പേജുകള്‍‌

2012, മാർച്ച് 5, തിങ്കളാഴ്‌ച

എമ്പ്രാന്‍റെ വെട്ടത്ത് ഏനും... 

  സംസ്ഥാന സമ്മേളനവും പിന്നിട്ടു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള തയാറെടുപ്പിലാണ്. വല്യേട്ടന്‍റെ വഴിയേ തന്നെ സിപിഐ. സംസ്ഥാന സമ്മേളനം കഴിഞ്ഞു പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പാറ്റ്നയ്ക്കു ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരിക്കുന്നു, ചന്ദ്രപ്പനും കൂട്ടരും. എല്ലാവരും തേങ്ങാ എണ്ണുമ്പോള്‍ നമ്മള്‍ ചിരട്ടയെങ്കിലും എണ്ണണ്ടേ എന്നാണ് ആര്‍എസ്പിയുടെ ആത്മഗതം. ഗ്രഹണസമയത്ത് ഉരഗ വര്‍ഗത്തിനു വലുപ്പച്ചെറുപ്പമില്ല. ഏതു നീര്‍ക്കോലിയും തലപൊക്കും; പൊക്കണം. ഏതെങ്കിലും നീര്‍ക്കോലി ഇടഞ്ഞു നിന്നാല്‍ ഇടതുപക്ഷ ഐക്യം അസാധ്യമാകും. അങ്ങനെ ഐക്യപ്പെട്ടു നിന്നില്ലെങ്കില്‍ അഞ്ചാണ്ടു കൂടുമ്പോള്‍ ഒന്നോ രണ്ടോ എംഎല്‍എമാരെയോ ഒരു മന്ത്രിയെയോ കണികാണാന്‍ കിട്ടില്ല. ഫോര്‍വേഡ് ബ്ലോക്കിനെപ്പോലെ വല്ല ചാനല്‍ ചര്‍ച്ചയിലെങ്ങാനും തല കാണിക്കാമെന്നല്ലാതെ, ഒരു ഗുണവും ചെയ്യില്ല. അതുകൊണ്ടാണ് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. അതിപ്പോള്‍ അതിലും വലിയ പുലിവാലായി എന്നു പറഞ്ഞാല്‍ മതി.

ഈ മാസം എട്ടു മുതല്‍ ആലപ്പുഴയിലാണു സംസ്ഥാന സമ്മേളനം. അടുത്ത ഏപ്രിലില്‍ ബംഗാളില്‍ ദേശീയ സമ്മേളനവും. പാര്‍ട്ടി സമ്മേളനമെന്നാല്‍ അത്ര വലിയ പ്രശ്നമല്ല. സംസ്ഥാന കമ്മിറ്റിയിലുള്ളവര്‍ വട്ടം കൂടിയിരുന്ന് കശുവണ്ടി കൊറിക്കുന്ന ഏര്‍പ്പാടേയുള്ളു. (മുസ്ലിം ലീഗ് സമ്മേളനത്തിനു കോഴി ബിരിയാണി പോലെ, ആര്‍എസ്പി സമ്മേളനത്തിനു കശുവണ്ടി നിര്‍ബന്ധമെന്ന് അസൂയാലുക്കള്‍). ഈ കൂട്ടംചേരലിനൊടുവില്‍ ഒരു തെരഞ്ഞെടുപ്പുണ്ട്. അതു പക്ഷേ, അത്ര നിസാരമല്ല. പണ്ടൊക്കെ അതും ഒരു പ്രശ്നമേ ആയിരുന്നില്ല. എന്‍. ശ്രീകണ്ഠന്‍ നായരും ബേബി ജോണും മറ്റും പാര്‍ട്ടിയെ നയിച്ച കാലത്ത് അവര്‍ തീരുമാനിക്കും, പാര്‍ട്ടിയില്‍ ആരൊക്കെ, എവിടൊക്കെ ഇരിക്കണമെന്ന്. അവര്‍ കല്‍പ്പിക്കും, മറ്റുള്ളവര്‍ കൈയടിക്കും. അതായിരുന്നു കാലം.

