പേജുകള്‍‌

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ആള്ക്കൂട്ടത്തില്‍ ഒരാള്‍

ആള്ക്കൂട്ടത്തില്‍ ഒരാള്‍ 


സി. പി. രാജശേഖരന്‍
കുഞ്ഞൂഞ്ഞിനെ കണ്ടാല്‍ പുതുപ്പള്ളിക്കാര്‍ക്കു വെറുംകൈയോടെ മടങ്ങേണ്ടി വരില്ല. എന്തെങ്കിലും തടയും. ആരുടെയെങ്കിലും പോക്കറ്റില്‍ നിന്നെടുത്തായാലും പുള്ളിക്കാരന്‍ കാര്യം നടത്തിക്കൊടുക്കും. വാങ്ങുന്നവനും കിട്ടുന്നവനും സന്തോഷം. അതിപ്പോ, ഇന്ദ്രപ്രസ്ഥത്തിലെ ഇന്ത്യന്‍ പ്രസിഡന്‍റായാലും കുഞ്ഞൂഞ്ഞിന്‍റെ കൈയില്‍ കിട്ടിയാല്‍ കൈയിലിരിപ്പ് അറിയും. പുതുപ്പള്ളിക്കാര്‍ക്കു മാത്രമാണു കുഞ്ഞൂഞ്ഞ്. മറ്റുള്ളവര്‍ക്ക് ഉമ്മന്‍ ചാണ്ടി.

അഞ്ചാറു വര്‍ഷം മുമ്പത്തെ ഒരു സംഭവമാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി. പുതുപ്പള്ളിയിലെ റബര്‍ ഗവേഷണ കേന്ദ്രത്തിന്‍റെ ജൂബിലി ആഘോഷം. രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മുഖ്യാതിഥി. ഉമ്മന്‍ ചാണ്ടി അധ്യക്ഷന്‍. പരിപാടി കഴിഞ്ഞു ഭക്ഷണവും അവിടെത്തന്നെ ഒരുക്കിയിട്ടുണ്ട്. സ്റ്റേജ് വിട്ടു വരുന്ന കുഞ്ഞൂഞ്ഞിനെ ഒരു പുതുപ്പള്ളിക്കാരന്‍ കൈയോടെ പൊക്കി.

രാഷ്ട്രപതിയെ ഒഴിവാക്കി കുഞ്ഞൂഞ്ഞ് കുറച്ചു നേരം അയാളുടെ കൂടെക്കൂടി. ഭക്ഷണത്തിനിരിക്കാന്‍ തുടങ്ങിയ ഡോ. കലാം, ഉമ്മന്‍ ചാണ്ടിയെ അന്വേഷിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടിയെത്തി. അപ്പോഴും പുതുപ്പള്ളിക്കാരന്‍റെ തോളില്‍ത്തന്നെയായിരുന്നു കുഞ്ഞൂഞ്ഞിന്‍റെ കൈ. വിട്ടുപോകാനൊരു മടി. അകത്തേക്കു കടക്കുന്നതിനു മുമ്പ് എല്ലാം ശരിയാക്കാം എന്ന ഉറപ്പു കേട്ട് അയാള്‍ കണ്ണുതുടച്ചു. അകലെ നിന്നു ഡോ. കലാം ഈ കാഴ്ച കാണുന്നുണ്ടായിരുന്നു.

അടുത്തുവന്ന ഉമ്മന്‍ ചാണ്ടിയോട് അദ്ദേഹം കാര്യം തിരക്കി. പുതുപ്പള്ളി പയ്യപ്പാടിയിലെ രാജു കുറ്റപ്പുറം എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണു കണ്ണു തുടച്ചു മടങ്ങിയത്. അയാളുടെ രണ്ടു മക്കളും തളര്‍വാതം പിടിപെട്ടു കിടപ്പിലാണ്. ഭാര്യയ്ക്കും നല്ല ആരോഗ്യമില്ല. എന്തെങ്കിലുമൊരു സഹായം കിട്ടണം. അതാണ് അയാള്‍ ചോദിച്ചത്.

