പേജുകള്‍‌

2010, നവംബർ 15, തിങ്കളാഴ്‌ച

Finger print

ബാലാരിഷ്ട ബലത്തില്‍ ഇനി സീ പി ഐ

വാതത്തിനു സിദ്ധൗഷധം? കുറന്തോട്ടി. കുറുന്തോട്ടി രസായനം? ബലാരിഷ്ടം. ഈ അരിഷ്ടം കുടിച്ചാലുണ്ടാകുന്ന ഓജസിലും തേജസിലുമാണിപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന സിപിഐ കേരള ഘടകം. പാര്‍ട്ടി കുറച്ചു കാലമായി വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ പിടിയിലായിരുന്നു. ദശാസന്ധി ദോഷം വേറെ. വച്ചടി വച്ചടി കീഴ്പ്പോട്ടല്ലാതെ മേല്‍ഗ്ഗതി ഇല്ലേയില്ല. ഇക്കഴിഞ്ഞ പഞ്ചയാത്ത് തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴാണു കാലദോഷങ്ങളുടെ രൂപം ഏതാണ്ടു പിടികിട്ടിയത്.
 വെറും ആപ്പയൂപ്പ പാര്‍ട്ടിയായിരുന്നില്ല സിപിഐ. ഒരു കാലത്ത് ഒന്നല്ല, രണ്ടു മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത പാര്‍ട്ടിയാണത്. ചേലാട്ട് അച്യുതമേനോനും പി. കെ. വാസുദേവന്‍ നായരും. കേരളം ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായി ഭരിച്ചതിന്‍റെ ക്രെഡിറ്റ് ഇന്നും പാര്‍ട്ടി അക്കൗണ്ടില്‍ത്തന്നെ. സി. അച്യുതമേനോനാണ് അക്കൗണ്ട് ഹോള്‍ഡര്‍. സി.എച്ച്. മുഹമ്മദ് കോയ കഴിഞ്ഞാല്‍ ഏറ്റവും കുറച്ചു കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയും സിപിഐക്കാരന്‍- പികെവി. എത്ര കാലം ഭരിച്ചു എന്നല്ല, ഒരു ദിവസമെങ്കിലും ഭരിച്ചല്ലോ എന്ന് ആലോചിക്കുമ്പോഴാണ് അതിന്‍റെ സുഖം കിട്ടുക. അതിന്‍റെ സുഖക്കുറവറിയണമെങ്കില്‍ പാലാക്കാരന്‍ മാണിസാറിനോടു ചോദിക്കണം. മാണിസാര്‍ കേരള ദേശം കോണ്‍ഗ്രസിന്‍റെ അമരക്കാരനായി കണക്കു മന്ത്രി മുതല്‍ പോലീസ് മന്ത്രി വരെ ആയപ്പോള്‍ തമിഴ്നാട്ടിലും ആന്ധ്രയിലും അവിടുത്തെ നാട്ടു പാര്‍ട്ടികളില്‍പ്പോലും അംഗത്വം ഇല്ലാതിരുന്ന എത്ര പിള്ളേര്‍ പിന്നീടു മന്ത്രിമാരായി, മുഖ്യമന്ത്രമാരായി. അന്നു മുതല്‍ അദ്ദേഹം ആഗ്രഹിക്കുന്നതാണു കേരളത്തില്‍ മുഖ്യമന്ത്രിസ്ഥാനം.
   വയലാര്‍ സിഹം രവി സാറിനും അങ്ങനെയൊരു പൂതിയുണ്ട്. ആഗ്രഹം ഒരു മുഴം നീട്ടിയെറിഞ്ഞ് അദ്ദേഹം കാതോര്‍ത്തിരിക്കുന്നു, ഒരു വിളിക്കു വേണ്ടി. പാലക്കാട്ടെ കെ. ശങ്കരനാരായണന്‍ മുതലിങ്ങോട്ട് എത്ര പേര്‍ കോണ്‍ഗ്രസില്‍ത്തന്നെ ഉമ്മന്‍ചാണ്ടിക്കു വഴിമുടക്കാന്‍ കാത്തു നില്ക്കുമ്പോഴാണ് 1970 ല്‍ അച്യുതമേനോനും 1978 ല്‍ പി.കെ. വാസുദേവന്‍ നായരും കേരളത്തിന്‍റെ മുഖ്യമന്ത്രിമാരായതിന്‍റെ വില തിരിച്ചറിയേണ്ടത്.
