പേജുകള്‍‌

2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

finger print

ആള്‍ദൈവങ്ങളില്‍
ആദ്യം 

 സത്യ നാരായണ രാജു എന്ന നവജാത ശിശുവില്‍ നിന്ന് സായി ബാബ എന്ന സന്യാസിയിലേക്കുള്ള കാലദൈര്‍ഘ്യം കഷ്ടിച്ച് പതിന്നാലു സംവത്സരമേ വരൂ. നിമിത്തം ഒരു തേള്‍. സാഹചര്യം പുട്ടപര്‍ത്തി എന്ന കുഗ്രാമം. ദ്വിലിംഗ ജന്മം എന്ന ജീവശാസ്ത്രപരമായ പ്രത്യേകത കൂടിയായപ്പോള്‍ ഇന്ത്യയില്‍ അന്നോളം ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ആധ്യാത്മിക പ്രസ്ഥാനം ഉയിര്‍ക്കൊള്ളുകയായിരുന്നു. സത്യസായി ബാബ ട്രസ്റ്റ്. 1.65 ലക്ഷം കോടി രൂപ ആസ്തിയുള്ള ഈ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേറ്റ് ട്രസ്റ്റ് ആധ്യാത്മികതയുടെ തലവനാണ് ഇന്നലെ രാവിലെ ശാന്തി സമാധി പൂണ്ട ഭഗവാന്‍ സത്യ സായി ബാബ.
   സായി-ബാബ എന്ന വാക്കിനര്‍ഥം മാതാ-പിതാ എന്നാണ്. അങ്ങനെയൊരു സംഗമം ഇന്ത്യന്‍ വിശ്വാസങ്ങള്‍ക്കു വല്ലാത്തൊരു ശക്തി ചൈതന്യം പകര്‍ന്നു നല്കുന്നു. സ്ത്രീയും പുരുഷനും ഒന്ന് എന്ന പ്രത്യക്ഷ ആവിഷ്കാരത്തിനു പുരാണപ്രസിദ്ധമായ ഉമാ മഹേശ്വരന്‍ തന്നെ ഉദാഹരണം. ശക്തിയില്‍ അര്‍ധ-നാരീശ്വരനെ ജയിക്കാന്‍ ഒരു ദേവനില്ലെന്നും വിശ്വാസം അനുശാസിക്കുന്നു. കൈലാസം പോലെ അടിയുറച്ച് ഉയര്‍ന്നു നില്ക്കുന്ന ഈ വിശ്വാസത്തിലേക്കാണു സത്യ നാരായണ രാജു എന്ന ശിശു, ഹെര്‍മാഫ്രൊഡൈറ്റ് അഥവാ, ദ്വിലിംഗ ശരീര ജീവിയായി ജനിക്കുന്നത്.
  വിശ്വാസങ്ങളെ വില്‍പ്പനച്ചരക്കാക്കുന്ന തന്ത്രം ഇന്നത്തെപ്പോലെ അന്നു പ്രചുരപ്രചാരം നേടിയിരുന്നില്ല. കുറച്ചു നാള്‍ മുന്‍പു കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള എല്ലാ സ്ഥലങ്ങളിലും ഗണപതി വിഗ്രഹങ്ങള്‍ ഒന്നൊഴിയാതെ പാല്‍ കുടിച്ചപ്പോള്‍ വിശ്വാസങ്ങള്‍ക്ക് അതു പുതിയ മാനം തീര്‍ക്കുമെന്നു പലരും വിചാരിച്ചു. പക്ഷേ, അധികം നിലനില്ക്കാനാകാതെ ഗണപതിവിഗ്രങ്ങള്‍ പാലുകുടി മതിയാക്കി. അതിന്‍റെ പിന്നിലെ ശാസ്ത്രവും ലക്ഷ്യവും അന്ധവിശ്വാസങ്ങളും പലകുറി പരിശോധിക്കപ്പെട്ടു. അതിനുള്ള സാഹചര്യങ്ങളും സാധ്യതകളും ഇന്നുണ്ട് എന്നതാണു കാരണം.