രാഷ്ട്രപതിയോടു സഹായം ചോദിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കൊരു ചമ്മല്‍. എന്നാല്‍, രാജുവിന്‍റെ കാര്യം പറഞ്ഞപ്പോള്‍ എന്തെങ്കിലും തടഞ്ഞാലും തരക്കേടില്ലെന്നായിരുന്നു മട്ട്. എന്തിനേറെ! റെയ്സിനക്കുന്നില്‍ തിരിച്ചെത്തിയ ഡോ. അബ്ദുള്‍ കലാം ഉമ്മന്‍ ചാണ്ടിക്ക് ഒരു ലക്ഷം രൂപ എത്തിച്ചുകൊടുത്തു, രാജുവിനു കൊടുക്കാന്‍. അതാണ് ഉമ്മന്‍ ചാണ്ടി. അഥവാ, പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്.

പ്രതിപക്ഷനേതാവിന്‍റെ തൊണ്ണൂറ്റൊമ്പതാം നമ്പര്‍ സ്റ്റേറ്റ് കാറിലിരുന്ന് ഇക്കഥ പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മുഖം പെട്ടെന്നു മ്ലാനമായി. അദ്ദേഹം തുടര്‍ന്നു. ആ രാജു പിന്നീടു മരിച്ചു പോയി. പാവപ്പെട്ട ആ കുടുംബത്തിന് ഒരു വീടില്ല. അതുകൂടി തരപ്പെടുത്തണം.

ഒരു ദിവസത്തെ ഓട്ടത്തിന്‍റെ സായാഹ്നത്തില്‍ കാര്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്നു കളമശേരി സഹകരണ മെഡിക്കല്‍ കോളെജിലേക്കുള്ള ഓട്ടത്തിലാണ്. അവിടെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു കിടക്കുന്ന കെഎസ്യു പ്രവര്‍ത്തകരെ കാണണം.

കാര്‍ കളമശേരി പിന്നിട്ട് സീ പോര്‍ട്ട് റോഡിലേക്കു കടന്നു. അപ്പോഴും കുഞ്ഞൂഞ്ഞിന്‍റെ മനസ് പുതുപ്പള്ളിയിലെ നാട്ടുകാര്‍ക്കൊപ്പം.

നാടും നാട്ടുകാരും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നുള്ള ഈ ഇഴചേരലല്ലേ, കഴിഞ്ഞ നാല്പതു വര്‍ഷമായി ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയിലെ അപരാജിതസാമാജികനാക്കിയത്? അതേ. നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി 40 വര്‍ഷം പൂര്‍ത്തിയാക്കുന്നു, ഈ മാസം 17 ന്. എംഎല്‍എ, മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്... ഉമ്മന്‍ ചാണ്ടി അങ്ങനെ ആരൊക്കെയോ ആണ്. പക്ഷേ, പുതുപ്പള്ളിക്കാര്‍ക്കു സ്വന്തം കുഞ്ഞൂഞ്ഞും. കുഞ്ഞൂഞ്ഞിന്‍റെ വീട്ടില്‍, ഓഫീസില്‍, എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍, കാറില്‍ എന്നു വേണ്ട തരം കിട്ടിയാല്‍ ബാത്ത്റൂമില്‍പ്പോലും വലിഞ്ഞു കയറിയെന്നിരിക്കും, അവര്‍. ആള്‍ക്കൂട്ടത്തിലല്ലാതെ അദ്ദേഹത്തെ ഒറ്റയ്ക്കു കിട്ടില്ല, വീട്ടുകാര്‍ക്കുപോലും. അതിലൊന്നും കുഞ്ഞൂഞ്ഞിന് ഒരു പരിഭവവുമില്ല. വീട്ടുകാര്‍ക്കും.

പരിഭവിച്ചിട്ടു കാര്യവുമില്ലെന്ന് അദ്ദേഹം പറയും. പുതുപ്പള്ളിക്കാരെ മൈന്‍ഡ് ചെയ്തില്ലെങ്കില്‍ കുഞ്ഞൂഞ്ഞ് വിവരമറിയും. ഇതാ മറ്റൊരു കഥ.

