പേജുകള്‍‌

2012, ജനുവരി 30, തിങ്കളാഴ്‌ച

വക്കം വടിവെട്ടി പാര്‍ടി തടയിട്ടു
വക്കം പുരുഷോത്തമന്‍ അധ്യക്ഷനായി, കോണ്‍ഗ്രസ് പരാജയത്തിന്‍റെ ഫാക്റ്റ് ഫൈന്‍ഡിങ് കമ്മിറ്റിയെ നിയോഗിച്ചപ്പോഴേ ഈ പംക്തിയില്‍ പ്രവചിച്ചിരുന്നു, പഴയ തെന്നല കമ്മിറ്റിക്കു സംഭവിച്ചതു തന്നെ വക്കം കമ്മിറ്റിക്കും സംഭവിക്കുമെന്ന്. പക്ഷേ, കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല തരിമ്പും വിട്ടുവീഴ്ചയ്ക്കില്ലായിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് ഒന്നു വന്നോട്ടെ, ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഇവിടെ ചിലതൊക്കെ നടക്കുമെന്ന് അദ്ദേഹം ഉറപ്പു തന്നു. പറഞ്ഞതു രമേശ്ജി ആയതുകൊണ്ട് പറഞ്ഞതുപോലെ തന്നെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പോലും നിനച്ചിട്ടുണ്ടാവില്ല. വക്കം കമ്മിറ്റി വല്ല വേണ്ടാതീനവും എഴുതി നല്‍കുമോ, അതു കണ്ട് രമേശ്-ഉമ്മന്‍ സഖ്യം വല്ല കടുംകൈയും ചെയ്യുമോ എന്നൊക്കെ ആശിച്ചവരും ആശങ്കപ്പെട്ടവരും കോണ്‍ഗ്രസില്‍ ഒന്നും രണ്ടുമല്ല, ഒരുപാടുണ്ട്. പക്ഷേ, പാര്‍ട്ടിക്കു പാര വച്ചവരുടെ പേരു പുറത്തുവിടുകയോ അവര്‍ക്കെതിരേ എന്തെങ്കിലും നടപടി കൈക്കൊള്ളുകയോ ചെയ്യില്ലെന്ന് ഇതാ കെപിസിസിയുടെ ഉറപ്പ്.

പണ്ടൊരു തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ കെ. കരുണാകര പക്ഷം ഒളിഞ്ഞും തെളിഞ്ഞും ചില അണ്ടര്‍ ഗ്രൗണ്ട് വര്‍ക്ക് നടത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു പുറപ്പെട്ട ലീഡര്‍ എതിര്‍സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ഒളിപ്രചാരണം നടത്തുന്നു എന്നു വരെ ഉയര്‍ന്നു ആക്ഷേപം. എറണാകുളം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച എം.ഒ. ജോണിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ ലീഡര്‍, നമുക്ക് ടെലിവിഷന്‍ നോക്കി വോട്ടു ചെയ്യാം എന്നു വച്ചു കാച്ചി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളിന്‍റെ തെരഞ്ഞെടുപ്പു ചിഹ്നമായിരുന്നു ടെലിവിഷന്‍. അന്ന് എഴുപതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണു സെബാസ്റ്റ്യന്‍ പോള്‍ വിജയിച്ചത്.

