പേജുകള്‍‌

2012, മാർച്ച് 26, തിങ്കളാഴ്‌ച

വോട്ടുപെട്ടിയും മമ്മൂഞ്ഞുമാരും

വിശ്വവിഖ്യാതമായ മൂക്കിന്‍റെ കഥ പറഞ്ഞ ബേപ്പൂര്‍ സുല്‍ത്താന്‍ ജീവന്‍ നല്‍കിയ അനശ്വര കഥാപാത്രങ്ങളില്‍ ഇന്നും കാണാന്‍ കിട്ടുന്ന ഒരേയൊരാളേ ഉള്ളൂ ഭൂമിമലയാളത്തില്‍- എട്ടുകാലി മമ്മൂഞ്ഞ്. കേരളത്തിന്‍റെ ഏതു കോണില്‍ച്ചെന്നാലും ഒന്നല്ല, ഒരുപാടു മമ്മൂഞ്ഞുമാരെ കാണാം.ആര് ഏതു നല്ല കാര്യം ചെയ്താലും അതു ഞമ്മാളാണെന്നു പറയുന്നതാണ് ഇവരുടെ ഒരു രീതി.

ബഷീറിന്‍റെ മമ്മൂഞ്ഞിന് ഒരു കാര്യത്തിലാണു കമ്പം. ഗര്‍ഭത്തില്‍. നാട്ടില്‍ ആര്‍ക്ക് എപ്പോള്‍ ഗര്‍ഭം സംഭവിച്ചാലും അതിന്‍റെ ഉടമസ്ഥാവകാശം മമ്മൂഞ്ഞ് ഏറ്റെടുക്കും. സ്ഥലത്തെ പ്രധാന ദിവ്യന്‍ എന്ന കഥയില്‍ മനയ്ക്കലെ ലക്ഷ്മിക്കുട്ടി ഗര്‍ഭം ധരിക്കുന്ന ഒരു വാര്‍ത്തയുണ്ട്. വാര്‍ത്ത കേള്‍ക്കേണ്ട താമസം, മമ്മൂഞ്ഞ് ചാടിവീണു വച്ചു കാച്ചി- അതും ഞമ്മളാ..! ഒറ്റക്കണ്ണന്‍ പോക്കര്‍, മണ്ടന്‍ മുത്തപ്പ തുടങ്ങിയ ചങ്ങായിമാരും കൂടെ കൂടിയാല്‍ ഏതു മുറ്റിയ ഗര്‍ഭവും മമ്മൂഞ്ഞിന്‍റെ തലയില്‍ സുഭദ്രം.

ഗര്‍ഭത്തിന്‍റെ കാല്‍പ്പനികതയാണ് എട്ടുകാലി മമ്മൂഞ്ഞിലൂടെ ബേപ്പൂര്‍ സുല്‍ത്താന്‍ വരച്ചിട്ടതെങ്കില്‍ അവിഹിത ഗര്‍ഭത്തിന് ഉത്തരവാദികളാകുന്നവരെ വിചാരണ ചെയ്യുന്ന ഒരേര്‍പ്പാട് പണ്ടു കൊച്ചി രാജ്യത്തുണ്ടായിരുന്നു. സ്മാര്‍ത്തവിചാരം എന്നാണ് അത് അറിയപ്പെടുന്നത്. 1918 ല്‍ ഈ ഏര്‍പ്പാട് അവസാനിച്ചുപോയി. അതിനു മുന്‍പ് 1905 ല്‍ നടന്ന ഒരു സ്മാര്‍ത്തവിചാരം ചരിത്രത്തിലും പുസ്തകത്തിലും കഥകളിലും മറ്റും നിറഞ്ഞാടി. കുറിയേടത്തു താത്രിക്കുട്ടി എന്ന സ്ത്രീയെ ഒരു പറ്റം സദാചാര പൊലീസുകാര്‍ വട്ടമിട്ടിരുന്ന് വിചാരണ ചെയ്ത കേസ്. താത്രിക്കുട്ടിയുടെ ചാരിത്ര്യമാണോ, സവര്‍ണത്തമ്പുരാക്കന്മാരുടെ കപട സദാചാരമുഖംമൂടിയാണോ അന്നു പിച്ചിപ്പറിക്കപ്പെട്ടത് എന്ന കാര്യം വ്യാഖ്യാതാക്കള്‍ പല തരത്തില്‍ പുനരാഖ്യാനം ചെയ്തിട്ടുണ്ട്.

