പ്രണയ മ ഴ
പെയ്തൊഴിയാതെ
മഴ കാമുകിയാണ്. എത്ര കണ്ടാലും കൊതി തീരില്ല.
എപ്പോഴും കലപില പറഞ്ഞുകൊണ്ടേയിരിക്കും.
പറഞ്ഞതുതന്നെ വീണ്ടും ആവര്‍ത്തിക്കും. പക്ഷെ വിരസത തോന്നില്ല.
മഴയ്ക്ക് പല ഭാവങ്ങളുണ്ട്, രൂപങ്ങളും .
കുന്നിന്‍ മുകളില്‍ നിന്നു താഴെ പെയ്യുന്ന മഴയെ നോക്ക്. മഴനൃത്തം കാണാം.
നെല്പാടത്തിന്റെ കരയിലിരുന്നു നോക്കിയാല്‍ കണ്ണില്‍ മഴലാവണ്യം തുള്ളും.
മഴപ്പേടി തോന്നണമെങ്കില്‍ കൊടുംകാടിന്റെ വന്യതയില്‍ മഴയെ കാണണം.
കടലിന്റെ കരയിലിരുന്നു മഴ കണ്ടാല്‍ മഴക്കാറ്റ് കൊള്ളാം .
തിമിര്‍ത്തുപെയ്യുന്ന മഴയെ നോക്കി തുറന്നിട്ട ജനല്പ്പാളിക്കരുകില്‍
പാതിപുതച്ചു കിടന്നാലോ, മഴക്കുളിര്‍ നുകര്‍ന്ന് സ്വപനങ്ങള്‍ നെയ്യാം.
ഓര്‍മ്മകള്‍ക്ക് ചിറകു മുളപ്പിക്കാനും മഴയ്ക്ക് കഴിയും.
മനസ്സില്‍ മായാതെ നില്‍ക്കുന്നു പഴയൊരു പെരുമഴക്കാലം.
കോളേജിലെക്കുള്ള യാത്ര. മഴ വന്നാല്‍ കയറി നില്‍ക്കാന്‍ വഴിയില്‍ ഒരു മരപ്പൊത്ത് പോലുമില്ല. പ്രാക്ടിക്കല്‍ റെക്കോര്‍ഡ് അടക്കം വിലപിടിപ്പുള്ള പുസ്തകക്കുട്ടവുമായി നടക്കുമ്പോള്‍ ദൂരെ നിന്നും പെരുമഴ ഇരച്ചുവരുന്നു. കുറെ ദൂരത്തായി ക്ലാസ്മേറ്റ് വസുന്ധര കുട ചുടി പോകുന്നു. ഇന്നത്തെ ക്യംപസുകളിലെപ്പോലെ ഞങ്ങളുടെ കാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുട്ടിമുട്ടി നടക്കില്ല. പരസ്പരം മിണ്ടുന്നത് തന്നെ വലിയ കാര്യം.
രണ്ടാമത് ആലോചിക്കുന്നതിനു മുന്‍പ് മഴ വീണു. വസുന്ധരയല്ലാതെ വേറൊരു തുണയില്ല. രണ്ടും കല്‍പ്പിച്ചു അവളുടെ കുടക്കീഴില്‍ ഓടിക്കയറി.
അവളതു പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നി. കുട എനിക്ക് കുടി ചരിച്ചുപിടിച്ചു.
കോളേജ് ഇത്തിരി കുടി ദുരെ ആയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. മഴയ്ക്ക് ശക്തി കുടട്ടെ എന്നും. രണ്ടും സംഭവിച്ചില്ല. പെട്ടെന്ന് ക്യാമ്പസ് എത്തി. അതുവരെയും കുടപ്പുറത്ത് മഴ കലംപിയതല്ലാതെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. മിണ്ടാന്‍ ഒരുപാടുണ്ടായിരുന്നു. അവളുടെ ചുണ്ട് വിറയ്ക്കുന്നത് ഞാനറിഞ്ഞു. എന്റെ ശരീരത്തില്‍ മാത്രമല്ല മനസിലും കുളിര് നിറയുന്നു.
