പേജുകള്‍‌

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

finger print

വിലയ്ക്ക്  വാങ്ങിയ വിന
സി.പി. രാജശേഖരന്‍

വിലയ്ക്കു വാങ്ങാം സ്നേഹം..വിലയ്ക്കു വാങ്ങാം പ്രേമം...
വിലയ്ക്കു വാങ്ങാം മാതാപിതാക്കളെ,
വിലയ്ക്കു വാങ്ങാം കാമുകിയെ..!
വിഖ്യാത കഥാപ്രസംഗകന്‍ വി. സാംബശിവന്‍റെ വിലയ്ക്കു വാങ്ങാം എന്ന കഥയിലെ അവതരണ ഗാനത്തിന്‍റെ ഈരടികളാണിത്. ഇതൊന്നുമല്ലാതെ പണം കൊടുത്താല്‍ അങ്ങാടിയില്‍ വേറെയും കിട്ടും ഒരുപാടു സാധനങ്ങള്‍. എന്നാല്‍ ഒരങ്ങാടിയിലും ഇന്നോളം കിട്ടാതിരുന്ന ഒന്നാന്തരം ഒരു സാധനം ഇപ്പോള്‍ വാങ്ങാന്‍ കിട്ടുമെന്നാണു ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ വെളിപ്പെടുത്തല്‍. ഒരു ഔദ്യോഗിക വക്താവിനെ.
ഔദ്യോഗിക വക്താവ് എന്നു വച്ചാല്‍ ഏതെങ്കിലും പ്രസ്ഥാനത്തിന്‍റെയോ സംഘടനയുടെയോ സ്ഥാപനത്തിന്‍റെയോ നിലപാടുകള്‍ വ്യക്തമായി പറഞ്ഞു ബോധ്യപ്പെടുത്താന്‍ ചുമതലപ്പെട്ടയാള്‍ എന്നര്‍ഥം. ഈ അര്‍ഥത്തില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സംഘടനയുടെ ഔദ്യോഗിക നിലപാടുകള്‍ ഔദ്യോഗികമായി വെളിപ്പെടുത്താന്‍ ഭരമേല്പിക്കപ്പെട്ടയാളാണ് അഡ്വ. മനു അഭിഷേക് സിങ്വി. ഈ ചുതമലയുള്ളതുകൊണ്ടാണു പാര്‍ട്ടി അദ്ദേഹത്തെ പാര്‍ലമെന്‍റ് അംഗമാക്കിയത്. അതായതു സിങ്വിയെ കോണ്‍ഗ്രസ് വക്താവാക്കിയതിനു പൊതുഖജനാവില്‍ നിന്നും മാസാമാസം ഒന്നര ലക്ഷം രൂപയെങ്കിലും ചെലവാക്കണം. അതു കോണ്‍ഗ്രസിന്‍റെ കാര്യം.
ഈ നക്കാപ്പിച്ച കാശുകൊണ്ടൊന്നും സിങ്വിയെപ്പോലൊരാള്‍ക്ക് ഇക്കാലത്തു നേരേചൊവ്വേ ജീവിക്കാന്‍ കഴിയില്ല. പാര്‍ട്ടി പറഞ്ഞും രാഷ്ട്രീയം കളിച്ചും നടന്നാല്‍ വീട്ടിലെ അടുപ്പില്‍ തീ പുകയില്ല. പിന്നെ അറിയാവുന്ന ഒരു തൊഴിലുണ്ട്, വക്കീല്‍പ്പണി. സുപ്രീം കോടതിയില്‍ ഒരു സിറ്റിങ്ങിനു തന്നെ കിട്ടും രണ്ടും മൂന്നും ലക്ഷം. ഈ തുക വേണ്ടെന്നു വച്ചു പാര്‍ട്ടി കളിച്ചു നടക്കണമെന്നു പറഞ്ഞാല്‍ സിങ്വിക്കു ചിരി വരും. അതുകൊണ്ടാണു കെപിസിസി പ്രസിഡന്‍റ് കാര്യങ്ങള്‍ വ്യക്തമായി മനസിക്കുന്നില്ലെന്ന് അദ്ദേഹം പഴിക്കുന്നത്.
