പേജുകള്‍‌

Interviews

ഇനിയും വരും,

വികസന ബസുകള്‍



സി.പി. രാജശേഖരന്‍
കേരളയാത്രയുടെ കടുത്ത തിരക്കിലാണ് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. നല്ല യാത്രാക്ഷീണമുണ്ടെങ്കിലും രാത്രി നന്നേ വൈകിയിട്ടും അതെല്ലാം അവഗണിച്ച് അദ്ദേഹം സംസാരിച്ചു.

കൊല്ലം ശാസ്താംകോട്ട സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍, മെട്രൊ വാര്‍ത്ത കണ്‍ട്രോളിങ് എഡിറ്റര്‍സി.പി. രാജശേഖരന് രമേശ് നല്‍കിയ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം


? യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയിരിക്കെ, 1987 ല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരത്തേക്ക് കാല്‍നട യാത്ര. 26 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ അതേ റൂട്ടില്‍ മറ്റൊരു വാഹന യാത്ര. എന്താണ് ഈ യാത്രകളുടെ ലക്ഷ്യം.

* അന്നും ഇന്നും ഞാനൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് എന്‍റെ ലക്ഷ്യം. അന്നു യുവ തലമുറയ്ക്കിടയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ വേരുകള്‍ ശക്തമാക്കാന്‍ കഴിഞ്ഞു. ഇന്ന് ദേശീയ തലത്തില്‍ പൊതു തെരഞ്ഞെടുപ്പു വരാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും പരമാവധി എംപിമാരെ സൃഷ്ടിക്കുക എന്നതാണു ലക്ഷ്യം.

?അങ്ങനെയൊരു വിജയം മുന്നണിക്കും പാര്‍ട്ടിക്കും ഉണ്ടാകാന്‍ അനുകൂലമാണോ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം.

*തീര്‍ച്ചയായും. കേരള യാത്ര കടന്നു ചെല്ലുന്ന ഓരോ പ്രദേശത്തും ജനങ്ങള്‍ മൊത്തത്തില്‍ വലിയ ആവേശത്തിലാണ്. അതു ഞങ്ങളുടെ പ്രവര്‍ത്തകരില്‍ വലിയ ആവേശം പകരുന്നു.

?പക്ഷേ, പരമ്പരാഗത വോട്ട് ബാങ്കുകള്‍ പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും അകന്നു പോകുന്നതായി ആക്ഷേപമുണ്ട്.

അതു ചിലരുടെ പ്രചാരണം മാത്രമാണ്. ഞാന്‍ കെപിസിസി പ്രസിഡന്‍റ് ആയ ശേഷം അഞ്ചു തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, രണ്ട് ഉപതെരഞ്ഞെടുപ്പ്. അഞ്ചിലും യുഡിഎഫിനായിരുന്നു വിജയം.

?അടുത്ത തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമെന്നാണോ

*തീര്‍ച്ചയായും.

?വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ആകാന്‍ അവസരം ഒരുക്കേണ്ട എന്ന സിപിഎം രഹസ്യ അജയന്‍ഡയിലല്ലേ, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ആയുസ് നീളുന്നത്.

*ഒരിക്കലുമല്ല. യുഡിഎഫ് അധികാരത്തില്‍ വന്ന അന്നു മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഒന്നും വിജയിക്കുന്നില്ല എന്നു മാത്രം.

?അത്രയേറെ വിജയസാധ്യത പ്രതീക്ഷിക്കുന്നെങ്കില്‍ അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ താങ്കള്‍ സ്ഥാനാര്‍ഥി ആകുമല്ലോ.

*ഇല്ല. പാര്‍ലെമെന്‍റ് തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് പല തവണ ആവശ്യപ്പെട്ടിരുന്നു. മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുകയും കേന്ദ്രത്തില്‍ മന്ത്രി ആവുകയും ചെയ്യാമായിരുന്നു. പക്ഷേ, പാര്‍ട്ടിയെ വിജയിപ്പിക്കുക ആയിരുന്നു എന്‍റെ ലക്ഷ്യം. ഇക്കുറിയും അതു തന്നെയാണു ലക്ഷ്യം. തന്നെയുമല്ല, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചാല്‍ നിയമസഭയിലേക്കു വീണ്ടും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. കഷ്ടിച്ചു മൂന്ന് എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന സര്‍ക്കാരാണിത്. ഈ സാഹചര്യത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പ് റിസ്ക് ആണ്. അതു വേണ്ട.

?മുതിര്‍ന്ന നേതാവ് കെ. കരുണാകരനുമായി ഒരിലയില്‍ ഭക്ഷണം പങ്കു വയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന രാഷ്ട്രീയ ഗുരുത്വം. കെഎസ്യു പ്രസിഡന്‍റ്, എന്‍എസ്യു ഐ പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്, എഐസിസി സെക്രട്ടറി, കെപിസിസി പ്രസിഡന്‍റ്... എംഎല്‍എ, മന്ത്രി, എംപി... ഇത്രയേറെ പദവികള്‍ വഹിച്ചിട്ടുള്ള അധികം പേരില്ല, കേരളത്തില്‍. എന്നിട്ടും താങ്കള്‍ക്കു സ്ഥാനമാനങ്ങള്‍ നേടിത്തരുന്നതു ചിലരുടെ പരിശ്രമം കൊണ്ടും സാമുദായിക പിന്തുണ കൊണ്ടുമാണെന്നു പറയുന്നു.

*അതൊന്നും ശരിയല്ല. എനിക്കെതിരേ കുറച്ചു കാലമായി ആരൊക്കെയോ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണത്.

?ഈ ഗൂഢാലോചനക്കാര്‍ പാര്‍ട്ടിയിലോ, ഗവണ്മെന്‍റിലോ?

*അതൊക്കെ ജനങ്ങള്‍ക്കറിയാം.

? താങ്കളുടെ മന്ത്രിസഭാ പ്രവേശം കൊണ്ട് തീരാവുന്ന പ്രശ്നങ്ങളാണെങ്കില്‍ അതങ്ങു തീര്‍ത്തുകൂടെ

*മന്ത്രിയാകാനില്ല എന്ന മുന്‍ നിലപാട് തിരുത്തേണ്ട ആവശ്യമില്ല.

?പാര്‍ട്ടിയോട് ഇതിലും വലിയ കൂറു കാണിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിക്കൊടുക്കുകയും ചെയ്ത മുന്‍ കെപിസിസി പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണ പിള്ളയുടെ അനുഭവം ഓര്‍മയുണ്ടോ

*കോണ്‍ഗ്രസിന്‍റെ തറവാട്ടു പൂമുഖത്തു കത്തിച്ചു വച്ച നിലവിളക്കാണു തെന്നല ബാലകൃഷ്ണ പിള്ള. കെപിസിസി പ്രസിഡന്‍റ്, എംഎല്‍എ, എംപി തുടങ്ങി പല നിലകളില്‍ ശോഭിച്ചു. പക്ഷേ, പാര്‍ട്ടി അദ്ദേഹത്തോടു വേണ്ടത്ര നീതി പുലര്‍ത്തിയെന്ന് എനിക്ക് അഭിപ്രായമില്ല. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചില്ല. ഇതു പരിഹരിക്കുന്നതിനു ശ്രമിക്കും.

?ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണോ. ഈ സര്‍ക്കാരിന് എത്ര മാര്‍ക്ക് കൊടുക്കും.

നല്ല നിലയിലാണു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം. മാര്‍ക്ക് കൊടുക്കുന്നതിലൊന്നും വലിയ കാര്യമില്ല. ഉമ്മന്‍ ചാണ്ടി പോലും പൂജ്യം മാര്‍ക്ക് എന്നു പറഞ്ഞിട്ടുണ്ട്. മുന്‍ ഗവണ്മെന്‍റിനെ അപേക്ഷിച്ചു നല്ല ഭരണമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

?പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു ഭരണ മാറ്റത്തിനു സാധ്യത കാണാമോ. പണ്ട് എ.കെ. ആന്‍റണിക്കു സംഭവിച്ചതു പോലെ.

*അന്നത്തെ സാഹചര്യമല്ല, ഇന്നു പാര്‍ട്ടിയിലുള്ളത്. അന്നത്തെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു എംപിയെപ്പോലും ലഭിച്ചില്ല. ഇക്കുറി അങ്ങനെ സംഭവിക്കില്ല.

? വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്നും വികസനത്തിന്‍റെ അവസാന ബസ് ആണു കടന്നു പോകുന്നതെന്നും മുഖ്യമന്ത്രി ആയശേഷം ഒരിക്കല്‍ എ.കെ. ആന്‍റണി പറഞ്ഞിരുന്നു.

*അതില്‍ വിശ്വസിക്കുന്നില്ല. വികസനത്തിന് അവസാനമില്ല. ഓരോ ദിവസവും വികസന സാധ്യതകളുണ്ട്. അതില്‍ കക്ഷി രാഷ്ട്രീയ വിദ്വേഷം കളഞ്ഞ് എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കണം. വികസന കാര്യത്തില്‍ ഒരു സര്‍ക്കാര്‍ മറ്റൊന്നിന്‍റെ തുടര്‍ച്ചയാവണം. സ്ഥാപിത താത്പര്യങ്ങള്‍ ഉപേക്ഷിക്കണം. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം.

?സംസ്ഥാനത്തു കൂടി കടന്നു പോകുന്ന ദേശീയ പാതകളുടെ വീതി കുറയ്ക്കുന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും മത്സരിക്കുകയായിരുന്നു.

*അതു ശരിയല്ല. ദേശീയ പാതയുടെ വീതി 45 മീറ്റര്‍ ആയി നിജപ്പെടുത്തണമെന്ന് ഞാന്‍ നിര്‍ദേശം വച്ചിരുന്നു. പിണറായി വിജയന്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്തു. അതുപോലെ വികസനകാര്യത്തില്‍ സിപിഎം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെ ഞങ്ങളും പിന്തുണയ്ക്കും.

