പേജുകള്‍‌

2011, ജൂൺ 7, ചൊവ്വാഴ്ച

finger print

അലിയുടെ മോഹഭന്ഗവും
ആര്യാടന്റെ പുലിവാലും 
 എന്തായാലും ഒരു കാര്യത്തില്‍ തീരുമാനമായി. മഞ്ഞളാംകുഴി അലിക്ക് മന്ത്രിയാകാനുള്ള യോഗം ഇക്കുറിയുമില്ല. നല്ലൊരു സിനിമ നിര്‍മാതാവും സിനിമക്കാരനുമായിരുന്നു അലി. അത്യാവശ്യം കാശും പത്രാസുമുണ്ടായിരുന്നുതാനും. മറ്റു പല സിനിമക്കാര്‍ക്കും ഇല്ലാത്ത ഒരു നേട്ടമുണ്ടായിരുന്നു അലിക്ക്. കൂടെ നിര്‍ത്താന്‍ അത്യാവശ്യം ആള്‍ക്കൂട്ടം. നാലാളും അവരെ പോറ്റാന്‍ ഇത്തിരി കാശുമുള്ളതാണു രാഷ്ട്രീയത്തിലിറങ്ങാനുള്ള യോഗ്യത. അതൊരു കുറ്റമല്ലാത്തതിനാല്‍ അലിയും ആ വഴിക്കു നീങ്ങി.

ലീഗ് കോട്ടയായ മങ്കടയില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ചു രണ്ടുതവണ ജയിച്ച് അസംബ്ലിയില്‍ എത്തിയതോടെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയോഗ്യത തെളിയിക്കുകയും ചെയ്തു. രണ്ടുതവണ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും അലിക്ക് ഒരാഗ്രഹം ബാക്കിയുണ്ടായിരുന്നു. ഏതെങ്കിലും വകുപ്പില്‍ ഒരു മന്ത്രിസ്ഥാനം. കഴിഞ്ഞ നിയമസഭയില്‍ അത് ഏറെക്കുറെ ലഭിക്കുമെന്നു തന്നെ അലി കരുതുകയും ചെയ്തു. അലി കരുതുന്നതുപോലെ കാര്യങ്ങള്‍ നടക്കണമെന്നു നിര്‍ബന്ധമില്ലാത്തതുകൊണ്ട് അലി മന്ത്രിയായില്ല. മന്ത്രിസ്ഥാനമേ വേണ്ടെന്നു പാര്‍ട്ടി നേതൃത്വത്തോടു കാലുപിടിച്ചു പറഞ്ഞ പാലോളി മുഹമ്മദ് കുട്ടി അന്നു മന്ത്രിയായതും മറക്കരുത്.

ഏതായാലും ഒരു സ്വ്പനം കൊണ്ടു മാത്രം നേരം പുലരില്ലല്ലോ. അലിയുടെ മന്ത്രിസ്വപ്നം പിന്നെയും കെടാതെ നിന്നു. അങ്ങനെയിരിക്കുമ്പോഴാണ് 2006ലെ തിരിച്ചടിയില്‍ നിന്നു കരകയറാന്‍ 2011ല്‍ പഠിച്ച പണി പതിനെട്ടും പയറ്റി ലീഗ് അരങ്ങു തകര്‍ത്തത്. കേരളത്തിലെ വോട്ട് കൂടാതെ അങ്ങു പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നു വരെ കുഞ്ഞാപ്പയും കൂട്ടരും ആളെയിറക്കി. അലി കൂടി കൂടെയുണ്ടെങ്കില്‍ സംഗതി ഉഷാറാകുമെന്ന് ഉപശാലകളില്‍ കുശുകുശുപ്പുണ്ടായി. പിന്നീടു വൈകിയില്ല. പാണക്കാട്ടുനിന്നു കുറിമാനങ്ങളും ഫോണ്‍സന്ദേശങ്ങളും തലങ്ങും വിലങ്ങും പാഞ്ഞു. ഒടുവില്‍ അലി വീണു. തന്‍റെ ആളും അര്‍ഥവും അദ്ദേഹം മുസ്ലിം ലീഗിനു തീറെഴുതി.

