പേജുകള്‍‌

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

ആദരം,
ചില ആചാരവട്ടങ്ങളും

പദ്മശ്രീ കെ.ജെ. യേശുദാസിനു കേരള നിയമസഭയുടെ ആദരം. ചലച്ചിത്ര ഗാനരംഗത്ത് അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ അപൂര്‍വതയാണു യേശുദാസിനെ നിയമസഭയുടെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. ഇന്നു ലോകത്തുള്ള മുഴുവന്‍ മലയാളികള്‍ക്കും പ്രായഭേദമെന്യേ സുപരിചതമാണു യേശുദാസിന്‍റെ സ്വരം. പാട്ടിന്‍റെ പാലാഴി തീര്‍ക്കാന്‍ അദ്ദേഹത്തിനോളം സ്വരശുദ്ധിയുള്ള ഗായകര്‍ കുറയും. അതുകൊണ്ടു തന്നെ യേശുദാസിനെ നിയമസഭ ആദരിച്ചതില്‍ എല്ലാവരും സന്തോഷിക്കും.

യേശുദാസിനെ സഭ ആദരിച്ചു എന്ന് അറിയുമ്പോള്‍ തന്നെ, അതിന് അവസരം ലഭിക്കാതെപോയ എത്രയോ പ്രതിഭകള്‍ നമ്മുടെ ഓര്‍മയിലെത്തുന്നു! ആരെയെങ്കിലും ആദരിക്കുമ്പോള്‍ അതിനു വ്യക്തമായ മാനദണ്ഡങ്ങള്‍ വേണം. യേശുദാസിനെ ആദരിച്ചതിന്‍റെ മാനദണ്ഡം അന്‍പതു വര്‍ഷത്തെ സംഗീതാരാധന ആയിരുന്നെങ്കില്‍ വിവിധ മേഖലകളില്‍ നാല്‍പ്പതും അന്‍പതും അതില്‍ക്കൂടുതലുമൊക്കെ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ എത്രയോ ആളുകളുണ്ട്. അവരും അര്‍ഹിക്കുന്നില്ലേ, സാര്‍ ഈ ആദരം?

ബാല്യകാലത്തു യേശുദാസിനൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെട്ടയാളാണു മലയാളക്കരയുടെ ഭാവഗായകന്‍ ജയചന്ദ്രന്‍. യേശുദാസിനോളം പാട്ടുകള്‍ പാടിയില്ലെങ്കിലും പാടിയ പാട്ടുകളെല്ലാം തന്നെ ഹിറ്റ്. മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത എത്രയെത്ര ഗാനങ്ങള്‍ ആ ഭാവഗായകന്‍റെ സംഭാവനയായുണ്ട്. നാലു തവണ സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്, ജയചന്ദ്രന്. ഒരു തവണ നാഷണല്‍ അവാര്‍ഡും. നിയമസഭയുടെ ആദരം നേടാന്‍ ജയചന്ദ്രനും പരമയോഗ്യന്‍.

ജ്ഞാനപീഠം നേടിയ കവി ഒഎന്‍വി കുറുപ്പിനെയും സഭ ആദരിച്ചിച്ചിട്ടുണ്ട്. ജ്ഞാനപീഠ ജേതാവ് എന്നതായിരുന്നു അദ്ദേഹത്തിന്‍റെ യോഗ്യത. ജാഞാനപീഠലബ്ധി ആയിരുന്നു മാനദണ്ഡമെങ്കില്‍ എസ്.കെ. പൊറ്റെക്കാട്ടിനും തകഴിക്കും എം.ടി. വാസുദേവന്‍ നായര്‍ക്കും ലഭിക്കേണ്ടതല്ലേ, നിയമ സഭയുടെ ബാന്‍ക്വറ്റ് ഹാളില്‍ ഒരു വേദി. ഒഎന്‍വിക്ക് അര്‍ഹിച്ച ആദരം ലഭിച്ചപ്പോള്‍ മറ്റു ജ്ഞാനപീഠ ജേതാക്കള്‍ തഴയപ്പെട്ടത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കണം.

