ഓരോന്ന് ആലോചിച്ചാല്‍
ആരായാലും ഇത്തിരി മോന്തിപ്പോകും
മദ്യപാനം മഹാപാപമോ പാതകമോ ആണോ? ച്ഛെ! ഒരിക്കലുമല്ലെന്നു സകലമാന മദ്യപരും കുംഭ കുലുക്കി നിഷേധിക്കും. മദ്യ മഹത്വവും സുരപാനസുഖവും വിശുദ്ധ ഗ്രന്ഥങ്ങളില്‍പ്പോലും പ്രതിപാദിക്കുന്നുണ്ട്. വിഖ്യാത രാജ സദസുകളില്‍ സോമരസം വിളമ്പിയ കഥകള്‍ ചരിത്രങ്ങളിലും പുരാണങ്ങളിലും വായിക്കാന്‍ കിട്ടും. മദ്യം നേദ്യമായി പൂജിച്ചിരുന്ന ക്ഷേത്രങ്ങള്‍ പോലുമുണ്ട്. വനവാസ കാലത്ത് കോച്ചിപ്പിടിക്കുന്ന തണുപ്പത്ത് ശ്രീരാമ ഭഗവാന്‍ പോലും സോമപാനം ചെയ്തെന്നു രാമായണ വ്യാഖ്യാനങ്ങള്‍ വിരചിതമായിട്ടുണ്ട്. അപ്പോള്‍പ്പിന്നെ ഏതെങ്കിലും ഒരു എംഎല്‍എ ഇത്തിരി അകത്താക്കിയാല്‍ ഒരു തെറ്റും പറയാനില്ല.
""വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു
സമമാം നല്ലിളം കള്ള്
ചില്ലിന്‍ ഗ്ലാസില്‍ പകര്‍ന്നങ്ങനെ
രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലുംതോറും ചെലുത്തി ചിരികളികള്‍ ഒത്തു
മേളിപ്പതെക്കാള്‍ സ്വര്‍ലോകത്തും ലഭിക്കില്ലുപരിയൊരു
സുഖം പോക വേദാന്തമേ..."" എന്നാണ് കവിശ്രേഷ്ടന്‍ ചങ്ങമ്പുഴ പാടിയത്.
പകലരുത്, പലരരുത്, പഴമരുത്, പറയരുത് എന്നൊക്കെ മദ്യപോക്തികളുണ്ടെങ്കിലും ഇത്തിരി സേവിച്ചു ശീലമുള്ളവര്‍ക്ക് ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകവുമല്ല. നേരവും സാധനവും ഒത്തുകിട്ടുമ്പോള്‍ ലേശം പൂശും. അത്രയേയുള്ളൂ. അതിപ്പോള്‍ എം എല്‍ എ എന്നോ എം പി എന്നോ ഒന്നുമില്ല. അതൊന്നു തുറന്നു പറഞ്ഞുപോയതാണ് ആരോഗ്യമന്ത്രി പി. കെ. ശ്രീമതി ടീച്ചര്‍ ചെയ്ത പാതകം.
