പേജുകള്‍‌

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

കാറുകളും  കാറുകൊതിയന്മാരും

കല്ലൂപ്പാറ സ്വദേശി പി.എന്‍. രാധാകൃഷ്ണപ്പണിക്കരോടും അഡ്വ. സി.ജി. സലീമിനോടും ഒരു അഭ്യര്‍ഥന. എച്ച്.ആര്‍. ഭരദ്വാജ് എന്ന ഹന്‍സ് രാജ് ഭരദ്വാജിനെ കോടതി കയറ്റരുത്. ഒരു സംസ്ഥാനത്തെയല്ല, രണ്ടു സംസ്ഥാനങ്ങളിലെ ഗവര്‍ണറാണു ഭരദ്വാജ്. ഇന്ത്യ എന്നാല്‍ ഇന്ദിര ഗാന്ധി എന്നു പറഞ്ഞ ഡി.കെ. ബറുവ കഴിഞ്ഞാല്‍ നെഹ്റു കുടുംബത്തോട് ഇത്ര അകമഴിഞ്ഞ കൂറും വിശ്വാസവും പുലര്‍ത്തുന്ന വേറേ കോണ്‍ഗ്രസുകാരുണ്ടോ എന്നറിയാന്‍ പാഴൂര്‍ പടിക്കല്‍ പോയാലും ഫലം കാണില്ല. നെഹ്റു കുടുംബത്തോടുള്ള ഭക്തി ഒട്ടും ലോപിക്കാതെ മാഡം സോണിയയോടും കാണിക്കുന്നു എന്നതാണ് ഭരദ്വാജിന്‍റെ ഡെപ്പോസിറ്റ്. അങ്ങനെയൊരു ഡെപ്പോസിറ്റിന്‍റെ പിന്‍ബലത്തില്‍ അദ്ദേഹത്തിനു ചാര്‍ത്തിക്കിട്ടിയതാണു കര്‍ണാടകത്തിന്‍റെയും കേരളത്തിന്‍റെയും ഗവര്‍ണര്‍ പദവി.

ആസേതു ഹിമാചലം തപ്പിയാല്‍ ഭരദ്വാജിന്‍റെ തലയിലെഴുത്തു മാറ്റി വരയ്ക്കാന്‍ ഒരാളെ കിട്ടില്ല. ഇതറിയാതെയാണു പണിക്കരും സലീം വക്കീലും ഭരദ്വാജിനെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ആരിന്‍റെ ബലമറിയാതെ തെങ്ങിന്‍കീറില്‍ കടിച്ച ചിതലിന്‍റെ അവസ്ഥയിലായി ഇവര്‍ രണ്ടു പേരും. സംസ്ഥാന ഗവര്‍ണറായിരുന്ന എംഒഎച്ച് ഫറൂഖ് അന്തരിച്ച ഒഴിവില്‍ ഈ വര്‍ഷം ജനുവരി പതിനാറിനാണു കര്‍ണാടക ഗവര്‍ണര്‍ ഭരദ്വാജിനു കേരളത്തിന്‍റെ കൂടി ചുമതല നല്‍കിയത്. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്താന്‍ മാത്രമാണു പുണ്യപുരുഷന്‍ ഇതിനകം കേരളത്തില്‍ വന്നു പോയത്.

രാജ്ഭവനില്‍ നിന്നു നിയമസഭ വരെയുള്ള നാലോ അഞ്ചോ കിലോമീറ്റര്‍ ദൂരം അദ്ദേഹം സഞ്ചരിച്ച കാറിനു പത്രാസ് ഇത്തിരി കുറവായിരുന്നുവത്രേ. ഏതോ പഴഞ്ചന്‍ ബെന്‍സ്. അതുകൊണ്ട് ഇനി കേരളത്തില്‍ എന്തെങ്കിലും ചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍ തനിക്കു യാത്ര ചെയ്യാന്‍ ഒരു കോടിയോളം രുപ വിലയുള്ള ജര്‍മന്‍ നിര്‍മിത ഒഡിക്യൂ 7 ആഡംബര കാര്‍ ഏര്‍പ്പാടാക്കണമെന്നു പറഞ്ഞാണു ഭരദ്വാജി മടങ്ങിയത്.