അന്നു കക്ഷി മുഖ്യമന്ത്രി. കേരളത്തില്‍ എവിടെ ആണെങ്കിലും ശനിയാഴ്ച രാത്രി കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയിലെ വീട്ടിലെത്തും. ഏതു മുതുപാതിരാത്രിക്കു വന്നാലും ഒരു പന്തം കൊളുത്തി പ്രരഖടനത്തിനുള്ള ആളുണ്ടാവും അവിടെ. അന്നത്തെ ശനിയാഴ്ചയും സ്ഥിതി വ്യത്യസ്ഥമല്ല. കൂട്ടത്തിലൊരാള്‍ അല്പം അകലെ മാറി നില്ക്കുന്നത് കുഞ്ഞൂഞ്ഞ് കണ്ടു. വളരെ അടുപ്പക്കാരന്‍. സ്വന്തം നാട്ടുകാരന്‍, പാര്‍ട്ടി പ്രവര്‍ത്തകന്‍.

രാത്രി പത്തു മണിക്കു വന്നതാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അയാളെ ഉമ്മന്‍ ചാണ്ടി വിളിച്ചു. തിരക്കു കഴിഞ്ഞിട്ടു കാണാമെന്നായി സുഹൃത്ത്. ഒടുവില്‍ ആളെല്ലാം തീര്‍ന്നപ്പോള്‍ പുലര്‍ച്ചെ രണ്ടു മണി. സാധാരണ നിന്നു കൊണ്ടാണു വീട്ടിലെത്തുന്നവരോടു സംസാരിക്കാറ്. വേഗത്തില്‍ കാര്യം കഴിയുമെന്നതുതന്നെ കാര്യം. .

അന്ന്, ജനസമ്പര്‍ക്ക പരിപാടിയും കഴിഞ്ഞുള്ള വരവായതിനാല്‍ നല്ല ക്ഷീണം. സുഹൃത്തിന്‍റെ കാര്യം കേള്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി കസേരയിലിരുന്നു. ഇരുന്ന പാടേ, ക്ഷീണംകൊണ്ട് ഒന്നു മയങ്ങിപ്പോയി. പുതുപ്പള്ളിക്കാരനതു സഹിച്ചില്ല. രാത്രി നാലു മണിക്കൂറായി കാത്തുനിന്നതാണു താന്‍. ആളെക്കിട്ടിയപ്പോള്‍ ദേണ്ടിരുന്ന് ഉറങ്ങുന്നു! മുഖ്യമന്ത്രിയാണെന്നൊന്നും ഓര്‍ത്തില്ല. കൈപിടിച്ച് ഒരു പിച്ചു കൊടുത്തു. വേദനകൊണ്ട് കുഞ്ഞൂഞ്ഞ് ഞെട്ടിയുണര്‍ന്നു.

സെക്യൂരിറ്റിക്കാര്‍ കക്ഷിയെ തൂക്കിയെടുത്തു കൈകാര്യം ചെയ്യാന്‍ ഒരുമ്പെട്ടു. ചാടിയെണീറ്റ് കുഞ്ഞൂഞ്ഞ് അവരെ തടഞ്ഞു. തെറ്റു പറ്റിയതു തനിക്കാണെന്നു പറഞ്ഞ് അയാളെ ബെഡ്റൂമിലേക്കു കൂട്ടിക്കൊണ്ടുപോയി. ബാക്കി കാര്യംകൂടി കേട്ടു മടക്കി വിട്ടു. കാറിലിരുന്ന ഉമ്മന്‍ ചാണ്ടി കൈ നീട്ടിക്കാണിച്ചു. ദേണ്ടെ, ഇവിടെ അന്നു ചുവന്നു നീരു വച്ചിരുന്നു. പുതുപ്പള്ളിക്കാര്‍ നുള്ളിയാല്‍ തനിക്കു വേദനിക്കില്ലെന്നൊരു നര്‍മവും.