     എന്നാല്‍ അര നൂറ്റാണ്ടു മുന്‍പ് അതായിരുന്നില്ല അവസ്ഥ. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് അനുഗുണമായ അനുഭവങ്ങള്‍ ആരെങ്കിലും പ്രകടിപ്പിച്ചാല്‍, തന്നില്‍ അമാനുഷിക ചൈതന്യമുണ്ടെന്നു പ്രവചിച്ചാല്‍, അതിനു പാകത്തിന് എന്തെങ്കിലും ചെപ്പടി വിദ്യകള്‍ നടത്തിയാല്‍ ജനമിളകുമായിരുന്നു. പുതിയൊരു വിശ്വാസത്തിനു തുടക്കമാകാന്‍ ഒട്ടും കാലവിളംബം ഉണ്ടാവുകയും ചെയ്യുമായിരുന്നില്ല. പുട്ടപര്‍ത്തിയില്‍ സത്യ നാരായണ രാജു എന്ന ബാലനു സംഭവിച്ചതും ഇതൊക്കത്തന്നെയായിരുന്നു.
     ചരിത്രകാരനും ഗവേഷകനുമായ ഡോ. എന്‍. കസ്തൂരിയുടെ ആത്മകഥ സത്യം, ശിവം, സുന്ദരം എന്ന കൃതിയില്‍ സായി ബാബയുടെ ബാല്യത്തെക്കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ബാബയുടെ മുത്തച്ഛന്‍ നാട്ടിലെ നല്ലൊരു കലാകാരനായിരുന്നു. കുടുംബത്തിലെ കഴിവുള്ള കലാകാരന്മാരെ കൂട്ടി അദ്ദേഹം പല നാടകങ്ങളും മാജിക്ക് അടക്കമുള്ള തന്ത്രങ്ങളും നടത്തിയിരുന്നു. തലയില്‍ കുപ്പി കമിഴ്ത്തി വച്ച് നിലത്തു വീഴാതെ നൃത്തം ചെയ്യുക, കണ്‍പോള കൊണ്ട് സൂചിയെടുക്കുക, തീയില്‍ നൃത്തച്ചുവടു വയ്ക്കുക തുടങ്ങിയവ അതില്‍ ചിലതു മാത്രം. ഈ കുടംബ ട്രൂപ്പിലെ അംഗമായിരുന്ന സത്യ നാരായണ രാജുവിനും ഇത്തരം പല വിദ്യകളും വശമുണ്ടായിരുന്നു. പിന്നീടു സത്യ സായി ബാബയായശേഷം അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ ശ്രദ്ധേയനാക്കിയത് അന്തരീക്ഷത്തില്‍ നിന്ന് വിഭൂതി പകര്‍ന്നു നല്കുന്ന അത്ഭുത സിദ്ധിയായിരുന്നു. ദൈവികമായ തന്‍റെ സിദ്ധി എന്നായിരുന്നു ഇതിനു ബാബ നിരത്തിയ അവകാശവാദം. ജന്മസിദ്ധമായ കലാവാസനയെന്ന പ്രൊഫ. കസ്തൂരിയുടെ വിശദീകരണം കൂടി കൂട്ടിവായിക്കുക.
    സ്ത്രീ-പുരുഷ ലിംഗസാദൃശ്യങ്ങളെ അര്‍ധനാരീശ്വര ചൈതന്യമെന്നു ബാബ അനുകൂലികള്‍ വിശ്വസിച്ചപ്പോള്‍, ഇന്നും പരശതം പേരില്‍ അപൂര്‍വമായി കണ്ടുവരുന്ന ഒരുതരം ബയോളജിക്കല്‍ ഫിനോമിനന്‍ എന്നു വിശ്വസിക്കുന്നവര്‍ ബാബാ വിരോധികളല്ല, ശാസ്ത്ര തത്വം മുറുകെപ്പിടിക്കുന്നവര്‍ തന്നെ.
