പേജുകള്‍‌

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

finger print

പോലിസ് പിടിച്ച പുലി വാല്‍ 

കേട്ടുകഥയാണ്. തെറ്റാനുള്ള ഒരു സാധ്യതയുമില്ല. കുറേക്കാലം മുന്‍പ് ഒരു ക്യാംപസില്‍ രണ്ടു വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ പൊരിഞ്ഞ അടി. രണ്ടിലൊരെണ്ണം തീരുമെന്ന ഘട്ടമെത്തിയപ്പോള്‍ ആരോ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് പാഞ്ഞെത്തി. അപ്പോഴേക്കും അടി കൊണ്ടവരും കൊടുത്തവരുമൊക്കെ സ്ഥലംവിട്ടിരുന്നു. അടി കാണാന്‍ നിന്നവരും ചില അധ്യാപകരും മാത്രമായിരുന്നു ക്യാംപസില്‍ ബാക്കി.
കട്ടവനെ കിട്ടണമെന്ന് ഒരു നിര്‍ബന്ധവുമില്ലാത്ത വര്‍ഗമാണു പോലീസ്. അവര്‍ക്ക് ആരെയങ്കിലും കിട്ടിയാല്‍ മതി. അങ്ങനെ ക്യാംപസില്‍ നിന്ന നിരപരാധികള്‍ക്കു പലര്‍ക്കും പൊലീസിന്‍റെ തല്ലു കൊണ്ടു. ബഹളം കേട്ടു പ്രിന്‍സിപ്പാള്‍ പുറത്തേക്കിറങ്ങിവന്നു. ലാത്തിയും പുളിച്ച തെറിയുമായി പൊലീസ് പ്രിന്‍സിപ്പാളിന്‍റെ നേര്‍ക്കു പാഞ്ഞടുത്തു. “ഞാനിവിടുത്തെ പ്രിന്‍സിപ്പാളാണ്. എന്നെ തല്ലരുത്’’- അദ്ദേഹം വിളിച്ചു പറഞ്ഞു. പ്രിന്‍സിപ്പാളിനെന്താടാ കോളെജില്‍ കാര്യമെന്നായി പൊലീസ്. ഏതായാലും പ്രിന്‍സിപ്പാളിനും കിട്ടി കണക്കിനെന്നാണു കഥാന്ത്യം.
പത്തിരുപതു വര്‍ഷം മുന്‍പു വരെ ഏതു കോളെജിലും പൊലീസിനു നിര്‍ബാധം കടന്നു ചെല്ലാമായിരുന്നു. അങ്ങനെ കടന്നുകയറി അതിക്രമം കാണിച്ചപ്പോള്‍ പുതിയ നിയമം വന്നു. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ മേധാവിയുടെ അനുവാദം കൂടാതെ പൊലീസ് ക്യാംപസുകളില്‍ പ്രവേശിക്കരുത്. ഇന്നും സംസ്ഥാനത്തെ ക്യാംപസുകള്‍ക്ക് ഈ നിയമ സംരക്ഷണമുണ്ട്.
അതിന്‍റെ മറവിലാണു 2007 ഒക്റ്റോബര്‍ 26 നു ചങ്ങനാശേരി എന്‍എസ്എസ് കോളെജ് പരിസരത്ത് എം.സി. ഏലിയാസ് എന്ന അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്റ്റര്‍ ദാരുണമായി മരണമടഞ്ഞതും. കോളെജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിന്‍റെ ഇരയാണ് ഏലിയാസ്. എഎസ്ഐയെ ആരോ എറിഞ്ഞു വീഴ്ത്തുകയായിരുന്നു എന്നായിരുന്നു കേസ്. അക്രിമികള്‍ മതിലു ചാടി ക്യാംപസ് വഴി രക്ഷപ്പെട്ടു എന്നും ക്യാംപസിനുള്ളില്‍ തങ്ങള്‍ക്കു പിന്തുടരാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
പ്രതികളെന്ന പേരില്‍ പൊലീസ് ആരെയൊക്കെയോ പിടികൂടി. ഇവരെ നിയമത്തിന്‍റെ മുന്നില്‍ ഹാജരാക്കിയെന്നതും ചരിത്രം. എന്നാല്‍ ഏലിയാസിന്‍റെ മരണകാരണം ഹൃദയാഘാതമാണെന്നും പിടിക്കപ്പെട്ടവര്‍ യഥാര്‍ഥ കുറ്റവാളികളില്ലെന്നും അതേ പൊലീസ് തന്നെ പിന്നീടു കണ്ടെത്തി. ഈ കേസില്‍ മൊഴി മാറ്റിപ്പറഞ്ഞു എന്നാരോപിച്ച് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ നിയമനടപടി   പോലും നേരിടുന്നു. ഇതാണു ശരാശരി പൊലീസിന്‍റെ വിശ്വാസ്യത.
