പേജുകള്‍‌

2010, ഡിസംബർ 27, തിങ്കളാഴ്‌ച

THE LEADER,THE LEGEND

C.P. RAJASEKHARAN
കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ കേരളത്തിനുണ്ടായ രണ്ടാമത്തെ വലിയ നഷ്ടം. ലീഡര്‍ കെ. കരുണാകരന്‍റെ വേര്‍പാടിനെ അങ്ങനെ വിശേഷിപ്പിക്കാം. 1998 മാര്‍ച്ച് 19ന് അന്തരിച്ച ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ഈ പട്ടികയിലെ ഒന്നാമന്‍. സജീവ രാഷ്ട്രീയത്തില്‍ അടിയുറച്ചു നിന്ന കാലമത്രയും ഇ.എം.എസിന് ഒരു പക്ഷമുണ്ടായിരുന്നു. അത് ഇ.എം.എസിന്‍റെ പക്ഷം. ഇ.എം.എസിനെ എതിര്‍ക്കുന്നവര്‍ക്കുമുണ്ടായിരുന്നു ഒരു പക്ഷം. ആ പക്ഷത്തിന് ഇത്രയും കാലം തലയെടുപ്പോടെ നിന്നതു കരുണാകരന്‍. തീരെച്ചെറിയ ഒരിടവേളയില്‍ കരുണാകരനു മനം മാറ്റമുണ്ടായി എന്നതു സമ്മതിക്കാം. അതു പക്ഷേ, പ്രത്യയ ശാസ്ത്രത്തോടുള്ള വിയോജിപ്പുകൊണ്ടായിരുന്നില്ല. ഒപ്പം നിന്നു ചതിച്ചവരോടോ, പുകച്ചു പുറത്തു ചാടിക്കാന്‍ വെമ്പിയ വൈരികളോടോ ഉള്ള വിദ്വേഷം കൊണ്ടായിരുന്നു.
അപ്പോഴും കരുണാകരന്‍റെ നെഞ്ചില്‍ മിടിച്ചതു മൂവര്‍ണക്കൊടി. 1942 ഓഗസ്റ്റ് 12 നു തൃശൂര്‍ മണികണ്ഠനാല്‍ത്തറയ്ക്കു മുന്നിലുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ രക്ഷയ്ക്കായി നെഞ്ചോടു ചേര്‍ത്തു പിടിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ത്രിവര്‍ണ പതാക. വിയ്യൂര്‍ ജയിലില്‍ ഉടുതുണി കീറി സൂര്യകാന്തിപ്പൂവും ചെമ്പരത്തിപ്പൂവും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ കുങ്കുമവര്‍ണവും ആര്യവേപ്പിലയും മാവിലയും ചേര്‍ത്തരച്ച് അരിച്ചെടുത്തുണ്ടാക്കിയ പച്ച നിറവും തുണിനീലം കൊണ്ടു വരച്ച ചര്‍ക്കയും ചേര്‍ത്തുണ്ടാക്കിയ അതേ കൊടി.
ആ കൊടിയാണു കഴിഞ്ഞ ഏഴു പതിറ്റാണ്ടായി കെ. കരുണാകരനെ കൈ പിടിച്ചു നടത്തിയത്. ആ കൊടിക്കുവേണ്ടിയാണ് അദ്ദേഹം പലരോടും കലഹിച്ചത്. ആ കൊടിയുടെ പിന്‍ബലത്തിലാണു ലീഡറായത്. തൃശൂര്‍ നഗരസഭയില്‍ കൗണ്‍സിലര്‍ ആയത്. തിരുക്കൊച്ചിയിലും കേരള നിയമസഭയിലും അംഗമായത്. നാലു തവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയായത്. ഒരു തവണ സംസ്ഥാന മന്ത്രിയും ഒരു തവണ കേന്ദ്ര മന്ത്രിയുമായത്. രണ്ടു തവണ ലോക്സഭയിലും മൂന്നു തവണ രാജ്യസഭയിലുമെത്തിയത്. ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിനും മീതേ വളര്‍ന്ന കിങ് മേക്കറായത്. കരുണാകരന്‍റെ ഭാഷയില്‍പ്പറഞ്ഞാല്‍, ആളും ആരവുമൊടുങ്ങിയ ഇനിയുള്ള നിശബ്ദയാത്രയിലും അദ്ദേഹത്തിനു കൂട്ടായി ഇതേ കൊടിയുണ്ട്.
