പേജുകള്‍‌

2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

സിപിആര്‍
മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി സഭയുടെ മാത്രമല്ല ചിരിയുടെയും രാജകുമാരനാണ്. വലിയ തിരുമേനിയുടെ അടുത്ത് ഒരിക്കലെങ്കിലും ചെന്നുപെട്ടിട്ടുള്ളവരെല്ലാം അദ്ദേഹത്തിന്‍റെ നര്‍മ ഭാഷണ സുഖം അനുഭവിച്ചിട്ടുണ്ടാവും. പള്ളിയില്‍ നേര്‍ച്ചയായി കിട്ടിയ കോഴിയെ ലേലത്തില്‍ വില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍, നേര്‍ച്ചക്കോഴിയെ കണ്ടിച്ചു കറിവച്ച്, ഒപ്പം സേവിക്കാന്‍ ബ്രാന്‍ഡിക്കടയില്‍ നിന്നു മദ്യവും വാങ്ങിക്കുടിച്ച ശേഷം, ചെലാവാകാതിരുന്ന മുതല്‍ ചെലവാക്കാന്‍ ഉണ്ടായ ചെലവ് എന്നു കണക്കെഴുതി വച്ച കൈക്കാരനെ കൈയോടെ പിടികൂടുന്നതാണ് അദ്ദേഹത്തിന്‍റെ ഫലിത സ്റ്റൈല്‍.
എന്തൊക്കെ നല്ല കാര്യം ചെയ്താലും ഒപ്പമുണ്ടായിരുന്ന കുശിനിക്കാരനെ വല്ലാതെ ശകാരിക്കുമായിരുന്ന വൈദികനെക്കുറിച്ചും (അതു തിരുമേനി തന്നെയെന്നും വ്യംഗ്യം) മാര്‍ ക്രിസോസ്റ്റം വിസ്തരിച്ചിട്ടുണ്ട്. ഒരിക്കല്‍ മാനസാന്തരപ്പെട്ട വൈദികന്‍ കുശിനിക്കാരനെ വിളിച്ചു ചേര്‍ത്തു നിര്‍ത്തി. എന്നിട്ടു വളരെ ശാന്തനായി പറഞ്ഞു. നീ ഇവിടെ വളരെ കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും ഞാനെപ്പോഴും നിന്നെ വഴക്കു പറയുന്നു. വലിയ തെറ്റാണു ഞാന്‍ ചെയ്തത്. ഇനി ഏതായാലും ആ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല. നിന്നെ ഇനി ഒരിക്കലും വഴക്കു പറയില്ല.
തിരുമേനിയുടെ കുമ്പസാരത്തില്‍ കുശിനിക്കാരനും മാനസാന്തരമുണ്ടായി. അയാള്‍ പറഞ്ഞു. ശരി തിരുമേനി, അങ്ങ് എന്നെ ഇനി വഴക്കു പറയില്ലെന്ന് ഉറപ്പാണെങ്കില്‍ ഞാനും ഒരുറപ്പു തരുന്നു. അങ്ങേയ്ക്കു വിളമ്പി വയ്ക്കുന്ന ഭക്ഷണത്തില്‍ ഇനി മേലില്‍ ഞാന്‍ തുപ്പി വയ്ക്കില്ല..! തിരുമേനി ഫ്ളാറ്റ്.
ഇത്തരം ഫലിതങ്ങള്‍ പറഞ്ഞുപറഞ്ഞു പതംവന്നപ്പോള്‍ തിരുമേനിയുടെ ഇഷ്ടക്കാര്‍ അതൊരു പുസ്തകമാക്കി. ക്രിസോസ്റ്റം ഫലിതങ്ങള്‍ എന്ന പേരില്‍ പുസ്തകമിറക്കി സൂപ്പര്‍ ഹിറ്റ് ആക്കുകയും ചെയ്തു.
ഈ പുസ്തകത്തിലെ ഒരു കഥ- അല്ല- അനുഭവക്കുറിപ്പ് കാലഘട്ടത്തിനു വളരെ യോജിച്ചതാണെന്നു തോന്നുന്നു. ഒരിക്കല്‍ തിരുമേനിയെ ജയില്‍ പരിഷ്കരണ കമ്മിറ്റിക്കാര്‍ ജയില്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. തടവറയില്‍ കഴിയുന്നവര്‍ക്കു സാരോപദേശം നല്‍കി അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയായിരുന്നു ലക്ഷ്യം. തിരുമേനി അന്നു വലിയ മെത്രാപ്പൊലീത്ത ആയിട്ടില്ല. സഫ്രഗന്‍ ആയിട്ടേയുള്ളു. തിരുമേനിയുടെ കൂടെ അന്നത്തെ ഫിനാന്‍സ് സെക്രട്ടറി ഡോ. ബാബു പോളുമുണ്ട്. രണ്ടുപേരും തടവറയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം അവരെ അഭിസംബോധന ചെയ്തു. തുടക്കത്തില്‍ തിരുമേനി അവരോടു പറഞ്ഞു.
