പേജുകള്‍‌

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

സന്യാസി പിഴച്ചാല്‍ കമ്യൂണിസ്റ്റ് കമ്യൂണിസ്റ്റ് പിഴച്ചാല്‍ സന്യാസി.

ചില വിമോചന പ്രത്യയ ശാസ്ത്രങ്ങള്‍

 സന്യാസി പിഴച്ചാല്‍ കമ്യൂണിസ്റ്റ്. കമ്യൂണിസ്റ്റ് പിഴച്ചാല്‍ സ ന്യാസി. വിശ്വാസത്തിനും അവിശ്വാസത്തിനും മധ്യേ പ്രത്യയശാസ്ത്രപരമായി ഈ രണ്ട് എക്സ്ട്രീമുകള്‍ മാത്രമേയുള്ളു. കമ്യൂണിസം വശമുള്ള വിശ്വാസികളും വിശ്വാസം വശമുള്ള കമ്യൂണിസ്റ്റ്കളും ഇല്ലെന്നാണു പരക്കെയുള്ള ധാരണ. എന്നാല്‍, ഈ ധാരണയുടെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന പ്രത്യയശാസ്ത്രപ്രതിലോമത കള്‍ നിരവധിയുണ്ട് ചരിത്രവഴികളില്‍. അവിടങ്ങളില്‍ പല കമ്യൂണിസ്റ്റ് സന്യാസിമാരെയും കാണാനാവും. സന്യാസം ത്യജിച്ചു കമ്യൂണിസ്റ്റ് ആയവരും കണ്ടേക്കാം.

റഷ്യന്‍ ഓര്‍ത്തഡോക്സ് കമ്യൂണിറ്റിയില്‍ പല ഉദാഹരണങ്ങള്‍ വായിക്കാന്‍ കിട്ടും. റെഡ് ചൈനയിലുമുണ്ട് സന്യാസിമാരും കമ്യൂണിസ്റ്റ്കാരും. കമ്യൂണിസത്തിനെതിരേ പ്രവര്‍ത്തിച്ച ചര്‍ച്ച് പ്രതിനിധികളും ചര്‍ച്ചിനെതിരേ തിരിഞ്ഞ കമ്യൂണിസ്റ്റ്കാരും ചൈനയില്‍ എത്രയോ ആയിരങ്ങളുണ്ടാകും. രണ്ടും രണ്ടു വേറിട്ട വഴികളില്‍ത്തന്നെ സഞ്ചരിക്കുമ്പോഴും ഒരാള്‍ മറ്റൊരാളുടെ പ്രത്യയശാസ്ത്രത്തിലേക്കു തിരിയുന്നെങ്കില്‍, കുഴപ്പം പ്രത്യയശാസ്ത്രത്തിന്‍റേതല്ല; വിശ്വാസത്തിന്‍റെ മനോബല ബഹിര്‍സ്ഫുരണമെന്നു കരുതിയാല്‍ മതി.

പരാഗ്വെയിലെ ഇപ്പോഴത്തെ പ്രസിഡന്‍റ് ഫെര്‍ണാന്‍ഡോ ലൂഗോയുടെ കാര്യം തന്നെ ഉദാഹരണം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബിഷപ് ആക്കിയ ആളാണ് ലൂഗോ. വൈദികനായും ബിഷപ്പായും റോമന്‍ കാത്തലിക് ചര്‍ച്ചില്‍ ദീര്‍ഘകാല സേവന പാരമ്പര്യമുള്ളയാളാണ് അദ്ദേഹം. ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന് ഒരുവെളിപാട്. ദൈവവിളിയേക്കാള്‍ മികച്ചത് ഇടതുപക്ഷ വിളിയല്ലേ എന്ന്. ആ വിളി ഒരുള്‍വിളിയായി പടര്‍ന്നു കയറിയപ്പോള്‍ ലൂഗോ വര്‍ഗ വിചാര വഴിയില്‍, ഏതാണ്ടൊരു സമാന്തര കമ്യൂണസി റ്റ് ആയി മാറി. പിന്നെപ്പിന്നെ, അജപാലനത്തിന്‍റെ അംശവടി ഉപേക്ഷിച്ച് അധികാരത്തിന്‍റെ ആഡംബര വടി ഏന്തി. അജപാലനകാലത്തുതന്നെ തനിക്ക് ഒരു സ്നേഹിത ഉണ്ടായിരുന്നു എന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും ഈയിടെ ഈ മുന്‍ ബിഷപ് ഏറ്റു പറഞ്ഞത് വിശ്വാസികളെ മാത്രമല്ല, വിശ്വാസം കുറഞ്ഞവരെയും ഞെട്ടിച്ചുകളഞ്ഞു.

