പേജുകള്‍‌

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

കൈവെട്ടും മുന്‍പേ ‍..

പുണ്യകര്‍മങ്ങളുടെ കണക്കെടുപ്പു മാസമാണു റംസാന്‍. ചെയ്തുപൊയ തെറ്റുകള്‍ക്കു സര്‍വേശ്വരനോടു മാപ്പിരക്കാനും പരമാവധി പ്രായശ്ചിത്തം ചെയ്തു തെറ്റു തിരുത്താനുമുള്ള അവസരം. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാവുന്നതു തന്നെ. ആതു തിരിച്ചറിയുകയും പശ്ചാത്തപിച്ചു തിരുത്തുകയും ചെയ്യുമ്പോഴാണു വിശ്വാസം ബലപ്പെടുന്നത്.

തൊടുപുഴ ന്യുമാന്‍ കോളെജ് അദ്ധ്യാപകന്‍ പ്രൊഫ. കെ.ടി ജോസഫിന്റെ കൈ വെട്ടിയ സംഭവം കേരളത്തിന്റെ മനസാക്ഷിക്കേറ്റ മുറിവാണ്. ഒരു കൊളെജ് അധ്യാ‍പകനു സംഭവിക്കാന്‍ പാടില്ലാത്ത പിഴ അദ്ദേഹത്തിനു സംഭാവിചിട്ടൂണ്ട് എന്നത് മറക്കരുത്. ഇസ്ലാം വിശ്വാസത്തിനു എതിരായി വ്യാഖ്യാനിക്കാവുന്ന പരാമരശങ്ങള്‍ ഉള്‍പ്പെട്ട ചോദ്യപ്പേപ്പര്‍ തയാറാക്കി വിതരണം ചെയ്തത് വിശ്വാസികളെ അസ്വസ്ഥരാക്കി. അദ്ധ്യാപകര്‍ക്ക് ഉത്തരങ്ങല്‍ മാത്രമല്ല, ചോദ്യങ്ങളും പിഴക്കാന്‍ പാടില്ല. സംഭവിക്കുന്ന ഓരോ പിശകിനും നല്‍കേണ്ട വില വളരെ വലുതാണ്‌. ആശാന് അക്ക്ഷരം ഒന്നൂ പിഴച്ചാല്‍ അന്‍പത്താറു പിഴയ്ക്കും ശിഷ്യന് എന്നാണു പ്രമാണം.