?ഇത്തരം വികസന കാഴ്ച്ചപ്പാടില്‍ നിങ്ങളുടെ പാര്‍ട്ടിയിലുമില്ലേ എതിര്‍പ്പുകള്‍.

*എതിര്‍പ്പുകളൊക്കെ ഉണ്ടായേക്കാം. അതെല്ലാം അതിജീവിക്കണം.

?കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം അതിരു കടക്കുന്നു എന്ന് എ.കെ. ആന്‍റണി പോലും പറയുന്നു.

*കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം അത്ര അപകടമൊന്നുമല്ല. കാര്യങ്ങള്‍ പൊതുവായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അതിലെ ഭിന്നസ്വരങ്ങള്‍ മറ്റു തലത്തില്‍ ചര്‍ച്ച ചെയ്യുകയാണ് ഗ്രൂപ്പ് പ്രവര്‍ത്തനം. അത്തരം ചര്‍ച്ചയ്ക്കു നേതൃത്വം കൊടുക്കുന്നവരാണ് ഗ്രൂപ്പ് നേതാക്കള്‍. എന്നാല്‍ പാര്‍ട്ടിക്കു പൊതുവായി ചര്‍ച്ച ചെയ്യാനുള്ള കാര്യങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നു തന്നെ ചര്‍ച്ച ചെയ്യും.

?കേരളം നേരിടുന്ന വലിയ വെല്ലുവിളി

*അടിസ്ഥാന സൗകര്യ വികസനം, തൊഴിലില്ലായ്മ, പാരിസ്ഥിതിക വെല്ലുവിളികള്‍. ടോള്‍ ഫ്രീ എന്നതു മാത്രമാകരുത് നമ്മുടെ വികസന ലക്ഷ്യം. ടോള്‍ കൊടുത്തിട്ടാണെങ്കിലും ഗതാഗത സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതായിരിക്കണം എന്നു കൂടി കാണണം. വ്യക്തിപരമായി ഇത്തിരി നഷ്ടം സഹിച്ചായാലും സമൂഹത്തിനു വേണ്ടി എന്തെങ്കിലും വിട്ടുവീഴ്ചകള്‍ ചെയ്യണം. കേരളത്തില്‍ 45 ലക്ഷം പേര്‍ തൊഴിലില്ലാതെ നില്‍ക്കുമ്പോഴാണ് ഇരുപത്തഞ്ചു ലക്ഷത്തില്‍പ്പരം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നത്. ഇവര്‍ പ്രതിവര്‍ഷം ഇവിടെ നിന്നു കൊണ്ടു പോകുന്നത് 17,500 കോടി രൂപ. പുതിയ തലമുറയുടെ തൊഴില്‍ സംസ്കാരം മാറണം. എല്ലാ തൊഴിലിനും മാന്യത ലഭിക്കണം. മാന്യമായ വരുമാനവും വേണം. ശാസ്താംകോട്ട കായല്‍ പോലെയുള്ള നൈസര്‍ഗിക ജലസ്രോതസുകള്‍ സംരക്ഷിക്കപ്പെടണം. അതിനു പരിസ്ഥിതി സൗഹാര്‍ദ വികസനം നടപ്പാക്കണം.

?കേരളത്തിന്‍റെ നദികള്‍ ചുരത്തുന്ന വെള്ളം കേരളത്തിന്‍റെ മണ്ണില്‍ അണകെട്ടിത്തടഞ്ഞ്, അയല്‍ സംസ്ഥാനങ്ങള്‍ ഊറ്റിക്കൊണ്ടു പോകുന്നു. കേരളമാവട്ടെ, നമ്മുടെ തന്നെ വെള്ളത്തിനു മറ്റുള്ളവര്‍ക്കു മുന്നില്‍ കൈ നീട്ടുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നൂറടിക്കു മേല്‍ വെള്ളമുള്ളപ്പോഴാണ്, വറ്റിവരണ്ട പെരിയാറിന്‍റെ തീരത്ത് ജനങ്ങള്‍ കുടിവെള്ളത്തിനു നെട്ടോട്ടമോടുന്നത്.

*വളരെ ശരിയാണ്. 1950 നു മുന്‍പ് ഉണ്ടായിരുന്ന മുഴുവന്‍ നദീജലക്കരാറുകളും റദ്ദാക്കപ്പെടണം. കേരളത്തിന്‍റെ ജലസമ്പത്ത് പൂര്‍ണമായും കേരളത്തിന് ഉപയോഗിക്കാന്‍ കഴിയണം. ഈ ചുമതല നിര്‍വഹിക്കുന്നതില്‍ കേരളത്തിലെ പല സര്‍ക്കാരുകളും പരാജയമായിരുന്നു.

?ഉള്‍നാടന്‍ ജലസ്രോതസുകള്‍ക്ക് അന്തകരാകുന്നത് മിക്കയിടത്തെയും മണലൂറ്റുകാരാണെന്ന് ആക്ഷേപമുണ്ട്.

*ആക്ഷേപമല്ല, അതാണു വസ്തുത. സംസ്ഥാനത്തിന്‍റെ എല്ലാ കോണുകളിലും മണല്‍ മാഫിയകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെതിരേ ശക്തമായ നടപടികള്‍ വേണം. മണല്‍ ക്ഷാമം പരിഹരിക്കുന്നതിന് കടല്‍ത്തീരത്തെ മണല്‍ ശുദ്ധീകരിച്ചെടുക്കാവുന്നതാണ്. ലോകത്തു മറ്റെല്ലായിടത്തും ഇതു പ്രാബല്യത്തിലുമുണ്ട്. കേരളത്തില്‍ വളരെ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതി. അതിനെ എതിര്‍ക്കുന്നതില്‍ കാര്യമില്ല.

?കേരള യാത്ര നല്‍കുന്ന പാഠം

*വളരെ വലിയ അനുഭവമാണിത്. ജനങ്ങളെയും പ്രവര്‍ത്തകരെയും അടുത്തറിയാനുള്ള അവസരം. അടുത്തിടെ ജില്ലാ തലത്തില്‍ നടത്തിയ ഗാന്ധി ഗ്രാം പരിപാടി വന്‍ വിജയമായിരുന്നു. പത്തു ജില്ലകളില്‍ പരിപാടി നടത്തിക്കഴിഞ്ഞു. കേരള യാത്ര കഴിഞ്ഞാല്‍ ബാക്കി നാലു ജില്ലകളിലും നടക്കും. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമായിരുന്നു അത്. അന്നു പ്രഖ്യാപിച്ച പദ്ധതികളില്‍ പകുതിയും ലക്ഷ്യം കണ്ടു. ബാക്കിയും ചെയ്തു തീര്‍ക്കും.

?കേരള യാത്ര സമാപിക്കാന്‍ ഇനി ഒരാഴ്ചയില്ല. അതു കഴിഞ്ഞാല്‍ എന്തു രാഷ്ട്രീയ മാറ്റമാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്

*നേരത്തേ പറഞ്ഞല്ലോ സംസ്ഥാന വികസനത്തിന്‍റെ കാഴ്ചപ്പാടു തന്നെ തിരുത്താന്‍ കഴിയുന്ന രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനം.

?അപ്പോഴേക്കും സ്വന്തം മുന്നണിയിലെ ഘടകകക്ഷികളുടെ എണ്ണം കുറയുമെന്ന് കേള്‍ക്കുന്നു.

*ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും എവിടെയും പോകില്ല. യുഡിഎഫ് ഒറ്റക്കെട്ടാണ്. കേരള യാത്രയ്ക്ക് ഘടക കക്ഷികള്‍ നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും വലിയ പ്രതീക്ഷയാണു നല്‍കുന്നത്. അതു നിറവേറ്റപ്പെടുക തന്നെ ചെയ്യും.





സൗമ്യം, ദീപ്തം

ഒരു സമയം ഒരു സമുദായത്തിന്‍റെ നേതാവ്, വക്താവ്. അതേ സമയം, മറ്റു സമുദായങ്ങളുടെയും തോഴന്‍. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ അമരത്തു വിവിധ പദവികളില്‍ മുപ്പത്തഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി, ഇന്നലെ വിടപറഞ്ഞ പി.കെ. നാരായണപ്പണിക്കര്‍ എന്ന സാമുദായിക നേതാവ് നായന്മാര്‍ക്കു മാത്രമല്ല, മറ്റു സമുദായങ്ങള്‍ക്കും ഇഷ്ടതോഴനായിരുന്നു. സ്വന്തം സമുദായം അര്‍ഹിക്കുന്നത് ആവശ്യപ്പെടുമ്പോഴും മറ്റു സമുദായങ്ങള്‍ക്കു ദ്രോഹമാവില്ലെന്ന് ഉറപ്പു വരുത്താന്‍ പണിക്കര്‍ ശ്രദ്ധിച്ചിരുന്നു. കേരള രാഷ്ട്രീയത്തില്‍ സമ്മര്‍ദ തന്ത്രത്തിന്‍റെ സമവാക്യം തിരുത്തിയ സമദൂര സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവു കൂടി ആയിരുന്നു അദ്ദേഹം.