പകരം ഒന്നും വേണ്ട(ണം). അലിക്ക് ഉപാധികളില്ലായിരുന്നു. അങ്ങനെ ചുമ്മാ സക്കാത്തു വാങ്ങുന്നവരല്ല ലീഗ്. ഇങ്ങോട്ടു സഹായിച്ചാല്‍ അങ്ങോട്ടും കിട്ടും ഇരട്ടി സഹായം. ഇടതുപക്ഷത്തെ എംഎല്‍എ ആയിരുന്നു മാക് അലിയെങ്കില്‍ യുഡിഎഫില്‍ മന്ത്രിയാക്കും, മൂന്നുതരം. പക്ഷേ, യുഡിഎഫ് ചര്‍ച്ചയില്‍ ലീഗിനു മന്ത്രിമാര്‍ നാലെന്ന ഫോര്‍മുല അപ്രിയമേതുമില്ലാതെ നേരത്തേ സമ്മതിക്കുകയും ചെയ്തു. മങ്കടക്കാരും പെരിന്തല്‍മണ്ണക്കാരും വിടുന്ന മട്ടില്ലെന്നു വന്നപ്പോള്‍ നാലെന്ന മന്ത്രിസ്ഥാനം അഞ്ചെന്നു തിരുത്തി. മേയ് 18ന് ഉമ്മന്‍ ചാണ്ടി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് അക്കാര്യം പറഞ്ഞില്ലെന്നേയുള്ളു. 23നു മന്ത്രിസഭാവികസനത്തിനു മുമ്പു പാണക്കാട്ടു മുതല്‍ തിരുവനന്തപുരം വഴി കോട്ടയം വരെ നടന്ന മാരത്തണ്‍ ചര്‍ച്ചകളില്‍ ലീഗ് മന്ത്രിമാരുടെ എണ്ണം നാലല്ല, അഞ്ചെന്നു ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും.

ഈ വെളിപാടില്‍ ഉമ്മന്‍ ചാണ്ടി മുതല്‍ പി.പി. തങ്കച്ചന്‍ വരെയുള്ളവര്‍ ഞെട്ടിത്തരിച്ചെങ്കിലും ലീഗ് പാറപോലെ ഉറച്ചു നിന്നു. അഞ്ചാം മന്ത്രിയായ അലിക്കു പാര്‍ലമെന്‍ററി കാര്യ വകുപ്പും നീക്കി വച്ചു ലീഗ് നേതൃത്വം. ഇതൊക്കെ കണ്ടും കേട്ടും പാവം അലി വീട്ടിലും നിയോജകമണ്ഡലങ്ങളിലും നല്ല പച്ച ലഡു വിതരണം ചെയ്ത് ആഘോഷിക്കുകയും ചെയ്തു. ഇന്നലെ കോഴിക്കോട്ടു കൂടിയ ലീഗ് പ്രവര്‍ത്തക സമിതിയോഗത്തില്‍ അലിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നായിരുന്നു ഇന്നലെ വരെ പ്രതീക്ഷ. അഞ്ചാം മന്ത്രിയുടെ കാര്യം 22 നു തീരുമാനിക്കുമത്രേ. എന്നാല്‍ അതേച്ചൊല്ലി യുഡിഎഫില്‍ ഒരു തര്‍ക്കവുമില്ലെന്ന് ഇന്നലെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചതോടെ കാര്യങ്ങളുടെ പോക്ക് പിടികിട്ടി.

എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു ഭംഗിയായി പരിഹരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലീഗ് ആദ്യം തീരുമാനിക്കുക, യുഡിഎഫ് പിന്നാലെ ചര്‍ച്ച ചെയ്യുക. അതാണു കീഴ്വഴക്കം. അതനുസരിച്ച് ഇന്നലെ ലീഗ് ഒരു തീരുമാനമെടുത്തു എന്നാണ് അണിയറയില്‍ കേട്ടത്. അഞ്ചാം മന്ത്രിയെച്ചൊല്ലി തല്‍ക്കാലം ബേജാറാവണ്ട. സഭയിലെ ചീഫ് വിപ്പിനു മന്ത്രിയുടെ പദവി നല്‍കി മഞ്ഞളാംകുഴി അലിയെ പ്രതിഷ്ഠിക്കുക. ഏതായാലും അടുത്ത 22 വരെ കാത്തിരുന്നാലേ, അതിനെങ്കിലുമുള്ള യോഗം തനിക്കുണ്ടോയെന്ന് അലിക്കു ബോധ്യമാകൂ. ഇനിയൊരു ലഡുവിതരണം അതുകഴിഞ്ഞേയുണ്ടാകൂ.