ഇത്തരത്തില്‍ ഒട്ടേറെ പൊലീസ് സ്റ്റോറികള്‍ നമ്മുടെ ക്യാംപസുകളില്‍ നിന്നു കേള്‍ക്കാനാവും. അത്തരം കഥകളാണു ക്യാംപസുകളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നതും. സ്കൂളുകളില്‍ പൊലീസിന് ഇത്രയും പോലും പ്രവേശനാനുമതിയില്ല. അസാധാരണമായ സാഹചര്യങ്ങളില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വിളിച്ചാല്‍പ്പോലും സ്കൂളുകളില്‍ പൊലീസ് പ്രവേശനത്തിനു ശക്തമായ നിയന്ത്രണങ്ങളുണ്ട്. 1999 ഡിസംബര്‍ ഒന്നിനു കണ്ണൂര്‍ മൊകേരി യുപി സ്കൂളില്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അവിടെ പൊലീസിനെ വിന്യസിച്ചതു വളരെ കരുതലോടെയായിരുന്നു. കൊലപാതകത്തിനു സാക്ഷികളായ കുട്ടികളെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നില്ല, അവരെ കൗണ്‍സിലിങ്ങിനു വിധേയരാക്കുകയായിരുന്നു.
ഇത്രത്തോളമില്ലെങ്കിലും പല സ്കൂളുകളിലും അക്രമങ്ങള്‍ അരങ്ങേറിയപ്പോഴൊക്കെയും പൊലീസ് വള്ളപ്പാട് അകലെത്തന്നെ നിലയുറപ്പിച്ചു.
പൊലീസ് കേവലമായ ഒരു സര്‍വീസ് അല്ല. ശക്തമായ ഒരു ഫോഴ്സ് കൂടിയാണ്. തന്ത്രപരമായ സേവനത്തിലൂടെ ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിക്കൊടുക്കുകയല്ല, ചടുലമായ നീക്കങ്ങളൂടെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ട സംവിധാനമാണത്. തൊഴിലില്ലായ്മ വിതരണം, കുടിവെള്ള വിതരണം, ഭവനപദ്ധതികളുടെ നടപ്പാക്കല്‍, പഞ്ചായത്തുകളുടെ ക്ഷേമ പദ്ധതി, സ്കൂള്‍ കുട്ടികളുടെ തലയെണ്ണല്‍ തുടങ്ങിയ പണികള്‍ ഇവരെ ഏല്‍പ്പിച്ചാല്‍ അപ്പണിയും അവര്‍ ചെയ്യേണ്ട പണിയും ഒരു പോലെ മുടങ്ങും.
        എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു ഡസന്‍ സ്കൂളുകളെങ്കിലുമുണ്ടാകും. സാധാരണ നിലയില്‍ ഈ സ്കൂളുകളിലൊരിടത്തും യാതൊരു ക്രമസമാധാന പ്രശ്നങ്ങളുമുണ്ടാകാറില്ല. ഉണ്ടായാല്‍ത്തന്നെ മാനെജ്മെന്‍റ്- അധ്യാപക- രക്ഷാകര്‍തൃ സംവിധാനങ്ങളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.  അങ്ങനെ വേണം പരിഹരിക്കേണ്ടതും. അതില്‍ വീഴ്ചകളുണ്ടായാല്‍ അത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഇവിടെ നിയമങ്ങള്‍ വേണ്ടത്രയുണ്ട്. അതു പാലിക്കപ്പെടുന്നില്ലെങ്കില്‍ ഇടപെടാന്‍ നമുക്ക് അതിശക്തമായ കോടതികളും. അതുകൊണ്ടു തന്നെ ഈ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ പൊലീസിനു യാതൊരു പണിയുമില്ല. അവിടേക്കു തലയെണ്ണാന്‍ പൊലീസിനെ പറഞ്ഞു വിട്ടാല്‍ അതു പണിയാവും.
