പേജുകള്‍‌

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

international

അറബ് മേഖലയില്‍ കുടുങ്ങിയവര്‍ക്ക് 
സഹായം എത്തിക്കണം  
 
 
ഇരുപതു വര്‍ഷം മുന്‍പത്തെ ഗള്‍ഫ് യുദ്ധത്തിനു സമാനമായ സംഘര്‍ഷാവസ്ഥയാണ് ഇപ്പോള്‍ അറബ് മേഖലയിലുള്ളത്. ഇറാനും ഇറാഖും തമ്മിലും പിന്നീട് ഇറാഖും കുവൈറ്റും തമ്മിലും പിന്നീടത് അറബ് മേഖല മുഴുവനും വ്യാപിച്ചതായിരുന്നു ഗള്‍ഫ് യുദ്ധത്തിന്‍റെ ചരിത്രം. മൂന്നാം ലോകമഹാ യുദ്ധത്തിന്‍റെ വക്കോളമെത്തിയ ശേഷമാണു ഈ യുദ്ധത്തിന് അറുതിയായത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ആഗോള മേഖലയെ വന്‍സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കുന്നതിനു പോലും യുദ്ധമായിരുന്നു കാരണം. അന്താരാഷ്ട്ര സമൂഹത്തിലുണ്ടാക്കിയ ചലനങ്ങള്‍ക്കൊപ്പം കേരളത്തിലെ ഗ്രാമാന്തരങ്ങളില്‍പ്പോലും അന്നുണ്ടായ കെടുതികള്‍ ഇന്നും ഞെട്ടലോടെ മാത്രമേ അതിന് ഇരയായവര്‍ ഓര്‍ക്കുകയുള്ളൂ. ജീവിത മാര്‍ഗങ്ങളും സമ്പാദ്യങ്ങളും ഉപേക്ഷിച്ചു യുദ്ധഭൂമിയില്‍ നിന്നു പലായനം ചെയ്തവരും കുറവല്ല. യുദ്ധഭൂമിയില്‍ അകപ്പെട്ടവരെ നാട്ടിലെത്തിക്കാനും തിരിച്ചെത്തുന്നവരെ പുനരധവസിപ്പിക്കുന്നതിനും അന്നു വളരെക്കൂടുതല്‍ പരിശ്രമങ്ങളുണ്ടായി. കുറച്ചു പേര്‍ക്കെങ്കിലും ആശ്വാസമെത്തിക്കാനും അന്നു കഴിഞ്ഞു.
     ഈ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ നോണ്‍ റസിഡന്‍റ് കേരളൈറ്റ്സ് അസോസിയേഷന്‍ (നോര്‍ക്ക) എന്നൊരു ഏജന്‍സി പോലും പുതുതായി ആരംഭിച്ചു കേരളത്തില്‍. ഇപ്പോള്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നേരിട്ടു ഭരിക്കുന്ന വകുപ്പാണത്. 1990-91 ലെ ഗള്‍ഫ് യുദ്ധത്തിനു സമാനമായ സംഘര്‍ഷാവസ്ഥ ഇപ്പോള്‍ അറബ് മേഖലയെ ചൂഴ്ന്നു നില്ക്കുകയും ആയിരക്കണക്കിനു മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ നിരാലംബരായി കഴിയുകയും ചെയ്തിട്ടും സംസ്ഥാന സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ തിരിഞ്ഞു നോക്കുന്നില്ല എന്നതാണു വാസ്തവം. കേന്ദ്ര പ്രവാസി കാര്യ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കുകയും ഹെല്‍പ്പ് ലൈന്‍ തുറക്കുകയും ചെയ്തതാണ് ഏക ആശ്വാസം.
      വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ടുണീഷ്യയില്‍ തുടങ്ങിയ ഭരണവിരുദ്ധ പ്രക്ഷോഭമാണു അയല്‍ രാജ്യങ്ങളിലൂടെ പടര്‍ന്ന് ഇങ്ങു ബഹറിന്‍ വരെ എത്തിയത്. അള്‍ജീരിയയും യെമനും കടന്നു പ്രക്ഷോഭം ഈജിപ്റ്റിലെത്തിയപ്പോഴേക്കും സ്ഥിതി രൂക്ഷമായി. പതിനെട്ടു ദിവസത്തോളം രാജ്യത്തു യുദ്ധാന്തരീക്ഷമായിരുന്നു. ലിബിയയിലും പ്രക്ഷോഭം പരിധിവിട്ടപ്പോള്‍ ജനജീവിതം അപ്പാടെ താറുമാറായി. ബഹറിനിലും സൗദിയിലും കൂടി പ്രക്ഷോഭത്തിന്‍റെ അലയടിച്ചതോടെ സ്ഥിതി അതീവ ഗുരുതരമായി. അറബ് മേഖലയുടെ സ്ഥിരതയെയും സമ്പത്തിനെയും മാത്രമല്ല, അതുവഴി ലോകത്തിന്‍റെ സാമ്പത്തിക സന്തുലിതാവസ്ഥയെത്തന്നെയും ബാധിക്കുമെന്ന അവസ്ഥ വന്നു. ഇതൊക്കെ അതതു മേഖലയുടെ കാര്യം. ഭാവിയുടെ പ്രതിസന്ധി എന്നും പറഞ്ഞുവയ്ക്കാം. എന്നാല്‍ ഈ നിമിഷങ്ങളില്‍പ്പോലും നൂറുകണക്കിനു മലയാളി കുടുംബങ്ങള്‍ ആശങ്കയോടെ കാണുന്ന മറ്റൊന്നുണ്ട്. ഇപ്പറഞ്ഞ എല്ലാ രാജ്യങ്ങളിലും ഈ കുടുംബങ്ങളില്‍ നിന്നുള്ള ആരെങ്കിലുമൊക്കെയുണ്ടെന്ന വസ്തുത.
