പേജുകള്‍‌

2011, നവംബർ 14, തിങ്കളാഴ്‌ച

leader

പിശാചുക്കളുടെ നാടോ, സാക്ഷരകേരളം?
 
പെരുമ്പാവൂരില്‍ നിരപരാധിയായ ഒരു യുവാവിനെ പോക്കറ്റടിക്കാരന്‍ എന്നു തെറ്റിദ്ധരിച്ച് ഒരു ബസിലെ ഏതാനും യാത്രക്കാര്‍ ചേര്‍ന്നു തല്ലിക്കൊന്നത് ഇക്കഴിഞ്ഞ ഒക്റ്റോബര്‍ പതിനൊന്നിന്. പാലക്കാട് സ്വദേശിയായ രഘു എന്ന മുപ്പത്തേഴുകാരന്‍ നിരപരാധിയായിരുന്നു എന്നും, ബാങ്കില്‍ സ്വര്‍ണം പണയം വച്ചുകിട്ടിയ പണവും കൊണ്ടു യാത്ര ചെയ്തതാണു കുഴപ്പമായതെന്നും പിന്നീടു വ്യക്തമായി. നിരപരാധിയായ ഒരു സാധു യുവാവിനോടു സമൂഹം ചെയ്ത തെറ്റിന്, അദ്ദേഹത്തിന്‍റെ വിധവയ്ക്കു ജോലിയും കുടുംബത്തിന് ആശ്വാസധനവും അനുവദിച്ചു സര്‍ക്കാര്‍. കപട സദാചാരവാദികളും വ്യാജ പൊലീസും ചമഞ്ഞു നിപരാധികളെ ആക്രമിക്കുന്നവരെ വെറുതേ വിടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അന്നു പ്രഖ്യാപനങ്ങളുണ്ടായി. എന്നാല്‍, പെരുമ്പാവൂര്‍ സംഭവം നടന്നു കൃത്യം ഒരുമാസം തികയുമ്പോള്‍ അതിലും നിഷ്ഠുരമായ കൊലപാതകത്തിനു കേരളം സാക്ഷ്യം വഹിച്ചു. കോഴിക്കോട് ജില്ലയില്‍ മുക്കം കൊടിയത്തൂര്‍ തേലേരി വീട്ടില്‍ ഷഹീദ് ബാവ എന്ന യുവാവിനെയാണ് ഒരു സംഘം ആളുകള്‍ കമ്പിവടികൊണ്ട് അടിച്ചും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ, കല്ലെറിഞ്ഞു വീഴ്ത്തിയും പിന്നീടു പോസ്റ്റില്‍ കെട്ടിയിട്ടു കമ്പിപ്പാര കൊണ്ട് അടിച്ചും മാരകമായി പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ മരണത്തിനു കീഴടങ്ങി.

രണ്ടു സംഭവങ്ങളിലും ജീവന്‍ നഷ്ടപ്പെട്ടതു നിരപരാധികളായ രണ്ടു യുവാക്കള്‍ക്കാണെന്നതാണ് ഏറെ സങ്കടകരം. കേരളം പോലെ സമ്പൂര്‍ണ സാക്ഷരത അവകാശപ്പെടുന്ന ഒരു സംസ്ഥാനത്തിന്‍റെ സംസ്കാരത്തിനോ അന്തസിനോ ഒട്ടും ചേര്‍ന്നതല്ല ഇത്തരം ആക്രമണങ്ങളും കാട്ടുനീതി നിര്‍വഹണവും. ഷഹീദ് എന്ന യുവാവ് കൊല്ലപ്പെട്ട മുക്കത്ത് മണല്‍വാരലുമായി ബന്ധപ്പെട്ട ഏതോ ദുഷ്ടശക്തികള്‍ സജീവമാണെന്നാണ് അറിയുന്നത്. അവരുടെ കണ്ണിലെ കരടായിരുന്നു ഈ ചെറുപ്പക്കാരനെന്നും പറഞ്ഞുകേള്‍ക്കുന്നു. പക്ഷേ, സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് അയാള്‍ ആക്രമിക്കപ്പെട്ടത്. അടുത്തുള്ള ഒരു വീട്ടില്‍ നിന്നു മടങ്ങവേ, പതിനഞ്ചോളം വരുന്ന സദാചാരവാദികള്‍ കടന്നാക്രമിക്കുകയായിരുന്നു. അടിച്ചും എറിഞ്ഞും കെട്ടിയിട്ടും നിഷ്ഠുരമായി ആക്രമിക്കുന്ന വിവരമറിഞ്ഞ് ഷഹീദിന്‍റെ ബന്ധുക്കളും ഏതാനും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതാണ്. എന്നാല്‍, യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് അക്രമി സംഘം തടഞ്ഞു. മണിക്കൂറുകള്‍ക്കു ശേഷം കൂടുതല്‍ പൊലീസ് എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയത്.