കേരളത്തിലെ ഏതൊരു സാധാരണക്കാരനെയും പോലെ എനിക്കും കരുണാകരനെ പരിചയമുണ്ട്. കരുണാകരനു പേരെടുത്തു വിളിക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിനു പരിചയക്കാരില്‍ ഒരാള്‍ മാത്രമാണ് ഈ ലേഖകന്‍. എങ്കിലും അദ്ദേഹത്തെ അടുത്തു കണ്ടിട്ടുണ്ട്. നിരവധി തവണ. രണ്ടു തവണ പ്രത്യേക അഭിമുഖത്തിനും അനുവാദം തന്നു. 2002 ല്‍ ശതാഭിഷിക്തനാകുന്നതിനു തൊട്ടു മുന്‍പാണ് അദ്ദേഹത്തെ ഏറ്റവും ഒടുവില്‍ കണ്ടത്. കോണ്‍ഗ്രസിലെ വിമത ശബ്ദമായിരുന്നു അന്ന് അദ്ദേഹം. പാര്‍ട്ടിയില്‍ ഏറെക്കുറെ അവഗണിക്കപ്പെട്ട അവസ്ഥ. താന്‍ വളര്‍ത്തി വലുതാക്കിയവര്‍ പോലും തിരിഞ്ഞു നിന്നു കൊഞ്ഞനം കുത്തുന്നു. വീട്ടിലെ രാഷ്ട്രീയാന്തരീക്ഷത്തിലും കാറും കോളും. അസ്വസ്ഥനായിരുന്നു അന്ന് അദ്ദേഹം.
ശതാഭിഷിക്തനാകുന്ന ലീഡറുടെ മുഖം മ്ലാനമായിരുന്നു. പ്രതിസന്ധികളുടെ നടുക്കടലില്‍പോലും കണ്ണിറുക്കിച്ചിരിക്കുന്ന ലീഡര്‍ ചിരിക്കാതെ ചിരിച്ചുകൊണ്ടാണു സ്വീകരിച്ചത്. ഉത്തരങ്ങള്‍ക്കു മൂര്‍ച്ചയില്ല. പതിവുള്ള പ്രസരിപ്പില്ല. എന്തേ ഇങ്ങനെ? ചോദിക്കാനുള്ള ധൈര്യമുണ്ടായില്ല. ചോദ്യങ്ങള്‍ക്കു മാത്രം ഉത്തരം നല്‍കി കര്‍മം കഴിക്കുകയായിരുന്നു ലീഡര്‍.
ഒടുവില്‍ ധൈര്യം സംഭരിച്ചു ചോദിച്ചു,
 അങ്ങ് അസ്വസ്ഥനാണ്..?
ലീഡറുടെ കണ്ണുകള്‍ തീക്ഷ്ണമാകുന്നതു ഞാന്‍ കണ്ടു. ചുറ്റിലും തീ പടര്‍ത്താന്‍ അതിനു കെല്‍പ്പുണ്ടെന്നു മനസിലാകുമായിരുന്നു. ഞാനെന്ന അപരിചിതന്‍റെ മുന്നില്‍ തുറന്നുകാട്ടാന്‍ ദുര്‍ബലമായിരുന്നില്ല ആ മനസ്. എണ്‍പത്തിനാലാം വയസിന്‍റെ ബാല്യം ചങ്കിലുറപ്പിച്ച് ലീഡര്‍ അല്‍പം മുന്നോട്ടാഞ്ഞു. മുന്നില്‍ നിന്നു കുത്തുന്നതാണ് എനിക്കിഷ്ടം. പിന്നില്‍ നിന്നു കുത്തുന്നവരെയും ഭയമില്ല. എന്നാല്‍, മുന്നിലും പിന്നിലും നിന്ന് ഒരേ സമയം കുത്തുന്നവരെ സൂക്ഷിക്കണം.
