പേജുകള്‍‌

2012, ജനുവരി 19, വ്യാഴാഴ്‌ച

മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ
ലക്ഷ്മണ രേഖകള്‍
 
ഏറെ വ്യാഖ്യാനിക്കപ്പെട്ട ഒന്നാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം. ലോകത്തെ തന്നെ ഏറ്റവും ശക്തമായ ജനാധിപത്യം പുലരുന്ന രാജ്യമാണ് നമ്മുടേത്. ജനാധിപത്യത്തിന്‍റെ നാലാം നെടുംതൂണ്‍ എന്നു പുകള്‍പെറ്റതെങ്കിലും ഇവിടെ മാധ്യമങ്ങള്‍ക്കു മാത്രമായി പ്രത്യേകിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമനിര്‍മാണം നടത്തിയിട്ടില്ല. ഭരണഘടനയ്ക്കു രൂപം നല്‍കുമ്പോള്‍, പത്രസ്വാതന്ത്ര്യം പ്രത്യേക അവകാശ സംരക്ഷണ പരിധിയില്‍പ്പെടുന്ന പ്രിവിലെജ് ക്ലാസില്‍ ഉള്‍പ്പെടുത്തണമെന്ന ഒരു വാദഗതി സജീവമായിരുന്നു. എന്നാല്‍, ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കര്‍ അടക്കമുള്ള നിയമവിശാരദന്മാര്‍ ഈ അഭിപ്രായത്തോടു വിയോജിച്ചു. സ്വതന്ത്ര പത്രപ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിനു ഭരണഘടനയുടെ പത്തൊന്‍പതാം അനുച്ഛേദം 1(എ) ജനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ആശയാവിഷ്കാര സ്വാതന്ത്ര്യം മതിയെന്നായിരുന്നു ഇവരുടെ വിലയിരുത്തല്‍. ഈ അവകാശത്തിനു തൊട്ടടുത്ത വകുപ്പായി, ആശയാവിഷ്കാര സ്വാതന്ത്ര്യത്തിനു മാന്യമായ നിയന്ത്രണങ്ങളും എഴുതിച്ചേര്‍ത്തു. അതായത്, അഭിപ്രായ പ്രകടനത്തിനും ആശയാവിഷ്കാരത്തിനും ഒരു പൗരന് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യവും നിയന്ത്രണവും മാത്രമാണു മാധ്യമങ്ങള്‍ക്കുമുള്ളത്. അതിനപ്പുറം വേറിട്ടൊരു അധികാരം മാധ്യമങ്ങള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഭരണഘടന അനുവദിച്ചിട്ടില്ല.

ഈ ലക്ഷ്മണരേഖയുടെ പരിധിയില്‍ നിന്നാണ് സ്വതന്ത്ര ഇന്ത്യയില്‍ പത്രമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ഭരണകൂടങ്ങളെപ്പോലും വിറകൊള്ളിക്കുന്നതും. എന്നാല്‍, സമീപകാലത്ത് അതില്‍ നിന്നു വേറിട്ട്, ഇല്ലാത്ത അധികാരം സ്വയം സ്ഥാപിച്ചെടുത്ത് ജനങ്ങളുടെയും ജനാധിപത്യ സംവിധാനങ്ങളുടെയും നേര്‍ക്കു മാധ്യമങ്ങള്‍ നടത്തുന്ന കടന്നുകയറ്റങ്ങളും സജീവ ചര്‍ച്ചയ്ക്കു വഴി തുറന്നിട്ടുണ്ട്. അത്തരമൊരു സംഭവമാണ് ഏതാനും ദിവസങ്ങളായി കേരളത്തില്‍ നടക്കുന്ന മാധ്യമവിചാരണയും ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുറന്നു പ്രഖ്യാപിച്ച ചില വസ്തുതകളും.