** ** **

നിലമ്പൂര്‍ സിംഹം ആര്യാടന്‍ മുഹമ്മദിനെക്കൊണ്ട് ഇങ്ങനെയൊരു പുലിവാലു പിടിപ്പിക്കരുതായിരുന്നു ഉമ്മന്‍ ചാണ്ടി. എത്ര തീവ്രമായ പ്രശ്നങ്ങളുണ്ടായാലും ഒരു തരത്തിലും ഷോക്ക് ഏല്‍ക്കാത്ത നേതാവാണ് അദ്ദേഹം. മറ്റുള്ളവരെ ഷോക്ക് അടിപ്പിക്കാനുള്ള എല്ലാ അടവും വശവുമുണ്ട്. സംശയമുള്ളവര്‍ മലപ്പുറം ജില്ലയിലെ ആരോടു ചോദിച്ചാലും മതി. അല്ലായിരുന്നെങ്കില്‍ തനിക്കു ലീഗുകാരുടെ വോട്ടു വേണ്ടെന്നു പച്ചയായി പറഞ്ഞിട്ട് നിലമ്പൂരില്‍ നിന്ന് ഇത്രയധികം തവണ വിജയിക്കുമായിരുന്നോ?

ആരെയും കൂസാത്ത ആര്യാടനെ ഇക്കുറി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഷോക്ക് അടിപ്പിച്ചു കളഞ്ഞു. ഉമ്മന്‍ ചാണ്ടി ആദ്യം മുഖ്യമന്ത്രി ആയപ്പോള്‍ ആര്യാടനെ ഏല്‍പ്പിച്ചതു വൈദ്യുത വകുപ്പ്. സാധാരണ ആരു വൈദ്യുത വകുപ്പ് ഏറ്റാലും നിരക്കു വര്‍ധനയുടെ ശാപം പിടിച്ചുവാങ്ങിയേ കസേര വിടുക പതിവുള്ളു. എന്നാല്‍ ആര്യാടനെ അക്കൂട്ടത്തില്‍പ്പെടുത്തരുത്. അധികാരമേറ്റ് ആദ്യം അദ്ദേഹം ചെയ്തതു വൈദ്യുതി നിരക്കു കുറയ്ക്കുകയായിരുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മിഷനും ബോര്‍ഡും ഒക്കെ നിലവിലുണ്ടായിരുന്നെങ്കിലും നാട്ടുകാര്‍ക്കു കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കാന്‍ ആര്യാടന്‍ വരേണ്ടിവന്നു.

ഇക്കുറിയും അത്തരം എന്തെങ്കിലും മാജിക്ക് ആര്യാടന്‍റെ കൈയില്‍ കാണുമെന്ന പ്രതീക്ഷയിലായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നാല്‍ കസേരയിലിരിക്കും മുമ്പ് ആര്യാടനു കാര്യം പിടികിട്ടി. മൂക്കോളം മുങ്ങി നില്‍പ്പാണ് വൈദ്യുതി ബോര്‍ഡ്. കഴിഞ്ഞ രണ്ടു വര്‍ഷമായി നിരക്കു കൂട്ടുന്ന കാര്യത്തില്‍ റെഗുലേറ്ററി കമ്മിഷനും വൈദ്യുതി ബോര്‍ഡും തമ്മില്‍ കീരിയും പാമ്പും കളിയായിരുന്നു. കരയ്ക്കിരുന്നു കളി കണ്ട വകുപ്പ് മന്ത്രി എ.കെ. ബാലനും ഒന്നും ചെയ്തില്ല. അവസാന നിമിഷം വരെ നിരക്കുവര്‍ധനയുടെ സമ്മര്‍ദത്തിലായിരുന്ന ബാലന്‍ ഒടുവില്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.

എന്തെങ്കിലും ഇളവ് അനുവദിക്കാന്‍ പറ്റുമോ എന്ന് ആരാഞ്ഞ ആര്യാടനോടു പ്രതിമാസം 75 കോടിയുടെ കടക്കെണിയുടെ കണക്കാണു ബോര്‍ഡ് നല്‍കിയത്. ഇത് ഈടാക്കാന്‍ നിരക്കു വര്‍ധന ആകാമെന്നു കമ്മിഷനും കല്‍പ്പിച്ചിരിക്കുന്നു. ബോര്‍ഡിന്‍റെ ആവശ്യം ഇപ്പോള്‍ മാത്രം അംഗീകരിക്കുകയും കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തു വേറേ കണക്കു പറയുകയും ചെയ്ത റെഗുലേറ്ററി കമ്മിഷനെക്കുറിച്ച് ഹോം വര്‍ക്ക് ചെയ്യുകയാണത്രേ ആര്യാടന്‍. വല്ല കള്ളത്തരവും കണ്ടുപിടിച്ചാല്‍, കമ്മിഷന്‍റെ കാര്യം ഹാ കഷ്ടം! കളി ആര്യാടനോടാണെന്നു മാത്രം മറക്കരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