എല്ലാം എന്‍റെ പിഴ എന്ന് ഏറ്റുപറഞ്ഞു കുമ്പസാരിക്കുന്നില്ല, ലൂഗോ. ഒരു സാധാരണക്കാരന്‍റെ സാധാരണപ്രശ്നങ്ങള്‍ എന്നു സ്വയം വിമര്‍ശിക്കുന്നു. ഒരു സാധാരണക്കാരനെ അവന്‍റെ സാധാരണ താത്പര്യങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ അനുവദിക്കാതിരുന്നതു ലൂഗോയുടെ കുഴപ്പം കൊണ്ടാണെന്നു കരുതാന്‍ വയ്യ. ലൂഗോ ശരിയായ വിശ്വാസിയായിരുന്നോ അല്ലെയോ എന്നത് അദ്ദേഹത്തിന്‍റെ കാര്യം. ഇതു ശരിയായി തിരിച്ചറിയാതെ അദ്ദേഹത്തെ തിരുവസ്ത്രങ്ങള്‍ അണിയിച്ചിട്ടുണ്ടെങ്കില്‍ അതു സഭയുടെ കുഴപ്പം. അതിലെ ശരിതെറ്റുകള്‍ വിശകലനം ചെയ്യാന്‍ ശൂരന്‍ ആളല്ല. ഇനി ഒരു വേള, നാളെ, പ്രസിഡന്‍റ് പദത്തെക്കാള്‍ മികച്ചതാണു അജപലാന ശുശ്രൂഷ എന്നു തിരിച്ചറിഞ്ഞ് അദ്ദേഹം തിരുവസ്ത്രങ്ങള്‍ തിരിച്ചെടുക്കുമോ എന്നും ഉറപ്പില്ല. അതുകൊണ്ടാവണം, ഈ മുന്‍ബിഷപ്പിനെതിരേ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും വത്തിക്കാന്‍ സജീവമാണ്.

മുന്‍ ആലപ്പുഴ എംപിയും പ്രമുഖ കമ്യൂണിസ്റ്റുമായിരുന്ന (ആയിരുന്നോ എന്നുറപ്പില്ല) ഡോ. കെ. എസ്. മനോജിന്‍റെ വിശ്വാസവഴിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ലൂഗോയെപ്പോലുള്ളവരെക്കൂടി ഓര്‍മിക്കണം എന്ന ഒരപേക്ഷയുണ്ട്. വിശക്കുന്നവന് ആഹാരം കൊടുക്കുന്നവന്‍ എത്ര വലിയ കമ്യൂണിസ്റ്റ് ആയാലും വളരെപ്പെട്ടെന്നു വിശുദ്ധനാക്കപ്പെടും.

വിശക്കുന്നവന് എന്തുകൊണ്ട് ആഹാരം കിട്ടുന്നില്ല, വിശക്കുന്നവനെയും വിശക്കാത്തവനെയും സൃഷ്ടിക്കുന്ന സാമൂഹിക സാഹചര്യം എന്ത് എന്നു ചോദിച്ചാല്‍ ഏതു വിശുദ്ധനും അത്രത്തോളം പെട്ടെന്നു തന്നെ കമ്യൂണിസ്റ്റ് ആവുകയും ചെയ്യും. അതാണു പ്രത്യയശാസ്ത്ര മാനിഫെസ്റ്റോകളുടെ പൊതുസ്വഭാവം.

ഉദരംഭരത്തിനു വേണ്ടി പ്രത്യയശാസ്ത്രങ്ങളെ നോക്കിക്കാണുന്നവര്‍ക്കു വിശ്വാസ വും അവിശ്വാസവുമൊക്കെ തരാതരം പോലെ ഉപയോഗിക്കാനുള്ള ഉപകരണങ്ങളാണ്.

മനോജിന്‍റെ കാര്യം തന്നെയെടുക്ക്. തീര്‍ത്തും അവിശ്വാസിയായിരുന്നില്ല മനോജ്. വിശ്വാസ വഴിയെ ധാരാളം സഞ്ചരിച്ച മു ന്‍ അനുഭവവുമുണ്ട് അദ്ദേഹത്തിന്. പക്ഷേ, ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ അവിശ്വാസികളെക്കാള്‍ വിശ്വാസികള്‍ക്കാണു സ്വാധീനമെന്നു സിപിഎം നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നു. ആ തിരച്ചറിയലില്‍ നിന്നാണു ടി. ജെ ആഞ്ചലോസ് എന്ന പയ്യനെ കണ്ടെത്തിയതും പാര്‍ലമെന്‍റിലെത്തിച്ചതും. അവിശ്വാസി ആണോ എന്നു ചോദിച്ചാല്‍ ആണെന്നോ അല്ലെന്നോ തീര്‍ത്തു പറയില്ല ആഞ്ചലോസ്. ഒടുവില്‍ വിശ്വാസത്തിനും അവിശ്വാസത്തിനും തുല്യമാര്‍ക്കു ലഭിക്കുന്ന മറ്റൊരിടത്തേക്ക് ആഞ്ചലോസ് വണ്ടി വിട്ടപ്പോഴാണ് സിപിഎമ്മിന് അമളി മനസിലായത്.

