പേജുകള്‍‌

2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

finger print sept 27

പിളരാന്‍ വെമ്പിയ പിസിയും
പിരിച്ചു വിടേണ്ട മുന്നണിയും
സി.പി. രാജശേഖരന്‍
കേരള രാഷ്ട്രീയത്തില്‍ കരുത്തു തെളിയിച്ച നേതാവാണു പി.ടി. ചാക്കോ. ചാക്കോയുടെ ചരമ വാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്‍റെ കുഴിമാടം സന്ദര്‍ശിക്കുന്നവരും കോട്ടയത്തെ പ്രതിമയില്‍ മാല ചാര്‍ത്തുന്നവരുമെല്ലാം കേരള കോണ്‍ഗ്രസുകാരാണെങ്കിലും ചാക്കോ ജീവിച്ചതും മരിച്ചതും തനി കോണ്‍ഗ്രസുകാരനായിത്തന്നെയായിരുന്നു. പക്ഷേ, മരിച്ചു കഴിഞ്ഞപ്പോള്‍ കെ.എം ജോര്‍ജും ആര്‍. ബാലകൃഷ്ണ പിള്ളയും മറ്റും ചേര്‍ന്നു കോണ്‍ഗ്രസുകാരനായ ചാക്കോയെ കേരള കോണ്‍ഗ്രസ് ആക്കുകയായിരുന്നു എന്നാണു ചരിത്രം.
ഇന്നു കാണുന്ന സകലമാന കേരള കോണ്‍ഗ്രസുകളും അന്നത്തെ കേരള കോണ്‍ഗ്രസില്‍ നിന്നു സ്ഥാനം മോഹിച്ചു പോയവര്‍ അവരവര്‍ക്കുവേണ്ടി സ്ഥാപിച്ചതാണെന്നാണു സാക്ഷാല്‍ പിള്ളേച്ചന്‍റെ പയ്യാരം. അതവിടെ നില്ക്കട്ടെ. ചാക്കോച്ചനിലേക്കു മടങ്ങാം.
വംശാധിപത്യം തന്നെയാണു കേരള കോണ്‍ഗ്രസ് സ്വത്വവാദത്തിന്‍റെ കേന്ദ്ര ബിന്ദു. സ്വന്തം വംശം നോക്കിനടത്താന്‍ അവകാശികളുള്ളവരുടെ പേരിലെല്ലാം ഒരു കേരള കോണ്‍ഗ്രസ് ഉണ്ടെന്നതാണു സത്യം. അതില്ലാത്തവരും കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയെങ്കിലും നിലനില്ക്കാനാവാതെ പരബ്രഹ്മത്തില്‍ വിലയം പ്രാപിക്കുകയായിരുന്നു. ആര്‍. ബാലകൃഷ്ണ പിള്ള- കെ.ബി. ഗണേശ് കുമാര്‍, കെ.എം. മാണി- ജോസ് കെ. മാണി, ടി.എം. ജേക്കബ്- അനൂപ് ജേക്കബ്...! വംശപ്പകര്‍ച്ച അവിടെത്തീര്‍ന്നു. ഈ ഗണത്തില്‍ ചൂണ്ടിക്കാട്ടാനൊരാളുണ്ടായിരുന്നെങ്കില്‍ പി. ജെ. ജോസഫ് മാണിയുടെ കൂടെ പോകുമായിരുന്നോ? പി.സി. ജോര്‍ജ് സെക്യുലര്‍ പാര്‍ട്ടി കളഞ്ഞുകുളിക്കുമായിരുന്നോ? ലോനപ്പന്‍ നമ്പാടന്‍ സിപിഎമ്മില്‍ വിലയം പ്രാപിക്കുമായിരുന്നോ?