ഭരദ്വാജ് ആളു ചില്ലറ പുള്ളിയല്ല. കര്‍ണാടകയില്‍ ഒരു മുഖ്യമന്ത്രിയെ വട്ടം കറക്കിയതിന്‍റെ ക്ഷീണം ഇനിയും തീര്‍ന്നിട്ടില്ല ആ സംസ്ഥാനത്ത്. ബി.എസ്. യെദിയൂരപ്പ എന്ന കന്നഡക്കാരന്‍ ബിജെപി നേതാവ് ഭരദ്വാജിനെക്കാള്‍ തന്ത്രം പഠിച്ചയാളാണ്. തെന്നിന്ത്യയില്‍ ബിജെപിയെ ആദ്യമായി അധികാരത്തിലെത്തിച്ച നേതാവാണ് അദ്ദേഹം. പാര്‍ട്ടി മാത്രമല്ല, ബെല്ലാരിയിലെ ഖനിമാഫിയകളും അതിന്‍റെ ഉടമസ്ഥരുമൊക്കെ യെദിയൂരപ്പയ്ക്കു മുന്നില്‍ വളഞ്ഞേ നിന്നിട്ടുള്ളു, നില്‍ക്കാറുള്ളൂ. അങ്ങനെയുള്ള യെദിയൂരപ്പയെ രായ്ക്കുരാമാനം മുഖ്യമന്ത്രിക്കസേരയില്‍ നിന്നു വലിച്ചു നിലത്തിട്ടയാളാണ് ഭരദ്വാജ്. സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങുമല്ലാതെ അദ്ദേഹത്തിനു മുന്നില്‍ വേറേ കോണ്‍ഗ്രസുകാര്‍ പോലുമില്ല. അങ്ങനെയുള്ള ഭരദ്വാജിന്‍റെ വാക്കിന് എതിര്‍ വാക്കില്ലെന്ന് അറിയാവുന്ന ഉമ്മന്‍ ചാണ്ടി, ഗവര്‍ണര്‍ ഭരദ്വാജിന്‍റെ കാര്‍ മോഹത്തിനു പച്ചക്കൊടി വീശി. ധനമന്ത്രാലയത്തിലെ എഴുത്തുമേശകള്‍ക്കു മീതേ ശരവേഗത്തില്‍ ഫയലുകള്‍ നീങ്ങുന്നതിനിടെയാണു പണിക്കരും വക്കീലും കൂടി ഗവര്‍ണര്‍ക്കു പാരവച്ചത്.

ജനസംഖ്യയുടെ പാതിയിലും കൂടുതല്‍ ദാരിദ്ര്യ രേഖയ്ക്കു താഴെ ജീവിക്കുമ്പോള്‍, ഭരണഘടനാ പദവികള്‍ അലങ്കരിക്കുന്നവര്‍ കോടികള്‍ തുലച്ചു നടത്തുന്ന ആഡംബരങ്ങള്‍ക്കു തടയിടണമെന്നു കാണിച്ച് ഇരുവരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കയാണ്. കേരള രാജ്ഭവനില്‍ കാറുകള്‍ക്ക് ഒരു കുറവുമില്ല. ഒരു കോടിയിലധികം രൂപ വില വരുന്ന മെര്‍സിഡസ് ബെന്‍സുകള്‍ ഒന്നിലധികമുണ്ട്. ഇന്നോവ, അംബാസഡറുകള്‍ തുടങ്ങിയവ വേറേ. ഇനി ഏത് പ്രത്യേക അവസരത്തിലും ഗവര്‍ണറുടെ ആവശ്യത്തിനോ ഇഷ്ടത്തിനോ അനുസരിച്ച് ഏത് ഇനത്തിലും പെട്ട എത്ര കാറുകള്‍ വേണമെങ്കിലും കിട്ടാന്‍ വകുപ്പുമുണ്ട്. എന്നാല്‍, കേരളത്തിലെത്തുമ്പോള്‍ തനിക്കു സഞ്ചരിക്കാന്‍ ജര്‍മന്‍ നിര്‍മിത ഒഡിക്യൂ തന്നെ വേണമെന്നു ഭരദ്വാജ് ആഗ്രഹിച്ചാല്‍ അതു നടത്തിക്കൊടുക്കും കേരള സര്‍ക്കാര്‍.

ഉമ്മന്‍ ചാണ്ടി അടക്കം കേരളം ഭരിച്ച ഒട്ടു മിക്ക മുഖ്യമന്ത്രിമാര്‍ക്കും അംബാസഡര്‍ കാറുകളോടായിരുന്നു പഥ്യം. മുഖ്യമന്ത്രി ആയാലും പ്രതിപക്ഷ നേതാവായാലും പൊറുതിക്കു ക്ലിഫ് ഹൗസ് കിട്ടിയാല്‍ കൊള്ളാം എന്നല്ലാതെ ആഡംബരക്കാറുകളോട് അച്യുതാനന്ദന്‍ സഖാവിനു പോലും വലിയ ആര്‍ത്തിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐസിസിയില്‍ നിന്ന് വെറുതേ വിട്ടുകൊടുത്ത ഒരു ഹെലികോപ്റ്ററില്‍ ഒന്നു കയറിയതിന്‍റെ പഴി കേള്‍ക്കുന്നുണ്ട് സാക്ഷാല്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, ഇന്നും. തങ്ങളുടെ സഞ്ചാരം കാണുന്ന നാട്ടുകാര്‍, അവസരം ലഭിക്കുമ്പോള്‍ കണക്കു ചോദിക്കുമെന്ന പേടിയാവണം ഇവരെയൊക്കെ സാദാ വാഹനങ്ങളില്‍ തളച്ചിടുന്നത്.