     ഇന്നത്തെപ്പോലെ ഇടതുമുന്നണിയിലായിരുന്നു അന്നു സിപിഐ എങ്കില്‍ അവരുടെ പൂതിയും മനസിലിരുന്നേനെ. കോണ്‍ഗ്രസ് പക്ഷത്തായതിന്‍റെ ഗുണം അന്നേ കിട്ടി. ദോഷം പറയരുത്. ഇന്നും അതിന്‍റെ ഒരു ഗുണമേ പാര്‍ട്ടിക്കുള്ളൂ. ഉദാഹരണത്തിനു സംഘടനാ തെരഞ്ഞെടുപ്പ്. സിപിഐയും സിപിഎമ്മും ഒരമ്മ പെറ്റ മക്കള്‍ തന്നെ. സിപിഎമ്മില്‍ സംസ്ഥാന സെക്രട്ടറി പോയിട്ട് ഏരിയാ സെക്രട്ടറിയെയോ ഒരു ബ്രാഞ്ച് സെക്രട്ടറിയെ എങ്കിലും തെരഞ്ഞെടുക്കണമെങ്കില്‍ എന്തൊക്കെ പുലിവാലാണ്. കേന്ദ്ര സെക്രട്ടറേയറ്റ് മുതല്‍ ജില്ലാ സെക്രട്ടറേയറ്റ് വരെ കയറിയിറങ്ങാതെ ഒരു ചുക്കും ചുണ്ണാമ്പും നടക്കില്ല. ഇനി ഇവരെല്ലാം അറിഞ്ഞുള്ള തെരഞ്ഞെടുപ്പാണെന്നു കരുതിക്കോ. വിഭാഗീയത, വര്‍ഗ വഞ്ചന, വാര്‍ത്ത ചോര്‍ത്തല്‍, കുലംകുത്ത് തുടങ്ങി കുലുക്കിക്കുത്തു വരെ നടന്നാലല്ലാതെ ഒരാളെ മാറ്റാനോ മറ്റൊരാളെ നിയോഗിക്കാനോ കഴിയില്ല.
     കോണ്‍ഗ്രിസിലാണെങ്കില്‍ അങ്ങനെ ഒരേര്‍പ്പാടുമില്ല. സംഘടനാ തെരഞ്ഞെടുപ്പ്, നേതൃമാറ്റം, ചെറുപ്പക്കാര്‍ക്ക് അവസരം, കടല്‍ക്കിഴവന്മാര്‍ അറബിക്കടലില്‍ എന്നൊക്കെ ചില മന്ത്രതന്ത്രങ്ങളുണ്ട്. അതൊക്കെ മുറതെറ്റാതെ ജപിക്കണം. ഗ്രഹണ കാലത്ത് വല്ല ഏലസോ, ജപിച്ച ചരടോ എന്തെങ്കിലുമൊക്കെ കൈയില്‍ ചുറ്റണം. തെരഞ്ഞെടുപ്പ്..തെരഞ്ഞെടുപ്പ് എന്ന് അണികളെ പറഞ്ഞു പേടിപ്പിച്ചു മുള്‍മുനയില്‍ നിര്‍ത്തണം. ഏറ്റവുമൊടുവില്‍ ഒരു യോഗം കൂടി എല്ലാ തീരുമാനങ്ങളും ഹൈക്കമാന്‍ഡിനു വിട്ടുകൊണ്ട് ഒരു പ്രമേയം പാസാക്കണം. പ്രമേയം ഇന്ദ്രപ്രസ്ഥത്തിലെ അക്ബര്‍ റോഡിലേക്ക് സാധാരണ തപാലില്‍ അയച്ചശേഷം, ആദ്യം കിട്ടുന്ന വിമാനത്തില്‍ ഡല്‍ഹിക്കു പറക്കണം. പിന്നെല്ലാം സമയവും ദൈവാധീനവും അനുസരിച്ചിരിക്കും. പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ത്തന്നെ അടച്ച് പുതിയ പ്രസ്താവന വരും. ഒന്നിലും ഒരു മാറ്റവുമില്ല, എല്ലാം പഴയ പടി.