ഗുരു എഴുതുന്നതും വായിക്കുന്നതും പറ്യുന്നതുമെല്ലാം തന്റെ മുന്നിലിരിക്കുന്ന കുട്ടികള്‍ക്കു ബോധ്യപ്പെടുന്നതും എല്ലാവര്‍ക്കും ശരിയെന്നു തോന്നുന്നതും ആയിരിക്കണം. അകക്കണ്ണില്‍ വെളിച്ചം പരത്തുന്നതാവണം  ഗുരുമുഖത്തെ ഓരോ വാക്കും. ഒരാളിലെങ്കിലും സംശയത്തിന്റെ തരി ബാക്കി വ്ച്ചിട്ടുണ്ടെങ്കില്‍ ഗുരുവിന്റെ ഉദ്ദേശ്യ ശുദ്ധിയിലും സംശയം ജനിക്കുക സ്വാഭാവികം. പ്രൊഫ്‌. ജോസഫ്‌  തയ്യാറാക്കിയ ചോദ്യപേപ്പര്‍ ഇത്തരത്തില്‍ പെട്ടതു തന്നെ. ഏതുപുസ്തകത്തില്‍ നിന്ന് കടമെടുത്താലും അതിന്റെ വരുംവരാഴ്കികളെ കുറിച്ച് മറ്റാരെക്കാളും നന്നായി അദ്ധ്യാപകന്‍ അറിഞ്ഞിരിക്കണം. അതിനുള്ള അകക്കണ്ണ് ഉള്ളവനാകണം യഥാര്‍ഥ അദ്ധ്യാപകന്‍. അതില്ലാതെ പോയതാണ് പ്രൊഫ്‌.ജോസഫിന്റെ പിഴ.
ഈ വലിയ തെറ്റിന് എത്രയോ വലിയ ശിക്ഷ അനുഭവിക്കുകയാണ് ഈ അദ്ധ്യാപകന്‍. അദ്ദേഹത്തിന്‍റെ ഒരു കൈപ്പത്തി വെട്ടി മാറ്റി. ‍ ജീവനോപാധിയായ ജോലിയും  നഷ്ടപ്പെട്ടു. തോരാക്കണ്ണീരിന്റെ ഹോമാഗ്നിയില്‍ ജീവിതം ഹോമിക്കുകയാണ് അദ്ദേഹമിപ്പോള്‍.
മത സ്പര്‍ധ പുലര്‍ത്തുന്ന ആളല്ല ജോസഫ് എന്ന് അദ്ദേഹത്തിന്‍റെ ശിഷ്യര്‍ സാക്ഷിപ്പെടുത്തുന്നു. ശരിയായിരിക്കാം. എന്നാല്‍ തന്റെ കുട്ടികള്‍ക്ക് വേണ്ടി തയാറാക്കിയ ചോദ്യ പേപ്പര്‍ അദ്ദേഹത്തെ  മതങ്ങളുടെ തന്നെ ശത്രുവാക്കി. എല്ലാ ഭാഗത്ത്‌ നിന്നും വിമര്‍ശനം ഏറ്റുവാങ്ങുകയാണ് ഈ അദ്ധ്യാപകന്‍. അറിവെന്ന ദൈവത്തെ ശിഷ്യന് കാട്ടിക്കൊടുക്കുന്നവനാണ് യഥാര്‍ത്ഥ ഗുരു. I ഈ ദൌത്യത്തില്‍ ഏര്‍പ്പെടുന്നവരുടെ മനസും പ്രവൃത്തിയും ശുദ്ധമായിരിക്കണം. ഇന്നത്തെ അധ്യാപകരില്‍ ബഹു ഭൂരിപക്ഷത്തിനും ഈ വിശുദ്ധി ഇല്ല എന്നത് വേറെ കാര്യം. പ്രൊഫ്. ജോസഫിന്റെ കാര്യത്തില്‍ ഈ വിശുദ്ധിക്ക് ഭംഗം വന്നു എന്ന് തന്നെ കരുതണം. അല്ലായിരുന്നെങ്കില്‍ പ്രകോപനപരമായ ചോദ്യപേപ്പര്‍ തയാറാക്കാന്‍ അദ്ദേഹം മുതിരില്ലായിരുന്നു. അത് മനപ്പൂരവ മോ അല്ലയോ എന്നതും പ്രസക്തമല്ല. അഥവാ വീഴ്ച പറ്റിയെങ്കില്‍ തിരുത്താന്‍ ആത്മാര്‍ഥമായ ശ്രമം നടത്തണമായിരുന്നു. ചെയ്ത തെറ്റ് അദ്ദേഹം സമ്മതിക്കുന്നില്ലെന്നു കോതമംഗലം ബിഷപ്‌  മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പറയുന്നു. പ്രൊഫ്‌.ജോസഫിന്റെ കു‌ടി ആദ്ധ്യാമിക പിതാവായ മാര്‍ പുന്നക്കൊട്ടിലിനെ എങ്കിലും ബോധ്യപ്പെടുത്തുന്ന തരത്തില്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നെങ്കില്‍ തൊഴില്‍ എങ്കിലും നില നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞേനെ. ഏതായാലും അക്കാര്യം കോടതിയിലെത്തുമെന്നു ഉറപ്പു. അന്തിമ വിധി അവിടെ ഉണ്ടാകട്ടെ. എന്നാല്‍ അതിനു മുന്‍പുതന്നെ അദ്ദേഹത്തിന്‍റെ കുറ്റം വിചാരണ ചെയ്യപ്പെടുകയും മറ്റെവിടെയോ ഇരുന്നു ശിക്ഷ നടപ്പാക്കുകയും ചെയ്തു എന്നതാണ് കൈവെട്ടു കേസിന്റെ പിന്നാമ്പുറം.
