പേജുകള്‍‌

2011, മേയ് 30, തിങ്കളാഴ്‌ച

finger print

ഒരു സ്പീക്കര്‍ ആകാന്‍
കഴിഞ്ഞെങ്കില്‍
പ്രസംഗകര്‍ത്താവ്, വാഗ്മി, ഉച്ചഭാഷിണി, പ്രഭാഷകന്‍, സംസാരിക്കുന്നവന്‍, തുടങ്ങി സ്പീക്കര്‍ എന്ന പദത്തിനു പല അര്‍ഥങ്ങളുണ്ട് നിഘണ്ടുക്കളില്‍. ഈ അര്‍ഥം വച്ചു നോക്കിയാല്‍ നിയമ നിര്‍മാണ സഭകളിലെ സ്പീക്കര്‍ക്കു വായടച്ചിരിക്കാന്‍ നേരം കിട്ടേണ്ടതല്ല. സഭാതലത്തില്‍ എന്തൊക്കെ കാര്യങ്ങളാവും സ്പീക്കര്‍ സംസാരിക്കുക? പക്ഷേ, പാര്‍ലമെന്‍റ് സമ്മേളനങ്ങളോ നിയമസഭാ സമ്മേളനങ്ങളോ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മൊത്തത്തിലൊരു കണ്‍ഫ്യൂഷന്‍ ഉറപ്പ്. പ്ലീസ് സിറ്റ്, ഭായി-ബഹന്‍ജി..കൃപയാ ബൈഠിയേ, അംഗങ്ങള്‍ ദയവായി ഇരിപ്പിടങ്ങളില്‍ ഇരിക്കുക തുടങ്ങിയ ചില പ്രയോഗങ്ങളല്ലാതെ സ്പീക്കര്‍മാരാരും എന്തെങ്കിലും പറഞ്ഞു കേള്‍ക്കാറില്ല. ഏറിയാല്‍ ആ ഡര്‍...ആഡര്‍...! അത്ര തന്നെ.

നിയമസഭാംഗമല്ലാത്ത ഗവര്‍ണര്‍ക്കു പോലും കുറഞ്ഞത് ആണ്ടിലൊരുതവണയെങ്കിലും സഭയില്‍ ഹാജരായി അംഗങ്ങളെ അഭിസംബോധന ചെയ്യാം. ഒരു സര്‍ക്കാര്‍ മാറി മറ്റൊന്നു വന്നാല്‍ ഈ സന്ദര്‍ശനം ഒന്നിലേറെത്തവണയാകും. എന്നാല്‍, സ്പീക്കര്‍ക്ക് സഭാധ്യക്ഷ സ്ഥാനത്തിരിക്കമെങ്കിലും കൂടുതല്‍ സംസാരിക്കാന്‍ അവകാശമില്ല. സ്പീക്കര്‍ ആയി തെരഞ്ഞെടുക്കുന്നതിനു മുന്‍പ് അദ്ദേഹവും മറ്റ് എംഎല്‍എമാരെപ്പോലെ ഒരാള്‍. ഭരണ പക്ഷത്തായതിനാല്‍ ട്രഷറി ബെഞ്ചിന്‍റെ എല്ലാ അവകാശങ്ങളും ലഭിക്കും. എന്നാല്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ കളി മാറും. സഭയുടെ പരമാധ്യക്ഷനാണു സ്പീക്കര്‍. സഭാതലത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളുടെയും നാഥന്‍. സഭയ്ക്കുള്ളിലെ അദ്ദേഹത്തിന്‍റെ തീരുമാനങ്ങളെ രാജ്യത്തെ ഒരു കോടതിക്കും ചോദ്യം ചെയ്യാനാവില്ല. മാധ്യമ വിമര്‍ശനങ്ങള്‍ക്ക് അതീതവുമാണ് അത്തരം തീരുമാനങ്ങള്‍.

