തീരുമാനങ്ങള്‍ ഒറ്റക്കും കുട്ടായും
കെ.എം. മാണി മനസില്‍ കണ്ടാല്‍ ലീഗുകാര്‍ മരത്തില്‍ കാണും. സ്വന്തം പാര്‍ട്ടിക്കാര്‍ക്കു മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്നതിനിടെ പാണക്കാട്ടെ വിശേഷം തിരക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു തീരെ സമയം കിട്ടിയതുമില്ല. എല്ലാ കാര്യങ്ങളും ആലോചിച്ച്, ചര്‍ച്ച ചെയ്തു പൊതു ധാരണ ഉണ്ടാക്കി പ്രവര്‍ത്തിക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്തിട്ടാണ് ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും സത്യപ്രതിജ്ഞ ചെയ്യാന്‍ രാജ്ഭവനിലെത്തിയത്. കഷ്ടിച്ചു രണ്ട് എംഎല്‍എമാരുടെ മാത്രം ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന ഒരു സര്‍ക്കാരായതു കൊണ്ട് പാര വയ്പും പാലം വലിയും ഒന്നുമുണ്ടാകില്ലെന്ന് ഇവരെല്ലാം തുടക്കത്തില്‍ത്തന്നെ തീര്‍ച്ചപ്പെടുത്തിയിരുന്നു. മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനു മുന്‍പും പിന്‍പും ഈ ധാരണ മൂന്നുവട്ടം ഉരുവിടാറുമുണ്ട് എല്ലാവരും.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മൊത്തം ഇരുപതു മന്ത്രിമാരെന്നായിരുന്നു എല്ലാവരും കൂടി എടുത്ത ആദ്യത്തെ പ്രതിജ്ഞ. ഇരുപത്തൊന്നു പേര്‍ക്കു വരെ സ്കോപ്പ് ഉള്ള സ്ഥിതിക്ക് വടിവൊത്ത ഖദര്‍ വാങ്ങി മന്ത്രിക്കുപ്പായവും തയ്പ്പിച്ച്, കട്ടിപ്പശ മുക്കി തേച്ചു മിനുക്കി വച്ചു കാത്തിരിപ്പാണു പി.സി. ജോര്‍ജ്. വകുപ്പില്ലാ മന്ത്രിയെന്നു പേരുദോഷം വരാതിരിക്കാന്‍ പാര്‍ലമെന്‍ററി കാര്യം എന്നൊരു വകുപ്പുണ്ടാക്കാനുള്ള വകുപ്പുവരെ മാണിസാറും കരുതി വച്ചു. എല്ലാം വെള്ളത്തില്‍ വരച്ച വരയാവുമോ എന്നാണ് ഇപ്പോള്‍ പേടി.
പാണക്കാടു കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ തുടങ്ങി തലസ്ഥാനം വരെ നീണ്ട ലീഗ് മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കാന്‍ തീരുമാനമെടുത്ത വാര്‍ത്ത ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും വാസ്തവത്തില്‍ ചാനലുകള്‍ മുഖേനയാണ് അറിയുന്നത്. യുഡിഎഫില്‍ ഇതൊന്നും പുതുമയോ പുത്തരിയോ അല്ല. പണ്ടും അത് അങ്ങനെയാണ്. ഓരോ പാര്‍ട്ടി പൊതുവിലും മുന്നണി പ്രത്യേകിച്ചും എന്തെങ്കിലും തീരുമാനമെടുക്കുന്നതിനു മുന്‍പ് അതെല്ലാം ആദ്യം അറിയുക പത്ര മാധ്യമങ്ങളായിരിക്കും. വാര്‍ത്ത വന്ന ശേഷമാവും നിര്‍ണായക ചര്‍ച്ചകള്‍ തുടങ്ങുന്നതു തന്നെ.
കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരു പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍പ്പോലും ഉമ്മന്‍ ചാണ്ടി പറഞ്ഞതു മന്ത്രിമാരുടെ എണ്ണം ഇരുപത് എന്നു തന്നെയാണ്. എല്ലാവരും കൂടി കൂട്ടായെടുത്ത തീരുമാനമാണ് അതെന്നും അദ്ദേഹം വ്യക്തിമാക്കിയിരുന്നു. പിന്നെങ്ങനെ ലീഗുകാര്‍ മന്ത്രിമാരുടെ എണ്ണം കൂട്ടിയെന്നു ചോദിച്ചാല്‍ ചാണ്ടിക്കുഞ്ഞ് കൈമലര്‍ത്തും. ഒന്നും തനിക്കറിയില്ല എന്ന് ആണയിടും. അറിയാത്ത കുഞ്ഞ് ചൊറിയുമ്പോള്‍ അറിയുന്നതാണു നാട്ടുനടപ്പ്. മാണിസാറും ആകെ അന്തം വിട്ട മട്ടാണ്. പി.സി. ജോര്‍ജ് കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം മഞ്ഞളാം കുഴി അലി കൊത്തിക്കൊണ്ടു പോയതു കാണുമ്പോള്‍ എങ്ങനെ അന്തം വിടാതിരിക്കും?