ഏതു കാര്യത്തിലായാലും ഒരു വശം മാത്രം നോക്കരുത്. രണ്ടു വശവും നോക്കി മാത്രമേ എന്തിനും ഇറങ്ങിത്തിരിക്കാവൂ. ഉദാഹരണത്തിനു, കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കണം. അല്ലെങ്കില്‍ നിങ്ങളില്‍ ചിലര്‍ക്കു പറ്റിയതു പറ്റും. അകത്തു കിടക്കേണ്ടി വരും. കക്കാന്‍ പഠിക്കുമ്പോള്‍ത്തന്നെ നില്‍ക്കാനും കൂടി പഠിക്കണം. അതുകൊണ്ടാണു ഞാന്‍ തിരുമേനിയായതും ബാബു പോള്‍ ഫിനാന്‍സ് സെക്രട്ടറിയായതും..!
ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, ആര്‍. ബാലകൃഷ്ണ പിള്ള, ടി.എം.ജേക്കബ്, കെ.എം. മാണി, കടവൂര്‍ ശിവദാസന്‍, അടൂര്‍ പ്രകാശ്, സി. വി. പദ്മരാജന്‍ തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ സമയം കിട്ടിയാല്‍ തിരുമേനിയെ ഒന്നു നേരിട്ടു കണ്ടു കൈ മുത്തണം. ഇല്ലെങ്കില്‍ ക്രിസോസ്റ്റം ഫലിതങ്ങള്‍ ഒരാവര്‍ത്തി മനസിരുത്തി വായിച്ചാലും മതി. മനഃശാന്തിയെങ്കിലും കിട്ടും. ഇനി നില്‍ക്കാനറിവുള്ളവര്‍ക്ക് എങ്ങനെ കക്കാം എന്നറിയണമെങ്കില്‍ വി.എ. അരുണ്‍ കുമാര്‍, ഡോ. ആശ, കെ.എം. ഷാജഹാന്‍, വി. കെ. ശശിധരന്‍ തുടങ്ങിയ വി.എസ് ആശ്രിതരെ സമീപിച്ചാല്‍ അതിനുള്ള വഴി അവര്‍ പറഞ്ഞു തരാന്‍ സാധ്യതയുണ്ട്.
ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ആര് എന്തൊക്കെപ്പറഞ്ഞാലും അദ്ദേഹം കള്ളനാണെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല, പറയാനുള്ള സാഹചര്യവും കാണുന്നില്ല. ആശ്രിത വാത്സല്യം കരുണാകരനോളം ഇല്ലെങ്കിലും ആന്‍റണിയെക്കാള്‍ മെച്ചമാണുതാനും. അതുകൊണ്ടു കൂടെ നില്‍ക്കുന്നവര്‍ക്ക് അല്ലറചില്ലറ ഗുണവും ദോഷവും സംഭവിച്ചേക്കാം. പാമൊലിന്‍ കേസില്‍ കരുണാകരന്‍ മുതല്‍ മുസ്തഫ വരെയുള്ളവരുടെ പേരുവിവരങ്ങള്‍ പണ്ടേ കേള്‍ക്കുന്നതാണ്. എന്നാല്‍ അതിലിപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പേരു കൂടി തിരുകിക്കയറ്റി കേസെടുത്തു തെരഞ്ഞെടുപ്പിനു മുമ്പ് അകത്താക്കാനുള്ള നെട്ടോട്ടത്തിലാണു വേലിക്കകത്ത് ശങ്കരന്‍റെ മകന്‍ അച്യുതാനന്ദന്‍ സഖാവ്.