പകല്‍ മദ്യം കഴിച്ചിട്ടു നിയമസഭയില്‍ വരുന്നവരുണ്ടുപോലും. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിലോ ചെയ്യുന്നുണ്ടെങ്കിലോ അവര്‍ക്കെതിരേ ഒരു നടപടിയും കൈക്കൊള്ളരുതേ എന്നൊരു അപേക്ഷയുണ്ട്. സഭയ്ക്കുള്ളില്‍ നടക്കുന്ന പല കോപ്രായങ്ങളും സ്വബോധത്തോടെ എത്ര നേരം കണ്ടിരിക്കും? പാര്‍ലമെന്‍ററി നടപടികള്‍ സമയവും കാലവുമെടുത്തു വായിച്ചു പഠിച്ച്, ജനകീയ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിനു പകരം ഒച്ചപ്പാടും ബഹളവും കൂക്കിവിളിയും ഇറങ്ങിപ്പോക്കും നടുത്തളത്തിലിറക്കവും കൈയാങ്കളിയുമൊക്കെയായി സഭാതലം അപ്പാടെ അലങ്കോലമാകുന്നതു പതിവാകുമ്പോള്‍ തരളിത മനസ്കരായ സാമാജികരാരെങ്കിലും മനസമാധാനത്തിന് ഇത്തിരി സേവിച്ചാല്‍ കുറ്റം പറയാനാവുമോ? പകലന്തിയോളം നാടുത്തളം സജീവമാക്കി നിര്‍ത്തി മുദ്രാവാക്യം മുഴക്കാന്നും രണ്ടു പെഗ് ഇല്ലാതെ നടക്കുമോ? ശീലമുള്ളവര്ക്കെ ഇതൊക്കെ പറഞ്ഞാല്‍ മനസിലാകൂ. അല്ലാത്തവര്‍ കൊതിക്കെറുവ് പറയും. അല്ലെങ്കില്‍ പേര് കളയും.
ഏതായാലും ശ്രീമതി ടീച്ചര്‍ കാടടച്ചു വെടി വയ്ക്കരുതായിരുന്നു. സഭയിലെ കുടിയന്മാരെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നതായിരുന്നു ബുദ്ധി. ഇല്ലെങ്കില്‍ കുടിക്കാത്ത അരസികന്മാരുടെ പേരുവിവരം വെളിപ്പെടുത്താനുള്ള വിശേഷ ബുദ്ധിയെങ്കിലും അധ്യാപികയായിരുന്ന ശ്രീമതി കാണിക്കണമായിരുന്നു. രണ്ടും ചെയ്യാതെ വെള്ളം ചേര്‍ക്കാതെ ഫുള്ള് വിഴുങ്ങി എന്ന മാതിരി പ്രസ്താവന വിഴുങ്ങിയതു വഴി മാഡം സ്വയം വിലയിടിച്ചുകളഞ്ഞു.
** **
അഡ്വ. ജോസ് തോമസ് കേരള ഹൈക്കോടതിയിലെ മികച്ച അഭിഭാഷകനാണ്. കാലടി ശങ്കര കോളെജില്‍ ബിഎസ്സിക്കു പഠിച്ചപ്പോഴും എറണാകുളം ലോ കോളെജില്‍ നിയമബിരുദത്തിനു പഠിച്ചപ്പോഴും യാത്ര ലൈന്‍ ബസിലായിരുന്നു. കെഎസ് യു പ്രവര്‍ത്തകനായിരിക്കെ പലപ്പോഴും ബസ് തടഞ്ഞിട്ടുണ്ട്, സമരം ചെയ്തിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും ബസിനു കല്ലെറിഞ്ഞതായി കേസുകളൊന്നും നിലവിലില്ല. അഡ്വക്കെറ്റായി കോടതിയില്‍ പ്രാക്റ്റീസ് തുടങ്ങിയപ്പോഴും, ജോസ് തെറ്റയിലായി യൂത്ത് കോണ്‍ഗ്രസ് അങ്കമാലി മേഖലയില്‍ പ്രവര്‍ത്തിച്ചപ്പോഴും യാത്ര ബസിലായിരുന്നു.
പിന്നീടു പേരെടുത്ത വക്കീലും നലം തികഞ്ഞ രാഷ്ട്രീയക്കാരനുമൊക്കെ ആയപ്പോള്‍ യാത്ര കാറിലേക്കു മാറി. അപ്പോഴും തെറ്റയിലിനു ബസ് ഒരു വീക്ക്നെസ് ആയിരുന്നു എന്നു കരുതിയില്ല. ഒരു പഞ്ചായത്ത് മെംബര്‍ പോലും സ്റ്റേറ്റ് കാര്‍ സ്വപ്നം കാണുന്ന ഇക്കാലത്ത്, സ്വന്തമായി ഒരു സ്റ്റേറ്റ് കാര്‍ ഉണ്ടായിട്ട് അതുപേക്ഷിച്ചു ബസില്‍ യാത്ര ചെയ്യാന്‍ അദ്ദേഹം കാണിച്ച ഉത്സാഹത്തിനു ഭൂമിമലയാളത്തിലെ സകലമാന ബസ് യാത്രക്കാരുടെയും പേരില്‍ പെരുത്ത നന്ദി!