     ഒരു കണക്കില്‍ അതാണ് എളുപ്പം. അല്ലാതെ സിപിഎമ്മിലെപ്പോലെ സംഘടനാ തെരഞ്ഞെടുപ്പ് എന്നു പറഞ്ഞ് വര്‍ഷം മുഴുവന്‍ കാലിലെ തൊലിയും തേഞ്ഞ് ഒടുവില്‍ കുപ്പിയേറു കൊണ്ട് തലയും പൊട്ടി, പെരു വഴിയാവാതിരിക്കാമല്ലോ.
എന്നാലിപ്പോള്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ സിപിഐ കോണ്‍ഗ്രസിനെയും കടത്തിവെട്ടി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐ പരണത്തായിപ്പോയതാണു ഹേതു. ആയതല്ല, ആക്കിയതാണെന്നാണു നേതൃത്വം പുറത്തു പറഞ്ഞത്. എന്നാല്‍ അകത്ത് അതായിരുന്നില്ല സ്ഥിതി. പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ ആരാണു നയിച്ചതെന്നായിരുന്നു ഉയര്‍ന്ന പ്രധാന ചോദ്യം. തെരഞ്ഞെടുപ്പു പ്രചാരണത്തിനു പാര്‍ട്ടി സെക്രട്ടറി എവിടെയെങ്കിലും പോയോ എന്ന് അടുത്ത ചോദ്യം. കൊല്ലത്ത് വെളിയം പടിഞ്ഞാറ്റിന്‍കര പഞ്ചായത്തിലെ കുടുംബവീട്ടില്‍ പോയിട്ടുതന്നെ വര്‍ഷങ്ങളായി. എംഎന്‍ സ്മാരകത്തില്‍ നിന്നു വല്ലപ്പോഴും പുറത്തിറങ്ങുന്നത് എകെജി ഭവനില്‍ വല്ല മീറ്റിങ്ങോ വല്ലതുമുണ്ടെങ്കിലാണ്. ഇപ്പോള്‍ ഒന്നിനും വയ്യ. നല്ല സുഖമില്ല. ത്രിദോഷങ്ങളെല്ലാമുണ്ട്.
     എംഎന്‍ സ്മാരകത്തില്‍ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു കൂടുമ്പോഴാണു തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയില്ല, പാര്‍ട്ടി മീറ്റിങ് വിളിച്ചില്ല തുടങ്ങിയ അപശബ്ദങ്ങളുയര്‍ന്നത്. ഇക്കാര്യം അസൂയാലുക്കളായ ചില പാര്‍ട്ടി സഖാക്കള്‍ പപ്പരാസിപ്പടയ്ക്കു ചോര്‍ത്തിക്കൊടുക്കയും ചെയ്തു. എന്നാലിനി പുലിവാലു വേണ്ട, ഒഴിഞ്ഞുകൊടുത്തേക്കാമെന്ന് ആശാനങ്ങു തീരുമാനിച്ചു. അതാണ് സിപിഐ തെരഞ്ഞെടുപ്പു വിജ്ഞാപനമായി ഇക്കഴിഞ്ഞ പത്തിനു പുറത്തു വന്നത്.
