പേജുകള്‍‌

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ഞായറാഴ്ച തന്നെ വേണോ
ഉപതെരഞ്ഞെടുപ്പ് ?
 
 
പിറവം ഉപതെരഞ്ഞെടുപ്പു തീയതി മാറ്റണമെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ തന്നെ രംഗത്തു വന്നിരിക്കുന്നു. യുഡിഎഫും എല്‍ഡിഎഫിലെ ചില കക്ഷികളും നേരത്തേ ഈ ആവശ്യം ഉന്നയിച്ചതാണ്. ഉപതെരഞ്ഞെടുപ്പ് ഞായറാഴ്ച വച്ചതാണു പ്രശ്നം. കേരളത്തില്‍ ഇന്നോളം ഒരു തെരഞ്ഞെടുപ്പും ഞായറാഴ്ചകളിലോ ഏതെങ്കിലും പൊതു അവധി ദിവസമോ നടന്നിട്ടില്ല. അവധി ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പാടില്ലെന്നു വ്യവസ്ഥയില്ല. സംസ്ഥാന സര്‍ക്കാരിന്‍റെയും പ്രധാന രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം കൂടി പരിഗണിച്ച്, തെരഞ്ഞെടുപ്പിന് അനുയോജ്യമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു തോന്നുന്ന ഒരു ദിവസം അതിനായി പ്രഖ്യാപിക്കുന്നതാണു കീഴ്വഴക്കം.

എന്നാല്‍, പിറവം തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതില്‍ ഈ ഔചിത്യം ഉണ്ടായില്ല എന്നു വേണം കരുതാന്‍. ക്രൈസ്തവര്‍ക്കു മുന്‍തൂക്കമുള്ള മണ്ഡലമാണു പിറവം. മതപരമായ ആവശ്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമായി ക്രൈസ്തവരില്‍ നല്ലൊരു പങ്കും ഞായറാഴ്ചകളാണു നീക്കിവച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ, ഈ ദിവസം തെരഞ്ഞെടുപ്പു നടത്തിയാല്‍ വോട്ടര്‍മാര്‍ പൂര്‍ണമായി സഹകരിക്കാന്‍ സാധ്യത കുറവാണെന്നു വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും കരുതുന്നു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പു തീയതി ഒരു ദിവസമെങ്കിലും മുന്നിലേക്കോ പിന്നിലേക്കോ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ മുപ്പതിനാണ് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ആയിരുന്ന ടി.എം. ജേക്കബ് അന്തരിച്ചത്. നിയമസഭയിലെ ഒരു അംഗം രാജി വയ്ക്കുകയോ മരിക്കുകയോ ചെയ്താല്‍ പ്രസ്തുത തീയതി മുതല്‍ ആറുമാസത്തിനുള്ളില്‍ പുതിയ ആളെ തെരഞ്ഞെടുത്ത് സത്യപ്രതിജ്ഞ ചെയ്യിക്കണം എന്നാണു തെരഞ്ഞെടുപ്പു ചട്ടം. അതനുസരിച്ചു പിറവത്തിന്‍റെ പുതിയ പ്രതിനിധി ഏപ്രില്‍ മുപ്പതിനകം സത്യപ്രതിജ്ഞ ചെയ്താല്‍ മതി. അഞ്ചു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മാസം ആരംഭിച്ച നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം പിറവം ഉപതെരഞ്ഞെടുപ്പും നടന്നേക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, തെരഞ്ഞെടുപ്പു നേരത്തേ നടക്കുന്നതിനോടു സംസ്ഥാന സര്‍ക്കാര്‍ അത്ര അനുകൂലമായ നിലപാട് ആയിരുന്നില്ല സ്വീകരിച്ചത്. അതിനെതിരേ പ്രതിപക്ഷം പല തവണ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

