പേജുകള്‍‌

2011, ജനുവരി 17, തിങ്കളാഴ്‌ച

oil price

ഇന്ധന വില കൊണ്ട്
തല ചൊറിയരുത്
 
കഴിഞ്ഞ വര്‍ഷം ജനുവരി പതിനാറിനു കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിനു വില 47.11 രൂപ. ഈ വര്‍ഷം അതേ ദിവസത്തെ വില 61.49 രൂപ. ഇന്ധനവിലയിലുണ്ടായ വളര്‍ച്ച 23.38 ശതമാനം. ഈ രണ്ടു ദിവസത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലവിവരപ്പട്ടികയും പരിശോധിക്കേണ്ടതുണ്ട്. ഒരു കിലോ അരിക്ക് അന്നത്തെ ശരാശരി മാര്‍ക്കറ്റ് വില 20 രൂപ. ഇന്നത് 30 രൂപ. വര്‍ധന 50 ശതമാനം. ഉള്ളിയും ഉഴുന്നും പോലെ  200 ശതമാനം വരെ വില ഉയര്‍ന്ന സാധനങ്ങളുമുണ്ട്. ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കിലാണെന്നു ധരിച്ചു വശായിരിക്കുന്ന വിദഗ്ധരുടെ ഈ ശതമാനക്കണക്ക് ഇവിടത്തെ സാധാരണ ജനങ്ങള്‍ക്കു വശമില്ല. അത്താഴക്കലത്തില്‍ തവിയിടുമ്പോള്‍ മുന്നിലിരിക്കുന്ന പാത്രങ്ങളിലേക്കു പകരാന്‍ തികയാതെ വീര്‍പ്പുമുട്ടുന്ന പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് ഒട്ടും മനസിലാവുകയുമില്ല. ജനങ്ങളുടെ അന്നം മുട്ടാതിരിക്കാനാണു സര്‍ക്കാര്‍ എന്ന സംവിധാനം ജനങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കുന്നത്. ഈ സംവിധാനം നോക്കുകുത്തിയാകുമ്പോള്‍ ജനങ്ങളുടെ കഞ്ഞികുടി മുട്ടും. നിര്‍ഭാഗ്യവശാല്‍ ഈ ദുര്‍ഗതിയിലേക്കാണു നമ്മുടെ രാജ്യം നടന്നടുക്കുന്നത്.
    ജനങ്ങളുടെ ക്രയശേഷി ഉയര്‍ന്നു എന്നാണു കുറച്ചുനാള്‍ മുന്‍പ്, നമ്മുടെ എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞത്. അതുകൊണ്ട്, രാജ്യത്തിന്‍റെ സാമ്പത്തിക ബാധ്യതയുടെ ഭാരം കുറച്ചൊക്കെ താങ്ങാനുള്ള കെല്‍പ്പ് ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതു ശരിയുമാണ്. എന്നാല്‍, സര്‍ക്കാര്‍ കൈക്കൊണ്ട ഒരു തീരുമാനത്തെത്തുടര്‍ന്ന് ഓരോ ദിവസവും ജനങ്ങളുടെ ചുമലില്‍ കുമിഞ്ഞുകൂടുന്ന ഭാരത്തിന്‍റെ തോത് പ്രധാനമന്ത്രി തിരിച്ചറിഞ്ഞേ മതിയാകൂ. അടിക്കടിയുള്ള ഇന്ധനവില വര്‍ധനയാണു ജനങ്ങളെ വലയ്ക്കുന്നത്. വിലക്കയറ്റം തടയുന്നതിനു കേന്ദ്ര മന്ത്രിസഭാ സമിതിയും ആസൂത്രണവിദഗ്ധരും ഒറ്റയ്ക്കും കൂട്ടായും പല തവണ യോഗം കൂടിയിട്ടും പ്രധാനമന്ത്രിക്ക് ഒരു പരിഹാരനിര്‍ദേശം പോലും മുന്നോട്ടു വയ്ക്കാന്‍ കഴിഞ്ഞില്ല. അതു പോകട്ടെ, ഏതാനും മണിക്കൂറിനുള്ളില്‍ത്തന്നെ വില ഇനിയും കത്തിക്കയറാന്‍ സൗകര്യമൊരുക്കിത്തന്നിരിക്കുന്നു മന്‍മോഹന്‍ സിങ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍.
    റേഷന്‍ വസ്തുക്കള്‍, വൈദ്യുതി, കല്‍ക്കരി, ജീവന്‍ രക്ഷാ ഔഷധങ്ങള്‍ എന്നിവ പോലെ സര്‍ക്കാരിന്‍റെ കൈപ്പിടിയില്‍ നില്‍ക്കുന്നതാവണം ഇന്ധന വിലയും. കേവലം ഒരു ഉത്പന്നം മാത്രമല്ല പെട്രോള്‍. ഇന്ധനങ്ങളുടെ വില അടിസ്ഥാനമാക്കിയാണ് ഉപ്പു മുതല്‍ റൊട്ടി വരെ എന്തിന്‍റെയും വില നിശ്ചയിക്കപ്പെടുന്നത്. ഇതറിയാവുന്നതുകൊണ്ടാണു നമ്മുടെ ഭരണഘടനാ ശില്‍പ്പികളും ഭരണാധിപന്മാരും മുന്‍പ് ഇന്ധനവില സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ നിര്‍ത്തിയതും. അക്കാലത്ത് ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഒരിക്കലായിരുന്നു ഇന്ധനവില പുതുക്കി നിശ്ചയിക്കല്‍. പിന്നീടതു വര്‍ഷത്തില്‍ ഒരു തവണയെന്നായി. ഇക്കഴിഞ്ഞ ജൂണില്‍ വിലനിയന്ത്രണം സര്‍ക്കാരില്‍ നിന്നു മാറ്റി, എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചതിനു ശേഷം ഏഴു മാസത്തിനുള്ളില്‍ ഏഴു തവണ വില കൂടി. എരിതീയില്‍ പിടയുന്ന ജനങ്ങളെ എണ്ണയിലിട്ടു വറക്കുന്ന അവസ്ഥയെത്തിയെത്തിയത് അങ്ങനെയാണ്.
     എണ്ണക്കമ്പനികളുടെ നഷ്ടം നികത്തിക്കൊടുക്കേണ്ട ബാധ്യത മുഴുവന്‍ സാധാരണ ജനങ്ങളുടെ മേല്‍ കയറ്റിവയ്ക്കരുത്. ഇന്ധനമെന്നാല്‍ ആഡംബര വസ്തുവല്ല. പെട്രോളിനോ ഡീസലിനോ മണ്ണെണ്ണയ്ക്കോ, ഒരു സിലിണ്ടര്‍ പാചകവാതകത്തിനോ വില ഉയര്‍ന്നാല്‍ അതിന്‍റെ പ്രത്യാഘാതം അടുത്ത നിമിഷത്തില്‍ത്തന്നെ ഇന്ത്യയിലെ എല്ലാ അടുക്കളകളിലും പ്രതിഫലിക്കും. ഒരു ലിറ്റര്‍ പെട്രോള്‍ ഒഴിച്ച് ഓട്ടോ റിക്ഷയും മോപ്പഡും മറ്റും ഓടിച്ച് അതില്‍നിന്നു ലഭിക്കുന്ന ചില്ലിത്തുട്ടുകള്‍ കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന ലക്ഷോപലക്ഷം കുടുംബങ്ങളുണ്ട് ഈ രാജ്യത്ത്. അവരുടെ ഭാഗധേയം നിശ്ചയിക്കാനുള്ള ഉത്തരവാദിത്വം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചു കൈയും കെട്ടി നോക്കിയിരിക്കാനാണെങ്കില്‍ എന്തിനാണ് ഇവിടെ പെട്രോളിയം വകുപ്പും അതിനു കുറേ മന്ത്രിമാരും മറ്റു സംവിധാനങ്ങളും? ഉപഭോഗ വസ്തുക്കളുടെയെല്ലാം ലാഭനഷ്ടം കണക്കാക്കി ഉപയോക്താക്കള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചാല്‍ പിന്നെ ഒരു സര്‍ക്കാരിന്‍റെ തന്നെ ആവശ്യമെന്ത്?
    ലോകത്ത് ഏറ്റവും വലിയ ഇന്ധനവില ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടാകുന്ന വിലവര്‍ധന മാത്രമല്ല ഈ പ്രതിഭാസത്തിനു കാരണം. ഇന്ധനങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികളും സെസ് അടക്കമുള്ള മറ്റു ബാധ്യതകളുമാണ് എണ്ണവിലയില്‍ തീ പടര്‍ത്തുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും അതിന്‍റെ ഗുണഭോക്താക്കളുമാണ്. വന്‍കിടക്കാര്‍ക്കു ശതകോടികളുടെ നികുതിയിളവുകള്‍ക്കും രാഷ്ട്രീയ കൊള്ളക്കാര്‍ക്കു ലക്ഷം കോടികളുടെ തീവെട്ടിക്കൊള്ളയ്ക്കും അവസരമൊരുക്കുന്ന സര്‍ക്കാരിന് ഇന്ധനങ്ങള്‍ക്കു മേലുള്ള അധിക നികുതികള്‍ ഇളവു ചെയ്യാന്‍ കൈവിറയ്ക്കും. ആദായനികുതിയുടെ ആനുകൂല്യങ്ങള്‍ ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ വമ്പന്മാരെ തഴുകുന്നു. കോര്‍പ്പറെറ്റ് നികുതികള്‍ വര്‍ഷങ്ങളായി മാറാതെ നിലനില്‍ക്കുന്നു. അപ്പോഴാണു സാധാരണക്കാരെ എളുപ്പത്തില്‍ പിഴിഞ്ഞ് എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുന്ന കൊള്ള. ഈ കള്ളക്കണക്കില്‍ നിന്നും കൊള്ളക്കളിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം, ഒരു നിമിഷം പോലും വൈകാതെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