ഏതായാലും കേരള കോണ്‍ഗ്രസിന്‍റെ തലതൊട്ടപ്പന്മാരായ പി.ടി. ചാക്കോയും കെ.എം. ജോര്‍ജും ജീവിച്ചിരിക്കെ ഇരുവര്‍ക്കും ഇതിനു ഭാഗ്യമുണ്ടായില്ല. പക്ഷേ, അവരുടെ വംശവും നിലനില്‍ക്കണമല്ലോ. ഇത്തിരി വൈകിയാണെങ്കിലും ചാക്കോച്ചന്‍റെ മകന്‍ പി.സി. തോമസ് പണി പറ്റിച്ചു. കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി, മാണിയുടെ മാനസപുത്രനും എംപിയുമായിട്ടുണ്ട് തോമസ്. നാല്‍പ്പത്താറു വര്‍ഷം എംഎല്‍എയും എട്ടു തവണ സംസ്ഥാന മന്ത്രിയുമായ മാണിസാറിന്‍റെ മനസില്‍ നിന്നും പിന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്തായ തോമസ് സ്വന്തമായി ഒരു പാര്‍ട്ടിതന്നെ ഉണ്ടാക്കി. അതും കേരളത്തില്‍ മാത്രം ഒതുങ്ങുന്ന തുക്കടാ കേരള കോണ്‍ഗ്രസല്ല, ഇന്ത്യാമഹാരാജ്യം മുഴുവന്‍ അംഗബലവും ആള്‍ശേഷിയുമുള്ള ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് എന്ന വമ്പന്‍ പാര്‍ട്ടി.
ഈ പാര്‍ട്ടിയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില എംപിമാരെക്കൂടി തോമസ് ചാക്കിട്ടു പിടിച്ചെങ്കിലും കേന്ദ്രത്തില്‍ മന്ത്രിയാകാനുള്ള യോഗം തോമാച്ചനായിരുന്നു. (അതായിരുന്നു ഉദ്ദേശ്യവും). തറവാട്ടില്‍പ്പിറന്ന നല്ലൊന്നാന്തരം സത്യക്രിസ്ത്യാനികള്‍ ധാരാളമുള്ള മൂവാറ്റുപുഴ മണ്ഡലത്തില്‍ ബിജെപി സഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയായി മത്സരിച്ചു സാക്ഷാല്‍ കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണിയെ മൂന്നാം സ്ഥാനത്തേക്ക് അട്ടിമറിച്ചിട്ട് ശക്തി തെളിയിച്ചിട്ടുണ്ട്, പുള്ളോലില്‍ ചാക്കോ മകന്‍ തോമസ്.
ഒടുവില്‍ മാണിയെപ്പോല ബിജെപിയും തോമസിനെ കൈവിട്ടുകളഞ്ഞു. അങ്ങനെ അദ്ദേഹം എത്തിപ്പെട്ടതു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍. അവിടാകട്ടെ ഒരു പഞ്ചായത്ത് വാര്‍ഡില്‍പ്പോലും മത്സരിക്കാന്‍ സംസ്ഥാന കമ്മിറ്റി നേതാക്കള്‍ തക്കം പാര്‍ത്തിരിക്കുന്നു. പിന്നല്ലേ, തോമസിന്‍റെ പാര്‍ലമെന്‍ററി വ്യാമോഹം. ഇടതുമുന്നണിയില്‍ ഉറച്ചു നിന്നാല്‍ത്തന്നെ കിട്ടാവുന്നതു പരമാവധി ഒരു പാര്‍ലമെന്‍റ് സീറ്റ്. ചാക്കോച്ചന്‍റെ മകനെക്കാള്‍ ജോസഫിനു പഥ്യം കെ.എം. ജോര്‍ജിന്‍റെ മകനെ. ഇടുക്കി പാര്‍ലമെന്‍റ് സീറ്റ് അനുവദിച്ചു കിട്ടിയാല്‍ അവിടെ ഫ്രാന്‍സിസ് ജോര്‍ജ് തന്നെ സ്ഥാനാര്‍ഥി. പോരാത്തതിനു തോമസിന്‍റെ പഴയ മൂവാറ്റുപുഴ മണ്ഡലം അനന്തതയില്‍ വിലയം പ്രാപിക്കുകയും ചെയ്തു.