ജോസഫിന്റെ കൈ വെട്ടുന്നതിനു മുന്‍പ് ഉണ്ടായിരുന്ന സ്ഥിതിവിശേഷങ്ങളല്ല പിന്നീടു കേരളത്തില്‍ ഉണ്ടായത്. കേസില്‍ ഉള്‍പ്പെട്ടവര്‍ ഓരോരുത്തരായി പിടിക്കപ്പെട്ടു.  അതിനേക്കാള്‍ എത്രയോ അധികം നിരപരാധികള്‍ പീഡിപ്പിക്കപ്പെട്ടു. ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. അതിനെക്കാളൊക്കെ വലുതല്ലേ കേരളത്തില്‍ നില നിന്നുപോന്ന മതസൌഹാര്ദ്ദത്തിനു സംഭവിച്ച മഹാ ദുരന്തം? താലിബാനിസം എന്നാ കൊടും ഭീകരതയ്ക്ക് ഇവിടെ ഒരുദാഹരണം ലഭിച്ചില്ലെ? കൊടും ഭീകരതയുടെ വേരുകള്‍ കേരളത്തിന്റെ മണ്ണില്‍ ആഴ്ന്നിറങ്ങുന്നു എന്ന കണ്ടെത്തല്‍ എന്തുകൊണ്ട് നമ്മുടെ ഉറക്കം കെടുത്തുന്നില്ല. എവിടെയെങ്കിലും ഉണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വാളെടുക്കുന്നത് സാമാന്യ ബുദ്ധിക്കു നിരക്കുമോ എന്നെങ്കിലും ചിന്തിക്കേണ്ടതല്ലേ? ഒരാളുടെ അറിവുകേട്‌, അഥവാ വിവരക്കേട്. അങ്ങനെ കണ്ടാല്‍ പോരെ ജോസഫിന്റെ ചോദ്യപേപ്പര്‍?
 മതിയെന്ന് കരുതാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ഇതുപോലൊരു വിവരക്കേട് എനിക്കും സംഭവിച്ചിട്ടുണ്ട്. മനപ്പുര്‍വമുണ്ടായ  വീഴ്ചയല്ല, അറിവുകുറവുകൊണ്ട് സംഭവിച്ച പിഴ. അന്ന് എന്നോട് എത്രയോ പേര്‍ ക്ഷമിച്ചു? അല്ലായിരുന്നെങ്കില്‍ ഒരു കൈവെട്ടു കേസിന് അന്നും സ്കോപ് ഉണ്ടായിരുന്നു. പത്ത് പതിനഞ്ചു കൊല്ലം മുന്‍പാണ്. ഒരു നബി ദിനം. ഞാന്‍ പത്രാധിപരായിരുന്ന രാഷ്ട്ര ദീപിക പത്രത്തില്‍ നബിടിനാശംസ നേര്‍ന്നു ഒരു അടിക്കുറിപ്പെഴുതി. അതിന്റെ തുടക്കം ഇങ്ങനെ:
ഇന്ന് നബി ദിനം..പരമ കാരുണികനായ അല്ലാഹുവിന്റെ ജന്മദിനം.
പ്രവാചകനായ നബി തിരുമേനിയുടെ ജന്മ ദിനത്തെ സര്‍വശക്തന്റെ ജന്മ ദിനമെന്നു തെറ്റായി മനസിലാക്കിയത് എന്റെ ദൌര്‍ഭാഗ്യം. എന്റെ ആ വലിയ പിഴവിന് ഇന്നും ഞാന്‍ സംഘര്‍ഷം അനുഭവിക്കുന്നു. ഒരു നുറു വട്ടം തെറ്റ് ഏറ്റ് പറഞ്ഞു പശ്ച്ചാത്തപിച്ചിട്ടുണ്ട്.പക്ഷെ ഈ പിശക് വല്ലാത്ത കോളിളക്കം തന്നെ ഉണ്ടാക്കിയിരുന്നു എന്ന് കു‌ടി ഓര്‍ക്കേണ്ടതുണ്ട്. പ്രത്യേകിച്ചും എന്റെ ഇരമുളക്കാരായ പത്രപ്രവര്‍ത്തകര്‍.
പത്രം അച്ച്ചടിച്ചിറങ്ങി അര മണിക്കൂറി നുള്ളില്‍ പിശക് കണ്ടെത്തി തിരുത്തി.അപ്പോഴേക്കും കുറച്ചധികം പത്രക്കെട്ടുകള്‍ വായനക്കാരില്‍ എത്തിയിരുന്നു. തെറ്റായ അടിക്കുറിപ്പ് വായിച്ച നിരവധി വായനക്കാര്‍ ഓഫീസിലെക്കു വിളിച്ചുതുടങ്ങി.തുടക്കത്തില്‍ തെറ്റ്  ചുണ്ടികാണിക്കാന്‍ . പിന്ന്നെ ശകാരിക്കാന്‍. വൈകുന്നേരമായപ്പോഴേക്കും വിളിക്കുന്നവരുടെ ഭാഷയ്ക്ക്‌ വല്ലാത്തൊരു മാറ്റം. പലതിനും ഭീഷണിയുടെ സ്വരം.അതിനിടെ ഓഫിസിലേക്ക് പ്രതിഷേധവുമായി ആരൊക്കെയോ വരുന്നു എന്നും വിവരം കിട്ടി. സംഗതിയുടെ ഗൌരവം മനസിലാക്കി, താഴത്തങ്ങാടി ജുമാ മസ്ജിടുമായി ബന്ധപ്പെട്ടു. പരിചയമുള്ള ചില ജമ അത്ത് ഭാരവാഹികളെയും ടെലിഫോണില്‍ ബന്ധപ്പെട്ടു.