മന്ത്രിയുടെ ബസ് പ്രേമം ബസ് യാത്രയില്‍ മാത്രം ഒതുങ്ങുന്നില്ല. നല്ല മിന്നുന്ന കാക്കിയും റാക്കും പിടിച്ച് ബസ് കണ്ടക്റ്ററുടെ വേഷം മനോഹരമായി അവതരിപ്പിച്ചു തെറ്റയില്‍ മന്ത്രി അഭിനയിച്ച സിനിമ കൂടി റിലീസ് ചെയ്യുന്നതോടെ ബസ് പ്രേമികളെല്ലാം ഈ മന്ത്രിയെ നമിക്കും, മൂന്നുതരം. എറണാകുളമെന്ന കേരളത്തിന്‍റെ ഏക മഹാനഗരത്തില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളവര്‍ ബസ് യാത്രയുടെ സുഖം ശരിക്കും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വടക്ക് ഇടപ്പള്ളി മുതല്‍ തെക്ക് തോപ്പുംപടി വരെയോ, കിഴക്ക് തൃപ്പൂണിത്തുറ മുതല്‍ പടിഞ്ഞാറു ചെറായി വരെയോ ഏതെങ്കിലും വാഹനത്തില്‍ സഞ്ചരിച്ചാല്‍ മതി ഈ സുഖം പെട്ടെന്ന് പിടികിട്ടും. നടുവൊടിയുന്ന റോഡ്, ഞെങ്ങി നിരങ്ങി നീങ്ങുന്ന ഓട്ടോറിക്ഷകള്‍, അവയ്ക്കിടയിലൂടെ മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകള്‍, ആളില്ലാതോടുന്ന കെഎസ്ആര്‍ടിസി ബസുകള്‍, എല്ലാത്തിനുമിടയില്‍ ജീവന്‍ പണയം വച്ചു നട്ടം തിരിയുന്ന യാത്രക്കാര്‍.
ഈ തിരക്ക് ഒഴിവാക്കാന്‍ തെറ്റയില്‍ മന്ത്രി കണ്ടു പിടിച്ച ഉപായമാണ് ഇപ്പോള്‍ വാര്‍ത്തയായത്. സ്വന്തമായി കാറും ബൈക്കും മറ്റു വാഹനങ്ങളുമുള്ളവര്‍ അവയുപേക്ഷിച്ച്, യാത്ര ബസിലേക്കു മാറ്റുക. അതിനായി ഇക്കഴിഞ്ഞ 18 ന് അദ്ദേഹം ബസ് ദിനമായി പ്രഖ്യാപിച്ചു. വെറും പ്രഖ്യാപനത്തിലൊതുങ്ങാതെ മന്ത്രി ഒരു ബസില്‍ കയറി അങ്കമാലി മുതല്‍ കാക്കനാടു വരെ യാത്ര ചെയ്തു മാതൃക കാട്ടുകയും ചെയ്തു. സിറ്റി മേയര്‍, ഡെപ്യൂട്ടി മേയര്‍, എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കലക്റ്റര്‍, കൗണ്‍സിലര്‍മാര്‍, ചലച്ചിത്ര താരങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും കൂടെക്കൂട്ടി.