ഞാനൊഴിഞ്ഞുണ്ടോ രാമനി ത്രിഭുവനത്തിങ്കല്‍ എന്നു ശ്രീരാമനോടു പരശുരാമന്‍ ചോദിച്ചതുപോലെ, താനൊഴിഞ്ഞൊരു മുഖ്യമന്ത്രി ഇനി ഈ കേരളത്തിലോ എന്നതാണു അച്യുതഭാഷ്യം. അതുകൊണ്ടു തെരഞ്ഞെടുപ്പിനു മുമ്പേ ഉമ്മന്‍ ചാണ്ടിയെ അകത്താക്കിയാലേ സമാധാനം കിട്ടൂ. അതു കണ്ടു ഞാനൊന്നും കട്ടതും കണ്ടതുമില്ല, ധൈര്യമുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യൂ എന്നൊന്നും വെല്ലുവിളിക്കരുതു കുഞ്ഞൂഞ്ഞ്. തത്ക്കാലം നാറ്റിക്കുക എന്നതു മാത്രമാണ് അജന്‍ഡ. രക്ഷ വേണമെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കുഞ്ഞൂഞ്ഞ് വേറേ എന്തെങ്കിലും വഴി കണ്ടുപിടിക്കണം.
ഇനി കുഞ്ഞാലിയുടെ കാര്യം. കുട്ടിത്തം കളഞ്ഞു നല്ല കുമാരനാകാന്‍ കുട്ടി ശ്രമിച്ചാല്‍ പിടിച്ചുനില്‍ക്കാം. കുഞ്ഞാലിക്കുട്ടി പല വേണ്ടാതീനങ്ങളും കാട്ടിയെന്നു വിളച്ചു പറഞ്ഞത് ഏതോ ഒരു റൗഫ്. റൗഫ് ക്രിമിനലാണെന്നു കുഞ്ഞാലിക്കുട്ടിയും കൂട്ടരും. അല്ല നല്ല ശമര്യക്കാരെന്നു വി.എസ് പക്ഷവാദികള്‍. അയാളുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിയെ അകത്താക്കാനുള്ള പുറപ്പാടിലാണു ക്ലിഫ് ഹൗസ് അഥോരിറ്റി. കഴിഞ്ഞ പത്തു വര്‍ഷമായി ലൈവ് ടെലികാസ്റ്റ് ആണു റൗഫ് പറഞ്ഞ കഥ. അന്നു കേട്ടതില്‍ക്കൂടുതലൊന്നും ഇപ്പോള്‍ ആരും പറയുന്നുമില്ല. അന്നത്തെ ആരോപണങ്ങള്‍ സുപ്രീം കോടതി വരെ പരിശോധിച്ചു തള്ളിയതാണെന്നു ലീഗുകാര്‍ മാത്രമല്ല, ചില സിപിഎം നേതാക്കള്‍ പോലും സമ്മതിക്കുന്നു. പിന്നെന്തിനാണു പുതിയ കേസ് എന്നു ചോദിക്കരുത്. കുഞ്ഞാലിക്കുട്ടിയുടെ കഥ സെക്കന്‍റ് റിലീസിലും ബംപര്‍ ബോക്സ് ഓഫീസ് ! അതുകൊണ്ട് ഒരാവര്‍ത്തികൂടി ഓടിക്കുന്നു.
അതിനിടയില്‍ ഒരു മക്കാവു ചിത്രം റിലീസ് ചെയ്യാന്‍ ശ്രമിച്ചതു നിര്‍മാതാക്കളായ വി.ഡി. സതീശന്‍റെയും എം.എം. ഹസന്‍റെയും മറ്റും മണ്ടത്തരം. കാര്യവിവരമുണ്ടായിരുന്നെങ്കില്‍ അവര്‍ ഇങ്ങനെയൊരു മണ്ടത്തരം കാട്ടില്ലായിരുന്നു. പെണ്‍വാണിഭക്കാര്‍ ആരായാലും എവിടെ പെണ്ണുപിടിച്ചാലും കൈയാമം വയ്ക്കുമെന്നു പ്രതിജ്ഞ ചൊല്ലി മുഖ്യമന്ത്രി ആയ ആളാണു വി.എസ്. പ്രതിപക്ഷ നേതൃസ്ഥാനം മുതല്‍ മുഖ്യമന്ത്രിപദം വരെ അലങ്കരിക്കാന്‍ അദ്ദേഹം സമൃദ്ധമായി ഉപയോഗപ്പെടുത്തിയ ശാരി എന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കല്‍ത്തുറുങ്കിലാക്കാന്‍ ശ്രമിച്ചതല്ലാതെ പ്രതികളില്‍ ഒരാളെപ്പോലും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടു വരാന്‍ അച്യുതാനന്ദനു കഴിഞ്ഞില്ല. അതിന്‍റെ പശ്ചാത്താപം ഇത്തിരി ഇല്ലാതെയുമില്ല. ശാരിയുടെ കുട്ടിക്ക് രണ്ടു ലക്ഷം രൂപ ശിശു ക്ഷേമ സമിതിയില്‍ നിന്നു കൊടുത്തു മനഃശാന്തി നേടിയിരിക്കയാണു സഖാവ്.