ആരാണ് അങ്ങനെ കുത്തിയത്? അന്നത്തെ കെപിസിസി നേതൃത്വം? ഹൈക്കമാന്‍ഡ്? ഗ്രൂപ്പിലെ സഹപ്രവര്‍ത്തകര്‍? ഉറ്റവര്‍? അതോ എല്ലാവരും ചേര്‍ന്നോ? ചോദിച്ചില്ല. ഉത്തരം ലീഡര്‍ പറഞ്ഞുമില്ല. ഒരു കാര്യം വ്യക്തം. ലീഡറെന്ന അഗ്നിപര്‍വതത്തെ ഊതിക്കെടുത്താന്‍ ഒരു തരത്തിലല്ലെങ്കില്‍ പലതരത്തില്‍ ഇവരെല്ലാം ശ്രമിച്ചിട്ടുണ്ട്. അതില്‍ ലീഡര്‍ വല്ലാതെ വേദനിച്ചിട്ടുണ്ട്.
ആശ്രിതവത്സലനെന്നു പേരുദോഷമുള്ളയാളാണല്ലോ? ഇപ്പോള്‍ അതുമാറി കുടുംബസ്നേഹം കൂടുതലായി എന്നാണു പ്രധാന ആക്ഷേപം?
രൂക്ഷമായ നോട്ടമായിരുന്നു ആദ്യ പ്രതികരണം. കൂടെ നിന്നവര്‍ക്കു കൊടുത്തതിനെക്കാള്‍ കുടംബത്തിനു ഞാനെന്തു കൊടുത്തു? ഇന്നു വലിയ നേതാക്കളായ പലരെയും കൈപിടിച്ചു നടത്തിയില്ലേ? അവരെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് എംഎല്‍എയും എംപിയും മന്ത്രിമാരുമാക്കിയില്ലേ? ഒരിലയില്‍ ഒരുമിച്ച് അന്നം പങ്കു വച്ചിട്ടില്ലേ? അവര്‍ക്കൊക്കെ കിട്ടിയ ഉപകാരം എന്‍റെ കുടുംബത്തിന് എന്നെക്കൊണ്ട് ഉണ്ടായോ? അവസാന നിമിഷം വരെ കൂടെ നിന്നിട്ട് ഒടുവില്‍ മുന്നില്‍നിന്നു തന്നെ പലരും കുത്തിയില്ലേ?
ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ലീഡര്‍ നല്ല ക്ഷീണിതനാണ്.
മതി. ഇന്നിത്ര മതി... ലീഡര്‍ അഭിമുഖം പെട്ടെന്ന് അവസാനിപ്പിച്ചു.
പടിയിറങ്ങുമ്പോഴും ലീഡറായിരുന്നു മനസില്‍.
രാഷ്ട്രീയം ഉപജീവനമാക്കിയവരെല്ലാം ലീഡര്‍മാരാണ്, അഥവാ അങ്ങനെ ധരിക്കുന്നവരാണ്. പക്ഷേ, ധരിക്കുന്നവരും ധരിക്കപ്പെട്ടവരും ഒരുപോലെ അംഗീകരിക്കുന്ന ഒരേയൊരു ലീഡറേയുള്ളൂ- കണ്ണോത്ത് കരുണാകര മാരാര്‍ എന്ന കെ. കരുണാകരന്‍. പ്രതിസന്ധികളെ കണ്ണിറുക്കി ചിരിച്ചുതള്ളുന്ന ഈ രാഷ്ട്രീയക്കാരന്‍, കഴിഞ്ഞ ഏഴു പതിറ്റാണ്ടായി രാഷ്ട്രീയകേരളത്തിന്‍റെ അവിഭാജ്യ ചേരുവയാണ്.