സ്നേഹത്തോടെയുള്ള ശാസനയാണ് എല്ലായിടത്തുനിന്നുമുണ്ടായത്. ആദരണീയനായ ഇമാം അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നുമുണ്ട് ഓര്‍മയില്‍. "പറയുന്ന വാക്കുകളല്ല പടച്ചു വിടുന്ന വാക്കുകള്‍. നിങ്ങള്‍ പത്ര പ്രവര്‍ത്തകര്‍ കുറച്ചു കു‌ടി ജാഗ്രത പുലര്‍ത്തണം.'' അദ്ദേഹം പറഞ്ഞത് ഒന്നല്ല, നുറു വട്ടം ശരി.

എരിതീയില്‍ എണ്ണ ഒഴിക്കാനല്ല ഇമാം ശ്രമിച്ചത്. ഒരു അബദ്ധം എങ്ങനെ തിരുത്താം എന്ന് അദ്ദേഹം ആലോചിച്ചു. സാധ്യമായ വഴികളെല്ലാം പരിശോധിച്ച്. വൈകുന്നേരമായപ്പോഴേക്കും എല്ലാം ശാന്തമായിരുന്നു. പ്രതിഷേധക്കാരാരും പിന്നെ വിളിച്ചില്ല. ആളെ കൂട്ടിയതുമില്ല. ഒരു നല്ല മനുഷ്യന്റെ അവസരോചിത ഇടപെടലാണ് അന്ന് ഒരു പക്ഷെ കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഇല്ലായിരുന്നെങ്കില്‍ ഒരു ദിവസത്തെക്കെങ്കിലും സംഘര്‍ഷം സൃഷ്ടിക്കാന്‍ അത് ധാരാളം മതിയാകുമായിരുന്നു.
ഇനി, ഈ പിശകിന് എനിക്ക് ഒന്നും സംഭവിച്ചില്ല എന്നും കരുതരുത്. നബിദിന റാലിയുടെ അടിക്കുറിപ്പില്‍ ഉണ്ടായ പിശക് അതീവ ഗുരുതരമായ വീഴ്ചയായാണ് രാഷ്ട്ര ദീപിക കണ്ടത്. വീഴ്ച വരുത്തിയ എനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മാനെജ്മെന്റ് ആലോചിച്ചു. എന്നാല്‍ എന്നില്‍ മനെജ്മെന്റിനുള്ള വിശ്വാസം മാനിച്ചു ഒരു മെമ്മോയില്‍ കാര്യങ്ങള്‍ ഒതുങ്ങി. മാനേജിംഗ് ഡയരക്ടര്‍ ജെയിംസ്‌ ജോസഫും എക്സിക്യുട്ടിവ് എഡിറ്റര്‍ ജോസ് മാത്യുവുമാണ് അതിനു മുന്‍കൈ എടുത്തത്.
അതായിരുന്നു ഒരു കാലം. അഥവാ അങ്ങനെയും ഒരു കാലം നമുക്കുണ്ടായിരുന്നു. അബദ്ധങ്ങളെ അബദ്ധങ്ങളായി കാണാനും തെറ്റുകള്‍ക്ക് വ്യവസ്ഥാപിത രീതിയില്‍ ശിക്ഷ വിധിക്കാനും വേണ്ടിവന്നാല്‍ മാപ്പ് നല്കാനുമൊക്കെ സന്നദ്ധരായ ഒരു സമുഹം നമ്മുടെ കരുത്തായിരുന്നു. ആ കരുത്തില്‍ കുരുത്തതായിരുന്നു നമ്മുടെ മതേതരത്വം.
ഇന്നോ? അങ്ങനെ ഒരു പിശക് ഇന്നെനിക്കു സംഭവിച്ചാല്‍ എന്നെ തിരുത്താനും സ്നേഹത്തോടെ ശാസിക്കാനും ആരുണ്ടാവും? കൈയല്ല, തല തന്നെ വെട്ടണം എന്ന് വാശി പിടിക്കുന്നവര്‍ എത്രയോ കണ്ടേക്കാം. അങ്ങനെ രുപാന്തരപ്പെടുത്തി എടുത്തില്ലേ  നമ്മുടെ നാടിനെ, ഇവിടുത്തെ സമ്പൂര്‍ണ സാക്ഷരരെല്ലാം കുടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