ഉമ്മന്‍ ചാണ്ടിയുടെ കാറില്‍ കയറാന്‍ പണ്ടൊക്കെ പൂരപ്പറമ്പിലെ തള്ളായിരുന്നു. ഉമ്മന്‍ ചാണ്ടി കഷ്ടിച്ചു കയറിപ്പറ്റിയാല്‍ ഭാഗ്യം. ബാക്കിയൊക്കെ കട്ടപ്പൊഹ! ഒരിക്കല്‍ ഈ തള്ളലില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഔട്ട്. അയാളോടു വേറൊരു വണ്ടിയില്‍ വരാന്‍ ഉമ്മന്‍ ചാണ്ടിയുടെ ഉപദേശം. അതങ്ങു (പുതു)പള്ളിയില്‍ പറഞ്ഞാല്‍ മതിയെന്നു ഗണ്‍മാന്‍. സെക്യൂരിറ്റിക്കാരന്‍ മുഖ്യമന്ത്രിയുടെ ഒപ്പം സഞ്ചരിച്ചില്ലെങ്കില്‍ അയാളുടെ പണി പള്ളിപ്പടിയിലായിലാവും. കക്ഷി കാര്‍ തടഞ്ഞു മുന്നില്‍ നിന്നു. ഒടുവില്‍ ഒരു പുതുപ്പള്ളിക്കാരനെ ഇറക്കി, ഗണ്‍മാന് സൗകര്യം നല്കി. അപ്പോഴും കാറില്‍ ഒരു മണ്ഡലം കമ്മിറ്റിയുടെ അധ്യക്ഷവേദിക്കു പാകത്തിന് ആളുണ്ടായിരുന്നത്രേ. കാറിലിരുന്ന് ഇക്കാര്യം ചോദിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ കമന്‍റ്. ഈ സീറ്റില്‍ ഇപ്പോള്‍ മൂന്നുപേരല്ലേ ഉള്ളൂ. ഒരു രണ്ടു പേരുകൂടി ഉണ്ടായാലും ഇത്തിരി ഞെരുങ്ങുമെന്നേയുള്ളൂ. എല്ലാവരുടെയും അത്യാവശ്യം നടക്കുമല്ലോ.

ഇത് ഇന്നത്തെ ഉമ്മന്‍ ചാണ്ടി. നാല്പതു വര്‍ഷം മുമ്പും സ്വഭാവം ഇങ്ങനെയൊക്കെത്തന്നെ. ആദ്യ തെരഞ്ഞെടുപ്പ് 1970ല്‍. യൂത്ത് കോണ്‍ഗ്രസ് ടിക്കറ്റില്‍ പുതുപ്പള്ളിയില്‍ കന്നിയങ്കം കുറിച്ചപ്പോള്‍ തെരഞ്ഞെടുപ്പു ചെലവിന് “ദമ്പടി’ ഒന്നുമില്ല കൈയില്‍. ഇരുപതിനായിരം രൂപ പാര്‍ട്ടി നല്കി. 1600 രൂപ ബന്ധുക്കളും വീട്ടുകാരും സംഭാവന ചെയ്തു. 900 രൂപ കടം വാങ്ങി. ഈ കടം പിന്നീടു കെപിസിസി പ്രസിഡന്‍റ് കെ.കെ. വിശ്വനാഥന്‍ വീട്ടി. പക്ഷേ, ഒരിക്കലും വീട്ടാന്‍ പറ്റാത്ത ഒരു കടമുണ്ടത്രേ. അന്നുമുതല്‍ ഇന്നുവരെ ഒപ്പം കൂടിയ ജനക്കൂട്ടം. അവരുണ്ടെങ്കില്‍ വേറൊന്നും വേണ്ടെന്ന് ഇന്നും വല്ലാത്തൊരു ആത്മവിശ്വാസം.

1970ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രാ പാസിലായിരുന്നു കണ്ണ്. പാര്‍ട്ടി വളര്‍ത്താന്‍ കേരളമെമ്പാടും ഓടിനടക്കാന്‍ വണ്ടിക്കൂലിയായിരുന്നു തടസം. എംഎല്‍എ ആയതോടെ അതു മാറിക്കിട്ടി. അതിനു മുമ്പൊരിക്കല്‍ പട്ടാമ്പിയില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ കഥ പലരും വായിച്ചിട്ടുണ്ടാവും. തിരിച്ചു പോരാന്‍ നോക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കൈയില്‍ കാലണയില്ല. അടുത്തു കണ്ട കടക്കാരനോടു കാര്യം പറഞ്ഞു. പയ്യന്‍റെ മുഖത്തു കള്ളലക്ഷണമില്ലാത്തതിനാല്‍ കടക്കാരന്‍ കാശു കൊടുത്തു. പിന്നീടൊരിക്കല്‍ ഈ പണവുമായി ഉമ്മന്‍ ചാണ്ടി പട്ടാമ്പിയിലെത്തി. പക്ഷേ, കടക്കാരന്‍ പണം വാങ്ങിയില്ല. അപ്പോഴേക്കും ഉമ്മന്‍ ചാണ്ടിയെ കേരളത്തില്‍ മിക്കവരും തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു.

