരക്കു കുറയും.
നിർദിഷ്ട വിഴിഞ്ഞം തുറമുഖം പൂർത്തിയാകുന്ന മുറയ്ക്ക് മംഗലാപുരം വരെ തീരക്കടൽ കപ്പൽ  സഞ്ചാരം സുഗമമാക്കാം. ഇപ്പോൾത്തന്നെ കൊല്ലം മുതൽ അതിനുള്ള സൗകര്യമുണ്ട്. കരയിലൂടെയല്ല, കടലിലൂടെ വേണം ഇനി കേരളത്തിന്‍റെ ഗതാഗതം വികസിക്കേണ്ടത്. 580 കിലോമീറ്റർ നീളമുള്ള കേരള തീരത്ത് 13 തുറമുഖങ്ങൾ ഇപ്പോൾത്തന്നെയുണ്ട്. 1985ൽ ഞാൻ എഴുതിക്കൊടുത്തതാണു വല്ലാർപാടം കണ്ടെയ്നർ‌ പ്രജക്റ്റ്. കമ്മിഷൻ ചെയ്യാൻ 2005 വരെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇത്തരം കാലതാമസങ്ങൾ ഒഴിവാക്കണം.
450 കിലോമീറ്റർ‌ ദൈർഘ്യത്തിൽ നാലു വിമാനത്താവളങ്ങളുണ്ട് കേരളത്തിൽ. അഞ്ചാമതൊരെണ്ണം പത്തനംതിട്ട ജില്ലയിൽ വരുന്നു. ഇനി കേരളത്തിനു വലിയ വിമാനത്താവളങ്ങൾ ആവശ്യമില്ല.
? കൊച്ചി മാതൃകയിൽ‌ കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രൊകൾ വന്നാൽ.
·        വലിയ മാറ്റം സംഭവിക്കാം. സബർബൻ ട്രെയ്ൻ വന്ന ശേഷമാണ് ചെന്നൈ, ബംഗളൂരു, മുംബൈ നഗരങ്ങൾ വളരെ വേഗത്തിൽ വളർന്നത്. പിന്നാലെ മെട്രൊ ട്രെയ്ൻ കൂടി വന്നപ്പോൾ, ബന്ധപ്പെട്ട ഓരോ സ്റ്റേഷനും പുതിയ ഉപനഗരങ്ങളായി. ഇവയെല്ലാം കൂടി ചേർന്നാണ് ഈ നഗരങ്ങൾ വലിയ മെട്രൊപ്പൊലീറ്റൻ നഗരങ്ങളായത്.
? കൊച്ചി മെട്രൊ പുതിയൊരു തൊഴിൽ സംസ്കാരം കൊണ്ടുവന്നു. സമരവും പണിമുടക്കുമില്ലാത്ത തൊഴിൽ സംസ്കാരം.
·        അതേ. അതുമൊരു വലിയ മാറ്റമാണ്. കൊച്ചി മെട്രൊയിൽ ജോലി ചെയ്തവരിൽ മഹാഭൂരിപക്ഷവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അവർ വന്നതു സമരം ചെയ്യാനല്ല, നാലു തുട്ടുണ്ടാക്കാനാണ്. അവരതു ഭംഗിയായി ചെയ്തു. കേരളീയർ അങ്ങനെ ചെയ്യണമെങ്കിൽ ഗൾഫിൽ പോകണം. ഇവിടെയിരുന്നാൽ ഒന്നും ചെയ്യില്ല. ആരെക്കൊണ്ടും ചെയ്യിക്കുകയുമില്ല. നമ്മുടെ ഈ ട്രേഡ് യൂണിയൻ സംസ്കാരം മാറിയേ പറ്റൂ. കൂറ്റൻ ഫാക്റ്ററികൾ കേന്ദ്രികരിച്ചുള്ള വൻ വ്യവസായങ്ങളെക്കാൾ, ചെറിയ മുതൽമുടക്കിൽ കൂടുതൽ സംരംഭങ്ങളാണു വേണ്ടത്. സംരംഭകർ തന്നെ തൊഴിലാളികൾ കൂടി ആകുമ്പോൾ ട്രേഡ് യൂണിയനുകളുടെ പ്രസക്തി പോലും ഇല്ലാതാകും.