കിളിരൂര്‍ കഴിഞ്ഞതില്‍പ്പിന്നെ കോഴിക്കോട് ഐസ് ക്രീം കേസ് അല്ലാതെ ഭൂമിമലയാളത്തില്‍ ഇന്നേവരെ അന്വേഷണത്തിനു പറ്റിയ പെണ്‍വാണിഭമോ പീഡനമോ നടന്നതായി അറിവില്ല. എന്നു കരുതി ലോകത്തെല്ലായിടത്തും പെണ്‍വാണിഭവും പീഡനങ്ങളുമൊക്കെ അവസാനിച്ചു എന്നു കരുതരുത്. റിയൊ ഡി ജനേറോ, ഹോങ്കോങ്, ബുവാനസ് ആരിസ്, ഹവാന, മിയാമി, ബാങ്കോക്ക് തുടങ്ങി മക്കാവു ദ്വീപില്‍വരെ പെണ്‍വാണിഭം നടക്കുന്നതായാണു വിവരം.
ഇവിടങ്ങളിലെല്ലാം നേരിട്ടു സന്ദര്‍ശിച്ച് പരിശോധിക്കാനും പ്രതികളെ കൈയോടെ പിടികൂടി കൈയാമം വയ്ക്കാനുമൊന്നും വി.എസ് സഖാവിനു തല്‍ക്കാലം കഴിയില്ല. എന്നു കരുതി പെണ്‍വാണിഭക്കാരെ വെറുതേ വിടാനും മനസു വരുന്നില്ല. വളരെ വിശ്വാസപൂര്‍വം നിര്‍വഹിക്കേണ്ട ഉത്തരവാദിത്വമുള്ളതിനാല്‍ മകന്‍ അരുണ്‍ കുമാറിനെ മക്കാവുവിലേക്ക് അയച്ചതിന്‍റെ പേരിലാണു സതീശനും ഹസനുമൊക്കെ ചന്ദ്രഹാസമിളക്കുന്നത്. മക്കളെ മക്കാവുവിലേക്ക് അയയ്ക്കുന്നതു നിയമപരമായും പാര്‍ട്ടിപരമായും ഒരു തെറ്റാണെന്നു സതീശനല്ലാതെ ആരും പറഞ്ഞിട്ടുമില്ല. ഇല്ലാതീനങ്ങള്‍ പറയുന്ന സതീശനും സൂക്ഷിച്ചോ. എന്നെങ്കിലും സതീശന്‍ മന്ത്രിയാവുകയും പിന്നത്തെ തവണ വി.എസ് മുഖ്യമന്ത്രിയാവുകയും ചെയ്താല്‍ സതീശന്‍റെ കാര്യവും കട്ടപ്പൊക. സതീശനും സൗകര്യം കിട്ടിയാല്‍ ക്രിസോസ്റ്റം തിരുമേനിയെ ഒന്നു കാണണം.
ഖാദര്‍ പാലോത്ത് പറയുന്നതു കേട്ട് ഒന്നിനും ഇറങ്ങിപ്പുറപ്പെടരുത്. റൗഫ് പറയുന്നതു പോലല്ല ഖാദര്‍ പറയുന്നത്. ചന്ദനം കടത്തുന്നതും ചന്ദനത്തൈലം വാറ്റുന്നതുമൊക്കെയാണു വലിയ ക്രൈം. അല്ലാതെ വിദേശ കറന്‍സി ഇറക്കുന്നതും രാജ്യസുരക്ഷയെ ബാധിക്കുന്ന കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതുമൊന്നുമല്ല. റൗഫ് പറയുന്നതു കേട്ട് ഖാദര്‍ പറയാന്‍ പുറപ്പെട്ടാല്‍ ഖാദറിനും പൂജപ്പുരയില്‍ ശാപ്പാടു കഴിക്കാം. മക്കാവുവും ദുബായിയും, ഹവാനയും, മിയാമിയും, ബാങ്കോക്കുമുള്ളപ്പോള്‍ കോഴിക്കോട് ചുറ്റിത്തിരിഞ്ഞ കുഞ്ഞാലിക്കുട്ടിയുടെ കാര്യവും ഹാ കഷ്ടം! മക്കാവുവിന്‍റെ നാലയലത്തു നില്‍ക്കുമോ, കോഴിക്കോട്. ഇതാണു പറയുന്നതു കാര്യങ്ങളുടെ എല്ലാ വശവും പഠിച്ച ശേഷമേ ഏതു കാര്യത്തിനും ഇറങ്ങിത്തിരിക്കാവൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