വാര്‍ത്ത വന്നപാടേ ആദ്യം നിഷേധിച്ചത് ആശാന്‍ തന്നെയായിരുന്നു. നേതൃമാറ്റത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു വെളിയത്തിന്‍റെ വെളിപാട്. അഖിലേന്ത്യാ സെക്രട്ടറി ബര്‍ധനും അതുതന്നെ ആവര്‍ത്തിച്ചു. എല്ലാം മാധ്യമ സൃഷ്ടിയെന്നു പറഞ്ഞു ബര്‍ധന്‍ കൈകഴുകി. മന്ത്രി സി. ദിവാകരന്‍റെ പ്രസ്താവന കൂടി കേട്ടതോടെ വാര്‍ത്ത പടച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു പണി കിട്ടിയെന്നാണു കരുതിയത്. നേതൃമാറ്റം എല്ലാവരും വിഴുങ്ങി.
    കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാന സെക്രട്ടേറിയറ്റും കൗണ്‍സിലും നടക്കുന്നു. ഈ യോഗങ്ങളില്‍ വെളിയം സെക്രട്ടറി പദം ഒഴിയാന്‍ സന്നദ്ധന്‍ എന്ന വെളിപാട് അറിയിക്കുന്നു. പാര്‍ട്ടി അംഗീകരിക്കുന്നു. സി.കെ. ചന്ദ്രപ്പന്‍ പുതിയ സെക്രട്ടറിയാകുന്നു. പിന്നെ, ബലാരിഷ്ടം കുടിച്ചതുപോലെ പാര്‍ട്ടി ഉഷാറാകുന്നു. അംഗത്വവിതരണമില്ല, പാര്‍ട്ടി റിപ്പോര്‍ട്ടിങ് ഇല്ല. വിഭാഗീയതയില്ല. വാര്ത്ത ചോര്‍ത്തലില്ല. കുപ്പിയേറില്ല. എല്ലാം ശുഭം.
   സിപിഎം സഖാക്കള്‍ കണ്ടുപഠിക്ക്, ഇനിയെങ്കിലും സിപിഐയെ. പിണറായി സഖാവിനൊന്നും ഒരു ചുക്കുമറിയില്ല, സിപിഐ എന്ന പാര്‍ട്ടിയെക്കുറിച്ച്. രമേശ് ചെന്നിത്തലയും എംഎന്‍ സ്മാരകം വരെ ഒന്നു പോകുന്നതു നല്ലതാണ്. സംഘടനാ തെരഞ്ഞെടുപ്പ് എന്ന വാക്കു പോലും ഉച്ചരിക്കാതെ എങ്ങനെയാണു ചന്ദ്രപ്പന്‍ സഖാവ് പാര്‍ട്ടി സെക്രട്ടറിയായത് എന്നു മനസിലാക്ക്. ഇന്നല്ലെങ്കില്‍ നാളം സിപിഐയും രമേശിന്‍റെ കൂടാരത്തില്‍ വരില്ലെന്ന് ആരു കണ്ടു?

** **

        വി.എസ്. അച്യുതാനന്ദനെ കേരളത്തിന്‍റെ മുഖ്യമന്ത്രി ആക്കിയത് ആര് ? സിപിഎമ്മും ഇടതുമുന്നണിയുമാണെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. അഥവാ അങ്ങനെയായിരുന്നു എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ സംഗതി അങ്ങനെ ആയിരുന്നില്ലെന്നു കോട്ടയം കിളിരൂര്‍ സ്വദേശി സുരേന്ദ്രന്‍ ഇപ്പോള്‍ പറയുന്നു.
