പേജുകള്‍‌

2011, മാർച്ച് 3, വ്യാഴാഴ്‌ച

രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ സുപ്രധാനമായ നാഴികക്കല്ലു നാട്ടുകയാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്. ജീവിത മാര്‍ഗം തേടി, പിറന്ന നാടു വിട്ട് അന്യരാജ്യങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്കു വോട്ടവകാശം എന്ന ദീര്‍ഘകാല ആവശ്യം നിറവേറ്റപ്പെടുന്നു എന്നതാണ് ഈ നേട്ടം. വോട്ടവകാശം ലഭിക്കുന്ന വിദേശ ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നു ദശലക്ഷം കടക്കുമെന്നാണു പ്രാഥമിക കണക്ക്. ഇവരില്‍ കേരളത്തില്‍ നിന്നു മാത്രം 22 ലക്ഷം പേര്‍. കേരളത്തിലെ ഒരു നിയമസഭാ നിയോജക മണ്ഡലത്തില്‍ ശരാശരി ഒന്നര ലക്ഷം വോട്ടര്‍മാര്‍ മാത്രമുള്ളപ്പോഴാണ് അതിന്‍റെ പതിനഞ്ച് ഇരട്ടിയോളം പേര്‍ സംസ്ഥാനത്തിനു പുറത്തു ജീവിക്കുന്നത്. തുടര്‍ച്ചയായി ആറു മാസം നാട്ടിലില്ലെങ്കില്‍ ഇവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്യുന്നതായിരുന്നു കീഴ്വഴക്കം. പാര്‍ലമെന്‍റ് പാസാക്കിയ ജനപ്രാതിനിധ്യ നിയമ ഭേദഗതി (2010) അനുസരിച്ചാണ് ഇവര്‍ക്ക് ഇപ്പോള്‍ വോട്ടവകാശം ലഭിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരുള്ളതിനാല്‍ അവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തടസമില്ല.

സ്വന്തം നാട്ടില്‍ ജീവിക്കാന്‍ സൗകര്യം ലഭിക്കാത്താതുകൊണ്ടാണ് അവര്‍ക്കു നാടു വിടേണ്ടി വന്നത്. അക്ഷരാഭ്യാസമില്ലാത്ത കൂലിപ്പണിക്കാര്‍ മുതല്‍ ഉന്നത വിദ്യാഭ്യാസമുള്ള ഹൈടെക്ക് പ്രൊഫഷനല്‍സ് വരെ അക്കൂട്ടത്തിലുണ്ട്. ഇവെരെല്ലാംകൂടി പ്രതിവര്‍ഷം കേരളത്തിലേക്ക് അയയ്ക്കുന്നത് ഏകദേശം നാല്‍പ്പതിനായിരം കോടി രൂപ! സംസ്ഥാനത്തിന്‍റെ മൊത്തം വികസന പ്രക്രിയയുടെ 25 ശതമാനത്തിനു പണം തരുന്നതു വിദേശ മലയാളികളും. എക്കാലത്തെയും മികച്ച ഈ അധ്വാന വര്‍ഗത്തോട് പക്ഷേ, തദ്ദേശവാസികള്‍ എന്തു നീതിയാണു കാട്ടുന്നത്? തെരഞ്ഞെടുപ്പു മുതല്‍ പ്രകൃതി ക്ഷോഭം വരെ വരുമ്പോള്‍ വിദേശ നാടുകളില്‍ പറന്നെത്തി പിരിവും പിരിവിന്‍റെ പുറത്തു പിരിവും നടത്തി മടങ്ങുന്നവര്‍ പിന്നീട് ഒരിക്കലെങ്കിലും അവരെക്കുറിച്ചു ചിന്തിക്കാറില്ല. അവരുടെ ആകുലതകളെക്കുറിച്ച് ഉത്കണ്ഠപ്പെടാറുമില്ല. അതെല്ലാം പോകട്ടെ. നാട്ടില്‍ തങ്ങളുടെ മക്കളെ പഠിപ്പിക്കണമെങ്കില്‍ ഇവര്‍ നല്‍കേണ്ടത് മറ്റുള്ളവര്‍ നല്‍കുന്നതിന്‍റെ അനേകം മടങ്ങ് ഫീസ്. ആരോഗ്യ സുരക്ഷ അടക്കമുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയും പടിക്കു പുറത്ത്.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഹൃദയം കവര്‍ന്ന വരവേല്‍പ്പ് എന്ന ചലച്ചിത്രത്തിലെ മുരളിയെന്ന മുഖ്യകഥാപാത്രത്തിന്‍റെ അനുഭവമാണ് ഒട്ടുമിക്ക മറുനാടന്‍ മലയാളികള്‍ക്കും. നിയമനിര്‍മാണ സഭകളില്‍ അവര്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആളില്ല. നോര്‍ക്ക പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ചില മുട്ടുശാന്തികള്‍ക്കു തയാറായതൊഴിച്ചാല്‍ ഇവരുടെ ജീവല്‍പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഉചിതമായ വേദികളൊന്നുമില്ല. ഈ കുറവാണ് പ്രവാസി വോട്ടവകാശത്തിലൂടെ ഒരളവോളം പരിഹരിക്കപ്പെടുന്നത്. എന്നാല്‍, വോട്ടവകാശം കൊണ്ടു മാത്രം പരിഹരിക്കാവുന്നതുമല്ല അത്.