ജനുവരിയിലോ ഫെബ്രുവരിയിലോ തെരഞ്ഞെടുപ്പു നടക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷന് ഉപദേശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു ചുമതല ഉണ്ടായിരുന്നു. പക്ഷേ, ആ ചുമതല ബന്ധപ്പെട്ടവര്‍ നിറവേറ്റിയോ എന്നു സംശയിക്കണം. ഇപ്പോള്‍ മാര്‍ച്ച് പതിനെട്ടിനാണു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച പ്രശ്നം മാത്രമല്ല, ഈ പ്രഖ്യാപനം മൂലം വന്നുപെട്ടത്. സംസ്ഥാന ബജറ്റ് അവതരണം അടക്കം അടിയന്തര നടപടികള്‍ പലതും തടസപ്പെട്ടു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിറവം ഉള്‍പ്പെടുന്ന എറണാകുളം ജില്ല അപ്പാടെ പെരുമാറ്റച്ചട്ടത്തിന്‍റെ പരിധിയിലാണ്. ഈ ജില്ലയെ ബാധിക്കുന്ന ഒരു പ്രഖ്യാപനവും തെരഞ്ഞെടുപ്പു കഴിയുന്നതു വരെ പാടില്ലെന്നാണു ചട്ടം. അതായത് നിയമസഭയിലും പാര്‍ലമെന്‍റിലും അവതരിപ്പിക്കാനിരിക്കുന്ന ബജറ്റുകളില്‍ എറണാകുളം ജില്ലയെ ബാധിക്കുന്ന പ്രഖ്യാപനങ്ങള്‍ പാടില്ല.

ഏതെങ്കിലുമൊക്കെ പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചാലും അതൊന്നും പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അതേക്കുറിച്ച് അവഗാഹം കുറയും. ഒരു മാസത്തേക്കു പോലും എറണാകുളത്തെ വികസനപ്രക്രിയയില്‍ നിന്നു മാറ്റി നിര്‍ത്തുന്നത് കേരളത്തിന്‍റെ മൊത്തത്തിലുള്ള വ്യാവസായിക വികസനത്തെത്തന്നെ ഗുരുതരമായി ബാധിക്കും. ഇങ്ങനെയൊരു പ്രതിസന്ധി സൃഷ്ടിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ട്.

നയപ്രഖ്യാപനത്തെയോ ബജറ്റ് അവതരണത്തെയോ ബാധിക്കാത്ത തരത്തില്‍ ഉചിതമായ തെരഞ്ഞെടുപ്പു തീയതി നിശ്ചയിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ ഉപദേശിക്കാന്‍ സര്‍ക്കാരിന് ആവശ്യത്തിനു സമയം ലഭിച്ചിരുന്നു. അതവര്‍ ഉപയോഗിച്ചില്ല. നയപ്രഖ്യാപന പ്രസംഗം ഉള്‍പ്പെടെയുള്ള ബജറ്റ് നടപടിക്കെതിരേ പ്രതിപക്ഷം ഇതിനകം തന്നെ രംഗത്തു വന്നിട്ടുണ്ട്. ഭരണപക്ഷത്തെ അടിക്കാന്‍ കിട്ടുന്ന വടിയില്‍ പിടിക്കുക എന്നതു പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ ധര്‍മം. അങ്ങനെയൊരു വടി വെട്ടാതിരിക്കുന്നതു ഭരണപക്ഷത്തിന്‍റെ മര്യാദയും.

വിവാദങ്ങള്‍ ഉയരുമ്പോഴും പിറവത്ത് ഇരു മുന്നണികളും ശക്തമായ പ്രചാരണത്തിലാണ്. മറ്റു സ്ഥാനാര്‍ഥികള്‍ രംഗപ്രവേശം ചെയ്യാനിരിക്കുന്നു. അവര്‍ക്കൊന്നും ഇനി നഷ്ടപ്പെടുത്താന്‍ സമയം തീരെയില്ല. അതുകൊണ്ടുതന്നെ, ഞായറാഴ്ച പ്രശ്നത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ അടിയന്തരമായി തീരുമാനം എടുക്കണം. പരമാവധി വോട്ടര്‍മാരെ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളികളാക്കുകയാണു കമ്മിഷന്‍റെ ചുമതല. വോട്ടര്‍മാരെ ബൂത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഒരു നടപടിയും കമ്മിഷന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന ബോധ്യം കൂടി ഉണ്ടാകട്ടെ, അതിനു ചുമതലപ്പെട്ടവര്‍ക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