    സത്യ നാരായണ രാജുവിനു പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം മാത്രമേ ലഭിച്ചിട്ടുള്ളു. സംസ്കൃത ഭാഷ പഠിച്ചട്ടേയില്ല. എന്നിട്ടും പതിന്നാലാം വയസില്‍ സ്ഫുടം ചെയ്തെടുത്ത മികവോടെ സംസ്കൃതശ്ലോകം ചൊല്ലിത്തുടങ്ങിയപ്പോള്‍ നന്നേ വിദ്യാഭ്യാസം കുറഞ്ഞ ഗ്രാമീണര്‍ അത് അത്ഭുതത്തോടെ കേട്ടിരുന്നു. താന്‍ ഭഗവാന്‍ ഷിര്‍ദി സായിയുടെ അവതാരമാണെന്നുകൂടി പ്രവചിച്ചതോടെ ജനങ്ങള്‍ സത്യനാരായണ രാജുവിനെ ദൈവമായി കാണാന്‍ തുടങ്ങി. വിഭൂതിയും ശിവലിംഗരൂപങ്ങളും സ്വര്‍ണാഭരണങ്ങളും ജലപാളികളും ഫലമൂലാദികളും വരെ അന്തരീക്ഷത്തില്‍ നിന്നു സൃഷ്ടിച്ച്, ജലപ്പരപ്പിനു മീതെ തെല്ലും തെന്നിമാറാതെ നടന്ന്, ദരിദ്രര്‍ക്ക് വിശപ്പിന് ആഹാരം നല്കി, രോഗദുരിതങ്ങളില്‍പ്പെട്ടവര്‍ക്ക് മരുന്നും പരിചരണവും നല്കി സായി ബാബ പുട്ടപര്‍ത്തിയില്‍ പുതിയ ചുവരുകള്‍ തീര്‍ക്കുകയായിരുന്നു. ഈ ചുവരാണ് ഇന്ന് 165 രാജ്യങ്ങളിലെ കോടാനുകോടി അനുയായികളിലായി നീണ്ടു വ്യാപിച്ചു കിടക്കുന്നത്.
      വിമര്‍ശകര്‍ക്ക് സായി ബാബയെക്കുറിച്ചു പലതും പറയാനുണ്ടാകും. മലയാളി പത്രപ്രവര്‍ത്തകനും മജിഷ്യനുമായ എ.ടി കോവൂര്‍, സായി ബാബയുടെ വിഭൂതി പ്രയോഗത്തെ പരസ്യ വേദികളില്‍ വെല്ലുവിളിച്ചിട്ടുണ്ട്. തന്നെയുമല്ല, സ്വയം വിഭൂതി പ്രദര്‍ശിപ്പിച്ച് സായി ബാബയുടെ പ്രകടനങ്ങളെ കോവൂര്‍ പരിഹസിക്കുകയും ചെയ്തു. 1970കളില്‍ ബാബയുടെ സന്തത സഹചാരിയും സത്യ സായി ബാബ (എസ്എസ്ബി) സ്ഥാപനങ്ങളുടെ അമേരിക്കന്‍ വക്താവുമായിരുന്ന ഡോ. ജോണ്‍ ജായ്ക്ക് ഹിസ്ലോപ് പിന്നീട് അദ്ദേഹത്തിന്‍റെ കടുത്ത വിമര്‍ശകരില്‍ ഒരാളായതു കൗതുകകരം. ലൈംഗികാരോപണങ്ങള്‍ വരെയാണ് ഡോ. ഹിസ്ലോപ് ബാബയ്ക്കെതിരേ ഉന്നയിച്ചത്. യുക്തിവാദ പ്രസിദ്ധീകരണമായ ദ് ഇന്ത്യന്‍ സ്കെപ്റ്റിക്കില്‍ ബസവ പ്രേമാനന്ദിന്‍റെ വലിയ വിമര്‍ശനത്തിനു വിധേയനായ ആളാണു സായി ബാബ. ആള്‍ദൈവമെന്ന ബാബയുടെ പ്രഘോഷണം വലിയ തട്ടിപ്പെന്നത്രേ പ്രേമാനന്ദയുടെ നിരീക്ഷണം. സത്യ സായി ലോക ശിക്ഷണ്‍ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ജൂനിയര്‍ കോളെജിലെ ലോകയ്യ പൂജാരി എന്ന വിദ്യാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെടുത്തി ബാബയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ട് പ്രേമാനന്ദ. പൂജാരിയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഉന്നത സ്വാധീനവലയത്തിനുള്ളിലേക്ക് ഈ ആവശ്യത്തിനു കടന്നു കയറാനായില്ല.