എന്നാല്‍, ഭരദ്വാജിന് അങ്ങനെയൊരു പേടി വേണ്ട. ഒരിക്കല്‍പ്പോലും അദ്ദേഹം തെരഞ്ഞെടുപ്പു നേരിട്ടിട്ടില്ല. എന്നിട്ടും രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം നിയമ വകുപ്പ് കൈകാര്യം ചെയ്ത രണ്ടാമത്തെ മന്ത്രി എന്ന ഖ്യാതിയുണ്ട് ഭരദ്വാജിന്. (അശോക് കുമാര്‍ സെന്‍ ആണ് ഒന്നാമന്‍.) ഒമ്പതു വര്‍ഷം സഹമന്ത്രി, അഞ്ചു വര്‍ഷം ക്യാബിനറ്റ് മന്ത്രി എന്നിങ്ങനെ 14 വര്‍ഷം ഭരദ്വാജ് നിയമ വകുപ്പ് ഭരിച്ചു. അതിനു മുന്‍പ് സുപ്രീം കോടതിയില്‍ നല്ലതുപോലെ പേരെടുത്ത വക്കീലുമായിരുന്നു. വക്കീലു പണിയില്‍ ശോഭിച്ചു നില്‍ക്കെ, 1982ല്‍ ഇന്ദിര ഗാന്ധിയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്നത്. രാജ്യസഭയിലേക്കായിരുന്നു നോമിനേഷന്‍. എങ്കിലും ഇന്ദിര ഗാന്ധിയുടെ മന്ത്രിസഭയില്‍ അദ്ദേഹത്തിനു ബര്‍ത്ത് ലഭിച്ചില്ല. എന്നാല്‍, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, ഡോ. മന്‍മോഹന്‍ സിങ് എന്നിവരുടെ മന്ത്രിസഭകളില്‍ അംഗമായിരുന്നു. മന്‍മോഹന്‍ മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരിക്കെ, കോണ്‍ഗ്രസുമായി ഇടഞ്ഞ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നവീന്‍ ചൗളയെ പുറത്തു ചാടിക്കാന്‍ ശ്രമിച്ചു പുലിവാലു പിടിച്ചപ്പോഴായിരുന്നു, കര്‍ണാടക ഗവര്‍ണറായി സ്ഥാനക്കയറ്റം നല്‍കി പാര്‍ട്ടി അനുഗ്രഹിച്ചത്.

കര്‍ണാടക ഗവര്‍ണറായിരിക്കെ, കോണ്‍ഗ്രസിനു വേണ്ടി ഭരദ്വാജ് നടത്തിയ രാഷ്ട്രീയ നാടകങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ത്തന്നെ പുതിയ അധ്യായങ്ങള്‍ രചിച്ചു. അതിന്‍റെ ബാക്കി എന്തെങ്കിലുമുണ്ടെങ്കില്‍ കേരളത്തില്‍ ആകാമെന്നു കരുതിയിരുന്നതാണ്. താന്‍ കേരളത്തില്‍ കാലു കുത്തണമെങ്കില്‍ ഓഡിക്യൂ 7 നിര്‍ബന്ധം. വാങ്ങിക്കൊടുത്തില്ലെങ്കില്‍ തിരുവനന്തപുരം രാജ്ഭവനിലേക്കു വേറേ ആളു നോക്കണം. കുഞ്ഞൂഞ്ഞ് വശം കെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

*** ****

രാജ്യസഭയിലേക്കു കേരളത്തില്‍ നിന്ന് മൂന്ന് ഒഴിവുകള്‍ വരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി.ജെ. കുര്യന്‍, സിപിഎം നേതാവ് പി.ആര്‍. രാജന്‍, സിപിഐ നേതാവ് കെ.ഇ. ഇസ്മായില്‍ എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ജൂലൈയില്‍ ആകും ഇവരുടെ കാലാവധി അവസാനിക്കുക. അതിനു മുന്‍പ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കണം. അതിനും മുന്‍പേ നെയ്യാറ്റിന്‍കര നിയമസഭാ ഉപതെരഞ്ഞെടുപ്പു കൂടി നടക്കേണ്ടതുണ്ട്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികള്‍ക്കും നിര്‍ണായകമാകും. നെയ്യറ്റിന്‍കരയില്‍ യുഡിഎഫ് വിജയിച്ചാല്‍ രാജ്യസഭയിലേക്ക് രണ്ടു സീറ്റില്‍ അവര്‍ക്ക് അനായാസം ജയിച്ചുകയറാം. ഫലം മറിച്ചാണെങ്കിലും വിജയിക്കാമെങ്കിലും അവസാന നിമിഷ അട്ടിമറി പ്രതീക്ഷിക്കണം. ഒരു കാര്യം ഉറപ്പ്. ഒരു സീറ്റില്‍ ഇരു മുന്നണികള്‍ക്കും അനായാസ വിജയം.