കേരളം കണ്ട ഏറ്റവും മികച്ച ഭരണ തന്ത്രജ്ഞരില്‍ ഒരാള്‍. അച്യുതമേനോന്‍ ഭരണകാലത്തെ മിക്ക പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പിന്നിലെ പ്രേരണ കരുണാകരനാണെന്നതും മറക്കരുത്. എതിര്‍പ്പുകളും പ്രശ്നങ്ങളും കരുണാകരനു കൈത്താങ്ങായിരുന്നു. പ്രശ്നങ്ങളില്ലെങ്കില്‍ കരുണാകരനില്ല എന്ന അവസ്ഥ. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം, ഗോശ്രീ, കായംകുളം തെര്‍മല്‍ പ്ലാന്‍റ്, തിരുവനന്തപുരം ടെക്നോ പാര്‍ക്ക്, ഗുരുവായൂര്‍ റെയ്ല്‍വേ ലൈന്‍ തുടങ്ങിയവയൊക്കെ ഇത്തരം എതിര്‍പ്പുകള്‍ക്കു നടുവില്‍ നിന്നാണു ലീഡര്‍ യാഥാര്‍ഥ്യമാക്കിയത്. ഇതൊക്കെ മതി അദ്ദേഹത്തിന്‍റെ പേര് അനശ്വരമാക്കാന്‍.
കരുണാകരനോളം നിശ്ചയദാര്‍ഢ്യമുള്ള ഭരണാധിപന്മാര്‍ കേരളത്തില്‍ അധികമുണ്ടായിട്ടില്ല. വിശ്വസിച്ചവര്‍ പലരും തന്നെ ചതിച്ചിട്ടുണ്ടെന്നു തുറന്നു പറഞ്ഞിട്ടുള്ള അദ്ദേഹം, അതില്‍ പുതുമയില്ലെന്നും സമ്മതിച്ചിട്ടുണ്ട്. ഒരിലയില്‍ വിളമ്പിയ അന്നം ഒരുമിച്ചു പങ്കു വച്ചു, പുത്രനേക്കാള്‍ വലിയ പുത്രസ്നേഹം കാട്ടിയ രമേശ് ചെന്നിത്തല മറുചേരിയില്‍ ചേക്കേറി തന്നെ തള്ളിപ്പറഞ്ഞപ്പോള്‍പ്പോലും അദ്ദേഹം വ്യക്തിപരമായി കലഹിച്ചില്ല. തനിക്കു പുത്രസ്നേഹം മാത്രമായിരുന്നെങ്കില്‍, മുപ്പതാം വയസില്‍ രമേശ് ചെന്നിത്തല കേരളത്തിന്‍റെ ഗ്രാമ വികസന മന്ത്രി ആയതെങ്ങനെയെന്നു ചിന്തിക്കണമെന്നായിരുന്നു ലീഡര്‍ നല്‍കിയ അഭിമുഖത്തിലെ മറുപടി. രാജ്മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്ര പ്രസാദ്, എം.ഐ. ഷാനവാസ്, ജി. കാര്‍ത്തികേയന്‍, വി.എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ ലീഡര്‍ക്കു സ്വന്തം മകനേക്കാള്‍ പ്രിയപ്പെട്ട രാഷ്ട്രീയ ശിഷ്യന്മാരായിരുന്നു. ലീഡറുടെ അടുക്കളയിലും ഉറക്കറയിലും വരെ ഊഴം കാക്കാതെ കടന്നു ചെല്ലാന്‍ അനുവാദമുണ്ടായിരുന്നു ഈ ശിഷ്യര്‍ക്ക്. പിന്നില്‍ നിന്നു കുത്തിയവരെ പുറംകാല്‍ കൊണ്ടു തൊഴിക്കാന്‍ മെനക്കെട്ടില്ല. അവസരം കിട്ടിയവര്‍ മുതലാക്കി- ലീഡറുടെ മറുപടി.
  തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയും ഭരണ പരാജയവുമായിരുന്ന രാജന്‍ കേസിന്‍റെ ഒരു ഘട്ടത്തിലും അദ്ദേഹം കേസിനു പിന്നിലെ ഉദ്യോഗസ്ഥരെ ഒറ്റിക്കൊടുത്തില്ല. ഇന്നത്തെ ഭരണക്കാരെപ്പോലെ ഉദ്യോഗസ്ഥരെ പഴിചാരി തടി തപ്പിയതുമില്ല. 1997ല്‍ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ ലീഡര്‍, രാജന്‍ കേസിന്‍റെ പശ്ചാത്തലത്തില്‍ ഒരു മാസത്തിനുള്ളില്‍ രാജി വച്ചൊഴിയുകയായിരുന്നു. 1970കളില്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നക്സല്‍ പ്രസ്ഥാനം തല പൊക്കുകയും പടര്‍ന്നു പന്തലിക്കുകയും ചെയ്തപ്പോള്‍ കേരളത്തില്‍ ശക്തമായ ചെറുത്തുനില്‍പുണ്ടായത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍റെ ഉരുക്കുമുഷ്ടിയായിരുന്നു. അന്നതു പ്രയോഗിച്ചില്ലായിരുന്നെങ്കില്‍ കേരളം മറ്റൊരു ജാര്‍ഖണ്ഡ് ആകുമായിരുന്നു എന്നു കരുതുന്നവരുണ്ട്.
    തന്ത്രങ്ങളുടെ പെരുന്തച്ചനാണു ലീഡര്‍. തനിക്കു ചുറ്റും ആശ്രിതരുടെ വലയം തീര്‍ത്ത് എല്ലാവരെയും തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്താനുള്ള മാജിക് അദ്ദേഹത്തിനുണ്ടായിരുന്നു. ഈ മാജിക്കാണു കേവലം ഒമ്പതു സാമാജികരില്‍ നിന്നു പടിപടിയായി വളര്‍ന്നു കേരളത്തിന്‍റെ മുഖ്യമന്ത്രിയാവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. 1970 മുതല്‍ 1995 വരെ കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധികാരകേന്ദ്രമായിരുന്നു കരുണാകരന്‍. ഈ കാലഘട്ടത്തില്‍ അദ്ദേഹം കണ്ടെത്തിയവരോ വളര്‍ത്തിയവരോ ആണ് ഇന്നു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മിക്കവരും. ഇവരില്‍ നല്ലൊരു പങ്കും ഇപ്പോള്‍ വിരുദ്ധ ചേരിയിലാണെന്നതു വേറേ കാര്യം.
    രാഷ്ട്രീയത്തിലേക്ക് ഒരാളെ കൈ പിടിച്ചുയര്‍ത്തുമ്പോള്‍ത്തന്നെ അയാളറിയാതെ മറ്റൊരാളെക്കൂടി ലീഡര്‍ കണ്ടു വച്ചിരിക്കും. ആവശ്യം വരുമ്പോള്‍ രണ്ടാമനെ കൂട്ടുപിടിച്ച് ഒന്നാമനെ കൈവിടുന്നതായിരുന്നു ലീഡര്‍ ശൈലി. രണ്ടുപേരും ഇക്കാര്യങ്ങള്‍ അറിയുന്നതു സംഭവിക്കാനുള്ളതു സംഭവിച്ചു കഴിയുമ്പോള്‍ മാത്രവും. സ്വന്തം വീട്ടില്‍പ്പോലും മകന്‍ മുരളിക്കു പുറമേ, മകള്‍ പത്മമജയെക്കൂടി പരിഗണിച്ചതിന്‍റെ പിന്നിലെ രാഷ്ട്രീയ തന്ത്രവും മറ്റൊന്നല്ല. മുരളി ഗ്രൂപ്പ് വിട്ടുപോയപ്പോള്‍ പത്മമജ കൂടെ നിന്നു!