ചലച്ചിത്ര ലോകത്തു നിന്നുള്ള പ്രതിഭ എന്ന നിലയില്‍ക്കൂടിയാണു യേശുദാസിനെ ആദരിച്ചത്. എങ്കില്‍, മലയാള സിനിമയെ ലോക സിനിമയുടെ കൊടുമുടിയിലെത്തിച്ച അടൂര്‍ ഗോപാലകൃഷ്ണനും ആദരിക്കപ്പെടേണ്ടയാള്‍ തന്നെ. 1972ല്‍ സ്വയംവരം എന്ന സിനിമയിലൂടെ സംവിധാനരംഗത്തെത്തിയ അടൂരിനു നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും വിവിധ അന്താരാഷ്ട്ര അവാര്‍ഡുകളും ലഭിച്ചു. ബ്രിട്ടിഷ് ഫിലിം അക്കാഡമി പുരസ്കാരമടക്കം അന്താരാഷ്ട്ര തലത്തില്‍ ലഭിച്ചതൊന്നും നിസാര അവാര്‍ഡുകളല്ല. അടൂരിനെ ആദരിക്കാന്‍ നൂറു കാരണങ്ങള്‍ നിരത്താം. പക്ഷേ, അദ്ദേഹവും അവഗണിക്കപ്പെട്ടതിന്‍റെ കാരണം അവ്യക്തം.സിനിമ മാത്രമല്ല, മറ്റ് ഏതെല്ലാം മേഖലകള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്.

മലയാളത്തിന്‍റെ തനതു കലാരൂപമായ കഥകളി കലാകാരന്മാരെ ആദരിക്കാതിരിക്കാന്‍ എന്തുണ്ടു കാരണം? കഴിഞ്ഞ അരനൂറ്റണ്ടിലധികമായി നളന്‍റെയും കര്‍ണന്‍റെയും രുഗ്മാംഗദന്‍റെയുമൊക്കെ വേഷം കെട്ടിയാടി കഥകളിയുടെ നടനചാരുത വിശ്വത്തോളം വളര്‍ത്തിയ കലാമണ്ഡലം ഗോപിയാശാനെ സഭയുടെ ബാന്‍ക്വറ്റ് ഹാളില്‍ ക്ഷണിച്ചിരുത്താന്‍ എന്താണു തടസം. കൂടിയാട്ടത്തിന്‍റെ മഹാഗുരു അമ്മന്നൂര്‍ മാധവ ചാക്യാര്‍ക്ക് ഉണ്ടായിരുന്നില്ലേ, ഈ യോഗ്യത? തൊണ്ണൂറു വയസുവരെ കൂടിയാട്ടവേദികളില്‍ നിറഞ്ഞുനിന്ന അമ്മന്നൂരിനെ യുനെസ്കോ പൈതൃക കലാ കുലഗുരു എന്നു വാഴ്ത്തുമ്പോള്‍ അദ്ദേഹത്തെ നമ്മുടെ നിയമസഭ കാണാതെ പോയതെന്തേ?

കലയിലും സാഹിത്യത്തിലും മാത്രമല്ല, പത്ര മാധ്യമ രംഗത്തും അങ്ങനെ ഒരു ആദരവ് ആകാമായിരുന്നു. അന്‍പത്തഞ്ചു വര്‍ഷത്തോളം മലയാള മനോരമയ്ക്കു നേതൃത്വം നല്‍കിയ കെ.എം. മാത്യുവിനുണ്ടായിരുന്നു ഈ യോഗ്യതകളെല്ലാം. പക്ഷേ, നിയമസഭയുടെ ആദരം ലഭിക്കാനുള്ള യോഗ്യത മാത്തുക്കുട്ടിച്ചായനും കിട്ടാതെ പോയി.

ആദരവുകളുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതു നിയമസഭയില്‍ മാത്രമല്ല. ഏതെങ്കിലും തരത്തില്‍ സംസ്ഥാനത്തിന്‍റെ യശസ് ഉയര്‍ത്തുന്നവര്‍ക്കു മരണാനന്തരം നല്‍കുന്ന സര്‍ക്കാര്‍ ബഹുമതിയുടെ കാര്യത്തിലും ഇരട്ടത്താപ്പുണ്ട്. ഏതെങ്കിലും ഉന്നത വ്യക്തികള്‍ മരിച്ചാല്‍, ആചാരവെടി പൊട്ടിച്ച് അന്ത്യയാത്ര ഒരുക്കുന്ന ഏര്‍പ്പാടിന് എന്താണു മാനദണ്ഡം? കവിയും ചലച്ചിത്രകാരനുമായിരുന്ന മുല്ലനേഴി മരിച്ചപ്പോള്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ ബഹുമതി നല്‍കാതിരുന്നതു വലിയ വിവാദമായി. ഗാനരചനയ്ക്കു സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം ലഭിച്ചിട്ടുണ്ട് മുല്ലനേഴിക്ക്. പക്ഷേ മരിച്ചപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്ന് ആരും ഉപചാരം അര്‍പ്പിക്കാന്‍ എത്തിയില്ല. സാംസ്കാരിക മന്ത്രി എ.പി. അനില്‍ കുമാര്‍ അതിനു പിന്നീടു ക്ഷമ പറഞ്ഞു.