കുട്ടികൾക്കു ഗ്രഹണി പിടിക്കുന്നതു പോലാണ് ചിലപ്പോൾ ട്രേഡ് യൂണിയനുകൾ. ആലപ്പുഴയിൽ ടി.വി. തോമസ് കയർ വ്യവസായം കൊണ്ടു വന്നു. ഒപ്പം തൊഴിലാളി യൂണിയനുകളും ഉണ്ടാക്കി. വ്യവസായം വളരുന്നതിനെക്കാൾ മുൻപേ യൂണിയനുകൾ വളർന്നു. ഒടുവിൽ രണ്ടും ഇല്ലാതായി. എന്നാൽ തോട്ടം മേഖല‍യിൽ മറിച്ചായിരുന്നു. പ്ലാന്‍റേഷൻ തുടങ്ങിയ കാലത്ത് യൂണിയനുകൾ ഒന്നുമുണ്ടായിരുന്നില്ല. അവിടെ ഉത്പാദനം തുടങ്ങിയപ്പോഴേക്കും യൂണിയനുകളും ശക്തമായി. അതുകൊണ്ടു രണ്ടു കൂട്ടർക്കും ഗുണവുമുണ്ടായി.
?അൻപതു വർഷത്തോളം കേരളത്തിന്‍റെ വളർച്ചയ്ക്കു സാക്ഷ്യം വഹിച്ച ആളാണല്ലോ. ഇനിയൊരു അൻപതു വർഷം കഴിഞ്ഞാൽ കേരളം എങ്ങനെ ആയിരിക്കും.

·        എഡി ആയിരമാണ്ടിൽ ലോകം അവസാനിക്കുമെന്നു കരുതിയവരുണ്ട്. രണ്ടായിരമാണ്ട് എങ്ങനെ ആയിരിക്കുമെന്ന് ഭാവനാ സമ്പന്നനായ ചിത്രകാരൻ പോലും ആലോചിച്ചിരിക്കില്ല. അതിലും അപ്പുറത്തായിരിന്നില്ലേ വളർച്ച. ഇനി അങ്ങനെ ആലോചിക്കാൻ പറ്റില്ല. അടുത്ത അഞ്ചു വർഷം കഴിയുമ്പോൾത്തന്നെ ഇന്നു കാണുന്ന പലതും ഇല്ലാതാകും. ഇന്നു വേണ്ടതൊന്നും അന്നു വേണ്ടാതാകും. ഇപ്പോഴത്തെ കാറിൽ ജിപിഎസും ഡ്രൈവറുമുണ്ട്. വരാനിരിക്കുന്നതു ഡ്രൈവറെ വേണ്ടാത്ത കാറുകളാണ്. എല്ലാം റിമോട്ടുകൾ ചെയ്തോളും.

? ഒരു നാടിന്‍റെ വികസന രേഖ തയാറാക്കുന്നതിൽ രാഷ്‌ട്രീക്കാരെക്കാൾ കൂടുതൽ പങ്ക് ഉദ്യോഗസ്ഥർക്കാണ്. പ്രത്യേകിച്ച് സിവിൽ സർവന്‍റ്സിന്.
·        ശരിയാണ്. സിവിൽ ഉദ്യോഗസ്ഥർ രണ്ടുതരത്തിലുണ്ട്. നല്ല ആശയങ്ങളുള്ളവരും അതു നടപ്പാക്കാൻ അറിയാവുന്നവരും. ആശയങ്ങളുള്ളവരെ സെക്രട്ടേറിയറ്റലും അല്ലാത്തവരെ ഫീൽ‌ഡിലും വിടണം. എന്‍റെ കാലത്ത് ഞാൻ ഇടുക്കു പദ്ധതി നടപ്പാക്കിയതു പോലെ, എസ്. കൃഷ്ണകുമാറാണ് ആധുനിക കൊച്ചിയെ വികസിപ്പിച്ചത്. ഇന്നത്തെ തലമുറയിൽ വി.ജെ. കുര്യനും ഏലിയാസ് ജോർജും അത്തരത്തിൽ കാര്യപ്രാപ്തി തെളിയിച്ചവരാണ്. ഒരാൾ സിയാലിന്‍റെ ശില്പി. മറ്റേയാൾ കൊച്ചി മെട്രോയുടെയും. ഇവരെപ്പോലെ പലരും വേറേയുമുണ്ട്. അവരെ വേണ്ടപോലെ ഉപയോഗിക്കണമെന്നു മാത്രം.
? ഇ. ശ്രീധരൻ
·        രാജ്യം കണ്ട മികച്ച ശില്പിമാരിൽ ഒരാൾ. ശരിക്കും മെ‌ട്രൊ മാൻ.