  ഒരിക്കല്‍ വധശ്രമത്തില്‍ നിന്നു കഷ്ടിച്ചാണു ബാബ രക്ഷപ്പെട്ടത്. 1993 ജൂണ്‍ എട്ടിന്. പുട്ടപര്‍ത്തി ആശ്രമത്തിലെ രണ്ട് അന്തേവാസികളും പ്രശാന്തി നിലയം ക്യാംപസിലെ രണ്ടു വിദ്യാര്‍ഥികളും അന്നു രാത്രി സത്യസായി ബാബയെ കാണാന്‍ പ്രശാന്തി നിലയത്തിലെത്തി. വളരെ അത്യാവശ്യമുള്ള ഏതോ ടെലിഗ്രാം ബാബയ്ക്കു കൊടുക്കാനുണ്ടെന്നായിരുന്നു അവരുടെ വിശദീകരണം. എന്നാല്‍ കാവല്‍ക്കാര്‍ ഇവരെ തടഞ്ഞു. തടഞ്ഞവരെ നുഴഞ്ഞുകയറ്റക്കാര്‍ ആയുധം കൊണ്ടു നേരിട്ടു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിലും വെടിവയ്പിലും ബാബയുടെ രണ്ട് അംഗരക്ഷകരും രണ്ടു നുഴഞ്ഞുകയറ്റക്കാരും വധിക്കപ്പെട്ടു. തങ്ങള്‍ക്കു ലഭിച്ച ജോലി വാഗ്ദാനം നിഷേധിക്കപ്പെട്ടതിന്‍റെ പ്രതികാരം തീര്‍ക്കുകയായിരുന്നു അവരെന്നാണു പിന്നീടുള്ള അന്വേഷണത്തില്‍ വെളിപ്പെട്ടത്. എന്നാല്‍ ശരിക്കുള്ള അന്വേഷണമല്ല നടന്നതെന്ന ആരോപണവും പിന്നീടു ശക്തമായി. പുട്ടപര്‍ത്തി ലോക്കല്‍ പൊലീസ് അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുകയായിരുന്നു. സിബിഐ അന്വേഷണമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ബലം ലഭിച്ചില്ല.
   അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു, ആഭ്യന്തര മന്ത്രി എസ്.ബി ചവാന്‍ എന്നിവര്‍ പുട്ടപര്‍ത്തിയിലെ സ്ഥിരം സന്ദര്‍ശകരും കടുത്ത ബാബാ ഭക്തരുമായിരുന്നു എന്നും പ്രേമാനന്ദ യുക്തി നിരത്തി. പക്ഷേ, ആരോപണങ്ങളെല്ലാം ആശ്രമം ചിരിച്ചു തള്ളി. ആശ്രമത്തിലും അതിന്‍റെ അധിപനിലുമുള്ള ജനങ്ങളുടെ വിശ്വാസത്തിന് ഒരു കോട്ടവും തട്ടിയതുമില്ല.
    വിമര്‍ശകര്‍ ഒളിഞ്ഞും തെളിഞ്ഞും സായി ബാബയെ ആക്രമിക്കുമ്പോഴും ജനകോടികള്‍ക്കിടയില്‍ അദ്ദേഹം ആള്‍ദൈവമായി വളരുകയായിരുന്നു. ഇന്ത്യയില്‍ അതിനു മുന്‍പൊരിക്കലും ഇങ്ങനെ ഒരാളുണ്ടായിരുന്നില്ല. സമകാലീനനായി ഓഷോ രജനീഷ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ വിശ്വാസ വഴി വേറൊന്നായിരുന്നു. മാതാ അമൃതാനന്ദമയി മുതല്‍ ശ്രീ ശ്രീ രവിശങ്കര്‍ വരെയുള്ള ആധ്യാത്മിക നേതാക്കള്‍ക്കു സ്ഥാപനവത്കരണത്തിനുള്ള പ്രചോദനമായത് ഒരളവുവരെ സത്യ സായി ബാബ കൈവരിച്ച ഈ വിജയവഴിയായിരുന്നു.
    കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ഇന്ത്യയില്‍ ബാബയോളം സജീവമായിരുന്ന മറ്റൊരു ആധ്യാത്മിക നേതാവില്ല. സേവനത്തിനുള്ള ഉപാധിയായി ആധ്യാത്മികതയെ മാറ്റിയെടുക്കുക, അതിവിപുലമായ സ്ഥാപനവത്ക്കരണത്തിന് അത് അടിത്തറയാക്കുക. ഒപ്പം ആള്‍ദൈവത്തിന്‍റെ പരിവേഷം പൂണ്ട് അഭിനവ അവതാരപുരുഷനാകുക. ഈ ദൗത്യം വളരെ ഭംഗിയായി നിറവേറ്റിയ കര്‍മയോഗിയാണ് ഇന്നലെ പുലര്‍ച്ചെ ശാന്തി സമാധി പൂണ്ട ഭഗവാന്‍ സത്യസായി ബാബ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