       കലാപം രൂക്ഷമായ ലിബിയയിലെ ഡെങ്കാസില്‍ മാത്രം ഇരുനൂറിലധികം മലയാളി നഴ്സുമാരാണു കുടുങ്ങിക്കിടക്കുന്നത്. ബാരിയോണ ഹോട്ടലില്‍ കുടുങ്ങിപ്പോയ ഇവര്‍ക്കു പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ട്. കലാപം മൂലം ട്രിപ്പോളി വിമാനത്താവളം അടച്ചിട്ടു. യാത്രാരേഖകള്‍ തങ്ങളുടെ സ്പോണ്‍സറുടെ കൈവശം. ടെലിഫോണ്‍, ഇ മെയ്ല്‍ സൗകര്യങ്ങളും വിലക്കപ്പെട്ടു. താമസസ്ഥലത്ത് എത്തിച്ചേര്‍ന്നു ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ടെലിഫോണില്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോട്, തങ്ങള്‍ക്ക് എങ്ങനെയെങ്കിലും അവിടം വിട്ടു പോന്നാല്‍ മതിയെന്നാണു മലയാളികളായ പെണ്‍കുട്ടികള്‍ കരഞ്ഞു പറഞ്ഞത്. 2ജി സ്പെക്ട്രം മുതല്‍ ജെപിസി വരെ ചര്‍ച്ച ചെയ്യുന്ന പാര്‍ലമെന്‍റിന് ഇവരുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ സമയമില്ല. ഐസ്ക്രീം കേസ് മുതല്‍ ചന്ദനക്കൈക്കൂലി വരെ ചര്‍ച്ച ചെയ്യുന്ന കേരള നിയമസഭയ്ക്കും അതേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സമയമില്ല. നോര്‍ക്ക ഭരിക്കുന്ന അച്യുതാനന്ദനു വേറെ കേസുകളിലാണു താത്പര്യം.
       ബഹറിനിലും സൗദിയിലും ലക്ഷക്കണക്കിനു മലയാളികളുണ്ട്. ലിബിയയിലും ഈജിപ്റ്റിലും സംഭവിച്ചതു പോലെ പ്രക്ഷോഭം ആളിപ്പടര്‍ന്നില്ലെങ്കിലും അവിടെയും ഏറ്റുമുട്ടലുകളും ജീവഹാനിയുമുണ്ടായി. ഒട്ടേറെ മലയാളികള്‍ അവിടങ്ങളിലും തീ തിന്നു കഴിയുന്നു. ഇവരെക്കുറിച്ച് നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കാര്‍ക്കും ഒരു ഉത്ക്കണ്ഠയുമില്ലേ? സംഘര്‍ഷ മേഖലയില്‍ തങ്ങള്‍ക്കു യാതൊരു സഹായവുമില്ലെന്നാണ് അവിടെയുള്ളവര്‍ പറയുന്നത്. കേന്ദ്ര പ്രവാസി കാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടെന്നും ഉടന്‍ നടപടികളുണ്ടാകുമെന്ന് അറിയിപ്പു ലഭിച്ചെന്നും ഇവര്‍ പറഞ്ഞു. കുടുങ്ങിയവരും ജീവന്‍ പണയം വച്ച് ജോലിസ്ഥലങ്ങളില്‍ കഴിയുന്നവരും നയതന്ത്ര ബന്ധങ്ങളില്‍ അവഗാഹം നേടിയവരോ, തന്ത്രജ്ഞന്മാരെ പരിചയമുള്ളവരോ അല്ല. എഴുത്തും വായനയും പോലും അറിയാത്ത നിരവധിപേരും അക്കൂട്ടത്തിലുണ്ട്. ആപത്തില്‍ അകപ്പെട്ട അവര്‍ ആരെ സമീപിക്കും? അവരെ സഹായിക്കാന്‍ വേണ്ടി ഈ രാജ്യങ്ങളിലെല്ലാം എംബസികളും നയതന്ത്ര ഉദ്യോഗസ്ഥരുമുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും വിലയിരുത്താനും അവര്‍ക്കു കഴിയണം. അടിയന്തിര സാഹചര്യങ്ങളില്‍ അനുവാദത്തിനു പോലും കാത്തു നില്ക്കാതെ നമ്മുടെ സഹോദരങ്ങളെ സഹായിക്കാനാണു നികുതിപ്പണം മുടക്കി എംബസികളും അവിടെ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരിക്കുന്നത്. അവസരത്തിനൊത്ത് അവര്‍ പ്രവര്‍ത്തിക്കുമെന്നു തന്നെ പ്രതീക്ഷിക്കട്ടെ.
23 ഫെബ്രുവരി 2011

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