സംസ്ഥാന രാഷ്ട്രീയം സംഘര്‍ഷ ഭരിതമായിരുന്നു, 1980കളില്‍. അടിയന്തിരാവസ്ഥയെത്തുടര്‍ന്നു പൊളിച്ചെഴുതപ്പെട്ട മുന്നണി ബന്ധങ്ങളില്‍ ആദര്‍ശങ്ങളും സിദ്ധാന്തങ്ങളും പണയപ്പെടുത്തി പലരും ഭിന്ന ചേരികളില്‍ നിലയുറപ്പിച്ചു. അധികാരത്തില്‍ നിന്നു നിഷ്കാസിതനാക്കപ്പെട്ട കെ. കരുണാകരന്‍ രാഷ്ട്രീയ തിരിച്ചു വരവിനു സര്‍വ തന്ത്രങ്ങളും പയറ്റിയ കാലം. ഈ പോരാട്ടത്തില്‍ ചില പാര്‍ട്ടികള്‍ പിളരുന്നു, ചിലതു രൂപം കൊള്ളുന്നു, ചിലതൊക്കെ നശിക്കുന്നു. ചിലതെങ്കിലും ശക്തി പ്രാപിക്കുന്നു. സമുദായ ശക്തികള്‍ ഏറ്റവും വലിയ സമ്മര്‍ദ ഗ്രൂപ്പുകളാകുന്നത് അക്കാലത്താണ്.

ലീഗിനും കേരള കോണ്‍ഗ്രസിനും പുറമേ, നായര്‍ പ്രാമുഖ്യമുള്ള നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഈഴവ പ്രാമുഖ്യമുള്ള സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് പാര്‍ട്ടി തുടങ്ങിയവ ശക്തി തെളിയച്ചത് ഈ കാലയളവിലാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആയിരുന്ന കിടങ്ങൂര്‍ എ.എന്‍ ഗോപാലകൃഷ്ണ പിള്ള നേതൃത്വം നല്‍കി രൂപീകരിച്ച എന്‍ഡിപി, യുഡിഎഫില്‍ കരുണാകരന്‍റെ വിശ്വസ്ത വിഭാഗമായി. സഭയില്‍ അഞ്ച് എംഎല്‍എ മാര്‍, ഒരു മന്ത്രി. എന്‍. ഭാസ്കരന്‍ നായര്‍, ഇപ്പോഴത്തെ പിറവം ബിജെപി സ്ഥാനാര്‍ഥി രാജഗോപാലന്‍റെ പിതാവ് കെ.ജി.ആര്‍ കര്‍ത്താ, കെ.പി. രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ അക്കാലത്തു വിവിധ ഘട്ടങ്ങളിലായി എന്‍ഡിപി മന്ത്രമാരായിരുന്നു.

കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ളയുടെ സ്വാധീനവും സമ്മര്‍ദവും ചങ്ങനാശേരിയും വിട്ടു വല്ലാതെ വളരുന്നു എന്നു മനസിലാക്കിയ കരുണാകരന്‍, കിടങ്ങൂരിനു വേണ്ടി വളരെ സമര്‍ഥമായി ഒരു കെണി വച്ചു. സിംഗപ്പുരിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പദവി. കിടങ്ങൂര്‍ ഈ കെണിയില്‍ വീണു. അങ്ങനെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സിംഗപ്പുരിനു പ്ലെയ്ന്‍ കയറി.

ഈ സമയത്ത് എന്‍എസ്എസ് ട്രഷറര്‍ ആയിരുന്നു നാരായണപ്പണിക്കര്‍. അറിയപ്പെടുന്ന അഭിഭാഷകന്‍, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, ചങ്ങാനശേരി അതിരൂപതാ മെത്രാന്‍ മാര്‍ ജോസഫ് പവ്വത്തിലിന്‍റെ ക്ലാസ് മേറ്റ് തുടങ്ങി, ചങ്ങനാശേരിയില്‍ എല്ലാവരും അറിയുന്ന, എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരാള്‍.

1977 മുതല്‍ എന്‍എസ്എസ് ട്രഷററായി സേവനമനുഷ്ഠിക്കുന്ന പണിക്കര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു സ്വന്തം ഇഷ്ടപ്രകാരം കടന്നു വന്നതല്ല.

കിടങ്ങൂരിനു ശേഷം ആര്‍.പി. നായരായിരുന്നു ജനറല്‍ സെക്രട്ടറി ആയത്. എന്നാല്‍ തീരെച്ചെറിയ ഒരു കാലഘട്ടത്തിനു ശേഷം സാരഥ്യം ഏറ്റെടുക്കാന്‍ ഡയറക്റ്റര്‍ ബോര്‍ഡ് പണിക്കരോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ 1983 ല്‍ അദ്ദേഹം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആയി. 2011 ജനുവരിയില്‍ സ്വന്തം ആവശ്യപ്രകാരം ആ സ്ഥാനത്തു നിന്ന് ഒഴിയുന്നതു വരെ പണിക്കര്‍ ആ സ്ഥാനത്തു തുടര്‍ന്നു. സമുദായാചാര്യന്‍ മന്നത്തു പദ്മനാഭന്‍ കഴിഞ്ഞാല്‍ മറ്റാര്‍ക്കും കിട്ടാതെ പോയ ഭാഗ്യം.

മരുമക്കത്തായവും നാലുകെട്ടും നാട്ടുകൂട്ടവും കെട്ടുത്സവങ്ങളും കേസുകെട്ടുകളുമായി ഛിന്നഭിന്നമായിരുന്ന നായര്‍ സമുദായത്തെ, പ്രായോഗിക ജീവിതത്തിന്‍റെ രസച്ചരടില്‍ കോര്‍ത്തിണക്കുകയായിരുന്നു സമുദായാചാര്യന്‍ ചെയ്തത്. ഈ ദൗത്യവുമായി 1914ല്‍ രജിസ്റ്റര്‍ ചെയ്ത നായര്‍ സര്‍വീസ് സൊസൈറ്റിക്കു ത്രിതല പ്രവര്‍ത്തന ഘടനയാണുള്ളത്. കരയോഗം, താലൂക്കു യോഗം, ഹെഡ് ക്വാര്‍ട്ടേഴ്സ് യോഗം. 5182 കരയോഗങ്ങളും 58 താലൂക്കു യൂണിയനുകളുമുണ്ട് ഇപ്പോള്‍ സംഘടനയ്ക്ക്. പെരുന്നയില്‍ കൈക്കൊള്ളുന്ന നേതൃ തീരുമാനങ്ങള്‍ ഈ സംവിധാനം ഉപയോഗിച്ചാണു നടപ്പാക്കുന്നത്.

ഈ സംവിധാനത്തിന്‍റെ തലപ്പത്തു മുപ്പത്തഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചിട്ടും സാമുദായിക മൈത്രിയല്ലാതെ, മതവൈരമോ മറ്റ് അസ്വസ്ഥതകളോ തലപൊക്കാന്‍ അനുവദിച്ചില്ല എന്നതാണു നാരായണപ്പണിക്കര്‍ എന്ന സൗമ്യവും ദീപ്തവുമായ വ്യക്തിത്വത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും. യുഡിഎഫിനോട് ആഭിമുഖ്യം കൂടുതല്‍ എന്ന ആരോപണത്തിന്‍റെ മുനയൊടിക്കാന്‍, 1995 ല്‍ പണിക്കര്‍ പ്രഖ്യാപിച്ച സമദൂരം പിന്നീടു കേരളത്തില്‍ വളവരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു. രാഷ്ട്രീയ ഷണ്ഡത്വം എന്ന് ആക്ഷേപിച്ചവര്‍ പോലും പിന്നീട് ഈ നിലപാടു ശരിവയ്ക്കുകയായിരുന്നു. ഭിന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ നായര്‍ സമുദായത്തിലുണ്ടെന്നിരിക്കെ, ആരുടെയും താത്പര്യങ്ങള്‍ ഹനിക്കുകയോ സംരക്ഷിക്കുകയോ ചെയ്യേണ്ടതില്ല എന്നായിരുന്നു പണിക്കരുടെ നിലപാട്. അതൊരു അടവുനയമാകാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. യുഡിഎഫ് നേതാവും എന്‍എസ്എസ് ഡയറക്റ്റര്‍ ബോര്‍ഡ് അംഗവുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയെ കഴിഞ്ഞ തവണ തിരുവനന്തപുരത്തു നടന്ന നായര്‍ മഹാസമ്മേളനത്തില്‍ പ്രസംഗിപ്പിക്കാതിരുന്നതു വിവാദമായിരുന്നു. മന്നം സമാധിയോട് അനാദരവു കാണിച്ചു എന്നതിന്‍റെ പേരില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണിയോടു പോലും കലഹിച്ചിട്ടുണ്ട് പണിക്കര്‍. ജയിക്കാന്‍ സമുദായത്തിന്‍റെ പിന്തുണ തേടുകയും ജയിച്ചു കഴിഞ്ഞാല്‍ പെരുന്നയോട് അയിത്തം കാണിക്കുകയും ചെയ്ത എല്ലാ നേതാക്കളെയും മുഖം നോക്കാതെ വിമര്‍ശിച്ചിട്ടുമുണ്ട് അദ്ദേഹം.

മറ്റു സമുദായങ്ങള്‍ക്കു ലഭിക്കുന്ന സംവരണം അടക്കമുള്ള ആനുകൂല്യങ്ങള്‍ ഒന്നു പോലും ഇല്ലാതാക്കാന്‍ നാരായണപ്പണിക്കര്‍ ശ്രമിച്ചിട്ടില്ല. അതെല്ലാം അതാതിന്‍റെ വഴിക്കു തന്നെ തുടരണം എന്നും അദ്ദേഹം നിഷ്കര്‍ച്ചു. അതേസമയം, മുന്നാക്ക സമുദായങ്ങളില്‍ ജനിച്ചു പോയി എന്ന കാരണത്താല്‍ അര്‍ഹതയുള്ളവര്‍ പരിഗണിക്കപ്പെടാതെ പോകരുത് എന്നും പണിക്കര്‍ ശഠിച്ചു. ഈ ശാഠ്യത്തില്‍ നിന്ന് ഉദയം ചെയ്ത മുദ്രാവാക്യമാണു സാമ്പത്തിക സംവരണം.