ഇന്നിപ്പോള്‍ കാലം മാറി, കഥയും മാറി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആരും കേള്‍ക്കില്ല എന്നിടത്താണു കാര്യങ്ങള്‍. ആലപ്പുഴ സമ്മേളനം കഴിയുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആര് എന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. വി.പി. രാമകൃഷ്ണ പിള്ളച്ചേട്ടനെ മാറ്റിയേ പറ്റൂ എന്നു ഒരു വിഭാഗം ശക്തമായി വാദിക്കുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് ഇടതു മുന്നണിയില്‍ വിദൂഷകന്‍റെ റോള്‍ മാത്രമാണെന്നു പറയുന്നതു സാധാരണ പ്രവര്‍ത്തകരല്ല, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന്‍ സാറാണ്. പിള്ളയെ മാറ്റി പകരം എന്‍.കെ. പ്രേമചന്ദ്രനെ സെക്രട്ടറിയാക്കണം എന്നാണ് ഇക്കൂട്ടരുടെ ആവശ്യം. എന്നാല്‍ തന്നെ മാറ്റിയാല്‍ ബംഗാളില്‍ നടക്കാനിരിക്കുന്ന ദേശീയ സമ്മേളനം കഴിയുമ്പോള്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ചന്ദ്രചൂഡനു പകരം വേറേ ആരെങ്കിലും ഇരിക്കു(ഇരുത്തു)മെന്ന് രാമകൃഷ്ണ പിള്ള കട്ടായം പറയുന്നു.

പാര്‍ട്ടിക്കു പുറത്തു ശത്രുക്കളില്ലെങ്കിലും അകത്തു പാരകളാണെന്നാണു മൊത്തത്തിലുള്ള അടക്കംപറച്ചില്‍. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും തമ്മിലാണത്രേ ഏറ്റവും വലിയ പോര്. അതിനു രണ്ടു പേരെയും തെറ്റുപറയാനാവില്ല. 1996ല്‍ ആര്‍എസ്പി പ്രതിനിധിയായി നായനാര്‍ മന്ത്രിസഭയില്‍ അംഗമായതു വി.പി. രാമകൃഷ്ണപിള്ളയായിരുന്നു. തന്നെ മന്ത്രി ആക്കാതിരിക്കാന്‍ ചന്ദ്രചൂഡന്‍ ശ്രമിച്ചു എന്ന ഒരു പരിഭവം അന്നേ പിള്ളയുടെ മനസിലുണ്ട്. പക്ഷേ, മുതിര്‍ന്ന നേതാവ് എന്ന പരിഗണനയില്‍ കെ. പങ്കജാക്ഷന്‍റെ പിന്‍ബലത്തിലാണു പിള്ള മന്ത്രി ആയത്.

അക്കാലത്ത് ആര്‍എസ്പിയുടെ അക്കൗണ്ടില്‍ ഒരു ലോക്സഭാ സീറ്റ് ഉണ്ടായിരുന്നു. കൊല്ലം പാര്‍ലമെന്‍റ് മണ്ഡലം. എന്‍.കെ. പ്രേമചന്ദ്രനായിരുന്നു എംപി. എന്നാല്‍ 1999ല്‍ പതിമൂന്നാം ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയില്‍ നിന്നു സിപിഎം കൊല്ലം സീറ്റ് പിടിച്ചെടുത്തു. അങ്ങനെ പി. രാജേന്ദ്രന്‍ സ്ഥാനാര്‍ഥിയായി വിജയിച്ചു. അതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നു പ്രേമചന്ദ്രന്‍ സംസ്ഥാന രാഷ്ട്രീയത്തിലെത്തി. അതു പക്ഷേ, ഫലത്തില്‍ രാമകൃഷ്ണ പിള്ളയ്ക്കു പാരയായി. 2005 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച പ്രേമചന്ദ്രന്‍ മന്ത്രിയായി. കൊല്ലം ലോക്സഭാ മണ്ഡലം സിപിഎം തിരിച്ചു പിടിച്ചെങ്കിലും മുന്നണി മര്യാദ പാലിക്കാന്‍ അവര്‍ തയാറായി. മുന്നണിയില്‍ ഒഴിവുണ്ടാകുന്ന രാജ്യസഭാംഗങ്ങളെ നിശ്ചയിക്കുമ്പോള്‍, ഊഴമനുസരിച്ച് ആര്‍എസ്പിയെയും പരിഗണിക്കാമെന്നു സിപിഎം ഉറപ്പു കൊടുത്തു.