മറ്റ് എംഎല്‍മാര്‍ക്കൊപ്പമല്ല സ്പീക്കറുടെ സ്ഥാനം. പോഡിയത്തില്‍ സഭയുടെ അധ്യക്ഷ സ്ഥാനത്തിരുന്ന് സ്പീക്കറാണു സഭയെ നിയന്ത്രിക്കുന്നത്. ഭരണകക്ഷിയുടെ മാത്രമല്ല, ഇരുപക്ഷത്തിന്‍റെയും അവകാശ സംരക്ഷകനാണ് അദ്ദേഹം. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ സ്വന്തം മണ്ഡലത്തെക്കുറിച്ചു പോലും സഭയില്‍ മിണ്ടാന്‍ അവകാശമില്ലാത്ത ഏക അംഗമെന്ന പ്രത്യേകതയുമുണ്ട് സ്പീക്കര്‍ക്ക്. ഈ ദൗത്യം അദ്ദേഹം സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട മറ്റ് ഏതെങ്കിലും അംഗത്തെ ഏല്‍പ്പിക്കുകയാണു പതിവ്. എന്നിട്ടും പ്രസംഗകര്‍ത്താവ്, വാഗ്മി, ഉച്ചഭാഷിണി, ഭാഷകന്‍, സംസാരിക്കുന്നവന്‍ തുടങ്ങിയ അര്‍ഥമുള്ള സ്പീക്കര്‍ എന്ന വിശേഷണം സഭാധ്യക്ഷന്മാര്‍ക്ക് എന്തിനു നല്‍കിയെന്നു ചോദിച്ചാല്‍ ബ്രിട്ടീഷ് പാര്‍ലമെന്‍ററി സംവിധാനത്തിന്‍റെ ശേഷിപ്പ് എന്ന് ഉത്തരം.

പാര്‍ലമെന്‍ററി സംവിധാനത്തിന്‍കീഴില്‍ പരമോന്നത പദവിയെങ്കിലും, മനസു തുറന്നു രണ്ടു വാക്കു പറയണമെന്നു വച്ചാല്‍ നടപ്പില്ലെന്നു നല്ല അറിവുള്ളതുകൊണ്ടാവണം വി.ഡി. സതീശന്‍ തത്കാലം സ്പീക്കറാവാനില്ലെന്നു പ്രഖ്യാപിച്ചത്.

ഒരിക്കല്‍ നിയമസഭാ സ്പീക്കറായിരുന്ന വി.എം. സുധീരന്‍ ഇപ്പോള്‍ നിയമ സഭാംഗം പോലുമല്ല. എന്നിട്ടെന്താ, സഭയ്ക്കു പുറത്ത് അദ്ദേഹം ഇപ്പോള്‍ നടത്തുന്ന പ്രഭാഷണ ചാതുരിക്കു വല്ല കുറവുമുണ്ടോ? തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചാല്‍ ആരെങ്കിലും തന്നെ സ്പീക്കറാക്കി വായടപ്പിക്കുമോ എന്നു പേടിച്ചാവണം, പാവം മത്സരിക്കാന്‍ പോലുമില്ലെന്ന് ആദ്യമേ തന്നെ പ്രഖ്യാപിച്ചത്. സഭാതലത്തിലും പുറത്തും മിതഭാഷിയെന്നു പേരെടുത്ത ജി. കാര്‍ത്തികേയനെ നിയമസഭാ സ്പീക്കറാക്കുമെന്നാണ് അനന്തപുരി ഉപശാലകളിലെ അടക്കംപറച്ചില്‍.

കാര്‍ത്തികേയനു മന്ത്രിസ്ഥാനം പോലും നല്‍കാതിരുന്നതു സ്പീക്കര്‍ പദവിയിലേക്കു പരിഗണിക്കുന്നതിനാലാണെന്നു വ്യക്തം. പരന്നവായന, സഭാനടപടികളെക്കുറിച്ചുള്ള അവബോധം, അനുഭവ സമ്പത്ത്, സര്‍വോപരി ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള സാമാജികരുമായുള്ള നല്ല ചങ്ങാത്തം... ഇതൊക്കെ അദ്ദേഹത്തെ സ്പീക്കര്‍ പദവിയിലെത്തിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുമ്പോഴാണു സാക്ഷാല്‍ പി.സി. ജോര്‍ജിന്‍റെ വരവ്.

തനിക്കു മന്ത്രി സ്ഥാനം വേണമെന്നായിരുന്നു ഇന്നലെവരെ ജോര്‍ജിന്‍റെ ആഗ്രഹം. പക്ഷേ, ജോര്‍ജിനെ ഡെപ്യൂട്ടി സ്പീക്കറാക്കാമെന്നാണു കോണ്‍ഗ്രസിന്‍റെ ഉള്ളിലിരിപ്പ്. അതുകൊണ്ട് പലതുണ്ട് പ്രയോജനം. ഒന്ന് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് അധികപ്രസംഗം ഒട്ടും അനുവദനീയമല്ല. വര്‍ഷത്തില്‍ ഒരു തവണ മാത്രം സഭയില്‍ സംസാരിക്കാം. പ്രതിപക്ഷ നേതാവിന്‍റെ തൊട്ടടുത്താവും അദ്ദേഹത്തിന്‍റെ സീറ്റ്. എന്നു വച്ചാല്‍ സാക്ഷാല്‍ വി.എസിന്‍റെ തൊട്ടടുത്ത്. ഇതു വല്ലതും ജോര്‍ജ് അംഗീകരിക്കുമോ? നാവുദോഷമുള്ള ജോര്‍ജ് ശിഷ്ടകാലം മിണ്ടാതിരിക്കട്ടെയെന്നു കരുതിയാവും അദ്ദേഹത്തെ ഡെപ്യൂട്ടി സ്പീക്കറാക്കാന്‍ പാര്‍ട്ടിക്കാര്‍ നോക്കുന്നത്. രണ്ടുമായില്ലെങ്കില്‍ മാണിസാറുള്‍പ്പെടെയുള്ളവര്‍ ഇനി എന്തൊക്കെ കേള്‍ക്കേണ്ടി വരുമെന്ന് ആരറിഞ്ഞു?