പൊതു ചര്‍ച്ചയില്‍ ലീഗ് ആവശ്യപ്പെട്ടത് നാലു മന്ത്രിമാരെ. യുഡിഎഫില്‍ ധാരണ ഉണ്ടാക്കിയതും നാലുപേരെ. എന്നാലിപ്പോള്‍ അഞ്ചില്‍ കുറഞ്ഞ ഒത്തുതീര്‍പ്പൊന്നുമില്ലെന്നാണു ലീഗ് കടുത്ത ഭാഷയില്‍ പറയുന്നത്. അഞ്ചു മന്ത്രിമാരെയും ലീഗുകാര്‍ പ്രഖ്യാപിച്ചു. അവിടം കൊണ്ട് അവസാനിച്ചിരുന്നെങ്കില്‍ സമാധാനിക്കാമായിരുന്നു. സാധാരണ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുന്നതു മുഖ്യമന്ത്രിയാണ്. ഇക്കുറി അതിലും മാറ്റം വന്നിരിക്കുന്നു. ലീഗിന്‍റെ ഓരോ മന്ത്രിമാരുടെയും വകുപ്പുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു.
പാണക്കാട്ടും കൊട്ടാരക്കരയിലുമിരുന്നു മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുന്നതാണു പുതിയ വഴക്കം. ഇനി ചെന്നിത്തലയിലും പാലായിലും ചവറയിലും പിറവത്തും കോഴിക്കോട്ടുമൊക്കെയിരുന്നു വകുപ്പു വിഭജിക്കുകയോ മാറ്റുകയോ ഒക്കെ ചെയ്താലും അതിശയിക്കാനില്ല. എല്ലാ കാര്യങ്ങളും കൂട്ടായി ചര്‍ച്ച ചെയ്തു പൊതുധാരണ ഉണ്ടാക്കി യോജിച്ചു പ്രവര്‍ത്തിക്കുമെന്നു ദൃഢപ്രതിജ്ഞ എടുത്ത സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ കൊണ്ടു ദോഷമൊന്നും സംഭവിക്കാനില്ല. ഭരണം തുടങ്ങിയിട്ടല്ലേയുള്ളൂ. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇങ്ങനെ എന്തൊക്കെ തീരുമാനങ്ങള്‍ വരാനിരിക്കുന്നു?
** ** **
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയ്ക്ക് എന്തെങ്കിലും ഭീഷണിയുണ്ടോ എന്നു ചോദിക്കരുത്. ലീഗിന് അഞ്ചു മന്ത്രിമാരെ നല്‍കിയതിന്‍റെ പേരില്‍ മാണി മുന്നണി വിട്ടുപോകുമെന്ന പേടിയേ വേണ്ട. ഇത്തവണ രണ്ടു മന്ത്രിമാര്‍ മാത്രമേ ഉള്ളുവെങ്കിലും അടുത്ത തവണ മൂന്നു പേരെ മന്ത്രിമാരാക്കാമെന്ന് ഉമ്മന്‍ ചാണ്ടി ഒരു ഉറപ്പു നല്‍കിയാല്‍ മതി, മാണി സാര്‍ തൃപ്തനായിക്കൊള്ളും. അല്ലെങ്കില്‍ ജോസ് കെ. മാണിയെ കേന്ദ്രത്തില്‍ ഒരു മന്ത്രിയാക്കിയാല്‍ ഭൂമിമലയാളമുള്ള കാലത്തോളം മാണിയെക്കൊണ്ട് ഏനക്കേടൊന്നും ഉണ്ടാകാന്‍ പോകുന്നില്ല.