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അടക്കമുള്ള പ്രചണ്ഡ കോലാഹലങ്ങളില്‍പ്പോലും തന്‍റെ നിലപാടിനു പിന്തുണ തേടി അദ്ദേഹം കോടതികള്‍ കയറുകയായിരുന്നു. നിയമ യുദ്ധം തുടരുമ്പോള്‍ത്തന്നെ, കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള നായര്‍ കരയോഗങ്ങളില്‍ കയറിയിറങ്ങി നൂറു കണക്കിനു സ്റ്റഡി ക്ലാസ് നയിച്ച് അദ്ദേഹം സമുദായാംഗങ്ങളെ ബോധവാന്മാരാക്കി. നായര്‍ മഹാ സമ്മേളനങ്ങള്‍ വിളിച്ചു സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരളവു വരെയെങ്കിലും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ഈ ഉദ്യമം സഹായകരമായി.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കഴിഞ്ഞാല്‍ ഒരു കാലത്ത് ഏറ്റവും വലിയ സംഘടനാ ബജറ്റ് അവതരിപ്പിച്ചിരുന്നത് എന്‍എസ്എസ് ആയിരുന്നു. ഇന്നു മിക്ക സംഘടനകള്‍ക്കും ബജറ്റും വികസന അജന്‍ഡകളുമുണ്ട്. അവയില്‍ പലതിനും മാതൃകയായത് എന്‍എസ്എസ് ആണെന്നു പറയാം.

ഈ സംഘാടനാ മികവില്‍ നൂറില്‍പ്പരം സ്കൂളുകള്‍, പതിനഞ്ച് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കെളെജുകള്‍, മൂന്നു ട്രെയ്നിങ് കോളെജുകള്‍, ഒരു ഹോമിയോ മെഡിക്കല്‍ കെളെജ്, ഒരു ആയുര്‍വേദ മെഡിക്കല്‍ കോളെജ്, ഒരു ഐഎഎസ് അക്കാഡമി, ഒരു ബിസിനസ് സ്കൂള്‍, ഒരു ലോ കെളെജ്, നിരവധി നഴ്സിങ് കോളെജുകള്‍, പോളിടെക്കിനിക്കുകള്‍, ആശുപത്രികള്‍, ധര്‍മ സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ കൊട്ടിയം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ്, ലോ കെളെജ്, പന്തളം ആയുര്‍വേദ മെഡിക്കല്‍ കോളെജ്, തിരുവനന്തപുരം ബിസിനസ് സ്കൂള്‍ (പുരോഗമിക്കുന്നു), ഐഎഎസ് അക്കാഡമി തുടങ്ങിയവ പണിക്കരുടെ കാലത്തു രൂപം കൊടുത്തതാണ്.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ചക്രവാളം വികസിപ്പിക്കുന്നതിലും പണിക്കര്‍ വലിയ പങ്ക് വഹിച്ചു. കേരളത്തിന്‍റെ അതിരു കടന്നു മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും സംഘടനാ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇന്നിപ്പോള്‍ മിഡില്‍ ഈസ്റ്റ്, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കരയോഗങ്ങളുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ സംഘടനയെ ശാക്തീകരിക്കുന്നതിലും ഒരു നേതൃത്വത്തിന്‍ കീഴില്‍ കൊണ്ടു വരുന്നതിനും പണിക്കര്‍ അസാധാരണ പാടവം കാണിച്ചു. 2010 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഗ്ലോബല്‍ മീറ്റ് ഉദാഹരണം. കര്‍ണാടക, കന്യാകുമാരി, ഗുജറാത്ത്, കല്‍ക്കട്ട കരയോഗങ്ങളും പ്രസിദ്ധം. അടുത്ത കാലം വരെ ഈ കരയോഗങ്ങളിലെല്ലാം അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ അവകാശം, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ ഒരു റഫറല്‍ ലൈബ്രറി കൂടി ആയിരുന്നു നാരായണപ്പണിക്കര്‍. ഏതു സമയത്തും ഇക്കാര്യങ്ങളെക്കുറിച്ചു പ്രസംഗിക്കാനോ ലേഖനങ്ങള്‍ എഴുതാനോ അദ്ദേഹത്തനു വലിയ റഫറന്‍സ് ആവശ്യമില്ലായിരുന്നു. രാഷ്ട്രീയ പക്ഷം പിടിക്കാതെയുള്ള നിലപാടുകളായിരുന്നു പണിക്കരെ മറ്റു പല സമുദായ നേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കിയത്. സമദൂരമെന്ന ലക്ഷ്മണരേഖയ്ക്കുള്ളില്‍ നിന്നുള്ള ശരിദൂരത്തിനു വേണ്ടി പണിക്കര്‍ പരിശ്രമിച്ചു. അതില്‍ ചിലതെങ്കിലും ഫലം ചെയ്തു എന്ന് അദ്ദേഹം വിശ്വസിച്ചു.

ഒരു കാലത്തു കേരളത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജന്‍സി ആയിരുന്നു എന്‍എസ്എസ്. പില്‍ക്കാലത്ത് ഈ മേധാവിത്വം നിലനിര്‍ത്താന്‍ സൊസൈറ്റിക്കു കഴിഞ്ഞോ എന്നു ബന്ധപ്പെട്ടവര്‍ പരിശോധിക്കട്ടെ. ഒരു വിദ്യാലയം ശരിയായി നടത്തിക്കൊണ്ടു പോകാനുള്ള അനുവാദമോ അവസരമോ സര്‍ക്കാര്‍ തരുന്നില്ല എന്നായിരുന്നു ഇതിനു പണിക്കര്‍ ഒരിക്കല്‍ ഈ ലേഖകനു നല്‍കിയ മറുപടി. പിന്നാക്കാവസ്ഥയും ജനസംഖ്യയും കണക്കാക്കി, നായര്‍ സമുദായത്തെയും ന്യൂനപക്ഷമായി കണ്ടു വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കു പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം സൂചിപ്പിക്കാറുണ്ടായിരുന്നു.

ഒരു പുരുഷായുസിന്‍റെ സിംഹഭാഗവും സ്വന്തം സമുദായത്തിനു വേണ്ടി നീക്കിവച്ച നാരായണപ്പണിക്കര്‍, മറ്റുള്ളവരുടെ കൂടി വക്താവായിരുന്നു. ക്രിസ്മസ് രാവില്‍ സതീര്‍ഥ്യന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ അരമനയില്‍ അത്താഴം കഴിച്ചും, ഓണത്തിനു കൂട്ടുകാരനു പായസം വിളമ്പിയും സ്ഥാപിച്ച സൗഹാര്‍ദം രണ്ടു മതവിഭാഗങ്ങളുടെ ചങ്ങാത്തത്തിന്‍റെ കൂടി പ്രതീകമായിരുന്നു. ബാബറി മസ്ജിദ് സംഭവത്തില്‍ കേരളത്തിലെ മുസ്ലിംകളോടു ആത്മ സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത പാണക്കാട് സയ്യദ് അലി ശിഹാബ് തങ്ങളെ ടെലിഫോണില്‍ വിളിച്ച് അഭിനന്ദിക്കാനും മടിച്ചില്ല, പണിക്കരിലെ സമചിത്തത. വളരെ അപൂര്‍വമാണ് ഇത്തരം വ്യക്തിത്വങ്ങളെന്നതില്‍ തര്‍ക്കമില്ല.
ജനങ്ങള്‍ക്കൊപ്പം അതിവേഗം ബഹുടുരം 
2010 സെപ്റ്റംബര്‍ 17 നു  നിയമസഭയില്‍ 40 വര്ഷം പുര്‍ത്തി യാക്കുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ അഭിമുഖം
  സി.പി. രാജശേഖരന്‍

നിയമസഭയില്‍ നാല്‍പ്പതു വര്‍ഷം. എംഎല്‍എ, മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്...അഴിമതിയുടെ കറപുരളാതെ, ആരോപണങ്ങളില്‍ അടിപതറാതെ നാലു പതിറ്റാണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു.

തികഞ്ഞ സംതൃപ്തിയുണ്ട്. അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എത്രമാത്രം വിജയിച്ചു എന്നു പറയുന്നില്ല. പിന്നെ, സ്ഥാനമാനങ്ങള്‍ക്കു വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ജനങ്ങളുടെ സ്നേഹമാണ് ഏറ്റവും വലിയ അംഗീകാരം. ജനം അംഗീകരിക്കുന്നില്ലെങ്കില്‍ ഏതു സ്ഥാനത്തിരുന്നിട്ടും കാര്യമില്ല.

അതുകൊണ്ടാണോ ഉമ്മന്‍ ചാണ്ടിക്കു ചുറ്റും എപ്പോഴും ജനത്തിരക്ക്.

ജനങ്ങളില്‍ നിന്നു മാറിനിന്നുള്ള ഒരു പ്രവര്‍ത്തനവും എനിക്കില്ല. ഏകാന്തതയാണു ഞാന്‍ ഏറ്റവും ഭയപ്പെടുന്നത്.

?കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കെ. കരുണാകരന്‍ അല്ലെങ്കില്‍ എ.കെ. ആന്‍റണി ഇവരില്‍ ഒരാളായിരുന്നു യുഡിഎഫിനെ നയിച്ചിരുന്നത്. ഇക്കുറി ഇതാദ്യമായി യുഡിഎഫിനെ ഉമ്മന്‍ ചാണ്ടി നേരിട്ടു നയിക്കുന്നു. സമ്മര്‍ദമുണ്ടോ.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഏകവ്യക്തി നേതൃത്വമുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയുടെ നേതൃത്വം സോണിയ ഗാന്ധിക്കാണ്. എന്നാല്‍, സംസ്ഥാനങ്ങളില്‍ വ്യക്തി നേതൃത്വമല്ല, കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണു ജനങ്ങളെ നയിക്കുന്നത്. പണ്ടും അങ്ങനെയായിരുന്നു. ഇപ്പോള്‍ ഞാനല്ല, ഞങ്ങളാണു യുഡിഎഫിന്‍റെ നേതാക്കള്‍.