ഇത്തരം തെരഞ്ഞെടുപ്പു തിരിച്ചടികളെക്കുറിച്ച് അന്വേഷിക്കുന്നതിനായിരുന്നു തെന്നല ബാലകൃഷ്ണ പിള്ള അധ്യക്ഷനായ സമിതിയെ കെപിസിസി ചുമതലപ്പെടുത്തിയത്. കെ. കരുണാകരന്‍ അടക്കമുള്ള നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പു പരാജയത്തിനു കാരണമായെന്നു തെന്നലക്കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇതേക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ലീഡറോടു ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞില്ല. പകരം, കണ്ണിറുക്കി ചിരിച്ച് പഴയൊരു നാടകഗാനം മൂളി; തെന്നലേ..തെന്നലേ...! തെന്നലക്കമ്മിറ്റിക്കോ, അതിന്‍റെ റിപ്പോര്‍ട്ടിനോ പിന്നീട് എന്തു സംഭവിച്ചു എന്ന് ആരും ചോദിച്ചിട്ടില്ല, ആരും പറഞ്ഞിട്ടുമില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വിജയിക്കുമെന്നായിരുന്നു യുഡിഎഫിന്‍റെ കണക്കു കൂട്ടല്‍. 1977 ലെ തെരഞ്ഞെടുപ്പു ഫലം (യുഡിഎഫ് 111 സീറ്റ്) പോലും അട്ടിമറിക്കുമെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. തലവര നന്നായാല്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭരിക്കാം എന്നുപോലും സ്വപ്നം കണ്ട കാലം. അതുകൊണ്ടു തന്നെ, ഡല്‍ഹി കോണ്‍ഗ്രസും പുതുപ്പള്ളി കോണ്‍ഗ്രസും ചെന്നിത്തല കോണ്‍ഗ്രസുമൊക്കെ ചേര്‍ന്നു മത്സരിച്ച് ഇഷ്ടക്കാരെ തെരഞ്ഞുപിടിച്ചു സ്ഥാനാര്‍ഥികളാക്കി. നല്ല സ്വയമ്പന്‍ സ്ഥാനാര്‍ഥികളാണ് എല്ലാവരും എന്ന് എല്ലാവരും പ്രചരിപ്പിച്ചു. പക്ഷേ, ജനങ്ങള്‍ക്ക് അങ്ങനെ തോന്നിയില്ല. കണ്ടു പരിചയം പോലുമില്ലാത്തവര്‍ സ്ഥാനാര്‍ഥികളായി വന്നപ്പോള്‍ വോട്ടര്‍മാര്‍ ചേരിമാറി വോട്ടു കുത്തി. അങ്ങനെയാണ് 111 എന്ന സ്വപ്ന ഗ്രാഫില്‍ നിന്ന് യുഡിഎഫ് 72 എന്ന ദയനീയ നിലയിലേക്കു കൂപ്പു കുത്തിയത്.

ഇതൊന്നും അറിയാത്തവരായി കോണ്‍ഗ്രസുകാരല്ലാതെ ഭൂമിമലയാളത്തില്‍ ആരുമില്ല. എന്നിട്ടും പരാജയത്തിന്‍റെ കാര്യകാരണങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ വക്കം ബി. പുരുഷോത്തമന്‍ മുതലാളി അധ്യക്ഷനായി ഒരു കമ്മിറ്റിയെ കെപിസിസി ചുമതലപ്പെടുത്തി. വക്കത്തിനു പുറമേ, വി.എസ്. വിജയ രാഘവന്‍, എ.സി. ജോസ് എന്നിവരായിരുന്നു അംഗങ്ങള്‍. തെരഞ്ഞെടുപ്പു പരാജയത്തിന്‍റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വക്കം പുരുഷോത്തമന്‍ തന്നെയാണു സര്‍വാത്മനാ യോഗ്യന്‍ എന്നു തുടക്കത്തിലേ എല്ലാവരും തലകുലുക്കി സമ്മതിച്ചു. കാരണം, സംസ്ഥാനതലത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും അദ്ദേഹം തന്നെയായിരുന്നു.

കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയ്ക്കു മത്സരിക്കണമെന്ന് അശേഷമില്ലായിരുന്നു താത്പര്യം. ഹൈക്കമാന്‍ഡ് സമ്മര്‍ദിച്ചപ്പോള്‍ പാവം സമ്മതിച്ചെന്നു മാത്രം. കാറിലും ജീപ്പിലും മാത്രമല്ല, ഹെലികോപ്റ്ററില്‍ വരെ പറന്നു നടന്ന് വോട്ടു പിടിക്കേണ്ട സാഹചര്യം വന്നതിനാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം അന്നു തത്ക്കാലത്തേക്കു തലേക്കുന്നില്‍ ബഷീറിനെ ഏല്‍പ്പിച്ചു. പോരാത്തതിനു പാര്‍ട്ടി വക്താവ് എം.എം. ഹസനെ മത്സരിപ്പിക്കണമെന്നു കേരളത്തിലെ എല്ലാ മുസ്ലിംകളും ഏകസ്വരത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ വക്കത്തിനെയും ബഷീറിനെയും സഹായിക്കാന്‍ പ്രതാപ വര്‍മ തമ്പാനെക്കൂടി ഏല്‍പ്പിച്ചതോടെ പാര്‍ട്ടി ഉഷാര്‍.