ശനിയാഴ്ച നടത്തിയ ബസ് യാത്ര തുടങ്ങിയതു മന്ത്രിയുടെ മണ്ഡലമായ അങ്കമാലിയില്‍ നിന്ന്. മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പള്ളി, കെ. ബാബു എംഎല്‍എ, നടന്മാരായ സിദ്ദിഖ്, ദിലീപ്, ജില്ലാ കലക്റ്റര്‍ ഡോ.എം. ബീന തുടങ്ങിയവരൊക്കെ വിവിധ സ്റ്റോപ്പുകളില്‍ നിന്ന് ബസില്‍ കയറി. ദോഷം പറയരുത്, വഴിയിലെ പതിവു യാത്രക്കാരെ വിഐപി ബസില്‍ കയറ്റാനും ഇറക്കാനും അനുവദിച്ചു. ബസില്‍ കാലുകുത്താനിടമില്ലാത്തത്ര തിരക്ക്. കാര്യങ്ങള്‍ ഈ വഴിക്കാണെങ്കില്‍ കൊച്ചിയിലോടുന്ന ബസുകളെല്ലാം ലക്ഷങ്ങള്‍ കൊയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നഗരത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തിരക്കിനും ശമനമുണ്ടാകും. എന്നാല്‍ സംഭവിച്ചതും പിന്നീടു സംഭവിക്കുന്നതും അങ്ങനെയല്ല സര്‍.
അങ്കമാലി - കാക്കനാട് വിവിഐപി ബസ് സര്‍വീസ് നടത്തിയ ദിവസം എറണാകുളത്തെ മറ്റു ചില ബസ് സര്‍വീസ് കൂടി ശ്രദ്ധയില്‍പ്പെട്ടു. അന്നേ ദിവസം പുലര്‍ച്ചെ 5.30. എറണാകുളം മെയ്ന്‍ കെഎസ്ആര്‍ടിസ് സ്റ്റാന്‍ഡ്. തിരു- കൊച്ചി ശൃംഖലയില്‍പ്പെട്ട ഒരു ബസ് സ്റ്റാന്‍ഡില്‍ പിടിക്കുന്നു. ബോര്‍ഡ്- അരൂര്‍ ക്ഷേത്രം. ഒരാള്‍ പോലും ബസില്‍ കയറാനില്ല. ഒട്ടും വൈകാതെ ജനറം പദ്ധതിയില്‍പ്പെട്ട വേറൊരു ബസു കൂടി ബേയിലെത്തി. അതിലും ബോര്‍ഡ് വച്ചു- അരൂര്‍ ക്ഷേത്രം. അല്പം കഴിഞ്ഞു വേറൊരു ബസും പിടിച്ചിട്ടു, അതിലെ ബോര്‍ഡ് - അരൂര്‍.
സ്റ്റേഷനു വടക്കുഭാഗത്ത് ഇതേ സമയം, വേറൊരു ബസ് പിടിച്ചു. ബോര്‍ഡ് -ആലുവ. അതിനടുത്തു തന്നെ ജനറം ബസും പിടിച്ചിട്ടു ബോര്‍ഡ് വച്ചു- ആലുവ. അരൂരിലെപ്പോലെ രണ്ടുമിനിറ്റിനുള്ളില്‍ ആളില്ലാതെ മൂന്നു ബസുകള്‍ ആലുവയിലേക്കും പുറപ്പെട്ടു. അതിനിടെ, അലുവ വഴി ഒന്നിലധികം സൂപ്പര്‍ ഫാസ്റ്റുകളും മറ്റ് ബസുകളും കടന്നു പോയിരുന്നു. ഈ സമയമത്രയും സ്റ്റേഷനില്‍ ദീര്‍ഘദൂരയാത്രക്കാരുടെ നല്ല തിരക്കുണ്ടായിരുന്നു. നാല്പതു മിനിറ്റ് കാത്തു നിന്നപ്പോഴാണു ഒരു തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എത്തിയത്. അതില്‍ കാലുകുത്താന്‍ ഇടമില്ല.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. യാത്രക്കാര്‍ കുറവുള്ള റൂട്ടുകളില്‍ ആവശ്യത്തിലധികം ബസ് സര്‍വീസ്. തിരക്കുള്ള റൂട്ടുകളില്‍ ആവശ്യത്തിനു ബസ് സര്‍വീസുമില്ല. നമ്മുടെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കട്ടപ്പുറം കയറിയതിന്‍റെ കാരണവും മറ്റൊന്നല്ല. ഷെഡ്യൂളുകള്‍ ലാഭകരമായ രീതിയില്‍ പുനര്‍നിര്‍ണയം ചെയ്താല്‍ കലക്ഷന്‍ വര്‍ധിക്കും. യാത്രാദുരിതം കുറയുകയും ചെയ്യും.
