പേജുകള്‍‌

2011, നവംബർ 24, വ്യാഴാഴ്‌ച

LEADER

പാഴാക്കാനുള്ളതല്ല,
പാര്‍ലമെന്‍റ് നടപടികള്‍
 
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം രണ്ടു ദിവസം പിന്നിട്ടതേയുള്ളു. പാര്‍ലമെന്‍ററി നടപടികളുടെ ആധികാരിക രേഖപ്രകാരം 17 ബിസിനസ് മണിക്കൂറുകള്‍ സഭാനടപടികള്‍ നടന്നു. എന്നാല്‍, ഈ സമയമത്രയും ഭരണ-പ്രതിപക്ഷ കക്ഷികളുടെ ബഹളവും പോര്‍വിളിയും നടുത്തളമാര്‍ച്ചുമല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഈ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യവും അവിടെ ചര്‍ച്ചയ്ക്കു വന്നില്ല. നിയമാനുസൃതമായ ഒരു നടപടിയും പൂര്‍ത്തിയാക്കിയില്ല. പക്ഷേ, രണ്ടുദിവസത്തെ സമ്മേളനത്തിന് നാലു കോടി രൂപ ചെലവായി എന്ന വസ്തുതയെങ്കിലും നമ്മുടെ ജനപ്രതിനിധികള്‍ മറക്കരുത്. നമ്മുടെ പാര്‍ലമെന്‍റ് ഒരു മണിക്കൂര്‍ സമ്മേളിക്കുന്നതിന് ഇരുപത്തഞ്ചു ലക്ഷം രൂപ ചെലവു വരുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.

നടപ്പു സമ്മേളനം അടുത്ത മാസം ഇരുപത്തൊന്നുവരെയാണു ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പാര്‍ലമെന്‍റിനകത്തും പുറത്തും ഇതിനകം കൊടുങ്കാറ്റു സൃഷ്ടിച്ച ജന്‍ ലോക്പാല്‍ ബില്‍ അടക്കം നിരവധി സുപ്രധാന നിയമനിര്‍മാണം ശീതകാലസമ്മേളനത്തില്‍ നിര്‍വഹിക്കേണ്ടതുണ്ട്. അഴിമതിയും അതിക്രമങ്ങളും സംബന്ധിച്ച വിവരം നല്‍കുന്നവരെ സംരക്ഷിക്കുന്ന ബില്‍, ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍, പെന്‍ഷന്‍ ഫണ്ട് വിനിയോഗ ബില്‍, ഡയറക്റ്റ് ടാക്സ്, ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് ബില്‍ തുടങ്ങിയവയും ഈ സമ്മേളനം പരിഗണിക്കേണ്ടതു തന്നെ. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ഇതില്‍ ഒരു ബില്ലെങ്കിലും പരിഗണിക്കുക സാധ്യമാണെന്നു കരുതാന്‍ വയ്യാത്ത തരത്തിലാണു പാര്‍ലമെന്‍റില്‍ നടക്കുന്ന ബഹളം. ജനാധിപത്യ മൂല്യങ്ങള്‍ക്കോ, അന്തസിനോ ഒട്ടും നിരക്കുന്നതല്ല ഈ നടപടികള്‍. പ്രതിപക്ഷത്തു മാത്രമല്ല, ഭരണപക്ഷത്തുപോലും നിസഹകരണത്തിന്‍റെയും അരാജകത്വത്തിന്‍റെയും ശബ്ദമാണ് ഇരു സഭകളിലും മുഴങ്ങിക്കേള്‍ക്കുന്നത്.

ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ ബഹിഷ്കരിച്ചുകൊണ്ടാണു പ്രതിപക്ഷത്തിന്‍റെ അങ്കം. ജനജീവിതം താറുമാറാക്കുന്ന ഭയാനകമായ വിലക്കയറ്റത്തെക്കുറിച്ച് ഇന്നലെ സഭ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ചിദംബരവിവാദത്തില്‍ പ്രതിപക്ഷം ജനവികാരം പോലും മറന്നു. ഇന്ത്യന്‍ രൂപ റിക്കാര്‍ഡ് വിലത്തകര്‍ച്ച നേരിടുന്നതും നമ്മുടെ പാര്‍ലമെന്‍റേറിയന്മാരെ വേദനിപ്പിച്ചു കണ്ടില്ല. രാജ്യം കണ്ട ഏറ്റവും വലിയ വിലക്കയറ്റത്തെക്കുറിച്ച് ആരും ശബ്ദിച്ചതുപോലുമില്ല. വിലക്കയറ്റത്തെക്കാള്‍ വലുതായിരുന്നു പ്രതിപക്ഷത്തിന്‍റെ ചിദംബര വിരുദ്ധ രാഷ്ട്രീയ നിലപാട്. അതുകൊണ്ട് ഈ രാജ്യത്തെ ദരിദ്ര ജനകോടികള്‍ക്ക് എന്തു ഗുണം എന്നു ചോദിക്കരുത്. അവര്‍ക്കു വേണ്ടിയല്ലല്ലോ, പാര്‍ലമെന്‍റിന്‍റെ വിലപ്പെട്ട സമയവും ധനവും. പ്രതിപക്ഷവീര്യം കത്തിക്കയറുമ്പോള്‍ ഭരണപക്ഷത്തുമുണ്ടായി തത്തുല്യ ആവേശം. തെലുങ്കാന വിഷയത്തില്‍ ആന്ധ്ര പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും ബഹളം വച്ചു നടുത്തളത്തിലിറങ്ങിയതോടെ പാര്‍ലമെന്‍റ് കൂടുതല്‍ പ്രക്ഷുബ്ധമായി.