അങ്ങനെയെങ്കില്‍ ഈ ഒരെണ്ണത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുമെന്നും ജയിക്കുമെന്നും തീര്‍ച്ച. അതു പി.ജെ. കുര്യന്‍ ആയിരിക്കുമോ വി.എം. സുധീരന്‍ ആയിരിക്കുമോ തമ്പാനൂര്‍ രവി ആയിരിക്കുമോ തുടങ്ങിയ സംശയങ്ങള്‍ക്കു കോണ്‍ഗ്രസ് മറുപടി പറയട്ടെ. രണ്ടാമത്തെ ചാന്‍സ് ആണ് യുഡിഎഫില്‍ പുക്കാറാകാന്‍ പോകുന്നത്. കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലധികമായി രാജ്യസഭയില്‍ തങ്ങള്‍ക്കു പ്രാതിനിധ്യമില്ലെന്നു പറഞ്ഞു മൂക്കു ചീറ്റി നിലവിളിക്കുകയാണു കുഞ്ഞു മാണി. ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും അടുത്ത തവണ പരിഗണിക്കാം എന്ന അഴകൊഴമ്പന്‍ ഉറപ്പു നല്‍കി മാണിയെ പറ്റിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇക്കുറി ആ പണി പറ്റില്ലെന്ന് മാണി സാര്‍ തീര്‍ത്തു പറഞ്ഞു കഴിഞ്ഞു.

പാര്‍ട്ടിക്കു ബീജാവാപം ചെയ്യാന്‍ പത്രപ്പണിയും പത്രാസു പണിയും ചെയ്ത കെ.സി. സെബാസ്റ്റ്യനിലൂടെ തുടങ്ങിവച്ചതാണു കേരള കോണ്‍ഗ്രസ് രാജ്യസഭാംഗത്വം. അടിയന്തരാവസ്ഥയ്ക്കു പിന്നാലെ 1979ല്‍ നടന്ന തെരഞ്ഞെടുപ്പിലാണു സെബാസ്റ്റ്യന്‍ രാജ്യസഭയിലെത്തുന്നത്. കേരളത്തില്‍ നിന്ന് രാജ്യസഭയിലെത്തിയ ആദ്യത്തെ മുഴുവന്‍ സമയ പ്രൊഫഷനല്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു അദ്ദേഹം. സെബാസ്റ്റ്യനു തൊട്ടു പിന്നാലെ തോമസ് കുതിരവട്ടം രാജ്യസഭയിലെത്തി, 1985ല്‍. ജോയി നടുക്കരയാണു പാര്‍ട്ടിയില്‍ നിന്ന് അവസാനമായി രാജ്യസഭ കണ്ടത്, 1995ല്‍. 2001ല്‍ കാലാവധി കഴിഞ്ഞു ജോയി മടങ്ങിയ ശേഷം മാണി സാറിനെ ആരും രാജ്യസഭയില്‍ പ്രതിനിധീകരിച്ചിട്ടില്ല. ഇത്തവണ ഏതായാലും ഒരു സീറ്റ് എന്ന ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അദ്ദേഹം.

ശാപമുണ്ടെങ്കില്‍ ശാപമോക്ഷവുമുണ്ട് എന്ന പ്രമാണപ്രകാരം, മാണി സാറിന്‍റെ മനസു മാറ്റാന്‍ ഒരു വഴിയുണ്ട്. ജോസ്മോനെ പിടിച്ചു കേന്ദ്ര മന്ത്രിസഭയില്‍ ചേര്‍ക്കുക. വകുപ്പും മറ്റുമൊന്നും ഒരു പ്രശ്നമേയല്ല. മോന്‍ കേരളത്തില്‍ വരുമ്പോള്‍, കൊടിവച്ച ഒരു കാറില്‍ സഞ്ചരിക്കുന്നതു കാണണമെന്ന് ഒരാഗ്രഹം പണ്ടേയുണ്ട്, ഈ പിതൃഹൃദയത്തില്‍. അതൊന്നു സഫലമാക്കിയാല്‍, ഇക്കുറി രണ്ടു സീറ്റും കോണ്‍ഗ്രസിന്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