ഇനി നിരത്തിലെ തിരക്കിന്‍റെ കാര്യം. പണ്ടൊക്കെ അമേരിക്കന്‍ സമ്പന്നതയുടെ കണക്കു പറയുമ്പോള്‍ ഒരു വീട്ടില്‍ രണ്ടു കാര്‍ എന്നു മേനി പറയുമായിരുന്നു. എന്നാല്‍ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നിലധികം വാഹനങ്ങളില്ലാത്ത വീടുകള്‍ നന്നേ കുറയും. ആളിന് ഒരു വാഹനം എന്നതാണു ശരാശരി. അതെല്ലാം കൂടി ഒരുമിച്ചു റോ ഡില്‍ നിരത്തിയിട്ടാല്‍ അമേരിക്ക വരെ എത്തുമെന്ന രസക്കണക്കും പറയാം. ഈ വാഹനഘോഷയാത്രയെക്കുറിച്ചും ബോധ്യപ്പെടുത്തിത്തന്നു ബസ്ദിനാഘോഷം.
മന്ത്രിയോടൊപ്പം ബസില്‍ കയറിയവര്‍ക്കെല്ലാം സ്വന്തമായി ഒന്നിലധികം വാഹനങ്ങളുള്ളവര്‍ തന്നെ. മന്ത്രിയൊഴികെ എല്ലാവരുടെയും വാഹനങ്ങള്‍ അവര്‍ കയറിയ ബസിനെ പല വഴിക്ക് അനുഗമിച്ചു. കാക്കനാട്ടെത്തി ബസ് ദിനമാഘോഷിച്ച ശേഷം ഇവരെല്ലാം മടങ്ങിയതു സ്വന്തം കാറുകളിലും. പാവം മന്ത്രി മാത്രം സ്റ്റേറ്റ് കാര്‍ ഉപേക്ഷിച്ച് എസി പോലുമില്ലാത്ത ഓര്‍ഡിനറി ബസില്‍ കയറി അങ്കമാലിയിലേക്കു പോയി. ആളില്ലാതെ ആഡംബരക്കാറുകള്‍ കാലിയായി ഓടിച്ച് കാക്കനാട്ടെത്തി ഉടമയെ മാത്രം കയറ്റി പല വഴിക്കു പാഞ്ഞതിന്‍റെ തിരക്കിലായിരുന്നു നഗരം ഉച്ചയ്ക്കു ശേഷം.
അര്‍ഥശൂന്യമായ ഇത്തരം ദിനാചരണങ്ങള്‍ എന്തിനാണെന്നു ചോദിക്കരുത്. ഉണ്ടിരിക്കുമ്പോള്‍ ഒരുള്‍വിളി എന്നു കേട്ടിട്ടില്ലേ? അത്രയേയുള്ളൂ ഈ ദിനാചരണങ്ങള്‍ . അതായത് ബസില്‍ ആളു കയറാനും പോകുന്നില്ല, നഗരത്തിലെ തിരക്ക് മാറാനും പോകുന്നില്ല.
കാത്തിരിക്കുക..! തിരുവനന്തപുരത്തും കോഴിക്കോട്ടും ബസ് ദിനാഘോഷം വരാനിരിക്കുന്നു.
mail cprajasekharan@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