എല്ലാം പെട്ടെന്ന് അവസാനിച്ചു. ലൈബ്രറിക്ക് മുന്നില്‍ എന്നെ ഉപേക്ഷിച്ചു വസുന്ധര ക്ലാസിലേക്ക് പോയി.
പിന്നീട് പലപ്പോഴും ഞങ്ങള്‍ കണ്ടു. അതിനു മുന്‍പ് കണ്ടതിനേക്കാള്‍ വലിയ ഒരടുപ്പം ഞങള്‍ക്കിടയിലുണ്ടായി.
കുറെ നാളത്തെ റിഹേര്‍സല്‍നു ശേഷം ഒരു സായാഹ്നത്തില്‍ ആരും കേള്‍ക്കാതെ ഞാനവളോടു മന്ത്രിച്ചു.
ഐ ലവ് യു.
അവള്‍ തിരിച്ചൊന്നും പറഞ്ഞില്ല. എങ്കിലും എതിര്‍പ്പൊന്നും പറഞ്ഞില്ല.
അടുപ്പം പിന്നെയും കൂടി.
ഒടുവില്‍ ക്യാമ്പസ്സിന്റെ കണ്ണീര്‍ക്കാലമായ ഏപ്രില്‍ എത്തി. എല്ലാവരും വഴിപിരിയുന്നു. ഞാനും വസുന്ധരയും.
വിടവാങ്ങല്‍ ദിവസം ചോദിച്ചു.
''ഞാന്‍ നിന്നെ കല്യാണം കഴിച്ചോളാം. കാത്തിരിക്കുമോ?"
അവള്‍ ഇത്തിരി ആലോചിച്ചു. പിന്നെ പതുക്കെ പറഞ്ഞു.
"വേറെ നല്ല ആലോചന വന്നാല്‍ ഞാന്‍ അത് സമ്മതിക്കും. ഇല്ലെങ്കില്‍ നോക്കാം."
ഒരു പ്രണയത്തിന്റെ ശോകാന്ത്യം.
പുറത്ത് പെയ്യുന്ന ചാറ്റല്‍ മഴ നോക്കി വസുന്ധരയെ ഓര്‍ത്തു നെടുവീര്‍പ്പിടുമ്പോള്‍ ഭാര്യ ചുടു ചായയുമായി മുന്നില്‍.
"എന്താ ആലോചിക്കുന്നെ?"
"വസുന്ധരയെകുറിച്ച്."
"വസുന്ധരയോ, അതാര?'
"എന്റെ ക്ലാസ്മേറ്റ്"
"മോന്‍ പെണ്ണ് കെട്ടാറായി. അപ്പോഴ ഒരു വസുന്ധര..വയസ്കാലത്ത് വല്ല പെണ്ണുങ്ങലേം മനസ്സിക്കണ്ട് നടക്കുവാ ഈ മനുഷ്യന്‍"
"എനിക്കത്രക്കു പ്രായമായില്ലല്ലോ കരളേ.."
"കരളല്ല, കൊരല് ഞാനെടുക്കും"
അലറിത്തുള്ളി അവള്‍ ചായക്കപ്പ് മേശപ്പുറത്തു വച്ചു. കവിഞ്ഞ ഗ്ലാസില്‍ നിന്ന് തിളച്ച ചായ എന്റെ കൈതണ്ടയിലേക്ക് തെറിച്ചു വീണു പൊള്ളി.
"നിങ്ങള്‍ വല്ല വസുന്ധരയുടെയോ കിസുന്ധരയുടെയോ കൂടെ പൊയ്ക്കോ . ഞാനെന്റെ പുള്ളാരേംകൊണ്ട് എവിടെങ്കിലും പൊയ്ക്കോളാം. " അവള്‍ ദേഷ്യത്തില്‍ അകത്തേക്ക് പോയി.
അവളങ്ങനെയാണ്. ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മയെപ്പോലെ.
പാത്തുമ്മ പിണക്കം വരുമ്പോഴൊക്കെ പറയും.