കാസര്‍ഗോട്ടും കണ്ണൂരും പഴയ എ ഗ്രൂപ്പുകാരെ പച്ച തൊടീച്ചില്ല, വിശാല ഐ ഗ്രൂപ്പും മറ്റുള്ളവരും. കോഴിക്കോട്ടും വയനാട്ടിലും കോണ്‍ഗ്രസിന് നാലു വോട്ടു കിട്ടേണ്ടതായിരുന്നു. എന്നാല്‍, സോഷ്യലിസ്റ്റ് ജനതാ ദളിന്‍റെ സാന്നിധ്യം കൊണ്ടു സീറ്റുകള്‍ തൂത്തുവാരാമെന്ന ധാരണയില്‍ അവരുമായി സഖ്യമുണ്ടാക്കി ജയ സാധ്യതയുള്ള സീറ്റുകള്‍ വിട്ടുകൊടുത്തു. അവരെക്കൊണ്ട് എന്തു ഗുണം കിട്ടിയെന്നു ചിറ്റൂര്‍ എംഎല്‍എ കെ. അച്യുതനോടു ചോദിച്ചാല്‍ മതി. തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസം പോലും തന്‍റെ പോസ്റ്ററുകളില്‍ കരി ഓയില്‍ പൂശുകയും ബാനര്‍ നശിപ്പിക്കുകയും ചെയ്തതിനു നാലു സോഷ്യലിസ്റ്റുകളെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചേ അടങ്ങിയുള്ളൂ, അച്യുതന്‍. അതേക്കുറിച്ചൊക്കെ വക്കം കമ്മിറ്റിക്കു മുന്‍പാകെ പരാതി നല്‍കി കാത്തിരുന്ന അദ്ദേഹത്തിനും പ്രതീക്ഷ കെട്ടു.

കണ്ണൂരും കോഴിക്കോട്ടും വയനാട്ടിലും പാര്‍ട്ടി കനത്ത പരാജയത്തിലേക്കു നീങ്ങിയതിന്‍റെ കാരണങ്ങളെക്കുറിച്ച് മറ്റാരെക്കാളും നന്നായി അറിയാം, കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. വക്കം കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതിന്‍റെ കാരണവും കഴിഞ്ഞ ദിവസം അദ്ദേഹം വെളിപ്പെടുത്തി. ഈ പോര് തുടരുന്നിടത്തോളം പാര്‍ട്ടി പുനഃസംഘടന പോലും അസാധ്യമെന്ന കാര്യത്തില്‍ മുല്ലപ്പള്ളിക്ക് തെല്ലുമില്ല സംശയം.

വക്കം കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പേരില്‍ വല്ലതും നടക്കുമോ എന്നു പാര്‍ട്ടി വക്താവ് എം.എം. ഹസനോടു ചോദിച്ചാല്‍ മറുപടി പെട്ടെന്നാവും. വക്കം മിസോറാമിനു വണ്ടി കയറിയില്ലേ, ഇനിയെന്തു റിപ്പോര്‍ട്ട്? അതു കേള്‍ക്കേണ്ട താമസം, കമ്മിറ്റിയിലെ മറ്റു രണ്ടു പേര്‍- എ.സി. ജോസും വിജയ രാഘവനും- ഹാലിളകും. വക്കം പോയാലെന്താ, ഞങ്ങളില്ലേ ഇവിടെ?