          ഏതു ജനമൈത്രി പൊലീസായാലും പൊലീസിന് ഒരു ഭാഷയുണ്ട്. രൂപമുണ്ട്. ചില അപസ്വരങ്ങളുണ്ട്. ചില രീതികളുണ്ട്. അതൊന്നുമില്ലാത്ത പൊലീസ് പൊലീസാവില്ല. സ്കൂള്‍ പ്രവേശനത്തിലെ അഴിമതി കണ്ടുപിടിക്കാന്‍ നിര്‍ദേശിക്കപ്പെട്ട പൊലീസ്സേന അപ്പാടെ അഴിമതി വിമുക്തവുമല്ല. തലയെണ്ണം തികയ്ക്കാന്‍ അധ്യാപകരും മാനെജ്മെന്‍റും നടത്തുന്ന നെട്ടോട്ടങ്ങളെക്കുറിച്ചും നക്കാപ്പിച്ച അഴിമതികളെക്കുറിച്ചും തോമസ് പാലാ, തന്‍റെ പള്ളിക്കൂടം കഥകള്‍ എന്ന കൃതിയില്‍ വിശദീകരിക്കുന്നുണ്ട്. കുട്ടിയെ ക്യാന്‍വാസ് ചെയ്യാന്‍ പോകുന്ന അധ്യാപകന്‍ മുതല്‍ പരിശോധനയ്ക്കെത്തുന്ന ഓഫിസര്‍ വരെയുള്ളവരുടെ കഥകള്‍ അതിശയോക്തിയുടെ മേമ്പൊടി ചേര്‍ത്ത് തോമസ് മാഷ് സരസമായി വിവരിക്കുന്നു. സ്കൂള്‍ തലത്തിലുള്ള അഴിമതിയുടെ ഒരു നേര്‍ക്കാഴ്ച നമുക്ക് അതില്‍ നിന്നു ലഭിക്കും. അതില്‍പ്പറയുന്ന കഥകളെ വെല്ലുന്ന കഥകളാവും പൊലീസിനെക്കൊണ്ടു തലയെണ്ണിച്ചാല്‍ ഇനി  ലഭിക്കുക.
       സംസ്ഥാനത്തിന്‍റെ മൊത്തം കണക്കെടുത്താല്‍ ആകെയുള്ള എല്‍പി സ്കൂളുകളുടെ 77.6 ശതമാനം, യുപിയുടെ 71.2 %, ഹൈസ്കൂള്‍ 67%, ഹയര്‍ സെക്കന്‍ഡറി 58% എന്നിങ്ങനെ സ്വകാര്യ മേഖലയിലാണു പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെയെല്ലാം കണക്കെടുപ്പിനു പൊലീസ് പോയാല്‍ കൃത്യം കണക്കു കിട്ടിയതു തന്നെ. വെറുതേ പൊലീസിനെക്കൊണ്ട് അതുമിതും പറയിക്കരുത്.
ഏതായാലും പൊലീസ് മന്ത്രി കോടിയേരിയും വിദ്യാഭ്യാസ മന്ത്രി ബേബി സഖാവും പിന്നെയാ മുഹമ്മദ് ഹനീഷുമൊക്കെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ സ്ഥിതിക്ക് ഏനക്കേടൊന്നും വരില്ലെന്നു കരുതിയിരിക്കുകയാണു പൊലീസ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ക്രിക്കറ്റ്, എസ്കോര്‍ട്ട്, ഇനി ശബരിമല...തറ തൊടാന്‍ നേരമില്ല. .. പിന്നെയാ പള്ളിക്കുടം പിള്ളാരുടെ തലയെണ്ണം... നടന്നതു തന്നെ..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