നിയമസഭയിലേക്കു തനിക്കു മത്സരിക്കാന്‍ ഒരാളും സീറ്റ് വിട്ടുകൊടുക്കില്ലെന്നു മനസിലാക്കിത്തന്നെയാണു ജോസഫ് ഗ്രൂപ്പില്‍ വിമതന്‍റെ ഭാഷയില്‍ തോമാച്ചന്‍ സംസാരിച്ചത്. അതിപ്പോള്‍ ഓണം ബംപര്‍ ലോട്ടറിയെക്കാള്‍ വലിയ നേട്ടമുണ്ടാക്കിക്കൊടുക്കുമെന്നു സ്വപ്നേപി കരുതിയതുമില്ല, പാവം. രാഷ്ട്രീയം വിട്ട് ഏതാനും നിയമപുസ്തകങ്ങളും വക്കീല്‍ക്കോട്ടും വാങ്ങി ഹൈക്കോടതിയില്‍ ചില റബര്‍ കേസുകളുമായി കഴിഞ്ഞുകൂടിയ തോമസിനിപ്പോള്‍ സ്വന്തമായൊരു പാര്‍ട്ടിയുണ്ട്. ആ പാര്‍ട്ടിക്കൊരു മന്ത്രിയുണ്ട്. ബോര്‍ഡുണ്ട്, കോര്‍പ്പറേഷനുകളുണ്ട്, പിഎസ്സിയില്‍പ്പോലും അംഗബലമുണ്ട്. പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ മനം നിറഞ്ഞു മത്സരിക്കാന്‍ സീറ്റുണ്ട്. ഇനി അഥവാ ഇത്തിരി കുറഞ്ഞുപോയാല്‍ത്തന്നെ, ചോദിക്കാനും പറയാനും ഒരു മുന്നണിയുണ്ട്. പാവം പി.ജെ. ജോസഫിന് ഇതു വല്ലതുമുണ്ടോ? അതാണ് അനുഭവഗുണം.
ജോസഫ് ഗ്രൂപ്പ് ഇടതു മുന്നണി വിട്ടപ്പോള്‍ തോമസ് അവിടെത്തന്നെ ഉറച്ചു നിന്നു എന്നാണു വയ്പ്പ്. ഇനി ജോസഫിന്‍റെ കൂടെ തോമസും വിട്ടുചെന്നിരുന്നു എന്നു വയ്ക്കുക. പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാടിന്‍റെ നാലയലത്തു കയറ്റുമായിരുന്നോ? എന്താണുറപ്പ്? രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാലെന്നു പറഞ്ഞാല്‍ മതിയല്ലോ. തോമസിനൊപ്പം ഉറച്ചു നിന്നവരില്‍ ജോസഫിന്‍റെ ആള്‍ക്കാര്‍ നന്നേ കുറവ്. നിന്നവരെല്ലാം പഴയ ഐഎഫിഡിപി പടക്കുതിരകള്‍.
ചുരുക്കത്തില്‍ ഈ കളംമാറ്റത്തില്‍ പി.സി. തോമസിനു കിട്ടയതു സ്വന്തം പിതാവ് കാരണക്കാരനായി രൂപീകൃതമായ കേരള കോണ്‍ഗ്രസില്‍ തന്‍റെ പേരിലും ഒരു കഷണം. അതാണു തലേവരയെന്നു പറയുന്നത്. ദൈവം വരച്ച ഈ വര മായിക്കാന്‍ പഴയ സുഹൃത്ത് ജോര്‍ജ് സെബാസ്റ്റ്യന്‍ തുനിഞ്ഞിറങ്ങിയതാണു തോമസ് കേരള കോണ്‍ഗ്രസിലെ ഒടുവിലത്തെ സംഭവവികാസം. എന്നാല്‍ ജോര്‍ജ് വിചാരിച്ചാല്‍ അത്ര പെട്ടെന്നങ്ങു മായുന്നതല്ല തോമസിന്‍റെ വര.