പ്രധാനകക്ഷികളുടെ പ്രതിനിധി സ്പീക്കറാകണമെന്നു നിര്‍ബന്ധമില്ലെന്നാണു ജോര്‍ജിന്‍റെ ഇന്നലെത്തെ പ്രലോഭനം. തന്നെ സ്പീക്കറാക്കണമെന്ന ആഗ്രഹമാണോ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഒരു പ്രധാന കക്ഷിയല്ലെന്നാണോ ജോര്‍ജ് പറഞ്ഞുവച്ചതെന്നു പിന്നാലെ അറിയാം.

നിയമസഭാ സ്പീക്കര്‍ പദവിയിലേക്കു തൃശൂര്‍ നിവാസികളുടെ അഭിലാഷം ഇതുവരെ ആര്‍ക്കും മനസിലായിരുന്നില്ല. ഏതായാലും തേറമ്പില്‍ രാമകൃഷ്ണന്‍ ഇന്നലെ അക്കാര്യം വെളിപ്പെടുത്തിത്തന്നു. തനിക്കു സ്പീക്കറാകാന്‍ ഒട്ടും താത്പര്യമില്ലത്രേ. പക്ഷേ, തന്നെ സ്പീക്കറായി തെരഞ്ഞെടുക്കണമെന്നു തൃശൂര്‍ നിവാസികള്‍ ആഗ്രഹിച്ചാല്‍ അദ്ദേഹം എന്തു ചെയ്യും. തൃശൂരില്‍ തേറമ്പിലിനെതിരേ മത്സരിച്ച പി. ബാലചന്ദ്രനു വോട്ട് ചെയ്തവരും അതാഗ്രഹിച്ചിരുന്നോ എന്ന കാര്യം ഏതായാലും തേറമ്പില്‍ പറയുന്നില്ല.

** ** **

ഇപ്പോഴത്തെ ഭരണ മാറ്റം കൊണ്ട് ഏറ്റവും കൂടുതല്‍ രക്ഷപ്പെട്ട പാര്‍ട്ടി മുസ്ലിം ലീഗ് ആണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. വച്ചടിവച്ചടി കയറ്റം. ലീഗ് ഇച്ഛിക്കുന്നതും കോണ്‍ഗ്രസ് കല്‍പ്പിക്കുന്നതും ഏറെക്കുറെ ഒന്ന്. മഞ്ഞളാംകുഴി അലി മന്ത്രിയാകുമോ, ഭരണകക്ഷിയുടെ ചീഫ് വിപ്പിനു മന്ത്രി പദവി കിട്ടുമോ എന്ന് ഇന്നറിയാം. രണ്ടായാലും മാക് അലിക്കാവും നറുക്ക്. അങ്ങനെയൊരു ഉറപ്പിലാണു ഇടതുപാളയത്തില്‍ നിന്നു മാക് അലിയെ കുഞ്ഞാപ്പ ലീഗിലെത്തിച്ചത്. അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ -പറഞ്ഞതു പറഞ്ഞതു തന്നെയെന്നു -കുഞ്ഞാലിക്കുട്ടി പണ്ടു പറഞ്ഞതിന്‍റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയോ?

പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന നിയമവും പ്രാവര്‍ത്തികമായി. എംഎല്‍എ, മന്ത്രി, കോര്‍പ്പറേഷന്‍-ബോര്‍ഡ് അധ്യക്ഷ സ്ഥാനമോ അംഗത്വമോ, അതുമല്ലെങ്കില്‍ പാര്‍ട്ടി പദവി, ലീഗുകാരനാണോ, പേരിനു മുന്‍പ് ചേര്‍ക്കാന്‍ എന്തെങ്കിലും ഒരു പദവി ഉറപ്പ്. ചുമ്മാതാണോ എം. റഹ്മത്തുള്ള സിപിഐ വിട്ട് ലീഗില്‍ ചേര്‍ന്നത്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