ജയിച്ചാലും തോറ്റാലും പാര്‍ട്ടിയോടു കൂറും വിശ്വാസവുമുള്ളവരെ മാത്രം സ്ഥാനാര്‍ഥിയാക്കണമെന്നു പറഞ്ഞാല്‍ പാര്‍ട്ടിക്കും ദഹിക്കില്ല. ആഞ്ചലോസ് പോയപ്പോള്‍ ഡോ. മനോജിന്‍റെ വണ്ടിക്കു സിപിഎം കൈ കാണിച്ചു. വിശ്വാസവഴിയിലോടുന്ന വണ്ടിയുടെ ബോര്‍ഡ് തത്ക്കാലമൊന്നു മാറ്റിവച്ചുകൂടെയെന്നു പാര്‍ട്ടി ചോദിച്ചു. നല്ല കലക്ഷന്‍ കിട്ടുന്ന റൂട്ട് ആണെന്ന വകതിരിവുണ്ടായപ്പോള്‍ മനോജും റൂട്ടൊന്നു മാറ്റി.

പ്രതീക്ഷ തെറ്റിയില്ല, പാര്‍ട്ടിയുടെയും മനോജിന്‍റെയും. മനോജ് ജയിച്ചു, എംപിയായി. മനോജിന്‍റെ റൂട്ടില്‍ കുറച്ചുകൂടി സൗകര്യങ്ങളുള്ള മറ്റൊരു വണ്ടിയുമായി കെ.സി വേണുഗാപാല്‍ സര്‍വീസിനിറങ്ങിയപ്പോള്‍ മനോജ് കട്ടപ്പുറത്ത്.

എത്രകാലം എന്നു മനോജ് ചിന്തിച്ചിട്ടുണ്ടെങ്കില്‍ എന്തിനു കുറ്റം പറയണം? തന്നെയുമല്ല, വിശ്വാസത്തിന്‍റെ പഴയ റൂട്ട് കാര്യമായ വെല്ലുവിളികളില്ലാതെ ഒഴിഞ്ഞുതന്നെ കിടപ്പുണ്ടുതാനും. മനോജ് വണ്ടി ആ വഴിക്കു തിരിച്ചുവിട്ടു. അതു കണ്ടു സിപിഎം നെഞ്ചുപൊട്ടിമരിക്കേണ്ട. പാര്‍ട്ടിക്കു പറ്റിയ ചില പ്രത്യശാസ്ത്ര പ്രതിലോമ ചിന്തകളുടെ ബഹിര്‍സ്ഫുരണങ്ങളാണു മനോജ്മാരെന്നു കരുതായാല്‍ മതി.പ്രത്യയശാസ്ത്ര നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ അവസാന ശ്വാസം വരെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആലപ്പുഴയിലില്ലാത്തതുകൊണ്ടല്ലല്ലോ ആഞ്ചലോസിനെയും മനോജിനെയുമൊക്കെ സ്ഥാനാര്‍ഥികളാക്കിയത്.

പണ്ടു ലോനപ്പന്‍ നമ്പാടനെ ചാലക്കുടിയിലും പ്രൊഫ.എം. കെ സാനുവിനെയും സെബാസ്റ്റ്യന്‍ പോളിനെയും എറണാകുളത്തും മത്സരിപ്പിച്ചത്? പ്രത്യയശാസ്ത്രങ്ങളെ പൂര്‍ണമായി വിശ്വസിച്ചും അവിശ്വാസികളെ പൂര്‍ണമായി തള്ളിപ്പറഞ്ഞും തെരഞ്ഞെടുപ്പു ജയിക്കാനിവില്ലെന്ന വകതിരിവുണ്ടാകുമ്പോള്‍ ഇത്തരത്തിലുള്ള ചില നീക്കുപോക്കുകള്‍ വേണ്ടിവരുമെന്നു പാര്‍ട്ടി ഫോറങ്ങളില്‍ വിശദീകരിക്കപ്പെട്ടേക്കാം.അതുപോലെതന്നെ, ലാഭകരമല്ലെന്നു തോന്നിയാല്‍ വഴിതെറ്റിവരുന്ന പ്രതിലോമകാരികള്‍റൂട്ട് മാറ്റി വണ്ടിവിടുമെന്ന വസ്തുത മറക്കരുതെന്ന പാഠവും പാര്‍ട്ടി മേലാവുമാര്‍ മനസിലാക്കിയാല്‍ ന ന്ന്. സ്വന്തം പ്രത്യയ ശാസ്ത്രങ്ങള്‍ പ്രചരിപ്പിച്ച് വിജയിക്കാന്‍ കഴിയുന്നതുവരെ കാത്തിരിക്കാനുള്ള ചങ്കുറപ്പ് ആദ്യം ഉണ്ടാകേണ്ടതു പാര്‍ട്ടികള്‍ക്കു തന്നെയാണ്. അതിനു ശേഷിയുള്ള പാര്‍ട്ടിക്കാരെ സൃഷ്ടിക്കുന്നിടത്താണു പാര്‍ട്ടികളുടെ വിജയം.പാര്‍ട്ടിക്കാര്‍ ഇരിക്കേണ്ടിടത്ത് അല്ലാത്തവരെ പ്രതിഷ്ഠിച്ചാലുണ്ടാകുന്ന അപകടങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയുമോ, അഭിനവ കമ്യൂണിസ്റ്റ്കാര്‍.
(2010 ജനുവരി മെട്രോ വാര്‍ത്ത )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