? തദ്ദേശതെരഞ്ഞെടുപ്പു കഴിഞ്ഞു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അങ്ങനെ തന്നെയാവുമോ

സംശയമില്ല.

? യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് അപ്പോള്‍ ഒന്നിലധികം മോഹികളുണ്ടാവില്ലേ.

തെരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പാര്‍ലമെന്‍ററി പാര്‍ട്ടിയാണു നേതാവിനെ തെരഞ്ഞെടുക്കുന്നത്. ഒന്നിലധികം ആളുണ്ടെങ്കില്‍ വോട്ടിനിട്ടു തീരുമാനിക്കും.

? ലോട്ടറി വിവാദം, വിഷക്കള്ള് ദുരന്തം.. തെരഞ്ഞെടുപ്പു ഗോദായിലിറങ്ങുന്ന പ്രതിപക്ഷ നേതാവിനു സന്തോഷിക്കാന്‍ ഏറെയുണ്ടല്ലോ

സന്തോഷമല്ല, സങ്കടമാണ്. ലജ്ജിച്ചു തല താഴ്ത്തുകയാണു ഞാന്‍. ഈ നാടു ചൂതാട്ടകേന്ദ്രമായതില്‍, മദ്യത്തില്‍ മുങ്ങിപ്പോയതില്‍ വളരെയധികം വേദനിക്കുന്നു. ഞാനടക്കമുള്ള രാഷ്്ട്രീയ നേതാക്കളെല്ലാം ഇതില്‍ ദുഃഖിക്കണം. വേണ്ട തിരുത്തലുകള്‍ വരുത്തണം.

? താങ്കളുടെ കാലത്തും ചൂതാട്ടമുണ്ടായിരുന്നു. വിഷക്കള്ളുമുണ്ടായിരുന്നു. രണ്ടും തടഞ്ഞില്ലല്ലോ.

ഒറ്റ നമ്പര്‍ ലോട്ടറി വിലക്കിയില്ലേ? നിയമപരമായി നടപടികള്‍ കൈക്കൊണ്ടു. ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരും അവരുടെ രാഷ്ട്രീയ നേതാക്കളും ലോട്ടറി രാജാക്കന്മാരുമായി ചങ്ങാത്തത്തിലാണ്. കോടികളുടെ അഴിമതിക്കഥകള്‍ ഓരോന്നോരോന്ന് പുറത്തു വരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറിന് കാടാമ്പുഴയില്‍ വിഷമദ്യം കഴിച്ച് പന്ത്രണ്ടു പേര്‍ കുഴഞ്ഞുവീണു. മദ്യലോബിക്കെതിരേ നടപടി കൈക്കൊള്ളണമെന്ന് ഉദ്യോഗസ്ഥര്‍ വരെ പറഞ്ഞു. എന്നാല്‍, അവരെ പരിഹസിച്ചു വിടുകയാണു സര്‍ക്കാര്‍ ചെയ്തത്. സിപിഎമ്മിനു മദ്യലോബിയുമായി വളരെ അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണു നടപടി ഇല്ലാത്തത്. ഇപ്പോള്‍ മലപ്പുറത്ത് 26 പേരുടെ മരണത്തിനിടയാക്കിയത് അഴിമതിയുടെ ഈ ഒത്തുകളിയാണ്.

? തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അമിത ആത്മവിശ്വാസത്തിലാണോ

ആത്മവിശ്വാസമുണ്ട്. അമിത വിശ്വാസമില്ല. യുഡിഎഫില്‍ മുമ്പില്ലാത്തത്ര കെട്ടുറപ്പുണ്ട്. പ്രവര്‍ത്തകര്‍ ആവേശത്തിലും. ഇതൊക്കെ പ്രതീക്ഷ നല്‍കുന്നു.

? വേണ്ടി വന്നാല്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നു കെ.എം മാണി. കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടിയെന്നു കെ.ആര്‍. ഗൗരിയമ്മ. കോണ്‍ഗ്രസ്-സിപിഎം വിരുദ്ധ ചേരിയിലുള്ള ആരുമായും തെരഞ്ഞെടുപ്പില്‍ സഹകരിക്കുമെന്നു ബിജെപി. ഇടതുപക്ഷത്തുള്ള അസംതൃപ്തരും കൂടിച്ചേര്‍ന്നാല്‍ ഒരു മൂന്നാം മുന്നണിയുടെ സാധ്യത തെളിയില്ലേ.

യുഡിഎഫ് ചേരിയില്‍ നിന്ന് ഏതായാലും അങ്ങനെ സംഭവിക്കില്ല. ഗൗരിയമ്മ അവരുടെ നയം വ്യക്തമാക്കിക്കഴിഞ്ഞു. പിന്നെ മാണിസാര്‍. അദ്ദേഹം യുഡിഎഫിന്‍റെ ശക്തനായ നേതാവാണ്. യുഡിഎഫിനു വിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്യുമെന്നു കരുതുന്നില്ല. തര്‍ക്കങ്ങളുണ്ടാവുക സ്വാഭാവികം. അതൊക്കെ ചര്‍ച്ച ചെയ്തു പരിഹരിക്കും.

? ലീഡര്‍ കെ. കരുണാകരന്‍ ഫാക്റ്റര്‍ താങ്കളെ സമ്മര്‍ദത്തിലാക്കുമോ.

നാല്‍പ്പതു വര്‍ഷം മുമ്പ് ഞാന്‍ എംഎല്‍എ ആയപ്പോള്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായിരുന്നു കരുണാകരന്‍. മുതിര്‍ന്ന നേതാവാണ് അദ്ദേഹം. കരുണാകരന്‍ ഫാക്റ്റര്‍ പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്യും.

?ഇടതുപക്ഷ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമാവുമോ. പ്രത്യേകിച്ച് അച്യുതാനന്ദന്‍ ഇഫക്റ്റ്..

സംസ്ഥാന വികസനത്തെ നാലര വര്‍ഷം പിന്നോട്ടു നയിച്ച ഗവണ്മെന്‍റാണിത്. മുഖ്യമന്ത്രി അച്യുതാനന്ദന്‍റെ ശത്രു പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ തന്നെയാണ്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ അദ്ദേഹം പറഞ്ഞതൊന്നും മുഖ്യമന്ത്രിയായപ്പോള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഇത്ര ഇനാക്റ്റിവ് ആയ ഒരു സര്‍ക്കാരിനെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ നോക്കിയിരിക്കയാണ്.

? താങ്കള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒപ്പുവച്ച സ്മാര്‍ട്ട് സിറ്റി നടപ്പാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. സ്വന്തം സന്തതി എന്ന നിലയില്‍ ഈ സ്വപ്ന പദ്ധതി നഷ്ടപ്പെട്ടതില്‍ ദുഃഖമില്ലേ.

മുഖ്യമന്ത്രിയായിരിക്കെ, ദുബായ് സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. അവിടെ മലയാളികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലും മലയാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാംപിലും പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഒരു രാജ്യത്തെ മുഖ്യമന്ത്രി, മറ്റൊരു രാജ്യത്തെ ജയില്‍ സന്ദര്‍ശിക്കുന്നതിനു പ്രോട്ടൊകോള്‍ വിലക്കുണ്ട്. അതുകൊണ്ടു ലേബര്‍ ക്യാംപില്‍ ചെലവഴിക്കാന്‍ കൂടുതല്‍ സമയം കിട്ടി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള നമ്മുടെ മിടുക്കന്മാരായ എത്രയോ ചെറുപ്പക്കാര്‍ അവിടെ നരകയാതന അനുഭവിച്ചു ജീവിക്കുന്നതു നേരിട്ടു കണ്ടു. നാട്ടില്‍ അവസരം കിട്ടിയിരുന്നെങ്കില്‍ ഇവരാരും ഇങ്ങനെ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു. അന്നു ദുബായ് സ്മാര്‍ട്ട് സിറ്റി വന്‍ കുതിപ്പിലായിരുന്നു. ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിലുണ്ടായ പ്രതികരണവും ദുബായ് സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചു ലഭിച്ച വിവരങ്ങളും ചേര്‍ത്ത് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു രൂപരേഖയാക്കി. റെക്കോഡ് വേഗത്തില്‍ നടപടികള്‍ കൈക്കൊണ്ട് ടീകോമുമായി കരാറുണ്ടാക്കി. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട നിബന്ധനകളേക്കാള്‍ സംസ്ഥാനത്തിനു നഷ്ടം വരുത്തുന്ന കരാറുണ്ടാക്കി അച്യുതാനന്ദന്‍. എന്നിട്ടാണിപ്പോള്‍ പദ്ധതി പോലും ഇല്ലാതായത്. യുഡിഎഫ് ആയിരുന്നു അധികാരത്തിലെങ്കില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി ഇതിനകം കമ്മിഷന്‍ ചെയ്യുമായിരുന്നു.

? അടുത്ത ടേമില്‍ താങ്കള്‍ മുഖ്യമന്ത്രിയായാല്‍ സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കുമോ

ഇതുവരെ നമ്മുടെ കൈയിലുണ്ടായിരുന്നതാണു വിതരണം ചെയ്തത്. ഇനി വിതരണം ചെയ്യാനൊന്നുമില്ല. പുതുതായി എന്തെങ്കിലും ഉണ്ടാക്കണം. അതിന് ഒരു സ്മാര്‍ട്ട് സിറ്റിയല്ല, നിരവധി വികസന പദ്ധതികള്‍ ആവിഷ്കരിക്കണം. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന.

? കേന്ദ്രവും സംസ്ഥാനവും മത്സരിച്ചു പ്രയത്നിച്ചിട്ടും വിഴിഞ്ഞം തുറമുഖവും യാഥാര്‍ഥ്യമാകുന്നില്ലല്ലോ

കേരളത്തിലല്ലാതെ, ലോകത്ത് എവിടെയായിരുന്നെങ്കിലും 25 വര്‍ഷം മുന്‍പ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമായിരുന്നു. ഇവിടെ ചിലരുടെ വ്യക്തി താത്പര്യങ്ങളാണു പദ്ധതി വൈകിക്കുന്നത്.

