പേജുകള്‍‌

2011, ഡിസംബർ 20, ചൊവ്വാഴ്ച

നിത്യാഭ്യാസി ആനയെ എടുക്കും

മഹാഭാരതയുദ്ധത്തിന്‍റെ കാഠിന്യം കൂട്ടിയത് ഒരാളുടെ തലമുടിയാണത്രേ. കൗരവരുമായുള്ള ചൂതാട്ടത്തില്‍ തോറ്റുതൊപ്പിയിട്ട യുധിഷ്ഠരന്‍, സ്ഥാവരജംഗമ വസ്തുക്കള്‍ ഓരോന്നായി പണയം വച്ചു. എല്ലാം കളഞ്ഞുകുളിച്ച ധര്‍മപുത്രരോടു പിന്മാറാന്‍ പലരും ഉപദേശിച്ചതാണ്. പക്ഷേ, ചൂതില്‍ തോറ്റു പിന്മാറുന്നതു രാജധര്‍മമല്ലെന്ന് അറിയാവുന്ന അദ്ദേഹം വല്ലാതെ ഖിന്നനായി. ഒടുവില്‍ അദ്ദേഹത്തിനു മുന്‍പില്‍ ഒരുപാധി സമര്‍പ്പിക്കപ്പെട്ടു. ധര്‍മപത്നി പാഞ്ചാലിയെത്തന്നെ പണയവസ്തുവായി വയ്ക്കുക. ചൂതില്‍ ജയിച്ചാല്‍ അതുവരെ നഷ്ടമായതെല്ലാം തിരികെ ലഭിക്കും. തോറ്റാല്‍ രാജധാനി ഉപേക്ഷിക്കുക.

പക്ഷേ, പാഞ്ചാലിയെ പണയപ്പെടുത്താന്‍ യുധിഷ്ഠിരനു തനിച്ച് അവകാശമില്ല. ജ്യേഷ്ഠാനുജന്മാര്‍ അഞ്ചുപേര്‍ക്ക് തുല്യാവകാശമുണ്ട് പാഞ്ചാലിക്കു മേല്‍. എങ്കിലും രാജാവ് യുധിഷ്ഠിരനാണ്. അദ്ദേഹത്തിന്‍റേതാണ് അന്തിമ തീരുമാനം. അങ്ങനെ ആ തീരുമാനം വന്നു. അവസാന കളിയില്‍ പാഞ്ചാലി തന്നെ പണയം!

ശുകുനിയുടെ പകിട പിന്നെയും പന്ത്രണ്ടു വീണു. ജയം ദുര്യോധനന്. വില്ലാളിവീരനും മഹാമല്ലനും അടക്കം അഞ്ചാണുങ്ങള്‍ തുണയുണ്ടായിരുന്ന പാവം പാഞ്ചാലി, കുരുകുലത്തിനു ദാസി! ദുര്യോധനന്‍റെ കല്പനപ്രകാരം പാഞ്ചാലിയെ കൗരവസദസില്‍ വിളിച്ചുവരുത്തി. കുലപതികളെല്ലാം നോക്കിയിരിക്കെ, പാഞ്ചാലിയെ വിവസ്ത്രയാക്കാന്‍ ദുര്യോധനന്‍ ദുശാസനനു കല്പന കൊടുത്തു. ഒടുവില്‍ സഹോദരന്‍ ശ്രീകൃഷ്ണന്‍റെ കാലുപിടിച്ചു ദ്രൗപദി മാനംകാത്തു. കൗരവസദസ് പിരിയുംമുന്‍പ് പാഞ്ചാലി തന്‍റെ കാര്‍കൂന്തല്‍ കെട്ടഴിച്ചിട്ടു ഒരു ശപഥമെടുത്തു. തന്‍റെ മടിക്കുത്തില്‍ പിടിച്ച നീചന്‍ ദുശാസനന്‍റെ ഉദരം പിളര്‍ന്ന ചോരയില്‍ മുക്കിയ കൈകൊണ്ടു മാത്രമേ ഇനി ഈ മുടി കെട്ടിവയ്ക്കൂ. ശപഥം പൂര്‍ത്തിയാക്കാനുള്ള തന്ത്രങ്ങളായിരുന്നു പിന്നീട് മഹാഭാരതം യുദ്ധത്തിലേക്കു നീണ്ടിറങ്ങിയതെന്നാണ് വിവരമുള്ളവര്‍ പറയുന്നത്.