പി.സി. തോമസ് പാര്‍ട്ടിയില്‍ തന്നിഷ്ടമാണു നടപ്പാക്കുന്നതെന്ന ആക്ഷേപം ജോര്‍ജ് സെബാസ്റ്റ്യനു മാത്രമല്ല, മന്ത്രി വി. സുരേന്ദ്രന്‍ പിള്ളയ്ക്കുമുണ്ടുപോലും. തോമാച്ചന്‍റെ പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ പ്രവേശനം ലഭിക്കുകയും സുരേന്ദ്രന്‍ പിള്ള മന്ത്രിയാവുകയും ചെയ്യുന്നതുവരെ വലിയ അപശബ്ദങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ കഷ്ടിച്ച് ഒരാഴ്ച്ചയ്ക്കുള്ളില്‍ ചിത്രം മാറി.
പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്‍റ് പ്രൊഫ. ഗ്രേസമ്മ മാത്യുവിനെ പിഎസ്്സി മെംബര്‍ ആക്കിയതോടെ മുറുമുറുപ്പു പുറത്തു കേട്ടു തുടങ്ങി. പത്തു വര്‍ഷം മുമ്പു വരെ ചുരിദാര്‍ ധരിച്ചു നടന്ന ഗ്രേസമ്മയെക്കാള്‍ സീനിയോരിറ്റിയുള്ള പലരും പാര്‍ട്ടിയിലുണ്ടെന്നിരിക്കെ, പിഎസ്സി നിയമനം അനീതിയാണെന്നായിരുന്നു അശരീരി. പിന്നെപ്പിന്നെ ശബ്ദം പുറത്തേക്കു വമിക്കാന്‍ തുടങ്ങി. ഈ നിയമനം തന്‍റെ അറിവോടെയല്ലെന്നായി ഏക സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റ്യന്‍. എങ്കില്‍ താനും കളിക്കാം ഒരു കളിയെന്നു ജോര്‍ജും നിനച്ചു.
അങ്ങനെ ഷാജി കണമല കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്‍റായി, ജോണ്‍ ചെമ്പേരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും. ജോര്‍ജ് സെബാസ്റ്റ്യന്‍ നടത്തിയ ഈ രണ്ടു നിയമനങ്ങളും താനറിഞ്ഞില്ലെന്നു പി.സി. തോമസ്. അതോടെ പാര്‍ട്ടി സെക്രട്ടറി ജനറല്‍ കളത്തിനു പുറത്ത്. തന്നെ പുറത്തിറക്കി അങ്ങനെ തോമാച്ചന്‍ അകത്തിരിക്കേണ്ടെന്നു ജോര്‍ജ്. അങ്ങനെ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ടുണ്ടാകുന്ന പിളര്‍പ്പ് എന്ന നേട്ടത്തിനു തൊട്ടടുത്തെത്തി, കേരള കോണ്‍ഗ്രസ് ചരിതം.
അപ്പോഴുണ്ട്, ശകുനം മുടക്കി ഇടതു കണ്‍വീനര്‍ വൈക്കം വിശ്വന്‍റെ ഇടപെടല്‍. തോമാച്ചന്‍റേം ജോര്‍ജിന്‍റേം ആള്‍ബലം നോക്കിയല്ല ഇടതുമുന്നണിയില്‍ എടുത്തതത്രേ. കത്തോലിക്കാ സഭയുമായുമായി എല്‍ഡിഎഫ് അത്ര നല്ല ലോഹ്യത്തിലായ സ്ഥിതിക്കു പേരിന് ഒരാളെങ്കിലും കൂട്ടത്തിലിരിക്കട്ടെയെന്നു കരുതിയത്, അധികം കളിച്ചാല്‍ വേണ്ടെന്നു വയ്ക്കുമെന്നായിരുന്നു ഭീഷണി. ഇനിയും വഴക്കും വയ്യാവേലിയും കാട്ടി പിളരാനും തളരാനും പോയാല്‍ രണ്ടിനേം പടിക്കു പുറത്താക്കുമെന്നു വിശ്വന്‍ സഖാവ് തുറന്നങ്ങു പറഞ്ഞു. അതോടെ, തോമാച്ചനും സംഘവും ഒന്നടങ്ങി. ഇല്ലായിരുന്നെങ്കില്‍ ഗ്രേസമ്മയുടെ പിഎസ്സി അംഗത്വം മാത്രമല്ല, സുരേന്ദ്രന്‍ പിള്ളയുടെ മന്ത്രിസ്ഥാനവും ഇപ്പോള്‍ പരണത്തായേനെ.