ഏതായാലും കഴിഞ്ഞ ആഴ്ച ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടിവ് യോഗം വക്കം കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചു ചില ആലോചനകള്‍ നടത്തി എന്നാണ് അശരീരി. ഒരു മയവുമില്ലാതെയാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതത്രേ. അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന മട്ട്. അതനുസരിച്ചു നടപടി എടുക്കാന്‍ തുടങ്ങിയാല്‍ പാര്‍ട്ടിയില്‍ അവശേഷിക്കുന്നവര്‍ ചുരുങ്ങും.

അച്ചടക്ക നടപടി തുടങ്ങിയാല്‍, പാര്‍ട്ടി പ്രചാരണത്തിന്‍റെ തലപ്പത്തുണ്ടായിരുന്ന വക്കം പുരുഷോത്തമനെ വേണം ആദ്യം ശിക്ഷിക്കാന്‍. തെരഞ്ഞെടുപ്പു പ്രചാരണം മുഴുവന്‍ ഏകോപിപ്പിക്കേണ്ട ചുമതല അദ്ദേഹത്തിനായിരുന്നു. അതു ചെയ്യാത്തതും പരാജയത്തിനു കാരണം തന്നെ. യുഡിഎഫിന്‍റെ ചെയര്‍മാന്‍ ഉമ്മന്‍ ചാണ്ടി ആയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്‍റെ ഇഷ്ടക്കാര്‍ക്ക് ഇടം ലഭിക്കാന്‍ കുഞ്ഞൂഞ്ഞ് വഴിവിട്ടു പ്രവര്‍ത്തിച്ചു എന്നും കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. നടപടിക്കു പുറപ്പെട്ടാല്‍ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസ് വിടേണ്ടി വരും.

തെരഞ്ഞെടുപ്പിന് ഏതാനും മാസം മുന്‍പു വരെ അടയും ചക്കരയുമായിരുന്ന ഉമ്മന്‍ ചാണ്ടിയും രമേശും കുറേശെ അകന്നു തുടങ്ങിയതു തെരഞ്ഞെടുപ്പ് അടുത്തപ്പോഴായിരുന്നു. തന്‍റെ പക്ഷം പിടിക്കുന്നതിനു കുറച്ചു പേരെ ഒപ്പം നിര്‍ത്താന്‍ കെപിസിസി അധ്യക്ഷനും ചിലരെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ തിരുകിക്കയറ്റിയതു തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തെന്നു വക്കം കമ്മിറ്റി കണ്ടെത്തി. രമേശ് ചെന്നിത്തലയ്ക്കെതിരേ നടപടി എടുക്കേണ്ടതും കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല തന്നെ. എടുത്തതു തന്നെ!

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും തെരഞ്ഞെടുപ്പില്‍ ഒളിപ്രവര്‍ത്തനം നടത്തിയവര്‍ ഇവരുടെയെല്ലാം പ്രിയരാണ്. അല്ലാത്തവരായുള്ളത് കെ.കെ. രാമചന്ദ്രനെപ്പോലുള്ള ചില ദുര്‍ബല ചിത്തരാണ്. പാവത്തിന്‍റെ നിലവിളി കേള്‍ക്കേണ്ട താമസം, ദുര്‍ബലമനസ്കരെ പുറത്താക്കാന്‍ ഒരു കമ്മിറ്റി റിപ്പോര്‍ട്ടിനു വേണ്ടിയും കാത്തു നിന്നില്ല, പാര്‍ട്ടി.

ഏതായാലും ഇന്ദിരാ ഭവനില്‍ വേണ്ടത്ര സ്ഥലമുള്ളതിനാല്‍, വക്കം കമ്മിറ്റി റിപ്പോര്‍ട്ട് സൂക്ഷിച്ചു വയ്ക്കാന്‍ ആവശ്യത്തിനു സൗകര്യമുണ്ടാകും. അത്യാവശ്യക്കാര്‍ക്ക് അതിന്‍റെ ഒരു കോപ്പി കിട്ടാന്‍ വിവരാവകാശ കമ്മിഷന്‍റെ പരിധിയില്‍ വക്കം കമ്മിറ്റിയെക്കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കാവുന്നതേയുള്ളൂ. കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ ഒരു പൊതു പ്രസ്ഥാനമാണല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