പാഞ്ചാലിയുടെ മുടി കഴിഞ്ഞാല്‍, ആസേതുഹിമാചലം തപ്പിയാല്‍ നാലാളറിയുന്ന മുടി ഒരാള്‍ക്കേയുള്ളൂ. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍റെ നീണ്ട് ഇടതൂര്‍ന്ന കരിങ്കൂന്തല്‍. പാഞ്ചാലിയുടേതിനോളം പോന്ന ഐതിഹ്യപ്പെരുമ രവീന്ദ്രന്‍റെ മുടിയിഴകള്‍ക്കില്ല. പക്ഷേ, അദ്ദേഹത്തിന്‍റെ മുടിക്കു പിന്നിലുമുണ്ട് വിപ്ലവത്തിന്‍റെ ചോരയില്‍ മുങ്ങിയ ഒരു കഥ. ഇന്നേക്ക് പത്തുമുപ്പത്തഞ്ചു വര്‍ഷം മുന്‍പ് അടിയന്തരാവസ്ഥ മിന്നി നില്‍ക്കുന്ന കാലം. കമ്യൂണിസ്റ്റ്കാരെ എവിടെക്കണ്ടാലും പൊലീസ് പൊക്കിക്കൊണ്ടുപോയി ജയില്‍ നിറയ്ക്കുകയായിരുന്നു അന്നത്തെ പൊതുപരിപാടി. അങ്ങനെ പന്ന്യനെയും അവര്‍ പൊക്കി. ജയിലില്‍ അടയ്ക്കപ്പെട്ട അദ്ദേഹത്തിന്‍റെ മുടി നിര്‍ബന്ധപൂര്‍വം മുറിച്ചു മാറ്റി. പൊലീസ് മുറിച്ചതിന്‍റെ ബാക്കി മുടി താനായി മുറിക്കുന്നില്ലെന്നു പന്ന്യന്‍ തീരുമാനിച്ചു. അന്നു വളരാന്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്‍റെ മുടി. ഇന്നു പന്ന്യനെ അറിയുന്നതിനെക്കാള്‍ അദ്ദേഹത്തിന്‍റെ മുടിയാണ് അങ്ങ് ഇന്ദ്രപ്രസ്ഥത്തോളം അറിയപ്പെടുന്നത്.

മുടി അഴിക്കുന്നതിലും മുറിക്കുന്നതിലും വളര്‍ത്തുന്നതിലുമൊന്നും എന്തെങ്കിലും അഭ്യാസം ഉള്ളതായി

പ ന്ന്യന്‍ പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ പാര്‍ട്ടി സമ്മേളനം പ്രചരിപ്പിക്കാന്‍ ഒരു തരത്തിലുള്ള അഭ്യാസവും തന്‍റെ പാര്‍ട്ടി നടത്തില്ലെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവുമില്ല. അത്തരം അഭ്യാസങ്ങള്‍ നടത്താത്തതുകൊണ്ടാണത്രേ, സിപിഐ സമ്മേളനങ്ങള്‍ക്കു മാധ്യമങ്ങള്‍ വേണ്ടത്ര പ്രചാരണം കൊടുക്കാത്തതെന്നും അദ്ദേഹം കണ്ടു പിടിച്ചിരിക്കുന്നു. തന്‍റെ മുടിക്കു ലഭിച്ച വാര്‍ത്താപ്രാധാന്യം പോലും പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു മാധ്യമങ്ങള്‍ നല്‍കുന്നില്ലത്രേ.

മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും സിപിഎം സമ്മേളനങ്ങളുടെ പിന്നാലെ പായുന്നത് വല്യേട്ടന്മാരുടെ ചില അഭ്യാസ പ്രകടനങ്ങള്‍ കൊണ്ടാണെന്നും പന്ന്യന് സംശയം. പാര്‍ട്ടി ഫോറം, പാര്‍ട്ടി ഫണ്ട്, പാര്‍ട്ടി ചര്‍ച്ചകള്‍, തെരഞ്ഞെടുപ്പ് തുടങ്ങിയ പലതരം അഭ്യാസങ്ങളാണു സിപിഎമ്മിലുള്ളത്. ഇവിടെയാകുമ്പോള്‍ ഒറ്റ രാത്രികൊണ്ട് എല്ലാം നടന്നുകിട്ടും. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് വെളിയം ഭാര്‍ഗവനെ മാറ്റി, സി.കെ. ചന്ദ്രപ്പനെ നിയമച്ച കാര്യം പാര്‍ട്ടിക്കാര്‍ പോലും അറിയുന്നതു പത്രം വായിച്ചും ടിവി കണ്ടുമായിരുന്നു. അപ്പുറത്താണെങ്കില്‍ അങ്ങനെ വല്ല അഭ്യാസവും നടക്കുമോ?