** **

യുഡിഎഫ് എന്നു കേള്‍ക്കുന്നതേ ഇ. പി. ജയരാജനു കലിയാണ്. അതുകൊണ്ടാണ് അത് ഉടന്‍ പിരിച്ചുവിടണമെന്ന് അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. അങ്ങനെ ഒരു സംവിധാനം ഇല്ലായിരുന്നെങ്കില്‍ എന്തൊക്കെ സൗകര്യങ്ങള്‍ കിട്ടുമായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് ആരെയും പേടിക്കാതിരിക്കാമായിരുന്നു. പാപ്പിനിശേരി കണ്ടല്‍ പാര്‍ക്കിന്‍റെ പേരില്‍ ഒരിണ്ടലുമുണ്ടാകില്ലായിരുന്നു. സ്വന്തനാട്ടിലോ അന്യനാട്ടിലോ വല്ല ലോട്ടറി ടിക്കറ്റും വിറ്റ് സുഖമായി ജീവിക്കാമായിരുന്നു. കെ. സുധാകരന്‍ എന്നൊരു പേരേ പേടിക്കണ്ടായിരുന്നു.
ചുരുക്കത്തില്‍ യുഡിഎഫ് എന്ന ഏര്‍പ്പാടുകൊണ്ട് പുലിവാലല്ലാതെ വേറൊന്നും പിടിച്ചിട്ടില്ല. ഇനി ആര്‍ക്കെങ്കിലും ഒരു മുന്നണിയോ സഖ്യമോ വേണമെങ്കില്‍ത്തന്നെ, എല്‍ഡിഎഫ് എന്നൊരെണ്ണം ഇവിടെ പനപോലെ വളര്‍ന്നു നില്‍പ്പുണ്ടല്ലോ. യുഡിഎഫ് പിരിച്ചുവിട്ടാലും തല്‍ക്കാലം ഈ സഖ്യം പിരിച്ചുവിടില്ല. ആരോക്കെ പോയാലും എല്‍ഡിഎഫ് അങ്ങനെതന്നെ തുടരും.
ഒരു ജനതാദള്‍ പോയാല്‍ വേറൊരു ദളം. ഒരു കേരള കോണ്‍ഗ്രസ് പോയാല്‍ അതിന്‍റെ തന്നെ വേറൊരു കഷണം. ഒരു എന്‍സിപി പോയാല്‍ വേറൊരെണ്ണം. ഒരു കോണ്‍ഗ്രസ് എസ് പോയാല്‍ മറ്റൊന്നു വേറെ. ബേബി ജോണിന്‍റെ ആര്‍എസ്പി പോയാല്‍ ചന്ദ്രചൂഡന്‍ മാഷുടെ ആര്‍എസ്പി. പിഎംഎ സലാമിന്‍റെ ഐഎന്‍എല്‍ പോയാല്‍ അബ്ദുള്‍ അസീസിന്‍റെ ഐഎന്‍എല്‍ സെക്യുലര്‍. ഇനി അച്യൂതാനന്ദനോ വെളിയത്താശാനോ ഒന്നു പോയി നോക്കട്ടെ, അവരുടെ ഒരു ഭാഗവും കാണും ഇടതുമുന്നണിയില്‍.
യുഡിഎഫില്‍ നിന്ന് ആരെങ്കിലും- വല്ല മാണിയോ, ഗൗരിയമ്മയോ- ഇറങ്ങിവന്നാലും അവര്‍ക്കിരിക്കാനും വേണമല്ലോ ഒരിരിപ്പിടം. അതുകൊണ്ടാവണം യുഡിഎഫ് പിരിച്ചുവടണമെന്നും എല്‍ഡിഎഫ് അങ്ങനെതന്നെ നിലനിര്‍ത്തണമെന്നും ജയരാജന്‍ സഖാവ് ഉപദേശിക്കുന്നത്.
മെട്രോ വാര്‍ത്ത 2010 സെപറ്റ്. 27

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