ഭോപ്പാല്‍ ദുരന്തത്തിന് ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡിന്‍റെ സഹോദര സ്ഥാപനമായ ഡൗ കെമിക്കല്‍സിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതിക്കുള്ള നിയമപരിരക്ഷ നേടിക്കൊടുത്തതും ഇതേ സിങ്്വി തന്നെ. യൂണിയന്‍ കാര്‍ബൈഡിനു വേണ്ടിയായാലും ലോട്ടറി ഫെയിം ഭൂട്ടാനുവേണ്ടിയായാലും സിങ്വി കോട്ടിട്ടു കോടതി കയറും. അതിനി സാന്‍റിയാഗോ മാര്‍ട്ടിനുവേണ്ടിയായാലും മറിച്ചു ചിന്തിക്കേണ്ടതില്ല. പാര്‍ട്ടി ഓഫീസില്‍ പാര്‍ട്ടി വക്താവ്, കോടതിയില്‍ കക്ഷിയുടെ വക്താവ്. അതാണു സ്റ്റൈല്‍. ഇതൊന്നും നല്ലോണം പഠിക്കാതെയാണു തോമസ് ഐസക്ക് മന്ത്രിയും മറ്റും വാളെടുക്കുന്നത്.
ഇനി ചെന്നിത്തലക്കൊച്ചനും ഓസിയും ഹാലിളകുന്നതിലൊന്നും വലിയ കാര്യമില്ല. എല്ലാ കാര്യങ്ങളും എല്ലാവരോടും വിസ്തരിച്ചിട്ട് എന്തെങ്കിലും നടക്കുമോ? അഭിഷേക് സിങ്്വി കെപിസിസി വക്താവല്ല, എഐസിസി വക്താവാണ്. രമേശിനോടല്ല, സോണിയാ ഗാന്ധിയോടാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കേണ്ടത്. അതുകൊണ്ടാണു ന്യൂഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നിട്ടും രമേശിനോട് എവിടെ, എന്തിനു പോകുകയാണെന്നു പറയാതിരുന്നത്.
എന്നാല്‍ അടുത്തിരുന്ന ചീഫ് ജസ്റ്റിസ് ബഞ്ചമിന്‍ കോശിയോടു താന്‍ കേരളത്തിലേക്കാണെന്നും ലോട്ടറി കേസില്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനു വേണ്ടി വാദിക്കാന്‍ പോകുകയാണെന്നും പറഞ്ഞതു പാര്‍ട്ടിക്കാരനല്ലാത്തതു കൊണ്ടു മാത്രം. ജസ്റ്റിസ് ബഞ്ചമിന്‍ കോശിയോട് സിങ്്വി ഇക്കാര്യം പറഞ്ഞതു താന്‍ ഒളിഞ്ഞു കേട്ടെന്നായിരുന്നു പി.ടി. തോമസിന്‍റെ ആദ്യ മൊഴി. ഒളിഞ്ഞു നോക്കുന്നതുപോലെ തന്നെ ഒളിഞ്ഞു കേള്‍ക്കുന്നതും നിയമവിരുദ്ധമാണെന്ന് അറിയാത്ത ആളല്ല തോമസ്. പാര്‍ട്ടി എംപിയല്ലെ? മേലില്‍ ആവര്‍ത്തിക്കരുതെന്നു താക്കീതു നല്കി തല്‍ക്കാലം വെറുതേ വിട്ടു. ഭീഷണി ഏറ്റു. ഒളിഞ്ഞു കേട്ടതല്ല, നേരത്തേതന്നെ താനിക്കാര്യം അറിഞ്ഞിരുന്നു എന്നാണു തോമസ് ഇപ്പോള്‍ പറയുന്നത്.