മൊത്തം ജനസംഖ്യയുടെ ഏഴു ശതമാനത്തിലധികം വരും പ്രവാസി മലയാളികള്‍. ഇപ്പോഴത്തെ നിലയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലെ മൊത്തം വോട്ടര്‍മാര്‍ക്കു തുല്യമായ ഏകദേശ കണക്കാണിത്. സ്വന്തം നിലയില്‍ മത്സരിച്ചു വിജയിക്കാന്‍ കഴിയാത്ത നിരവധി വിഭാഗങ്ങള്‍ക്കു നിയമ നിര്‍മാണ സഭകളിലെത്താന്‍ സംവരണത്തിന്‍റെ പിന്‍ബലമുള്ള നാടാണു നമ്മുടേത്. സ്ത്രീകള്‍, പട്ടികജാതി-പട്ടിക വര്‍ഗം എന്നീ വിഭാഗങ്ങള്‍ക്കു സംവരണം, ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനു നോമിനേഷന്‍ സൗകര്യം എന്നിവയെല്ലാം അനുവദിക്കപ്പെട്ടിരിക്കുന്നു. അതതു വിഭാഗങ്ങള്‍ക്കു സഭയില്‍ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിന് ഈ സൗകര്യങ്ങള്‍ കൂടിയേ തീരൂ എന്നും സമ്മതിക്കാം. അതുപോലെ തന്നെ പ്രധാനമാണു വിദേശമലയാളികളുടെ പ്രാതിനിധ്യവും. എല്ലാ ജാതി-മത വിഭാഗക്കാരും ജില്ലക്കാരും ഉള്‍പ്പെടുന്നതാണ് പ്രവാസികള്‍ക്കും വേണം
നിയമ സഭാ പ്രാതിനിധ്യം
 
എന്‍ആര്‍ഐ മലയാളികള്‍. കാല്‍ക്കോടിയോളം വരുന്ന അവരുടെ ഒരു പ്രതിനിധിയെങ്കിലും നിയമസഭയില്‍ എത്തുന്നതിനെ ആരെങ്കിലും എതിര്‍ക്കുമെന്നു തോന്നുന്നില്ല. സഭയില്‍ ഒരു പ്രതിനിധി എത്തിയതുകൊണ്ട് പ്രവാസി മലയാളികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നും അര്‍ഥമില്ല. എങ്കിലും ഒരു വലിയ ജനവിഭാഗത്തിന്‍റെ ജീവല്‍പ്രശ്നങ്ങള്‍ അവരുടെതന്നെ നാവില്‍ നിന്ന് സഭാതലത്തില്‍ മുഴങ്ങുമ്പോള്‍ അതിനു വേറിട്ടൊരു ഗൗരവം ലഭിക്കും.

നിയമനിര്‍മാണത്തിലൂടെ പ്രവാസി പ്രാതിനിധ്യം സംവരണം ചെയ്തു കിട്ടാന്‍ നിരവധി കടമ്പകളുണ്ട്. ഭരണഘടനാ ഭേദഗതിയടക്കം വലിയ നടപടിക്രമങ്ങളുമുണ്ട്. പ്രവാസി വോട്ടവകാശത്തിലൂടെ അതിനൊക്കെയുള്ള സാധ്യതകള്‍ തുറന്നു കിട്ടിയിരിക്കുന്നു. അതിനൊക്കെ മുന്‍പേ, വിദേശ മലയാളികളുടെ ഒരു പ്രതിനിധിയെ സംയുക്ത സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു തെരഞ്ഞെടുക്കാനുള്ള ധൈര്യം കാണിക്കട്ടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. അതിരുകടന്ന അതിമോഹമാണ് ഇത് എന്നറിയാഞ്ഞിട്ടല്ല. പക്ഷേ, കഴിഞ്ഞ കുറേ ദശകങ്ങളായി കേരളത്തിന്‍റെ അടുപ്പുകളില്‍ തീ പുകയ്ക്കുന്ന വലിയൊരു ജനവിഭാഗത്തോട് അത്രയെങ്കിലും ചെയ്യേണ്ടതില്ലേ, നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