      അടിയന്തിരാവസ്ഥയെത്തുടര്‍ന്നു പാര്‍ട്ടി വിട്ടു പോയ എ.കെ ആന്‍റണിയെ തിരിച്ചെടുക്കാന്‍ സഹായിച്ച കരുണാകരന്‍ തന്നെയാണ് ആന്‍റണിക്കെതിരേ അദ്ദേഹത്തിന്‍റെ തന്നെ പക്ഷത്തെ പ്രബലനായിരുന്ന വയലാര്‍ രവിയെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിപ്പിച്ചു വിജയിപ്പിച്ചത്. ആന്‍റണി കൈവിട്ടപ്പോള്‍ വയലാര്‍ രവി ഒപ്പമുണ്ടായി. തൃശൂരില്‍ സുധീരന്‍ അറിയാതെ പി.പി ജോര്‍ജിനെ വളര്‍ത്തി. കോഴിക്കോട്ട് വീരാന്‍ കുട്ടി അറിയാതെ ശങ്കരനോടായിരുന്നു കൂട്ട്. തിരുവനന്തപുരത്ത് ഉണ്ണിത്താനറിയാതെ ശിവകുമാറിനെ വളര്‍ത്തി. ഒരാള്‍ ചതിച്ചാല്‍ രണ്ടാമനുണ്ടാകും തുണ. ചതിച്ചവര്‍ പുറത്ത്. രക്ഷകന്‍ പ്രിയന്‍. ഇങ്ങനെ എത്രയെത്ര പേര്‍.!
     അടിയന്തിരാവസ്ഥയ്ക്കു ശേഷം കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറെക്കുറെ പൂര്‍ണമായി ഇന്ദിര വിരുദ്ധ ചേരിയിലായിരുന്നു. അന്നു കരുണാകരന്‍റെ നേതൃത്വത്തില്‍ വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമായിരുന്നു ഐ ക്യാംപിലുണ്ടായിരുന്നത്. വെറും പൂജ്യത്തില്‍ നിന്നു കരുണാകരന്‍ വളര്‍ത്തിയെടുത്തു ഐ കോണ്‍ഗ്രസിനെ. എന്നാല്‍, അവിടെനിന്ന് അദ്ദേഹത്തിനു പടിയിറങ്ങേണ്ടി വന്നതു വിധി വൈപരീത്യം. അമിതമായ പുത്രവാത്സല്യവും കുടുംബവാഴ്ച ഭ്രമവുമായിരുന്നു ലീഡറെ വഴി തെറ്റിച്ചതെന്നു പറയുന്നവരുണ്ട്. എന്നാല്‍ ലീഡര്‍ സമ്മതിച്ചു തരില്ല.
      തന്‍റെ സമകാലികരില്‍ ഏതു നേതാവിനാണു സ്വന്തം പുത്രനോടു വാത്സല്യമില്ലാത്തതെന്നായിരുന്നു ശതാഭിഷേക വേളയില്‍ ലീഡര്‍ ഈ ലേഖകനോടു ചോദിച്ചത്. ഇ.എം.എസിന്‍റെ മകന്‍ രാഷ്ട്രീ യത്തിലില്ലായിരുന്നോ? എ.കെ ഗോപാലന്‍, ഇ. ബാലാനന്ദന്‍ തുടങ്ങിയ നേതാക്കള്‍ നേതാവായതു കൊണ്ട് അവരുടെ ഭാര്യമാരെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയോ? ആര്‍. ശങ്കറുടെയും ടി.കെ. ദിവാകരന്‍റെയും ബേബി ജോണിന്‍റെയും മക്കള്‍ക്കും രാഷ്ട്രീയമാവാം.
   കരുണാകരന്‍റെ മക്കള്‍ക്കു മാത്രം പാടില്ലെന്നു പറയുന്നതിന്‍റെ പൊരുള്‍ മനസിലാവുന്നില്ല. താനല്ല മുരളിയെയും പത്മമജയെയും രാഷ്ട്രീയത്തിലെത്തിച്ചത്. അവരതിനു യോഗ്യത തെളിയിച്ചവരാണ്.