ഇതിലൊന്നുമല്ല, ഇപ്പോള്‍ മാലോകര്‍ക്കു കൗതുകം. ആരു പറയുന്നതാണു സത്യം? ആരെ വിശ്വസിക്കും? ഒരെത്തും പിടിയും കിട്ടുന്നില്ല.
സിങ്വിയില്‍ത്തന്നെ തുടങ്ങാം. കേന്ദ്ര നിയമത്തിനെതിരേയല്ല, ഭൂട്ടാന്‍ സര്‍ക്കാരിനു വേണ്ടിയാണു താന്‍ വാദിക്കുന്നതെന്നായിരുന്നു അദ്ദേഹം കൊച്ചിയില്‍ ബുധനാഴ്ച വ്യക്തമാക്കിയത്. എന്നാല്‍ ലോട്ടറി കേസ് വാദിക്കാന്‍ ഇന്ത്യയിലെ അഭിഭാഷകനെ ചുമതലപ്പെടുത്തണമെങ്കില്‍ ഭൂട്ടാന്‍ വിദേശ മന്ത്രാലയത്തിന്‍റെയോ ഭൂട്ടാന്‍ എംബസിയുടെയോ അനുമതി വേണം. അതുണ്ടായിട്ടില്ലെന്നു ഭൂട്ടാന്‍ എംബസി അധികൃതരുടെ വെളിപ്പെടുത്തല്‍.
മാര്‍ട്ടിന്‍ ലോട്ടറി ഏജിന്‍സി സിഇഒ ഡമിജയുടെ വെളിപ്പെടുത്തല്‍ മറ്റൊന്ന്. ലോട്ടറി കേസിന്‍റെ വക്കാലത്ത് ഇന്ത്യന്‍ അഭിഭാഷകനെ ഏല്പിക്കാനുള്ള ചുമതല ഭൂട്ടാന്‍ സര്‍ക്കാര്‍ ഏജന്‍സിയെ ആണു ഏല്പിച്ചത്. അവരാണ് സിങ്്വിക്കു കേസ് നല്കിയത്. സിങ്്വി താമസിച്ചിരുന്ന കൊച്ചിയിലെ ഹോട്ടല്‍ ബില്‍ അടച്ചത് ഈ ഏജന്‍സി ആണെന്നാണു പപ്പരാസികളുടെ കണ്ടെത്തല്‍.
സംശയം: എങ്കില്‍പ്പിന്നെ മാര്‍ട്ടിന്‍റെ ഏജന്‍സിക്കുവേണ്ടിയാണ് താന്‍ ഹാജരായതെന്നു സിങ്വിക്ക് തുറന്നങ്ങു പറയരുതോ?
മാര്‍ട്ടിനുവേണ്ടി സിങ്വി ഹാജരാകുന്ന കാര്യം താനറിഞ്ഞില്ലെന്നു രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ നിന്നു പുറപ്പെടും മുന്‍പുതന്നെ തനിക്ക് അതേക്കുറിച്ചു വിവരമുണ്ടായിരുന്നു എന്നും അക്കാര്യം രമേശിനെയും ഉമ്മന്‍ ചാണ്ടിയെയും അറിയിച്ചിരുന്നു എന്നും പി.ടി. തോമസ്. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ശേഷവും തന്‍റെ അറിവുകേട് രമേശ് ആവര്‍ത്തിച്ചു. അദ്ദേഹം അങ്ങനെ പറയാന്‍ സാധ്യതയില്ലെന്നു തോമസ് തൊടുപുഴയില്‍ പ്രതികരിച്ചു. ഇവരില്‍ ആരു പറയുന്നതാണു യഥാര്‍ഥത്തില്‍ ശരി?