സദാചാര വിരുദ്ധക്കുറ്റത്തിനു ശിക്ഷിക്കുകയായിരുന്നില്ല അക്രമികളുടെ ഉന്നമെന്നു വ്യക്തം. കരുതിക്കൂട്ടി അയാളെ വകവരുത്താന്‍ മുന്‍കൂട്ടി പദ്ധതി തയാറാക്കിയിട്ടുണ്ടാവണം. ആയുധങ്ങളുമായി ഒരാളെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ഗുരുതരമായി പരുക്കേറ്റു എന്ന് ഉറപ്പുണ്ടായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതു തടയുകയും ചെയ്യുക വഴി, കൊലപാതകം തന്നെയാണ് അക്രമികളുടെ ലക്ഷ്യമെന്നു വ്യക്തം. സദാചാര ലംഘനം ഉള്‍പ്പെടെ ഒരു കേസിലും പ്രതിയല്ല, ഷഹീദ്. അദ്ദേഹത്തിനെതിരേ ജനങ്ങള്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും യാതൊരു ആക്ഷേപവുമില്ല. അദ്ദേഹത്തിനു മേല്‍ സദാചാരവിരുദ്ധക്കുറ്റം ചുമത്തിയവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നിരിക്കണം. മണല്‍ കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന സംശയം നിലനില്‍ക്കെ, കുറ്റവാളികളെ മുഴുവന്‍ വെളിച്ചത്തുകൊണ്ടുവരാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കഴിയണം.

കേരളത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആവിഷ്കരിച്ച ജനമൈത്രി പൊലീസ് രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയും കുറ്റവാളികളെ വളരെ വേഗം നിയത്തിന്‍റെ മുന്നില്‍ കൊണ്ടു വരുകയുമായിരുന്നു ലക്ഷ്യം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അതു കുറച്ചുകൂടി ജനകീയമാക്കുകയും ചെയ്തിരുന്നു. പക്ഷേ, ജനമൈത്രി പൊലീസ് എന്നാല്‍ നിയമം കൈയിലെടുക്കുന്ന ജനങ്ങള്‍ എന്നല്ല അര്‍ഥം. അതിന് ഒരാള്‍ക്കും അധികാരവുമില്ല.

മുക്കം സംഭവത്തില്‍ ജനങ്ങള്‍ക്ക് അഹിതമായ എന്തെങ്കിലും നടപടികള്‍ ഷഹീദ് എന്ന ചെറുപ്പക്കാരന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അയാളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയാണു വേണ്ടിയിരുന്നത്. അതിനു പകരം ഒരു ചെറുപ്പക്കാരനെ പൈശാചികമായി കൊലപ്പെടുത്തിയവര്‍ക്കെതിരേ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണം. പെരുമ്പാവൂരില്‍ സംഭവിച്ചത് ഒറ്റപ്പെട്ട അക്രമം എന്ന് ആശ്വസിക്കാമായിരുന്നു. എന്നാല്‍, മുക്കത്തു കൂടി സമാനരീതിയില്‍ അതിക്രമം ആവര്‍ത്തിച്ചതോടെ എവിടെയും എപ്പോഴും ആര്‍ക്കെതിരേയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാം എന്നതാണ് അവസ്ഥ. പെരുമ്പാവൂര്‍, മുക്കം സംഭവങ്ങള്‍ വിചാരണ ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിച്ചു കുറ്റവാളികള്‍ക്കു പരമാവധി ശിക്ഷ, പരമാവധി വേഗത്തില്‍ നേടിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. തന്നിഷ്ടം നടപ്പാക്കുന്ന പിശാചുക്കളുടെ നാടായി കേരളം മാറാന്‍ ആരെയും അനുവദിച്ചുകൂടാ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