പാര്‍ട്ടി സമ്മേളനത്തിനു ഫണ്ട് ഒരു പ്രശ്നമേയല്ല. അതിനു വളരെ നൂതനമായ മാര്‍ഗമാണു പാര്‍ട്ടി കണ്ടുപിടിച്ചത്. അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും പക്കല്‍ ഒരു ഹുണ്ടിക ഏല്പിക്കുക. അതു നിറച്ചെടുക്കുന്ന ജോലി അവര്‍ക്കുള്ളതാണ്. ഒരു ഹുണ്ടികയില്‍ ഇരുനൂറ്റമ്പതു രൂപയെങ്കിലും സ്വരൂപിക്കണമെന്നാണു നിര്‍ദേശം. അങ്ങനെ എത്ര ഹുണ്ടിക വേണമെങ്കിലും നിറയ്ക്കാം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും വരെ ഹുണ്ടികയുണ്ട്. ആരെങ്കിലും വീട്ടിലോ ഓഫിസിലോ തൊഴിലിടങ്ങളിലോ വന്നാല്‍ ആളെത്തുന്നതിനു മുന്‍പ് ഹുണ്ടിക തല നീട്ടും. പരിചയക്കാരാരും ഇപ്പോള്‍ തങ്ങളുടെ വഴിക്കു വരുന്നില്ലെന്നും സഖാക്കള്‍ക്കു പരാതിയുണ്ട്.

റെഡ് വോളണ്ടിയര്‍ മാര്‍ച്ചില്‍പ്പോലുമുണ്ട് പുതുമ. മേഖലാടിസ്ഥാനത്തില്‍ ടെസ്റ്റ്മാര്‍ച്ച് നടത്തി, യോഗ്യത തെളിയിക്കുന്നവര്‍ക്കു മാത്രമാവും ഒറിജിനല്‍ മാര്‍ച്ചിലേക്കു പ്രവേശനം. മാര്‍ച്ച് നടത്തുന്ന കാര്യത്തിലും ഒരു അഭ്യാസവും നടക്കില്ല. മാര്‍ച്ചില്‍ ധരിക്കാനുള്ള ട്രൗസറും ഷര്‍ട്ടും തൊപ്പിയുമൊക്കെ സ്വന്ത നിലയില്‍ കരുതണം. ഒന്നും കേന്ദ്ര നേതൃത്വത്തിന്‍റെ ചെലവില്‍ നടക്കില്ല.

മാര്‍ച്ചിനുള്ള വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യമായ നൂല്‍ സ്വന്തം നിലയില്‍ നൂറ്റെടുക്കണമെന്ന നിര്‍ദേശം ഏതായാലും മുന്നോട്ടു വച്ചിട്ടില്ല. ഗാന്ധിജി എങ്ങാനും ജീവിച്ചിരുന്നെങ്കില്‍ കേണ്‍ഗ്രസില്‍ നിന്നു രാജി വച്ച് സിപിഐയില്‍ ചേര്‍ന്നേനെ. ഗാന്ധിജിക്ക് അതിനുള്ള ഭാഗ്യം ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിനിപ്പോള്‍ പാര്‍ട്ടി ബാനറുകളില്‍ ചെറുതല്ലാത്ത സ്ഥാനമാണുള്ളത്. തങ്ങളുടെ സ്വന്തം ഗാന്ധിജിയെ സിപിഐക്കാര്‍ ഹൈജാക്ക് ചെയ്തത് ഏത് അഭ്യാസമാണെന്നു തിരിച്ചറിയാതെ മൊത്തത്തിലൊരു കണ്‍ഫ്യൂഷനിലാണു കോണ്‍ഗ്രസുകാര്‍.

തങ്ങള്‍ സംസ്ഥാന സമ്മേളനം കൊല്ലത്തു നടത്താനുറപ്പിച്ച അതേ ദിവസം തന്നെ, സിപിഎം തിരുവനന്തപുരത്ത് സമ്മേളനം വച്ചതിലുമുണ്ട് അവര്‍ക്കു കുണ്ഠിതം. തങ്ങളുടെ സമ്മേളനത്തിന് ആളു കുറയുമോ എന്നാണു സിപിഐക്കാരുടെ പേടി. അക്കാര്യം മുന്നണിയ യോഗം ചര്‍ച്ച ചെയ്യട്ടെ. പക്ഷേ, പ്രശ്ന പരിഹാരത്തിന് വടക്കു നിന്നു തിരുവനന്തപുരത്തേക്കു പോകുന്ന സിപിഎം വാഹനങ്ങള്‍ കൊല്ലം വഴിക്കും തെക്കുനിന്നു കൊല്ലത്തേക്കുള്ള സിപിഐ വാഹനങ്ങള്‍ തിരുവനന്തപുരം വഴിക്കും വഴിതിരിച്ചുവിട്ടാല്‍, വളരെ നന്ന്. കൊടിയുടെ നിറവും വിളിക്കുന്ന മുദ്രാവാക്യങ്ങളുമൊക്കെ ഏതാണ്ട് ഒന്നുതന്നെ ആകുന്ന സ്ഥിതിക്ക് ഇടതനെന്നോ വലതനെന്നോ കാഴ്ചക്കാര്‍ വേര്‍തിരിക്കില്ലല്ലോ. സിപിഐക്കാരുടെ ആശങ്കയ്ക്ക് തെല്ല് അയവ് വരുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