പിന്നെ ലീഗ്. ഇപ്പോള്‍ മന്ത്രിമാരെയും വകുപ്പും നിശ്ചയിച്ചതുപോലെ പാണക്കാട്ട് ഒന്നു കൂടിയാല്‍ തീരുന്ന കാര്യങ്ങളേ അവര്‍ക്കുള്ളു. അങ്ങനെയൊരു സിറ്റിങ്ങിന് സാധ്യത അടുത്ത രാജ്യസഭാ തെരഞ്ഞെടുപ്പിലാണ്. ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം യുഡിഎഫിനു വിജയിപ്പിക്കാം. രാജ്യസഭാ ഒഴിവു വരുന്ന ഓരോ അവസരത്തിലും മാണി നിലവിളിക്കും. അടുത്ത തവണ ഉറപ്പെന്ന കോണ്‍ഗ്രസ് ഉറപ്പില്‍ മാണി അടങ്ങിക്കൊള്ളും. അതാണു കീഴ്വഴക്കം. ഇക്കുറിയും അതിനു തന്നെ സാധ്യത. പിന്നെ രാജ്യസഭയിലേക്ക് ലീഗിനു ഒരു തടസവും ഉണ്ടാകില്ല. അതുകൊണ്ടു ലീഗും മുന്നണി വിട്ടുപോകാനുള്ള സാധ്യത തെല്ലുമില്ല. എംഎല്‍എമാരുള്ള മറ്റു ഘടകകക്ഷികള്‍ക്കെല്ലാം മന്ത്രിസ്ഥാനമുണ്ട്. പാരവയ്ക്കാന്‍ രണ്ടാമതൊരു എംഎല്‍എ ഇല്ലാത്തതിനാല്‍ അവരും പാലം വലിക്കില്ല.
പക്ഷേ, ഉമ്മന്‍ ചാണ്ടി ഊണിലും ഉറക്കത്തിലും നല്ലതുപോലെ പേടിക്കണം, സ്വന്തം പാര്‍ട്ടിക്കാരെ. നാടാര്‍ സമുദായത്തിന്‍റെ കണക്ക് ശക്തന്‍ നാടാരുടെ നാവിന്‍ തുമ്പത്തുണ്ട്. ഗ്രൂപ്പില്ലെന്നു കരുതി ജി. കാര്‍ത്തികേയന്‍റെ ശക്തി കുറച്ചു കാട്ടരുത്. തത്കാലം ഇത്തിരി കാലദോഷമുണ്ടെങ്കിലും വഴിപാടും പൂജകളുമായിത്തന്നെയാണു കെ. മുരളീധരന്‍. മുഖ്യമന്ത്രിസ്ഥാനം വരെ സ്വപ്നം കാണുന്ന മുരളിക്ക് ഒരു സാധാരണ മന്ത്രിസ്ഥാനമെങ്കിലും കൊടുക്കാമായിരുന്നു. മന്ത്രിസഭയിലെ സാമൂഹിക നീതിയെക്കുറിച്ചു വയലാര്‍ രവിക്കുള്ള കാഴ്ചപ്പാട് തീര്‍ച്ചയായും കുറിച്ചു വച്ചു വായിക്കണം ഉമ്മന്‍ ചാണ്ടി.
ലോട്ടറി കാര്യത്തില്‍ മാത്രമല്ല, വി.ഡി. സതീശിന്‍റെ വഴക്കം. തീപ്പൊരി നാവിന്‍റെ ഉടമയ്ക്ക് ആരെക്കുറിച്ചും എന്തും പറയാന്‍ ഒരു മടിയുമില്ലെന്നും ഓര്‍ക്കണം. പെരുന്നക്കാര്‍ക്ക് ഏറെ പ്രിയങ്കരനെങ്കിലും രമേശ് ചെന്നിത്തലയെ നായരായി ബ്രാന്‍ഡ് ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിന്‍റെ ഭവിഷ്യത്തും മറന്നുപോകരുത്, ഉമ്മന്‍ ചാണ്ടി. എല്ലാവരും ഒരുമിച്ചിരുന്ന്, കൂട്ടായി ആലോചിച്ചു ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സാഹചര്യത്തില്‍ പണ്ടത്തെപ്പോലെ ആള്‍ക്കുട്ടത്തിനുള്ളില്‍ കുടുങ്ങി സമയം പാഴാക്കരുത് ഉമ്മന്‍ ചാണ്ടി. തിരക്കൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് തീര്‍ച്ചയായും ഒറ്റയ്ക്കിരുന്ന് എല്ലാ കാര്യങ്ങളും ഗഹനമായി പഠിക്കണം. അല്ലെങ്കില്‍ ഇന്നലെയുണ്ടായതുപോലെ ഓരോരോ തീരുമാനങ്ങള്‍ അറിയാന്‍ ഒന്നുകില്‍ സദാസമയവും ചാനലിനു മുന്‍പിലിരിക്കണം. അല്ലെങ്കില്‍ അടുത്ത ദിവസം പത്രം വരുന്നതു വരെ കാത്തിരിക്കണം പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