കഴിഞ്ഞ തവണ ഈ ഉറപ്പു പാലിക്കാന്‍ സിപിഎം തയാറാവുകയും ചെയ്തു. രാജ്യസഭയിലേക്കു വരുന്ന ഒഴിവില്‍ തനിക്കു മത്സരിക്കണമെന്ന ആഗ്രഹം ചന്ദ്രചൂഡന്‍ പാര്‍ട്ടിയില്‍ ഉന്നയിച്ചു. രാമകൃഷ്ണ പിള്ളയാണ് അന്നു പാര്‍ട്ടി സെക്രട്ടറി. പാര്‍ട്ടിക്കു വേണ്ടി സീറ്റ് ആവശ്യപ്പെടാന്‍ ഇടതു മുന്നണി യോഗത്തില്‍ പങ്കെടുത്ത പിള്ള പക്ഷേ, അക്കാര്യം മിണ്ടിയില്ല. സീറ്റ് കിട്ടിയാല്‍ ചന്ദ്രചൂഡന്‍ സ്ഥാനാര്‍ഥിയാകുമെന്ന ധാരണ ആയിരുന്നുവത്രേ കാരണം. ഒടുവില്‍ നിനച്ചിരിക്കാതെ ഒരു രാജ്യസഭാസീറ്റ് സിപിഎമ്മിനു ലഭിച്ചു. അന്നു തുടങ്ങിയതാണു ചന്ദ്രചൂഡനു രാമകൃഷ്ണ പിള്ളയോടുള്ള പക. അത് ഇക്കുറി സംസ്ഥാന സമ്മേളനത്തില്‍ പ്രതിഫലിക്കുമെന്നാണു കേള്‍ക്കുന്നത്.

പ്രേമചന്ദ്രന്‍ സെക്രട്ടറി സ്ഥാനത്തേക്കു വരണമെന്ന് ആഗ്രഹിക്കുന്നവരാണു കൂടുതല്‍ പേരും. എന്നാല്‍ തന്‍റെ ഗുരുവായ രാമകൃഷ്ണ പിള്ളയെ വെട്ടി സെക്രട്ടറി ആവാന്‍ താത്പര്യമില്ലെന്നു വക്കീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരവിപുരം എംഎല്‍എയും മുതിര്‍ന്ന നേതാവുമായ എ.എ. അസീസ് സെക്രട്ടറി ആകുമെന്നാണു വേറൊരു സൂചന. സാധാരണ നിലയില്‍ത്തന്നെ അദ്ദേഹത്തിന് അതിനു യോഗ്യതയുമുണ്ട്. എന്നാല്‍ ഈയിടെ അസീസ് ഒരു അധിക യോഗ്യത കൂടി നേടി.

സിപിഎമ്മിനെക്കുറിച്ചു രണ്ടു നല്ലവര്‍ത്തമാനം പറയുകയാണ് ഈ അധിക യോഗ്യത. ഏതാനും ദിവസം മുന്‍പ് അസീസ് ആ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ചു. ചരിത്രപരമായ വിഡ്ഢിത്തം കാട്ടുന്നവരാണു സിപിഎം എന്നായിരുന്നു അസീസിന്‍റെ പരാതി. 1996ല്‍ ജ്യോതി ബസുവിനു പ്രധാനമന്ത്രി ആകാന്‍ അവസരം നല്‍കിയിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയിലെ ഇടതുപക്ഷത്തിന്‍റെ ഭാഗധേയം മറ്റൊന്നാകുമായിരുന്നു എന്ന് അസീസിനു തീര്‍ച്ചയുണ്ട്. എന്നാല്‍ അടിമുടി ഇടതുമയം നിറഞ്ഞ ആര്‍എസ്പിയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചതു സിപിഎം ആണെന്ന പരാതി ഇത്തിരി കടന്നു പോയില്ലേ, അസീസേ? 2009 ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതു പക്ഷം പിന്തുണ നല്‍കിയതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. തങ്ങളുടെ ഇഷ്ടത്തിനായിരുന്നില്ല കോണ്‍ഗ്രസിനെ പിന്തുണച്ചതെന്നും മുന്നണി മര്യാദ പാലിക്കാന്‍ ഇടതുപക്ഷത്തിന്‍റെ ഭാഗമായി പിന്തുണ നല്‍കുകയായിരുന്നു എന്നുമാണ് അസീസിന്‍റെ വിലാപം. അസീസിനോട് ഒരു അപേക്ഷയുണ്ട്. ചരിത്രം അത്ര പെട്ടെന്നു മറക്കരുത് സഖാവേ. 1970 മുതലിങ്ങോട്ട് 1982 വരെ ഏതു ചേരിയിലായിരുന്നു ആര്‍എസ്പി എന്ന് അത്ര പെട്ടെന്നു മറക്കാമോ? അടിയന്തിരാവസ്ഥക്കാലത്ത് സിപിഎം സഖാക്കള്‍ അടിയും തൊഴിയും കൊണ്ടു ജയിലില്‍ കിടന്നപ്പോള്‍, സിപിഐ നേതാവ് സി. അച്യുതമേനോന്‍ നയിച്ച മന്ത്രിസഭയില്‍ സഖാവ് ബേബി ജോണ്‍ അംഗമായിരുന്നു. അന്നു അസീസ് സഖാവ് കൊല്ലം ജില്ലാ കമ്മിറ്റിയിലെ തീപ്പൊരി നേതാവുമായിരുന്നു.