?കേരളത്തില്‍ ഒരു മന്ത്രിസഭയുടെ തുടര്‍ച്ചയാവുന്നില്ല അടുത്തത്. അതല്ലേ പദ്ധതികള്‍ പാളുന്നതിനു കാരണം.

ശരിയാണ്. എല്ലാത്തിനെയും എതിര്‍ക്കുന്നതല്ല രാഷ്ട്രീയം. പ്രതിപക്ഷമെന്നാല്‍ നശീകരണത്തിന്‍റെ വക്താക്കളല്ല. ക്രിയാത്മകമായ തിരുത്തലുകള്‍ നടത്തുന്നതാണു പ്രതിപക്ഷത്തിന്‍റെ ചുമതല. ഭരണ പക്ഷം തിരുത്തി നടപ്പാക്കണം. സ്മാര്‍ട്ട് സിറ്റിയടക്കമുള്ള പദ്ധതികളില്‍ തിരുത്തലുകള്‍ വരുത്തി. പക്ഷേ, പദ്ധതി നശിപ്പിച്ചു. മുഖ്യമന്ത്രിയായിരിക്കേ, ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത ഒരു യുവതി ഒരു നിവേദനം തന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാളായിരുന്നു ഈ യുവതി. ഇത്രയും കാലം പിടിച്ചു നിന്നു സാര്‍. ഇനി ഒരു തെഴില്‍ കിട്ടിയില്ലെങ്കില്‍ എന്നെത്തന്നെ എനിക്കു നഷ്ടപ്പെടുമെന്നാണു ഭീഷണി മുഴക്കിയത്. ഇന്നും വേദന ഉണ്ടാക്കുന്ന വാക്കുകളാണത്. അവരെപ്പോലുള്ള യുവാക്കള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണം.

? കോണ്‍ഗ്രസിലുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഐക്യം സംഘടനാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ഇല്ലാതായില്ലേ.

ചില പ്രശ്നങ്ങളില്ലെന്നു കരുതുന്നില്ല. എല്ലാം പരിഹരിക്കാനാവും.

? നാല്‍പതു വര്‍ഷം മുന്‍പ് താങ്കള്‍ ആദ്യമായി എംഎല്‍എ ആയപ്പോള്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായിരുന്ന കെ. കരുണാകരന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പര്‍ട്ടി പരാജയമല്ലേ.

അദ്ദേഹം ഉന്നയിച്ചിട്ടുള്ള ന്യായമായ പരാതികളെല്ലാം പരിഹരിച്ചിട്ടുണ്ട്.

?കെ. മുരളീധരന്‍റെ കാര്യം അന്യായമാണോ.

അക്കാര്യത്തില്‍ കെപിസിസിയാണു തീരുമാനമെടുത്തത്. ഒരാള്‍ മാത്രം വിചാരിച്ചാല്‍ തീരുന്നതല്ല അത്.

?എന്നും കരുണാകര വിരുദ്ധചേരിയില്‍ മാത്രം നിന്ന ആളാണ് ഉമ്മന്‍ ചാണ്ടി. രാജന്‍ കേസ്, പാമോയില്‍ കേസ്, ചാരക്കേസ് തുടങ്ങിയ അവസരങ്ങളിലെല്ലാം കരുണാകരനെ വിഷമിപ്പിച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും അതില്‍ ദുഃഖിച്ചിട്ടുണ്ടോ.

വ്യക്തിപരമായി ഒരാളെയും വേദനിപ്പിക്കുന്നയാളല്ല ഞാന്‍. 1980-ല്‍ പുതുപ്പള്ളിയില്‍ എനിക്കെതിരേ മത്സരിച്ച യുഡിഎഫിലെ എം.ആര്‍.ജി പണിക്കരോട് ഞങ്ങളുടെ പ്രവര്‍ത്തകര്‍ മോശമായി പെരുമാറി. അന്ന് അദ്ദേഹത്തെ നേരിട്ടു കണ്ടു മാപ്പു പറഞ്ഞയാളാണു ഞാന്‍. കരുണാകരനെ എന്നും ബഹുമാനത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. പാര്‍ട്ടിക്കു ദോഷമുണ്ടാക്കുന്ന നടപടികളുണ്ടായപ്പോള്‍ എതിര്‍ത്തു എന്നു മാത്രം. പാമോയില്‍ കേസ് പിന്‍വലിച്ചതു ഞാനാണ്. ചാരക്കേസിലും അങ്ങനെതന്നെ.

?സംഘടനാ തെരഞ്ഞെടുപ്പില്‍ കരുണാകരന്‍റെ പിന്തുണ തേടിയില്ലേ. വിശാല ഐ ഗ്രൂപ്പിനെതിരേ കരുണാകരനെ കൂട്ടുപിടിച്ചു പടനയിക്കുമോ.

കരുണാകരനെ കണ്ടതു ഗ്രൂപ്പിന്‍റെ പേരിലല്ല.

?മുരളിയെ പാര്‍ട്ടിയിലെടുക്കുന്നതിനു തടസം പത്മജയാണോ. പത്മജ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പറഞ്ഞാല്‍ മുരളിയെ തിരിച്ചെടുക്കുമോ

മുരളിയുടെ കാര്യം നേരത്തേ പറഞ്ഞല്ലോ. പത്മജയുടെ സീറ്റിനെക്കുറിച്ചൊക്കെ ഇപ്പോള്‍ പറയുന്നതെങ്ങനെ.

? കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന ഏറ്റവും ജനകീയ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നു മാധ്യമ സര്‍വെകള്‍ പറയുന്നു. പാരമ്പര്യത്തിന്‍റെ ചിറകിലാണല്ലോ രാഹുല്‍ പറക്കുന്നത്. അച്ചു ഉമ്മനടക്കമുള്ള മറ്റു പല മക്കളും ഇങ്ങനെ തിളങ്ങാത്തതെന്തേ.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഒരു തറവാട് മുഴുവന്‍ ഈ രാജ്യത്തിനു സമര്‍പ്പിച്ചവരാണു നെഹ്റു കുടുംബം. ജനിച്ച നാടിനുവേണ്ടി രണ്ടു പ്രധാനമന്ത്രിമാര്‍ പ്രാണന്‍ നല്‍കി. ആ കുടുംബത്തിനു വേണ്ടി ഇന്ത്യയിലെ ജനങ്ങള്‍ എന്തും കൊടുക്കും. ആ കുടുംബത്തിലെ അംഗമാണു രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്‍റെ തിളക്കം മക്കള്‍ക്കെന്നല്ല, ഒരാള്‍ക്കും ഉണ്ടാകില്ല.

? പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണല്ലോ രാഹുല്‍ പറയുന്നത്. ഈ നിര്‍ദേശം നാല്‍പതു വര്‍ഷം തികയുന്നവര്‍ക്കും ബാധകമല്ലേ.

പുതുമുഖങ്ങള്‍ക്കു കൂടുതല്‍ അവസരം കൊടുക്കണമെന്നതു കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ നയം തന്നെയാണ്. കേരളത്തിലും ആ നയം നടപ്പാക്കും. ചെറുപ്പക്കാരായ ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. അവര്‍ക്കൊപ്പം പരിചയസമ്പന്നരെയും നിലനിര്‍ത്തും. അവസരം ആര്‍ക്കൊക്കെ എന്നു പാര്‍ട്ടി കൂട്ടായി തീരുമാനിക്കും. കെഎസ്യു ഭാരവാഹികളെ മത്സരിപ്പിച്ചു ജയിപ്പിച്ച് എംഎല്‍എമാരാക്കിയ പാര്‍ട്ടിയാണു കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളെ മത്സരിപ്പിച്ചു വിജയിപ്പിച്ചു മന്ത്രിമാരാക്കിയിട്ടുമുണ്ട്.

? ഇനി ആഗ്രഹങ്ങള്‍.

ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക. സ്ഥാനമാനങ്ങളില്ലെങ്കിലും അതിനു തടസമില്ല. അതാണു ലക്ഷ്യം, ശിഷ്ടകാലം മുഴുവന്‍.

