നമുക്ക് റോഡിലിറങ്ങി കുഴിയെണ്ണാം
നാലര വര്‍ഷം. മുഖ്യമന്ത്രി ഉള്‍പ്പെടെ ആറു മന്ത്രിമാര്‍. അവരില്‍ ഒരാള്‍ക്കു രണ്ടു വട്ടം സത്യപ്രതിജ്ഞ. ആയിരത്തിലധികം എന്‍ജിനീയര്‍മാര്‍. പതിനായിരത്തോളം ഇതര ജീവനക്കാര്‍. ആയിരത്തോളം കരാറുകാര്‍. കഷ്ടിച്ച്
23,314 കിലോ മീറ്റര്‍ റോഡ്. കേരളത്തിന്‍റെ പൊതുമരാമത്തു വകുപ്പ് എന്ന വെള്ളാനയുടെ കൃത്യം ചിത്രമാണിത്. ഇവരെല്ലാം തിന്നുകൊഴുക്കുമ്പോഴാണു റോഡുകളില്‍ കുഴികളുണ്ടായതും കുഴികള്‍ ചാലായതും ചാലുകള്‍ തോടുകളായതും ഇപ്പോള്‍ പാതാളത്തോളം താഴ്ന്ന കൂറ്റന്‍ ഗര്‍ത്തങ്ങളായതും. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ വകുപ്പില്‍ നടക്കുന്നത് ഒരേയൊരു പണിമാത്രം- കുഴിയെണ്ണല്‍. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിനുശേഷം നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ജനങ്ങളോടു പറഞ്ഞു, ആരും അപ്പം തിന്നണ്ട, റോഡിലെ കുഴിയെണ്ണിയാല്‍ മതി. എണ്ണാന്‍ നല്ല വശമില്ലാത്തവരെ സഹായിക്കാന്‍ ചില വഴികളും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു തന്നിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഒരു മോനിറ്ററിങ് സമിതി തെക്കുവടക്കു നടന്നു കുഴിയെണ്ണുമെന്നാണ് ഒരു വാഗ്ദാനം. അവര്‍ക്കു കീഴേ ജില്ലാതലത്തില്‍ കുഴിയെണ്ണാന്‍ വേറൊരു കമ്മിറ്റി. റോഡിലെ കുഴികളെക്കുറിച്ചു പത്രമാധ്യമങ്ങളില്‍ വാര്‍ത്ത പടയ്ക്കുന്ന പപ്പരാസികള്‍ക്കും കിട്ടി പണി. വേണമെങ്കില്‍ ജില്ലാതല കമ്മിറ്റിയില്‍ പത്രക്കാരെയും ഉള്‍പ്പെടുത്തും. അവിടംകൊണ്ടും തീരുന്നില്ല. സംസ്ഥാനത്തെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരും അവരുടെ ശിങ്കിടികളും കൂടി കുഴിയെണ്ണണം. നക്ഷത്രമെണ്ണുന്നതാണ് അതിലും എളുപ്പം എന്നതു വേറേ കാര്യം.
പി.ജെ. ജോസഫായിരുന്നു ഈ മന്ത്രിസഭയിലെ ആദ്യത്തെ മരാമത്തു മന്ത്രി. കുഴിയല്ല, സംസ്ഥാനത്തെ റോഡുകളെല്ലാം ഇപ്പം ശരിയാക്കിത്തരാമെന്നായിരുന്നു ജോസഫിന്‍റെ ഉറപ്പ്. ഇരിപ്പുറപ്പിക്കും മുന്‍പേ ജോസഫിന്റെ കൈ ഏതോ ഒരു വിമാനയാത്രക്കാരിയുടെ ദേഹത്ത് മുട്ടി പോലും. പിടിച്ച പിടിയാലെ അദ്ദേഹത്തിന്‍റെ രാജി വാങ്ങിയിട്ടേ അടങ്ങിയുള്ളു അസൂയാലുക്കള്‍. ടി.യു. കുരുവിളയ്ക്കായിരുന്നു അടുത്ത ഊഴം. കുഴികളുടെ ആഴവും പരപ്പും മനസിലാക്കി വന്നപ്പോഴേക്കും കുരുവിളയും കുഴിയില്‍ വീണു. പിന്നീടു റോഡ് മന്ത്രി മോന്‍സ് ജോസഫ്. കുറച്ചു കാലം വകുപ്പു ഭരിച്ചപ്പോഴേക്കും ജോസഫ് തിരിച്ചെത്തി മന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തു. ഈ മൂന്നുപേരും ഇപ്പോള്‍ പൊറുതി യുഡിഎഫിലാണ്. ജോസഫ് രാജിവച്ചതോടെ വകുപ്പിന്‍റെ ചുമതല താത്കാലികമായി മുഖ്യമന്ത്രി കൈക്കലാക്കി. പിന്നീടു പാര്‍ട്ടി ഇടപെട്ട് വകുപ്പ് ഡോ. തോമസ് ഐസക്കിനു കൈമാറി. ദോഷം പറയരുത്. കേരളത്തിലെ പിഡബ്ല്യുഡി റോഡുകളില്‍ എത്ര കുഴികളുണ്ടെന്ന് അദ്ദേഹമാണു കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയത്- 80,936. ഇക്കഴിഞ്ഞ ജൂലൈ അഞ്ചു വരെ
39,585 കുഴികള്‍ അടച്ചുതീര്‍ത്തെന്നും ബാക്കി 41,351 കുഴികള്‍ ഏതാനും ദിവസങ്ങള്‍ക്കകം നികത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതും നടപ്പാക്കും മുന്‍പേ, വകുപ്പ് എം. വിജയകുമാര്‍ റാഞ്ചിക്കളഞ്ഞു. ഇപ്പോള്‍ അദ്ദേഹമാണു അമരത്ത്. ഇക്കഴിഞ്ഞ ഓണത്തിനു മുന്‍പ് മുഴുവന്‍ റോഡുകളും നിരപ്പാക്കിത്തരുമെന്നായിരുന്നു വിജയകുമാരന്‍ മന്ത്രിയുടെ ഉറപ്പ്. പക്ഷേ, കുറുപ്പിന്‍റെ ഉറപ്പു പോലെയായി കാര്യങ്ങള്‍. റോഡുകള്‍ കുളംതോണ്ടി നാട്ടുകാരുടെ നടുവൊടിഞ്ഞതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. അപ്പോഴാണു നമ്മുടെ മുഖ്യമന്ത്രി പുതിയ കുഴിക്കണക്കുമായി ഇന്നലെ വീണ്ടും രംഗത്തു വന്നത്.