എട്ടുകാലി മമ്മൂഞ്ഞിന്‍റെയും സ്മാര്‍ത്ത വിചാരത്തിന്‍റെയും പുരാണം ഓര്‍ക്കാനൊരു കാരണമുണ്ട്. പിറവം ഉപതെരഞ്ഞെടുപ്പു ഫലം. പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ്. പക്ഷേ, ജയിപ്പിച്ചത് ആരാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കി എത്രയെത്ര മമ്മൂഞ്ഞുമാരാണ് ആസേതുഹിമാചലം ഊരുചുറ്റുന്നത്! സമുദായത്തിന്‍റെ നേട്ടമെന്നു യാക്കോബായ സഭ. മെത്രാന്‍ കക്ഷിയും ബാവാ കക്ഷിയും വെവ്വേറെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴുണ്ട് വേറൊരു മമ്മൂഞ്ഞ് പെരുന്നയിലിരുന്നു കഥ പറയുന്നു- അതു ഞമ്മളാണത്രേ. അങ്ങനെ വിട്ടുകൊടുക്കാന്‍ കണിച്ചുകുളങ്ങരയിലെ മമ്മൂഞ്ഞിനെ കിട്ടില്ല. കണിച്ചുകുളങ്ങര മമ്മൂഞ്ഞ് വീര്യം ചോരാതെ വീമ്പിളക്കുന്നു, പിറവത്തെ ഗര്‍ഭം ഞമ്മടെ വഹ തന്നെ. എന്നാല്‍, പാലായിലെ കുന്നിന്‍ ചരുവിലിരുന്ന് മറ്റൊരു മമ്മൂഞ്ഞ്, പോക്കറോടും മുത്തപ്പയോടും അടക്കം പറയുന്നു, അവരാരുമല്ല- അതു ഞമ്മളാ. ഇതൊക്കെ കേട്ട് പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞിന്‍റെ നെഞ്ചു പൊട്ടുന്നു. പിറവത്തെ യുഡിഎഫ് ഗര്‍ഭത്തില്‍ തനിക്ക് ഒരു പങ്കുമില്ലേ എന്നോര്‍ത്തു പാവം നെടുവീര്‍പ്പിടുന്നു.

പിറവത്തു പിറന്ന ഗര്‍ഭത്തെക്കുറിച്ചാണ് ഇവരൊക്കെ പോരടിക്കുന്നതെങ്കില്‍ പിറക്കാതെ പോയ ഗര്‍ഭത്തെക്കുറിച്ചാണു പ്രതിപക്ഷത്തെ മമ്മൂഞ്ഞുമാരുടെ വാതു വയ്പ്. പിറവത്ത് എം.ജെ. ജേക്കബിനെ തോല്‍പ്പിച്ചത് ആരാണെന്ന കാര്യത്തിലാണ് അവിടെ തര്‍ക്കം. മറുപക്ഷത്തിന്‍റെ ജാതി, മത സ്വാധീനമാണു ജേക്കബിനെ തോല്‍പ്പിച്ചതെന്നു പിണറായി വിജയന്‍ തറപ്പിച്ചു പറയുന്നു. എം.എം. ലോറന്‍സ് മുതലിങ്ങോട്ടുള്ള തദ്ദേശീയ ക്രൈസ്തവ നേതാക്കളെയെല്ലാം അവഗണിച്ചു കണ്ണൂര്‍ കമ്യൂണിസ്റ്റുകളും തിരുവന്തോരം കമ്യൂണിസ്റ്റുകളും തെരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം കൊടുത്തതാണു പരാജയ കാരണമെന്നു പിറവം കമ്യൂണിസ്റ്റുകാര്‍ പയ്യാരം പറയുന്നു. യുഡിഎഫ് നേതാക്കള്‍ പ്രവര്‍ത്തകര്‍ക്കു യഥേഷ്ടം മദ്യം ഒഴുക്കിയതാണു തങ്ങളുടെ പരാജയ കാരണമെന്നു കണ്ടെത്തിയ പോക്കറുമാരും മുത്തപ്പമാരും എല്‍ഡിഎഫ് പാളയത്തിലുണ്ട്.