SONIA GANDHI In
4th TERM
സി. പി. രാജശേഖരന്‍

തമിഴ്നാട്ടിലെ ശ്രീ പെരുമ്പതൂരില്‍ ഒരു തെരഞ്ഞെടുപ്പു യോഗത്തിനിടെ, തനുവെന്ന ചാവേര്‍പ്പുലിയുടെ ബെല്‍റ്റ് ബോംബില്‍ രാജീവ് ഗാന്ധി ചിതറിത്തെറിക്കുമ്പോള്‍, ഇന്ദ്രപ്രസ്ഥത്തിലെ വീട്ടില്‍ രണ്ടു മക്കളുടെ പഠനകാര്യങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു സോണിയ ഗാന്ധി. മൂത്തമകന്‍ രാഹുലിനു പ്രായം 21 വയസ്. ഇളയവള്‍ പ്രിയങ്കയ്ക്കു 19 വയസാകുന്നതേയുള്ളു.
നാലുതലമുറ രാജ്യഭാരം ചുമന്ന തറവാട്ടിലെ ഇളമുറക്കാരാണു രണ്ടു മക്കളും. പ്രധാനമന്ത്രിയുടെ ധര്‍മപത്നി ആയിരുന്നെങ്കിലും രാജ്യകാര്യങ്ങളിലോ രാഷ്ട്രീയത്തിലോ ഒട്ടും താത്പര്യമില്ലായിരുന്നു, യുവത്വം വിടാത്ത ഈ വീട്ടമ്മയ്ക്ക്. മക്കളെ നന്നായി പഠിപ്പിക്കണം. അവര്‍ നല്ല നിലയില്‍ ജീവിക്കണം. ഭര്‍ത്താവ് പോലും രാഷ്ട്രീയത്തിലിറങ്ങുന്നത് ഇഷ്ടമായിരുന്നില്ല. അനുജന്‍ സഞ്ജയ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നില്ലെങ്കില്‍ രാജീവിനെ തടഞ്ഞുനിര്‍ത്താമായിരുന്നു. ഭര്‍തൃ മാതാവ് ഇന്ദിരാ ഗാന്ധി അംഗരക്ഷകരാല്‍ വധിക്കപ്പെടുന്നതിനു സാക്ഷിയായിരുന്നു സോണിയ. അന്നു ചോരകണ്ടു തലകറങ്ങിപ്പോയ സോണിയ, ഭര്‍ത്താവിനെ ആവതും നിര്‍ബന്ധിച്ചു; നമുക്ക് ഈ രാജ്യം വിട്ടുപോകാം.
പക്ഷേ, അങ്ങനെ വിട്ടുപോകാന്‍ പാകത്തിനുള്ളതല്ല നെഹ്റു കുടുംബത്തിന് ഇന്ത്യ . അതൊരു രാജവംശമല്ല. ജനകീയാടിത്തറയില്‍ അടിവേരുള്ള വലിയൊരു പിന്തുടര്‍ച്ചാവകാശമാണു ലക്നൗവിലെ ആനന്ദഭവനത്തില്‍ ഓരോ കാലത്തും നാമ്പിടുന്നത്. ഈ തറവാട്ടില്‍ ജനിച്ചവര്‍ മാത്രമല്ല, അവിടുത്തെ മരുമക്കള്‍ക്കും വിധിക്കപ്പെട്ടതാണ് അധികാരപ്പകര്‍ച്ചയെന്നു വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു, സോണിയ ഗാന്ധിയെന്ന നെഹറൂവിയന്‍ മരുമകളിലൂടെ. ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷപദവിയില്‍ നാലാമതും അമര്‍ന്നിരിക്കാനുള്ള അധികാരം നേടിയിരിക്കുന്നു ഈ അറുപത്തിമൂന്നുകാരി. ഭര്‍ത്താവിനോ, ഭര്‍ത്തൃമാതാവിനോ, ഭര്‍ത്തൃമുത്തച്ഛനോ ലഭിക്കാതെ പോയ പൊന്‍തൂവല്‍കൂടിയുണ്ട് സോണിയ ഗാന്ധിയുടെ തൊപ്പിയില്‍- തുടര്‍ച്ചയായി 12 വര്‍ഷം, തുടര്‍ച്ചയായി നാലു തവണ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായ ഏക വ്യക്തി.
രാജീവിന്‍റെ ഭാര്യയായി 1968 ലാണ് സോണിയ ഇന്ത്യയിലെത്തിയത്. നെഹറുവിന്‍റെ കൊച്ചുമകന്‍, ഇന്ദിരാഗാന്ധിയുടെ സീമന്ത പുത്രന്‍ ഇറ്റലിക്കാരിയായ ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ കല്യാണം കഴിച്ചു! ഇന്ദ്രപ്രസ്ഥത്തിലെയും ലക്നോവിലെയും ഉപശാലകളില്‍ കുശുകുശുപ്പുകള്‍ ഒരുപാടുയര്‍ന്നു. മിശ്രവിവാഹങ്ങളും പുരോ ഗമന വാദങ്ങലും ഒരുപാടു കണ്ട ആനന്ദഭവന് അതു പക്ഷേ, അത്ര വലിയ വാര്‍ത്ത ആയിരുന്നില്ല.
പിന്നെയും ഏറെക്കാലം സോണിയ ഇറ്റലിക്കാരിയായിത്തന്നെ ഇന്ത്യയി ല്‍ ജീവിച്ചു. പക്ഷേ, മുന്‍കോപക്കാരിയായ ഇന്ദിരാ ഗാന്ധിയുടെ പോലും മനം കവര്‍ന്ന മരുമകളായി സോണിയ. ഇന്ത്യക്കാരിയായ ഇളയ മരുമകള്‍ മേനക, ഇന്ദിരയുടെ മനസില്‍ നിന്നും വസതിയില്‍ നിന്നും പുറത്തായപ്പോ ഴും സോണിയയ്ക്ക് അവരുടെ ഹൃദയത്തിലായിരുന്നു ഇരിപ്പിടം. സാരി ധരിച്ചും സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയും രാഖി കെട്ടിയും ഹോളി ഘോഷിച്ചും സോണിയ വഴിയേ ഇന്ത്യക്കാരിയാവുകയായിരുന്നു.
രാജീവ് കൊല്ലപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ രണ്ടു മക്കളെയും നെഞ്ചോടു ചേര്‍ത്തുപിടിച്ചു വീടിന്‍റെ അകത്തളങ്ങളിലെവിടോ നിലവിളിച്ചുകിടന്ന സോണിയ പിന്നീടുള്ള ദിവസങ്ങളില്‍ ആലോചിച്ചത് ഇന്ത്യ വിട്ടു മറ്റെവിടെയെങ്കിലും പോയി ജീവിക്കാനായിരുന്നു. പക്ഷേ, വിധി മറ്റൊന്നായിരുന്നു അവര്‍ക്കു വേണ്ടി കരുതി വച്ചത്. രാജീവ് ഗാന്ധിവധത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ 1991 ലെ പൊ തു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. എന്നാല്‍, അഞ്ചു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി ഛിന്നഭിന്നമായി. നരസിംഹറാവുവിനും തുടര്‍ന്നു വന്ന സീതാറാം കേസരിക്കും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. തന്നെയുമല്ല, ബാബറി മസ്ജിദ് സംഭവത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഏറെ ദുര്‍ബലപ്പെടുകയും ബിജെപി ശക്തിപ്പെടുകയും ചെയ്തു.
പാര്‍ട്ടിയെ നയിക്കാന്‍ ആളില്ലാത്ത അവസ്ഥ. ഉപജാപകരും ഉപദേശകരും സോണിയ ഗാന്ധിയിലേക്കു കണ്ണെറിഞ്ഞു. നോ..! അതുമാത്രമായിരുന്നു മറുപടി. 1997 ല്‍ പാര്‍ട്ടി കോല്‍ക്കത്ത പ്ലീനററി സമ്മേളനം. പാര്‍ട്ടി ഒന്നടങ്കം സോണിയയെ ക്ഷണിച്ചു. പാര്‍ട്ടിക്കു മറ്റൊരു ബദലില്ലായിരുന്നു. മനസില്ലാ മനസോടെ അവര്‍ സമ്മതം മൂളി. മൂന്നു രൂപ മെംബര്‍ഷിപ്പ് എടുത്ത് സജീവ രാഷ്ട്രീയത്തിലേക്ക്. കഷ്ടിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ പാര്‍ട്ടി അധ്യക്ഷ പദവിയില്‍. പിന്നീടിങ്ങോട്ടു തുടര്‍ച്ചയായി 12 വര്‍ഷം, നാലു തവണ. അതേ, സോണിയയ്ക്കല്ലാതെ മറ്റൊരു നേതാവിനും ലഭിക്കാതെ പോയ അംഗീകാരം.
എതിര്‍പ്പുണ്ടായത് ഒരിക്കല്‍ മാത്രം- 2000 ല്‍. അന്ന് ജിതേന്ദ്ര പ്രസാദ് മത്സരരംഗത്തിറങ്ങിയെങ്കിലും ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അധികാരമാണ് ഒരു ശരാശരി ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍റെ വീക്നെസ്. സോണിയ ഗാന്ധിയെ ശക്തിപ്പെടുത്തുന്നത് അവര്‍ക്ക് ഈ വീക്നെസ് ഇല്ലാത്തതും. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയ ശേഷം ആദ്യം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു നടന്ന 1999 ല്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. പാര്‍ട്ടി പദവിയില്‍ ഇന്ത്യ സോണിയ ഗാന്ധിയെ അംഗീകിരിക്കുന്നില്ല എന്നായിരുന്നു രാഷ്ട്രീയ ജ്യോതിഷികളുടെ പ്രവചനം. ജിതേന്ദ്ര പ്രസാദയെ സോണിയയ്ക്കെതിരേ മത്സരിപ്പിക്കാന്‍ പ്രേരിപ്പിച്ചതും ഈ പരാജയം തന്നെ. പക്ഷേ, പാര്‍ട്ടി പിന്മാറിയില്ല. സോണിയയും.
ഇന്ത്യ തിളങ്ങുന്നു എന്ന അമിതാവേശവുമായി തെരഞ്ഞെടുപ്പു നേരിട്ട ബിജെപി സഖ്യത്തെ 2004 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം അട്ടിമറിച്ചു. അതു സോണിയ എന്ന രാഷ്ട്രീയ നേത്രിയുടെ ഉയര്‍ച്ചയുടെ പടവുകള്‍ പണിതു. രാജ്യം നേരിട്ട ഏറ്റവും വലിയ അധികാര സംഘര്‍ഷമായിരുന്നു 2004 കണ്ടത്. ഒരു വശത്ത് പരാജിതരായ ഭരണപക്ഷം. മറുപക്ഷത്ത് ഒരുമയില്ലാത്ത പ്രതിപക്ഷം. തകര്‍ന്നടിഞ്ഞ മൂന്നാംമുന്നണിക്കു പ്രതീക്ഷയില്ല. കോണ്‍ഗ്രസിന് ഭരിക്കാന്‍ ഭൂരിപക്ഷവുമില്ല. എല്ലാ കണ്ണുകളും ഇടതു ചേരിയില്‍. അവസരം കിട്ടിയാല്‍ ഒരു കൈ നോക്കാമെന്നു ജ്യോതി ബസു. എന്നാല്‍, കേന്ദ്രത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തേണ്ടതില്ലെന്ന സിപിഎം തീരുമാനം.
തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവ സങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രി സഭ രൂപീകരണം നടക്കുന്നില്ല. ചരിത്രപരമായ മണ്ടത്തരമെന്നു ജ്യോതി ബസു വിശേഷിപ്പിച്ച രാഷ്ട്രീയ നിലപാടുകള്‍ക്കൊടുവില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനു പുറത്തു നിന്നു പിന്തുണ നല്‍കാന്‍ തീരുമാനിക്കുന്നു. മറിച്ചായിരുന്നു സിപിഎം തീരുമാനമെങ്കില്‍, ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം മറ്റൊന്നാവുമായിരുന്നു.