ഞാനും എന്റെ പുള്ളാരും പിന്നെ ഈ ആടുമാണല്ലോ ശല്യം. ബാ ആടെ. ഞമ്മക്ക് പോയേക്കാം. പിന്നെ ഒരു കാര്യം. ഈ ആട് പെറുമ്പം മ്മിണി പാലെന്നും പറഞ്ഞു ആരും ബരരുത്.
പാത്തുമ്മ പറയുകയേ ഉള്ളു. പക്ഷെ പോകില്ല. പോയാലും പെട്ടെന്ന് തിരിച്ചു വരും.
അകത്തു പാത്രങ്ങള്‍ നിലത്തു വീഴുന്നു. ഒന്നുമറിയാതിരുന്ന പാവം മോള്‍ പിച്ച് കൊണ്ട് നിലവിളിക്കുന്നു.
പെണ്ണല്ലേ വര്‍ഗം. അന്പതല്ല എന്പതു ശതമാനം സംവരണം കൊടുത്താലും നേരെ ആവില്ല. അനുഭവിക്കുക തന്നെ.
പുറത്ത് മഴ കനത്തു.
മനസ്സില്‍ പിന്നെയും വസുന്ധര.
അവളിപ്പോള്‍ എവിടെ ആയിരിക്കും.
അന്ന് പറഞ്ഞത് പോലെ വേറെ വല്ല നല്ല ആലോചനയും വന്നിരിക്കും. അയാള്‍ അവളെ കല്യാണം കഴിച്ചിരിക്കും. ഒന്നിലധികം തവണ അവള്‍ പ്രസവിചിരിക്കും. ഇപ്പോള്‍ ഒരു പക്ഷെ മുത്തുനരച്ചു മുത്തശി പോലും ആയിരിക്കും.
കരിനീലം നിറഞ്ഞ കണ്ണുകള്‍ കുഴിഞ്ഞു വറ്റിയിരിക്കും. കവിളുകളില്‍ ജര വീണിരിക്കും. തൊണ്ടി തോല്‍ക്കുന്ന ചുണ്ടുകള്‍ വരണ്ടുണങ്ങിയിരിക്കും. ഇരുണ്ടു ഇടതുര്‍ന്ന മുടിയിഴകളില്‍ നരയുടെ വെള്ളിപ്പടര്‍പ്പ് വളര്‍ന്നിരിക്കും. വാര്‍ധക്യത്തിന്റെ ബാല്യത്തില്‍ വാതവും പിത്തവും പിടിച്ചു ക്ഷീണിച്ച്ചിട്ടുണ്ടാവും, പാവം. എന്നെ എന്നേ മറന്നിട്ടുണ്ടാവും.
പിണക്കം മാറി ഭാര്യ പിന്നെയും അടുത്ത് വന്നു.
അവളുടെ മുടിയിഴകളില്‍ വിരലോടിച്ചു ചോദിച്ചു.
"അഹല്യയെ അറിയുമോ?''
"നേരത്തെ വസുന്ധര...ഇപ്പോള്‍ അഹല്യ... നിങ്ങക്കിത് എന്തിന്റെ സുക്കേടാ?"
"എന്റെ പൊന്നേ ഇത് ആ അഹല്യ അല്ല. രാമായണത്തിലെ അഹല്യ. പഞ്ചാശ്വന്റെ പുത്രി. അവളെ പ്രണയിച്ചത് ചന്ദ്രന്‍. അഹല്യ പ്രണയിച്ചത് സുര്യനെ. പക്ഷെ അവളെ കല്യാണം കഴിച്ചതോ ഗൌതമന്‍ . അഹല്യയെ പ്രാപിച്ചത് ഇന്ദ്രനും. പ്രണയങ്ങള്‍ക്ക് എന്തര്‍ത്ഥം?"
അവള്‍ ഇടയ്ക്ക് കയറി പറഞ്ഞു. "അതുകൊണ്ടല്ലേ ഇന്ദ്രന്‍ സഹസ്രഭഗനായിപ്പോയത്. ഒരോന്നിനു ഇറങ്ങിത്തിരിക്കുമ്പോള്‍ ഇതൊക്കെ ഓര്‍ക്കണം."
അമ്പടീ...! അവള്‍ ഗോളടിച്ചല്ലോ..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