ഇങ്ങനെ ഇരുപക്ഷത്തും വാദപ്രതിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടു നില്‍ക്കുമ്പോഴുണ്ട് ദേണ്ടെ വരുന്നു പിറവം വിജയത്തിന്‍റെ (പരാജയത്തിന്‍റെയും) നേരവകാശിയായ യഥാര്‍ഥ മമ്മൂഞ്ഞ്. യുഡിഎഫിനെ വിജയിപ്പിച്ചതും എല്‍ഡിഎഫിനെ തോല്‍പ്പിച്ചതും ഞമ്മളാണെന്ന കാര്യത്തില്‍ ഈ മമ്മൂഞ്ഞിന് തെല്ലുമില്ല സംശയം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനാന്ദനാണ് കക്ഷി. അവസാന ലാപ്പ് വരെ യുഡിഎഫിനോടു കട്ടയ്ക്കു കട്ട പിടിച്ചു നിന്നതാണ് എല്‍ഡിഎഫ്. കേന്ദ്രത്തില്‍ നിന്ന് ആന്‍റണി എത്തിയതോടെ കളം മാറി. അനൂപിന് വോട്ട് ചോദിക്കാനെത്തിയ ആന്‍റണി അച്യുതാനന്ദനെയാണു ശരിക്കും കുടഞ്ഞത്. അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ട് യാതൊന്നും ചെയ്യാതെ കുരങ്ങിന്‍റെ കൈയില്‍ പൂമാല കിട്ടിയ പോലെ വെറുതേകളഞ്ഞെന്നായിരുന്നു ആന്‍റണിയുടെ ആക്ഷേപം.

താനൊഴിഞ്ഞുണ്ടോ രാമനി ത്രിഭുവനത്തിങ്കല്‍ എന്നു ശ്രീരാമനോടു ഭൃഗുരാമന്‍ ചോദിച്ചതു പോലെ, തന്നെ തെറിവിളിക്കാന്‍ ആന്‍റണി വളര്‍ന്നില്ല എന്ന മട്ടില്‍ മറുപടി പറഞ്ഞുതുടങ്ങിയ അച്യുതാനന്ദനു പലപ്പോഴും നാവുപിഴച്ചു. എന്നാല്‍, അതിനെക്കാളൊക്കെ വിനയായത് പഴയ സഖാവ് സിന്ധു ജോയിയെ കയറിപ്പിടിച്ചത്. അടുക്കളത്തോട്ടത്തില്‍ ആര്‍ക്കും പേരുദോഷം കേള്‍പ്പിക്കാതെ കഴിഞ്ഞുപോന്ന പാവം കറിവേപ്പിലയെപ്പോലും നാണം കെടുത്തി സിന്ധു ജോയിയെ കരയിപ്പിച്ച അച്യുതാനന്ദന്‍ സഖാവിനു പിറവത്തുകാരുടെ മറുപടിയാണ് യുഡിഎഫിന്‍റെ തകര്‍പ്പന്‍ വിജയം എന്നു മറ്റുള്ള മമ്മൂഞ്ഞുമാരും പൊന്‍കുരിശു തോമാമാരും ആനവാരി രാമന്‍ നായന്മാരും മുഴയന്‍ നാണുമാരും ഉണ്ടക്കണ്ണന്‍ അന്ത്രുമാരും ഒറ്റക്കണ്ണന്മാരും മണ്ടന്മാരുമൊക്കെ ആണയിടുന്നു.

അനൂപിനോടുള്ള സഹതാപവും കുഞ്ഞൂഞ്ഞിനോടുള്ള അനുതാപവും ഒക്കെച്ചേര്‍ത്ത് ഒരു ആയിരമോ രണ്ടായിരമോ വോട്ടുകള്‍ക്ക് പിറവത്ത് യുഡിഎഫ് കടന്നുകൂടിയേനെ. പക്ഷേ, എണ്ണം പറഞ്ഞ് പന്തീരായിരം വോട്ടും നെല്‍ക്കളത്തില്‍ പതമളക്കുമ്പോള്‍ പൊലിപ്പിക്കാന്‍ ഒരു ചങ്ങഴി കൂടി കമിഴ്ത്തുന്നതു പോലെ എഴുപതു വോട്ട് അധികവും നല്‍കി 12,070 വോട്ടുകളുടെ കൂറ്റന്‍ ഭൂരിപക്ഷത്തില്‍ അനൂപ് ജയിച്ചതിനു പിന്നില്‍ സഖാവിന്‍റെ നാവുദോഷമെന്നു വിലയിരുത്തുന്നു, പാര്‍ട്ടിയും പാര്‍ട്ടിക്കു പുറത്തുള്ളവരും. ഏതായാലും അഴിമതിക്കും ദുര്‍ന്നടത്തത്തിനും എതിരേ പോരടിക്കുന്നു എന്നു വീമ്പിളക്കുന്ന വിഎസിനെ സ്മാര്‍ത്ത വിചാരം ചെയ്യാന്‍ പാര്‍ട്ടിയില്‍ കളമൊരുങ്ങുന്നു എന്നാണ് അശരീരി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