സിപിഎം പറയുന്നതു വിശ്വസിക്കാമെങ്കില്‍ വ്യക്തമായ അജന്‍ഡയും നേതൃശേഷിയുമില്ലാതിരുന്ന, കേവല ഭൂരിപക്ഷത്തിനു കുതിരക്കച്ചവടം മാത്രം ആശ്രയിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് 1996ല്‍ ജ്യോതി ബസു പ്രധാനമന്ത്രി ആകേണ്ടതില്ലെന്ന തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്. വര്‍ഗീയ കക്ഷികള്‍ അധികാരത്തിലെത്തുന്നതു തടയുക എന്ന അജന്‍ഡയില്‍ അന്നു പാര്‍ട്ടി എച്ച്.ഡി. ദേവഗൗഡയെ പിന്തുണച്ചു. 2005ലും അതുതന്നെയാണു പാര്‍ട്ടി ചെയ്തത്. വര്‍ഗീയ കക്ഷികള്‍ അധികാരത്തിലെത്താതിരിക്കാന്‍ ഡോ. മന്‍മോഹന്‍ സിങ്ങിനെ പിന്തുണച്ചു. എന്നാല്‍, 1970 മുതല്‍ സിപിഐയും ആര്‍എസ്പിയും കോണ്‍ഗ്രസിനെ പിന്തുണച്ചത് കേവലം അധികാരമോഹം കൊണ്ടായിരുന്നില്ല എന്നു തെളിയിക്കാമോ, അസീസ് സഖാവിന്?

പത്തെഴുപതു വര്‍ഷമായി കേരളത്തില്‍ വളരെ സജീവമായ പാര്‍ട്ടിയാണ് ആര്‍എസ്പി. അധികാരത്തിനു പിന്നാലെയുള്ള പലരുടെയും പരക്കംപാച്ചില്‍ എത്രയോ പേരെ പാര്‍ട്ടിക്കു പുറത്താക്കി? എത്ര തവണ ഈ പാര്‍ട്ടി പിളര്‍ന്നു? തെക്കു വാമനപുരം മുതല്‍ വടക്ക് അഴീക്കോട് വരെ മത്സരിക്കാന്‍ ആളും അര്‍ഥവുമുണ്ടായിരുന്ന ആര്‍എസ്പി എങ്ങനെ ചവറയിലും ഇരവിപുരത്തുമായി ഒതുങ്ങി തുടങ്ങിയ കാര്യങ്ങളും സമയം കിട്ടുമ്പോള്‍ സഖാക്കള്‍ ആലോചിക്കണം. പാര്‍ട്ടിക്ക് ഇനി ഒരു തവണ കൂടി പിളരാനുള്ള ത്രാണിയുണ്ടോ എന്നെങ്കിലും.

സ്റ്റോപ്പ് പ്രസ്

സിപിഎം-സിപിഐ ബന്ധം ശക്തിപ്പെടേണ്ടതു കാലഘട്ടത്തിന്‍റെ ആവശ്യം: ബിനോയ് വിശ്വം

ഒരു ഇവന്‍റ് മാനെജ്മെന്‍റ് നടത്തി ബന്ധം ശക്തിപ്പെടുത്തിയതിന്‍റെ ക്ഷീണം മാറി വരുന്നതേയുള്ളൂ. ഏതായാലും മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ സിപിഎം തീരുമാനിച്ച സ്ഥിതിക്കു ബന്ധം ഇത്തിരി കൂടുതല്‍ ശക്തിപ്പെട്ടാലും ഒരു കുഴപ്പവുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