    സുരേന്ദ്രനെ അത്ര പെട്ടെന്നു കേരളം മറക്കാന്‍ ഇടയില്ല. കിളിരൂര്‍ ഫെയിം ശാരി എസ്. നായരുടെ അച്ഛന്‍. തന്‍റെ മകളുടെ പേരു പറഞ്ഞാണു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വി.എസ്. അച്യുതാനന്ദന്‍ വിജയിച്ചതെന്നാണു സുരേന്ദ്രന്‍റെ അവകാശവാദം. കിളിരൂര്‍ കേസിലെ പ്രതികളെ കൈയാമം വച്ചു തെരുവിലൂടെ നടത്തുമെന്നു നീട്ടിപ്പാടിയതാണത്രേ വിഎസിനെ വിജയിപ്പിച്ചത്. എന്നിട്ട് മുഖ്യമന്ത്രിയായ ശേഷം തന്നെയും കുടുംബത്തെയും കൈയാമം വയ്പ്പിക്കാന്‍ ശ്രമിച്ചതല്ലാതെ യാതൊന്നും ചെയ്യാത്ത വി.എസ്. അച്യുതാനന്ദനെ ചരിത്രത്തിന്‍റെ ഒറ്റുകാരന്‍ എന്നു വിളിക്കുമെന്ന പ്ലക്കാര്‍ഡുമായിട്ടാണ് സുരേന്ദ്രനും കുടുംബവും കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് നടയിലിരുന്നത്. സുരേന്ദ്രന് അക്കാര്യം മനസിലാക്കാന്‍ നാലര വര്‍ഷം വേണ്ടി വന്നത് അദ്ദേഹത്തിന്‍റെ മണ്ടത്തരം.
   പെണ്‍മക്കളുള്ള മാതാപിതാക്കളോട് ഒരപേക്ഷ. സ്വന്തം മക്കളെക്കുറിച്ച് ഒരു അച്യുതാനന്ദനും നീട്ടിപ്പാടാതിരിക്കാന്‍ പാകത്തിന് അവരെ അച്ചടക്കത്തോടെ വളര്‍ത്തണം. ഇല്ലെങ്കില്‍ പാടുന്നവരൊക്കെ വൈകുന്നേരങ്ങളില്‍ സ്വന്തം കൂടണയും. അത്രയേ അച്യുതാനന്ദനും ചെയ്തുള്ളു, ഇനി ചെയ്യുകയമുള്ളൂ. അവരെ പഴിച്ചിട്ട് ഒരു കാര്യവുമില്ല.
അച്ചടക്കം ലംഘിച്ചതിനു പാര്‍ട്ടി പുറത്താക്കിയ ധ്യാനസുതന്‍ എന്ന വിമതന്‍ ചില കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ അമ്പലപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റായി. ധ്യാനസുതനെ അച്യുതാനന്ദന്‍ ടെലിഫോണില്‍ വിളിച്ച് അഭിനന്ദനിച്ചതിന്‍റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുണ്ടാക്കേണ്ട ഒരു കാര്യവുമില്ല. അമ്പലപ്പുഴയിലെ ധ്യാനസുതനെയും ഒഞ്ചിയത്തെ വേണുവിനെയും ചന്ദ്രശേഖരനെയും ഷൊര്‍ണൂരിലെ എം.ആര്‍. മുരളിയെയുമൊക്കെയല്ലാതെ പാവം വേറെ ആരെ വിളിച്ച് ഒന്നഭിനന്ദിക്കും?
 പാര്‍ട്ടി സഖാക്കളുടെ ഫോണ്‍ നമ്പരൊക്കെ മറന്നുകാണും വി.എസ്. പ്രായാധിക്യം, അനാരോഗ്യം, എന്നിവയ്ക്ക് ഉടന്‍ സ്ഥാനഭ്രംശ ചികിത്സയെന്നു സിപിഐ. ഉറക്കംതൂങ്ങികള്‍ക്കും അമ്നീസിയ ബാധിച്ചവര്‍ക്കും ഓര്‍മക്കുറവുകാര്‍ക്കും ചികിത്സയേ പാടില്ലെന്നും മതിയാവോളം ഭരിക്കട്ടെയെന്നും സിപിഎം. ഇടതിനും വലതിനും ഒന്നാകാന്‍ കഴിയുകയേയില്ല എന്നു പിണറായി പറഞ്ഞതിന്‍റെ വൈരുദ്ധ്യാത്മികത ഇപ്പോള്‍ മനസിലായോ, സഖാക്കള്‍ക്ക്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