മേഘയ്ക്കു വേണ്ടി കേസ് വാദിക്കാനാണു സിങ്വിയുടെ വരവെന്നു മനസിലാക്കിയ താന്‍ അദ്ദേഹത്തെ അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എന്നു പറയുന്ന തോമസ്, എന്തുകൊണ്ട് ഇക്കാര്യത്തില്‍ കെപിസിസിയെ സമ്മര്‍ദത്തിലാക്കിയില്ല? ചോദ്യങ്ങള്‍ ഇനിയുമുണ്ട്.
കോടിയേരി ബാലകൃഷ്ണന്‍റെ ചോദ്യങ്ങളും ഏറെ പ്രസക്തം. ലോട്ടറി മാഫിയയ്ക്കു വേണ്ടി നിയമയുദ്ധം നടത്താന്‍ സഹായിക്കുന്നതു കോണ്‍ഗ്രസ് അല്ലേ? ആഭ്യന്തര മന്ത്രി പളനിയപ്പന്‍ ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരം നടത്തിയ വാദമുഖങ്ങള്‍ക്ക് അനുകൂലമായ നിയമനിര്‍മാണങ്ങളല്ലേ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്? ലോട്ടറി മാഫിയയ്ക്ക് എതിരാണു കോണ്‍ഗ്രസ് എങ്കില്‍, അഭിഷേക് സിങ്്വിയെ പാര്‍ട്ടി വക്താവ് സ്ഥാനത്തു നിന്നു നീക്കം ചെയ്യുമോ?
കോടിയേരി തന്നെ ഉത്തരവും നല്കുന്നു.
ഒന്നും നടക്കില്ല; കാരണം, സിങ്്വി വന്നതു ഹൈക്കമാന്‍ഡിന്‍റെ അറിവോടെതന്നെ. ഒരു പക്ഷേ, നാളെ സിങ്വി തന്നെ ഹൈക്കമാന്‍ഡ് ആകുമെന്നും സാന്‍ഡിയാഗോ മാര്‍ട്ടിന്‍ കെപിസിസി പ്രസിഡന്‍റ് ആകുമെന്നും കോടിയേരിക്ക് ഉറപ്പ്.
ചോദ്യോത്തരങ്ങളില്‍ നിന്ന് ഇനിപ്പറയുന്ന നിഗമനങ്ങളിലെത്താം.
1. ലോട്ടറി കച്ചവടത്തിനു കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും എതിരല്ല. സംസ്ഥാനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്ക് നിരോധിക്കാം. പാര്‍ട്ടി സംസ്ഥാന ഘടകങ്ങള്‍ക്കും ആകാം.
2. ലോട്ടറി കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ വ്യക്തിപരമായി വലിച്ചിഴയ്ക്കുന്നതിനോടു കോണ്‍ഗ്രസിനു യോജിപ്പില്ല. നളിനിയും സിങ്വിയും കോടതിയില്‍ ഹാജരാകുന്നത് അവരുടെ വ്യക്തിപരമായ കാര്യം. അതില്‍ ഇടപെടില്ല.
3.തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കഴിയുന്നതുവരെ കേന്ദ്രം തല്ക്കാലം മിണ്ടാതിരിക്കും. അതുകഴിഞ്ഞാല്‍ പറയേണ്ടതു പറയും. ലോട്ടറിക്കാര്യം തല്ക്കാലം തെരഞ്ഞെടുപ്പ് ഇഷ്യു ആക്കരുത്.
ഗുണപാഠം: നിയമസഭയിലും പുറത്തും ലോട്ടറി വിവാദം മനഃപാഠമാക്കി നടന്ന വി.ഡി. സതീശന്‍റെ കാര്യം? വേണ്ടത്ര ആലോചനയില്ലാതെ വേണ്ടാത്തിടത്തു തല കൊണ്ടു വയ്ക്കരുത്. വച്ചാല്‍ ഇതല്ല, ഇതിനപ്പുറവും സംഭവിക്കും. ജാഗ്രതൈ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