പാര്‍ലമെന്‍ററി നടപടികളില്‍ ഒച്ചപ്പാടും ബഹളവുമൊക്കെ ഒരളവു വരെ അനുവദനീയമാണ്. താന്താങ്ങളുടെ നിലപാടുകള്‍ സ്ഥാപിച്ചെടുക്കാന്‍ അത്തരം ചില സമ്മര്‍ദ തന്ത്രങ്ങള്‍ കൈക്കൊള്ളുന്ന പതിവ് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍പ്പോലും പതിവാണ്. എന്നാല്‍, ഒരു സമ്മേളന കാലം മുഴുവന്‍ ഒരു വിഷയത്തെച്ചൊല്ലി സഭാ നടപടികള്‍ അലങ്കോലമാക്കിയ പാര്‍ലമെന്‍റ് ഒരുപക്ഷേ, ഇന്ത്യയില്‍ മാത്രമാവും. കഴിഞ്ഞ സമ്മേളനകാലത്ത് ലോക്പാല്‍ ബില്ലിനു വേണ്ടിയായിരുന്നു ബിജെപി പ്രക്ഷോഭം. അണ്ണാ ഹസാരെ സംഘത്തിനു പിന്തുണ പ്രഖ്യാപിച്ച അവര്‍ പാര്‍ലമെന്‍റിലും പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കി. അതിന്‍റെ കൂടി ഫലമാണു ശക്തമായ ജന്‍ ലോക്പാല്‍ ബില്‍ ഈ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. എന്നാല്‍ അതു പോലും അംഗീകരിക്കില്ലെന്ന പ്രതിപക്ഷ നിലപാട് അങ്ങേയറ്റത്തെ ഉത്തരവാദിത്വ രാഹിത്യമാണ്.

ഭിന്ന രാഷ്ട്രീയ താത്പര്യങ്ങള്‍ ഏറ്റുമുട്ടാന്‍ മാത്രമുള്ള വേദിയല്ല നിയമനിര്‍മാണ സഭകള്‍. അത്തരം ഏറ്റുമുട്ടലുകള്‍ പാര്‍ലമെന്‍റിനു പുറത്താണു നടക്കേണ്ടത്. ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവയ്ക്കു പരിഹാരം കാണാനുമുള്ള ജനകീയ വേദി, അലങ്കോലപ്പെടുത്തുന്നവര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ജന്‍ ലോക് പാല്‍ ബില്‍ തലനാരിഴ കീറി ചര്‍ച്ച ചെയ്തു നിയമമാക്കാനുള്ള സുവര്‍ണാവസരം കളഞ്ഞുകുളിച്ച പ്രതിപക്ഷത്തിന് പരോക്ഷമായി ഒരു കാര്യം സമ്മതിക്കേണ്ടി വരും. അഴിമതി ചെറുക്കുമെന്നു ജനം പ്രതീക്ഷിക്കുന്ന ലോക്പാല്‍ ബില്‍ നിയമമാക്കാനുള്ള താത്പര്യം തങ്ങള്‍ക്കില്ലെന്ന വസ്തുത. എങ്കില്‍പ്പിന്നെ കഴിഞ്ഞ സമ്മേളനകാലത്ത് എന്തിനായിരുന്നു ബിജെപിയും സഖ്യകക്ഷികളും സഭാനടപടികള്‍ തടസപ്പെടുത്തി പ്രക്ഷോഭം നടത്തിയത്?

ലോക്പാല്‍ ബില്‍ ശീതകാല സമ്മേളനത്തില്‍ത്തന്നെ അവതരിപ്പിച്ചു നിയമാക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നാണ് ഹസാരെ സംഘത്തിന്‍റെ ഭീഷണി. പാര്‍ലമെന്‍റിന്‍റെ പരമാധികാരം തന്നെ ചോദ്യം ചെയ്തു സഭയ്ക്കു പുറത്തു നിയമനിര്‍മാണം എന്ന അവരുടെ ആവശ്യത്തോട് എതിര്‍പ്പു പ്രകടിപ്പിച്ച കൂട്ടത്തിലാണ് ബിജെപി. എന്നിട്ടും ഹസാരെ സംഘത്തിന് ആയുധമൂര്‍ച്ച കൂട്ടാന്‍ പാകത്തിന് നിയമ നിര്‍മാണം തടസപ്പെടുത്തുന്ന എന്‍ഡിഎ നിലപാട് ഏതര്‍ഥത്തിലും അപലപനീയം തന്നെ. സഭയുടെ അവശേഷിക്കുന്ന സമ്മേളന കാലമെങ്കിലും ഫലപ്രദമായി ഉപയോഗിക്കാന്‍ എല്ലാ കക്ഷികള്‍ക്കുമുണ്ട് ഉത്തരവാദിത്വം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