കരുണാകരന്‍ ഭരിച്ചാലും ആന്‍റണി ഭരിച്ചാലും കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ഫണ്ട് റെയ്സര്‍ ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹം ആരോടു ചോദിച്ചാലും സഹായിക്കും. എന്തെങ്കിലും പ്രത്യുപകാരം പ്രതീക്ഷിച്ചല്ല. ഉമ്മന്‍ ചാണ്ടിയുടെ ആവശ്യങ്ങള്‍ ന്യായമായിരിക്കുമെന്ന് അവര്‍ക്കറിയാം.

എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ 19 വയസുള്ള ഒരു കൗമാരക്കാരനും. ഏതോ എന്‍ജിനീയറിങ് കോളെജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സിനു പഠിക്കുന്നു. അഞ്ചു സഹപാഠികള്‍ വേറെയുമുണ്ടത്രേ. എല്ലാവര്‍ക്കും ഇന്‍റേണ്‍ഷിപ്പ് ചെയ്യണം. അതിനുള്ള സ്ഥാപനം ആളൊന്നുക്ക് പതിനായിരം രൂപ ആവശ്യപ്പെടുന്നു. പാവപ്പെട്ട കുട്ടികളാണ്. എന്തെങ്കിലും ഇളവ് വേണം. അതിനാണ് ഉമ്മന്‍ ചാണ്ടിയെ കാണുന്നത്.

ഇടനിലക്കാരുടെ അകമ്പടിയില്ലാതെയാണ് ഈ യുവാവ് വന്നത്. ഉമ്മന്‍ ചാണ്ടി ഫോണെടുത്തു. സ്ഥാപന മേധാവിയെ നേരിട്ടു വിളിച്ചു. എന്തെങ്കിലും ഇളവ് അനുവദിക്കണമെന്ന് ശുപാര്‍ശ. മറുതലയ്ക്കല്‍ അനുകൂല മറുപടി. യുവാവിന്‍റെ മുഖത്ത് നിര്‍വൃതി.

പ്രതിപക്ഷ നേതാവിന്‍റെ കാറിപ്പോള്‍ ചോറ്റാനിക്കരയും കടന്നു കോട്ടയത്തേക്കു പായുന്നു. മണി രാത്രി എട്ടര കഴിഞ്ഞു. പെഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ജിത്തുവിനോട് ഇനി കയറാനുള്ള വീടുകള്‍ തിരക്കി. തിരുവഞ്ചൂരിലും അയര്‍ക്കുന്നത്തും ഓരോ കല്യാണ വീടുകള്‍. അവിടെത്തന്നെ ഉണ്ണിച്ചേട്ടനെന്ന കോണ്‍ഗ്രസുകാരന്‍ മരിച്ചിട്ടു നാല്പതു ദിവസമായി. ഇതു വരെ വീട്ടിലൊന്നു കയറാന്‍ പറ്റിയില്ല. ആദ്യം അദ്ദേഹത്തിന്‍റെ വീട്ടില്‍ക്കയറണം. ചെങ്ങളത്തുമുണ്ട് കല്യാണവും മരണവും. പാമ്പാടി, തോട്ടയ്ക്കാട്, കൊല്ലാട്, എരമല്ലൂര്‍ എന്നിവിടങ്ങളിലും കല്യാണ വീടുകള്‍, മരണ വീടുകള്‍, മറ്റു വിശേഷങ്ങള്‍...എല്ലായിടത്തും ഒട്ടേറെപ്പേര്‍ കുഞ്ഞൂഞ്ഞിനെ കാത്തിരിക്കുന്നു. കുഞ്ഞൂഞ്ഞ് വന്നാലേ അവര്‍ ഉറങ്ങൂ. അദ്ദേഹം വന്നെങ്കിലേ ചടങ്ങുകള്‍ പൂര്‍ത്തിയാവൂ.

ഈ ഓട്ടത്തിനിടെ വീട്ടിലെ കാര്യങ്ങള്‍ എങ്ങനെ? ഭാര്യ, മക്കള്‍.. അവര്‍ക്ക് പലതും നഷ്ടപ്പെടില്ലേ?