നാട്ടുകാര്‍ക്കു ചിരിക്കാനുള്ള വക എന്നതില്‍ കവിഞ്ഞ് ഈ നടപടിക്ക് ആരെങ്കിലും വില കല്‍പ്പിക്കുമോ? മുഖ്യമന്ത്രിയുടെയും ഈ വകുപ്പു ഭരിച്ച മറ്റ് അഞ്ചു പേരുടെയും അറിവിലേക്ക് ഒരു കണക്കു പറയട്ടെ. 1,542 കിലോമീറ്റര്‍ ദേശീയപാത, 4,655 കിലോമീറ്റര്‍ സംസ്ഥാന പാത, 17,117 കിലോമീറ്റര്‍ ജില്ലാ റോഡുകള്‍. ഇത്രയും ചേര്‍ന്ന് മൊത്തം 23,314 കിലോമീറ്റര്‍ റോഡുകളാണു സംസ്ഥാന പിഡബ്ല്യൂഡിയുടെ നിയന്ത്രണത്തിലുള്ളത്. ഈ റോഡുകള്‍ നോക്കാന്‍ അഞ്ചു ചീഫ് എന്‍ജിനീയര്‍മാര്‍, 20 സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍, 76 എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍, 289 അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍, 639 അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാര്‍. ഇത്രയും പേരെ തീറ്റിപ്പോറ്റുന്നുണ്ട് ഇന്നാട്ടിലെ നികുതിദായകര്‍. കരാര്‍ തുകയുടെ 80 ശതമാനം മുടക്കി ഒരിക്കല്‍ അറ്റകുറ്റപ്പണി ചെയ്യുന്ന റോഡുകള്‍ അഞ്ചു വര്‍ഷം സംരക്ഷിക്കപ്പെടണം. ദേശീയ തലത്തില്‍ അതാണു കണക്ക്. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ പ്രതിവര്‍ഷം ശരാശരി 275 ദിവസം ജോലി ചെയ്യണം. അതായത് ഒരു എന്‍ജിനീയര്‍ ഒരു വര്‍ഷം 230 കിലോമീറ്റര്‍ (ഒരു ദിവസം 150 മീറ്ററില്‍ത്താഴെ) റോഡില്‍ കുഴി ഉണ്ടാകാതെ നോക്കിയാല്‍ മതി. അവരെ ഏല്‍പ്പിച്ച പണി കൃത്യമായി ചെയ്യുന്നുണ്ടോ എന്നു നോക്കി നടത്തുക മാത്രമാണു വകുപ്പു മന്ത്രിയുടെ ഉത്തരവാദിത്വം. എന്നാല്‍ അതാണോ ഇവിടെ നടക്കുന്നത്? കരാര്‍ തുകയുടെ 20 ശതമാനം മാത്രം നിക്ഷേപിക്കപ്പെടുന്ന റോഡുകള്‍. കരാറുകാരെ പിഴിഞ്ഞു കാശുണ്ടാക്കുന്ന എന്‍ജിനീയര്‍മാര്മാരുടെ വീട്ടു പടിക്കല്‍ കുനിക്കുടി നില്‍ക്കും മന്ത്രിയുടെ ദല്ലാളന്മാര്‍. സ്ഥലം മാറ്റ ഭീഷണി മുതല്‍ കാലുതിരുംമല്‍ വരെ നടത്തി അവരുടെ കൊള്ള മുതലിന്റെ മുച്ച്ചുടും അടിച്ചു മാറ്റും ഈ ഇത്തില്‍ക്കന്നികള്‍. കരാര്‍ തുകയുടെ മുക്കാല്‍പങ്കും ഈ വെള്ളാനകള്‍ വിഴുങ്ങുമ്പോള്‍ റോഡുകളില്‍ വെറും കുഴിയല്ല, പാതാളക്കുഴികള്‍ തന്നെയുണ്ടാകും. അതില്‍ വീണു പാവം ജനത്തിന്‍റെ നടുവൊടിയും. ആര്‍ക്കുണ്ട് ചേതം?
(മേട്രോവാര്‍ത്ത നവംബര്‍ 11 2010 ) .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