കോണ്‍ഗ്രസിന് ഇടുപക്ഷ പിന്തുണ യാദൃശ്ചികമായിരുന്നു, അപ്രതീക്ഷിതവും. ഈ പിന്തുണയില്‍ അധികാരത്തിലെത്താമെന്ന അവസ്ഥ. തെരഞ്ഞെടുപ്പു നയിച്ച സോണിയ ഗാന്ധിയല്ലാതെ പാര്‍ട്ടിക്കു മറ്റൊരു പ്രധാനമന്ത്രിയോ? ചോദ്യം തന്നെ ഉദിച്ചില്ല. പക്ഷേ, ഉത്തരം പറയേണ്ട സോണിയ മാത്രം മിണ്ടിയില്ല. സോണിയയുടെ ഉത്തരത്തിനു വേണ്ടി ഒന്നും രണ്ടുമല്ല, നാലു ദിവസം രാഷ്ട്രം കാത്തിരുന്നു. അവര്‍ പ്രധാനമന്ത്രിയാവുന്നതിനെ ബിജെപി പല്ലും നഖവും ഉപയോഗിച്ചെതിര്‍ത്തു. ഒരു വിദേശ വനിത സ്വതന്ത്ര ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായാല്‍ താന്‍ തല മുണ്ഡനം ചെയ്തു ഹിമാലയം കയറുമെന്നു സുഷമ സ്വരാജ് പ്രഖ്യാപിച്ചു.
എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും സോണിയയ്ക്കു പിന്നില്‍ അടിയുറച്ചു. പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് തന്നെ നിശ്ചയിക്കട്ടെയെന്ന് ഇടതുപക്ഷവും വിധിച്ചു. മാധ്യമ രാജാക്കന്മാര്‍ സോണിയയ്ക്കുവേണ്ടി പുതിയ തലക്കെട്ടുകള്‍ പരതി. ഉപശാലകളില്‍ തന്ത്രങ്ങള്‍ പലതു മെനയപ്പെട്ടു. ഒടുവില്‍ പത്താം നമ്പര്‍ ജന്‍പഥില്‍ നിന്നു സോണിയ മൗനം വെടിഞ്ഞു- ഇല്ല, പ്രധാനമന്ത്രിയാവാന്‍ ഞാനില്ല.
അവിശ്വസനീയമായിരുന്നു ആ തീരുമാനം, പ്രഖ്യാപനം. സോണിയ അല്ലെങ്കില്‍പ്പിന്നെ പ്രധാനമന്ത്രി ആര്? നെറ്റികള്‍ ചുളിഞ്ഞു. അഭ്യൂഹങ്ങള്‍ പലതുയര്‍ന്നു. ഒടുവില്‍ സോണിയ ഗാന്ധി തന്നെ ഉത്തരവും നല്കി- ഡോ. മന്‍മോഹന്‍ സിങ്. ഒരു സംഘടനയെന്ന നിലയില്‍ കോണ്‍ഗ്രസിനെ സോണിയാ ഗാന്ധിയും സര്‍ക്കാരിനെ മന്‍മോഹന്‍സിങ്ങും നയിക്കുന്ന അവസ്ഥ. ഇതിനു മുന്‍പ് ഒരിക്കലും ഇന്ത്യയില്‍ ഇങ്ങനെ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടായിട്ടില്ല. ഇത്രയും യോജിപ്പോടെ പ്രവര്‍ത്തിക്കുന്ന രണ്ടു നേതാക്കളും.
അധികാരമല്ല തന്‍റെ ലക്ഷ്യമെന്നു സോണിയ പലവട്ടം തെളിയിച്ചിട്ടുണ്ട്. മന്‍മോഹന് ഒരവസരം മാത്രം നല്കി, വേണമെങ്കില്‍ രണ്ടാമൂഴം തനിക്കു വാഴാമായിരുന്നു. ആദ്യവട്ടത്തെപ്പോലെ എതിര്‍പ്പ് രണ്ടാം വട്ടം ഉണ്ടായി ല്ല എന്നതു തന്നെ കാരണം. ഒരു പക്ഷേ, സോണിയ മാറിനിന്ന് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാനും തടസമുണ്ടായിരുന്നില്ല. അതിനും മുതിര്‍ന്നില്ല, രാഷ്ട്രീയത്തില്‍ അപാരമായ പക്വത പാലിക്കുന്ന ഈ നേത്രി. മറ്റാരാണെങ്കിലും രാഹുലിന് കേന്ദ്രത്തില്‍ ക്യാബിനറ്റ് മന്ത്രി സ്ഥാനമെങ്കിലും വെള്ളിത്താലത്തില്‍ വച്ചു നീട്ടുമായിരുന്നു. പ്രിയങ്കയ്ക്ക് സര്‍ക്കാര്‍ സംവിധാനത്തിനു കീഴിലുള്ള ഏതെങ്കിലുമൊരു ആഡംബരക്കസേര നല്‍കുമായിരുന്നു. മരുമകന്‍ റോബര്‍ട്ട് വധേരയ്ക്ക് അഴിമതി കാട്ടാന്‍ എന്തെങ്കിലുമൊരു സാഹചര്യം സൃഷ്ടിച്ചു കൊടുക്കുമായിരുന്നു. പക്ഷേ, ഇതൊന്നും സംഭവിച്ചില്ല.
രാജീവിന്‍റെ സഹപ്രവര്‍ത്തകരുടെ മക്കള്‍, അതും രാഹുലിന്‍റെ പ്രായമുള്ളവര്‍ പലരും മന്‍മോഹന്‍ മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിമാരായുണ്ട്. രാഹുലിനെ മന്ത്രിയാക്കാന്‍ മന്‍മോഹന്‍ സിങ് തന്നെ പല തവണ ക്ഷണിച്ചു. പക്ഷേ, സോണിയ മാത്രം നിര്‍ബന്ധിക്കുന്നില്ല. പാര്‍ട്ടിയുടെ യുവനിരയെ വാര്‍ത്തെടുക്കാനുള്ള പരിശീലനത്തിലാണു രാഹുല്‍. കോഴിക്കോട്ടെ കാപ്പിക്കടയില്‍ പൊറോട്ട കഴിച്ചും, ബിഹാറിലെ നക്സല്‍ മേഖലകളില്‍ റോന്ത് ചുറ്റിയും, ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കൊപ്പം അത്താഴമുണ്ടും, പഞ്ചാബിലെ ക്യാംപസുകളില്‍ സംവദിച്ചും രാജ്യത്തിന്‍റെ ആത്മാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണു രാഹുല്‍. രാഷ്ട്രീയത്തിന്‍റെ പിന്നാമ്പുറത്തുപോലുമില്ലാതെ, അമ്മയെയും ഏട്ടനെയും സഹായിച്ച് നല്ലൊരു വീട്ടമ്മയായി പ്രിയങ്കയെ മാറ്റിയെടുത്തതും അമ്മയെന്ന നിലയില്‍ സോണിയയുടെ മകവു തന്നെ.
1983 ല്‍ മാത്രം ഇന്ത്യന്‍ പൗരത്വം നേടിയ സോണിയാ ഗാന്ധി ഇന്ന് ഇന്ദിരാഗാന്ധിയെക്കാള്‍ പ്രബലയായ ഇന്ത്യന്‍ നേത്രിയാണ്. സാധാരണ ഇറ്റലിക്കാര്‍ സോണിയയെ അറിയില്ല. എന്നാല്‍ ഇന്ത്യയിലെ ഏത് ആദിവാസിക്കുടികളിലും സോണിയയുടെ പേര് അറിയും. 2004 ല്‍ ഫോബ്സ് മാഗസിന്‍ നടത്തിയ സര്‍വെയില്‍ ലോകത്തെ ഏറ്റവും പ്രബലയായ മൂന്നാമത്തെ വനിതാ നേതാവാണു സോണിയ. 2007 ല്‍ ദ ന്യൂസ് വീക്ക് സര്‍വെ കണ്ടെത്തിയ ലോകത്തെ നൂറ് ശക്തരായ നേതാക്കളില്‍ ഒരാളും.

ഒരു വ്യാഴവട്ടം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ അപൂര്‍വമെങ്കിലും വിവാദത്തിലും കുടുങ്ങിയിട്ടുണ്ട് സോണിയ. പ്രതിഫലം പറ്റുന്ന ഓഫിസിലിരുന്ന് എംപി ആയി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് 2007 ല്‍ ലോക്സഭാംഗത്വം രാജി വയ്ക്കേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക്. എന്നാല്‍ ഒട്ടും വൈകാതെ, നാലു ലക്ഷം വോട്ടിന്‍റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ റായ് ബറേലിയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടു രാജ്യത്തിന്‍റെ വിശ്വാസം നേടിയിട്ടുമുണ്ട് അവര്‍.
കോണ്‍ഗ്രസ് അധ്യക്ഷയായി നാലാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട സോണിയാ ഗാന്ധിക്ക് ഇനി ഇന്ത്യയില്‍ ആകാന്‍ പറ്റാത്ത പദവികളുണ്ടാവില്ല. മകനെ പ്രധാനമന്ത്രിക്കസേരയില്‍ അവരോധിച്ച അമ്മ എന്ന അത്യപൂര്‍വ വിശേഷണം മാത്രമാവും ഒരു പക്ഷേ, സോണിയയെ കാത്തിരിക്കുന്നത്.