രാജ്യസുരക്ഷയെക്കാള്‍ വലുതായി ഒന്നുമില്ല. അതിനു വെല്ലുവിളി ഉയര്‍ത്തുന്ന സംശയാസ്പദമായ സാഹചര്യങ്ങള്‍ പോലും പരിശോധിക്കപ്പെടണം. ആവശ്യമെങ്കില്‍ അതിന് ഉത്തരവാദികളായവരെ, അവര്‍ ഏതു മതത്തിലോ സംഘടനയിലോ സംസ്ഥാനത്തോ പെട്ടവരായാലും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണം. സംശയമുക്തി വരുത്തി സ്വയം സംശുദ്ധി തെളിയിക്കാന്‍ അവര്‍ തന്നെ മുന്‍കൈ എടുത്താലും ഒരു തരക്കേടുമില്ല. എന്നാല്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ, മതസ്പര്‍ധ പ്രചരിപ്പിക്കുന്നതിനോ ഉള്ള ശ്രമങ്ങള്‍ ചില മാധ്യമങ്ങളുടെയെങ്കിലും ഭാഗത്തു നിന്ന് ഒന്നു രണ്ടു ദശകങ്ങളായി കേരളത്തില്‍ സംഭവിക്കുന്നുണ്ട്. പല കാരണങ്ങളാല്‍ ഈ ആശങ്കകള്‍ തുറന്നുപറയേണ്ടവര്‍ വായടയ്ക്കുന്നു. സഹജീവി മര്യാദയുടെ പേരില്‍ മറ്റു മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട വിചാരണകള്‍ സൗകര്യപൂര്‍വം ഒഴിവാക്കുന്നു. ഈ സ്ഥിതിവിശേഷത്തിലേക്കു പരസ്യമായി വിരല്‍ ചൂണ്ടാനുള്ള ഭരണകൂടത്തിന്‍റെ ബാധ്യത, അതിന്‍റെ പൂര്‍ണമായ അര്‍ഥത്തില്‍ നിറവേറ്റിയിരിക്കുന്നു, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മതസ്പര്‍ധയും മതവത്കരണവുമടക്കമുള്ള സമീപകാല മാധ്യമ പ്രവണതകള്‍ തിരിച്ചറിയാന്‍ സമൂഹം ഏറെ വൈകി. ഈ പ്രവണതകള്‍ക്കെതിരേ തുറന്ന ചര്‍ച്ചയ്ക്കു തയാറാവാന്‍ ഏതൊക്കെയോ കാരണങ്ങളാല്‍ അധൈര്യപ്പെടുന്നു കേരളത്തിന്‍റെ രാഷ്ട്രീയ, ബൗദ്ധിക കേന്ദ്രങ്ങള്‍. തങ്ങള്‍ക്കു ലഭിക്കുന്ന പ്രത്യേക പരിഗണനയും അവകാശങ്ങളും സാമുദായിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്പര്‍ധ വളര്‍ത്തുന്നതിനും പ്രയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ മാധ്യമങ്ങള്‍ക്കു ബാധ്യതയുണ്ട്. പ്രസ് കൗണ്‍സില്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ അക്കാര്യം എത്രയോ വട്ടം അടിവരയിട്ടു ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 1996 നവംബറില്‍ പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യ പുറപ്പെടുവിച്ച ഒരു വിധിയില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ""വര്‍ഗീയ വികാരം ഉണര്‍ത്തുന്ന പ്രസംഗങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുത്. ഏതെങ്കിലും സാഹചര്യത്തില്‍ അത്തരം പ്രസംഗം പ്രസിദ്ധീകരിക്കേണ്ടി വന്നാല്‍, അതിനെ അപലപിച്ചുകൊണ്ടുള്ള പത്രത്തിന്‍റെ കമന്‍റും ഒപ്പം പ്രസിദ്ധപ്പെടുത്തണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അത്തരം പ്രസംഗകരുടെ ഉച്ചഭാഷിണി ആയി പത്രം തരംതാഴ്ത്തപ്പെടും. തങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന വാര്‍ത്തകളിലും വീക്ഷണങ്ങളിലുമുള്ള ഓരോ വിവരത്തിന്‍റെയും പ്രത്യാഘാതം വിലയിരുത്തി, പൊതുജന നന്മയ്ക്ക് ഉപകാരപ്രദവും പൊതുജനങ്ങള്‍ അറിയേണ്ടതുമാണ് പത്രത്തില്‍ ഉള്ളതെന്ന് ഉറപ്പുവരുത്തുക. സമൂഹത്തിന് ദോഷകരമായ യാതൊന്നും പ്രസിദ്ധീകരിക്കരുത്.''

ഭരണകൂടം, നീതിന്യായ, നിയമപാലന സംവിധാനങ്ങള്‍ എന്നിവയെക്കാള്‍ ഈ ബാധ്യത അര്‍പ്പിതമായിരിക്കേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ തന്നെ മനഃസാക്ഷിയിലാണ്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഈ വലിയ ഉത്തരവാദിത്വം നിറവേറ്റിയില്ലെങ്കില്‍ മാധ്യമ സമൂഹത്തിന് അപ്പാടെതന്നെ അത് അപമാനവും നിയന്ത്രണങ്ങളുമാകും വരുത്തിവയ്ക്കുക. പ്രസ് എന്ന സ്റ്റിക്കര്‍ ഒട്ടിച്ചാല്‍ കിട്ടുന്ന പരിഗണനയും അവകാശങ്ങളും പൊതുഖജനാവില്‍ നിന്നു പറ്റുന്ന ആനുകൂല്യങ്ങളും മാത്രമല്ല, പത്രപ്രവര്‍ത്തനം. സാമുദായിക മര്യാദകളും സമൂഹ മൈത്രിയും അപകടത്തിലാകുന്ന ഘട്ടങ്ങളില്‍ സ്വയം നിയന്ത്രണം പാലിക്കുക എന്നതടക്കം, നിരവധി ഉത്തരവാദിത്വങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് പ്രസ് എന്ന മേല്‍വിലാസം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