മുതിര്‍ന്ന നേതാക്കളായ ഇ.കെ. ഇമ്പിച്ചബാവ, എം.പി. വീരേന്ദ്രകുമാര്‍, സി.എം. ഇബ്രാഹിം എന്നിവരെ പരാജയപ്പെടുത്തിയാണു മുരളീധരന്‍ കോഴിക്കോട്ടു നിന്നു പാര്‍ലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. മുരളി കോണ്‍ഗ്രസില്‍ വന്നതു കൊണ്ടു പാര്‍ട്ടിക്കുണ്ടായ നേട്ടമായി ഈ വിജയങ്ങളെ കാണുന്നതിനു പകരം, കരുണാകരന്‍ മക്കളെ രാഷ്ട്രീയത്തില്‍ വഴിവിട്ടു സഹായിക്കുന്നു എന്നാണ് ആക്ഷേപം. ഇ.എം.എസിന്‍റെ മകനു കഴിയാതെപോയതല്ലേ തന്‍റെ മകനു കഴിഞ്ഞതെന്നും ലീഡര്‍ വിലയിരുത്തി.
      എത്രയോ പേരെ താന്‍ വഴിവിട്ടു സഹായിച്ചു?അവരില്‍ ചിലരെങ്കിലും പാര്‍ട്ടിക്കു ബാധ്യതയായില്ലേ? അവസരം ലഭിക്കുന്നവര്‍ അവസരത്തിനൊത്തുയരണം. അതിനു കഴിയുന്നവരുടെ അവസരം നിഷേധിക്കരുത്, ആരുടെ മകനായാലും. മകന്‍ മുരളീധരന്‍റെ രാഷ്ട്രീയപ്രസക്തിയെക്കുറിച്ച് അന്നു ലീഡറുടെ പ്രതികരണം ഇതായിരുന്നു.
പക്ഷേ, സ്വന്തം മകന്‍ പിന്നീടു തനിക്കെതിരേ തിരിഞ്ഞപ്പോള്‍, തേടിച്ചെന്ന തന്‍റെ മുന്നില്‍നിന്നും അവന്‍ മുഖം തിരിച്ചപ്പോള്‍, രാഷ്ട്രീയത്തിന്‍റെ ഭിന്ന ചേരിയില്‍ തന്‍റെ നിസ്സഹായത തിരിച്ചറിഞ്ഞപ്പോള്‍ ആ പിതൃഹൃദയം വല്ലാതെ തേങ്ങി. ജീവിതത്തില്‍ എന്തിന്‍റെയെങ്കിലും മുമ്പില്‍ ലീഡര്‍ പതറിയിട്ടുണ്ടെങ്കില്‍ അതിവിടെ മാത്രമായിരുന്നു.
      മാധ്യമപ്രവര്‍ത്തരകരോട് ഇത്രയേറെ മാന്യതയും പരിഗണനയും കാണിച്ച നേതാക്കള്‍ വിരളമാണ്. മാധ്യമവിമര്‍ശനങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ കാണാന്‍ അദ്ദേഹത്തിനു മടിയേതുമില്ലായിരുന്നു. കേരളത്തില്‍ കാര്‍ട്ടൂണുകളില്‍ ഇത്രയേറെ നിറഞ്ഞിട്ടുള്ള നേതാക്കള്‍ നന്നേ കുറയും. തന്നോടു ദയയേതുമില്ലാതെ കൊലവിളി നടത്തിയ കാര്‍ട്ടൂണിസ്റ്റുകളെയും വിമര്‍ശകരെയും അദ്ദേഹം ബഹുമാനത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. ലീഡറുടെ സ്തുതിപാഠകര്‍ പോലും രാജന്‍ കേസ്, പാം ഓയില്‍ കേസ്, ചാരക്കേസ്, തുടങ്ങിയവയില്‍ അദ്ദേഹത്തോടു കരുണ കാട്ടിയില്ല. ചാരക്കേസ് പോലുള്ള സംഭവങ്ങള്‍ വെറും മാധ്യമ സൃഷ്ടിയാണെന്നു തെളിയക്കപ്പെട്ടപ്പോള്‍പ്പോലും കരുണാകരന്‍ മാധ്യമസുഹൃത്തുക്കളോടു നീരസം പ്രകടിപ്പിച്ചതുമില്ല.