ചോദ്യം കേട്ട് കുറച്ചു നേരം മൗനം. പിന്നെ നേര്‍ത്ത മറുപടി. ഈ മറുപടി ബന്ദിനെ എതിര്‍ക്കുന്നവര്‍ അത്യവശ്യം വായിക്കണം. വല്ലപ്പോഴും ഓര്‍ക്കണം.

ശരിയാണ്. പൊതുപ്രവര്‍ത്തകര്‍ക്കു വീട്ടില്‍ ഒരുപാടു നഷ്ടങ്ങളുണ്ടാകും. പക്ഷേ, അവരുടെ കുടുംബങ്ങള്‍ എല്ലാം അഡ്ജസ്റ്റ് ചെയ്യും. മറിയാമ്മയും മക്കളും അതു ശീലിച്ചിട്ടുണ്ട്. എന്‍റെ മകന്‍ ചാണ്ടി ഉമ്മന്‍ തീരെ കുഞ്ഞായിരിക്കുമ്പോള്‍ എന്‍റടുത്തു വരില്ലായിരുന്നു. അവന് ഞാന്‍ തീര്‍ത്തും അപരിചിതന്‍. അതില്‍ വിഷമം തോന്നിയിട്ടുണ്ട്. ഒരിക്കല്‍ ഒരു ബന്ദ് ദിനത്തില്‍ വീടിനു പുറത്തിറങ്ങിയില്ല. അന്ന് അവനുമായി കൂടുതല്‍ അടുത്തു. ബന്ദ്കൊണ്ട് എനിക്ക് അങ്ങനെ ഒരുപകാരം കിട്ടി.

ഉമ്മന്‍ ചാണ്ടിയുടെ മുഖത്ത് നേര്‍ത്തൊരു മന്ദഹാസം.

ഡാവോസിലെ വീഴ്ചയുടെ വേദന ഇപ്പോഴുമുണ്ട്, സന്ധികളില്‍. വയസ് 67 പിന്നിടുന്നു. എന്നിട്ടും ഉമ്മന്‍ ചാണ്ടിക്കു നില്ക്കാനും ഇരിക്കാനും നേരമില്ല. ഇനിയും കയറാന്‍ വീടുകള്‍ ബാക്കി. കൂവപ്പള്ളിയിലെ ശേഖരച്ചേട്ടന്‍റെ വീട്ടില്‍ കയറണം. നാട്ടുകാരനായ സുരേന്ദ്രനോടു ഫോണില്‍ വഴി തിരക്കി. അയാള്‍ക്കു നല്ല പിടിയില്ല. ജിത്തുവിനും അത്ര പിടിത്തം പോരാ. ഒടുവില്‍ കുഞ്ഞൂഞ്ഞ് തന്നെ വഴി പറഞ്ഞു കൊടുത്തു. പോകുന്ന വഴിക്ക് ഒരു കുരിശടി. അവിടെനിന്ന് ഇടത്തോട്ടു തിരിഞ്ഞു കുറച്ചുകൂടി മുന്നോട്ടു ചെന്ന്...കാര്‍ നാട്ടു വഴിയിലൂടെ ശേഖരച്ചേട്ടന്‍റെ വീട്ടിലേക്ക്...

രാത്രി പന്ത്രണ്ടാകുന്നു. ഇനിയുമുണ്ട് രണ്ടു വീടുകള്‍. ചാന്നാനിക്കാട്ടും, എരമല്ലൂരിലും... നാളെ പുലര്‍ച്ചെ ഏഴിനു മുമ്പ് അവിടെയെത്താമെന്നു ജിത്തുവിനു നിര്‍ദേശം. മറക്കാതിരിക്കാന്‍ ജിത്തു ഡയറിയില്‍ കുറിച്ചിട്ടു. അഥവാ, ജിത്തു മറന്നാലും ഉമ്മന്‍ ചാണ്ടി -അല്ല കുഞ്ഞൂഞ്ഞ്- ഓര്‍ത്തിരിക്കും.

കാറിപ്പോള്‍ കോട്ടയം ഗസ്റ്റ് ഹൗസില്‍. ആരെങ്കിലും പുതുപ്പള്ളിക്കാര്‍ അവിടെയും കാത്തുനില്ക്കുന്നുണ്ടാവും. ഉണ്ടെങ്കില്‍ അവരെയും കണ്ട്, അവരുടെ പരാതിയും കേട്ടിട്ടേ കിടക്കൂ, പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