      പ്രതിപക്ഷത്തിരുന്നു തന്നെയും സര്‍ക്കാരിനെയും നിരന്തരം വിമര്‍ശിച്ച പത്രത്തിന്‍റെ പ്രധാന ചുമതലക്കാരന്‍റെ ഭാര്യക്ക് ഉദ്യോഗക്കയറ്റം നല്‍കാന്‍ സൃഷ്ടിച്ച തസ്തിക ഇന്നും നിലനില്ക്കുന്നു സര്‍ക്കാര്‍ വകുപ്പില്‍. എത്രയോ പേര്‍ ആ തസ്തികയിലൂടെ ഉദ്യോഗക്കയറ്റത്തിന്‍റെ സുഖമനുഭവിക്കുന്നു. അക്രഡിറ്റേഷന്‍ എന്ന ആനുകൂല്യത്തിലൂടെ സൗജന്യ ബസ് യാത്ര, പാര്‍പ്പിട പദ്ധതിയിലൂടെ ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ക്കു വീട്, പത്രപ്രവര്‍ത്തക പെന്‍ഷന്‍ തുടങ്ങിയവയും അദ്ദേഹത്തിന്‍റെ സംഭാവനകളില്‍ ചിലതാണ്.
     വിശ്വസ്തരെ കുടിയിരുത്താന്‍ കരുണാകരന്‍ സൃഷ്ടിച്ച ഇരിപ്പിടങ്ങളാണു കേരള പൊലീസില്‍ ഇത്രയേറെ ഉന്നത പദവികളുണ്ടാക്കിയതെന്നതു മറ്റൊരു വസ്തുത. അധികാരത്തോടുള്ള അഭിനിവേശമാണു കരുണാകരന്‍റെ വീക്ക്നെസ്. കോണ്‍ഗ്രസില്‍ നിന്നു പിണങ്ങിപ്പിരിഞ്ഞു നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയും അതില്‍നിന്നും ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് (കരുണാകരന്‍) പാര്‍ട്ടിയും ഉണ്ടാക്കി. ഈ പാര്‍ട്ടിയെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലയിപ്പിച്ചു ലീഡര്‍ നടത്തിയ മലക്കം മറിച്ചിലുകള്‍ അദ്ദേഹത്തിന്‍റെ പൊളിറ്റിക്കല്‍ ഇമേജിനു മങ്ങലേല്‍പിച്ചു.
   താന്‍ ജീവിതം നല്‍കി വളര്‍ത്തിയെടുത്ത പക്ഷത്തും ഇക്കണ്ട കാലമത്രയും എതിര്‍ത്തുപോന്ന എതിര്‍പക്ഷത്തും ഒരുപോലെ അപഹാസ്യനും അസ്വീകാര്യനുമായിത്തീര്‍ന്ന ലീഡര്‍ അപകടം മനസിലാക്കി, രണ്ടു വര്‍ഷത്തെ പ്രവാസത്തിനു ശേഷം തറവാട്ടില്‍ മടങ്ങിയെത്തി. തന്നോടൊപ്പമുള്ളവര്‍ക്കു കൂടി മാന്യമായ ഇരിപ്പിടം തേടിക്കൊടുക്കുന്നതില്‍ ഒരു പരിധിവരെ ലീഡര്‍ വിജയിച്ചു.
     പക്ഷേ, കോണ്‍ഗ്രസിലേക്കുള്ള മടക്കത്തില്‍ മകന്‍ മുരളി ഒപ്പമില്ലാതെ പോയതാണു ലീഡറെ തളര്‍ത്തിയത്. അതിനു വേണ്ടി ഒരുപാടു പരിശ്രമിച്ചു. പക്ഷേ, വിജയിച്ചില്ല. അതില്‍ മാത്രമാ വും ഒരു പക്ഷേ, ഈ പോരാളി പതറിപ്പോയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