സര്‍ക്കാര്‍ തലത്തില്‍ എടുക്കുന്ന തീരുമാനമാണ് ഈ ആചാരവെടി. അത് ആര്‍ക്ക് എങ്ങനെ നല്‍കണമെന്നു മേലാവില്‍ നിന്നു കല്‍പ്പന വരും. ഇപ്പോള്‍ അതിനും കാത്തു നില്‍ക്കണ്ട. അതതു ജില്ലാ ഭരണകൂടങ്ങളെയാണ് ഈ ആചാരവെടി നിശ്ചയിക്കാനുള്ള അധികാരം ഏല്‍പ്പിച്ചിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അധികാരികളെ സ്വാധീനിച്ച് ഉറപ്പിച്ചാല്‍, ആര്‍ക്കും കിട്ടാവുന്നതേയുളളൂ ആചാരവെടിയുടെ ഗരിമ. ചത്തു കിടക്കുമ്പോഴും ചമഞ്ഞു വേണം എന്നാണല്ലോ നാട്ടുനടപ്പ്.

*** *** ***

അങ്ങനെ വലിയ അല്ലലും അലട്ടലും കൂടാതെ സിപിഐക്കു പുതിയ സെക്രട്ടറിയെ ലഭിച്ചു. പന്ന്യന്‍ രവീന്ദ്രന്‍. ഒരു ദിവസം മുഴുവന്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം കൂടിയാണു പന്ന്യനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അവസാന നിമിഷം വരെ, സി. ദിവാകരനായിരുന്നു മുന്നിട്ടു നിന്നത്. ദിവാകരനു പാരയായി കാനം രാജേന്ദ്രനും ശക്തമായി രംഗത്തുണ്ടായിരുന്നു. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി എന്ന മട്ടില്‍ ചര്‍ച്ചകള്‍ രാവേറെ നീണ്ടു. തര്‍ക്കം മൂലം കൗണ്‍സില്‍ യോഗം പല തവണ മുടങ്ങി. ഒടുവില്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നു പറയുമ്പോലെ, പന്ന്യന്‍ പാര്‍ട്ടി സെക്രട്ടറിയായി. ഏതായാലും പന്ന്യന്‍റെ വിശ്വവിഖ്യാതമായ തലമുടിക്കു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ മുടിയുടെ ഗതി വരുമോ?

ക്രിക്കറ്റിലേക്കു കടന്നുവന്ന ധോണി പെട്ടെന്നു കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണം ആ നീണ്ട തലമുടി ആയിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയിട്ടേ താന്‍ മുടി മുറിക്കൂ എന്നായിരുന്നു ധോണിയുടെ നിലപാട്. ടീം ട്വന്‍റി -20 കിരീടം നേടിയതോടെ ധോണി മുടി ക്രോപ്പ് ചെയ്തു.

അടിയന്തരാവസ്ഥക്കാലത്തു പൊലീസ് വടിച്ചു കളഞ്ഞ മുടി പിന്നീടു പന്ന്യന്‍ മുറിച്ചിട്ടില്ല. മുടി മുറിക്കണമെന്നു പന്ന്യനോടു പറഞ്ഞവരോടെല്ലാം, പാര്‍ട്ടി സെക്രട്ടറി ആകുന്നതു വരെ കാത്തിരിക്കാനായിരുന്നു മറുപടി. താനൊരിക്കലും പാര്‍ട്ടി സെക്രട്ടറി ആകില്ലെന്ന ധാരണയാണു തന്നെക്കൊണ്ട് അങ്ങനെ പറയിച്ചതെന്നായിരുന്നു പന്ന്യന്‍ ഒരിക്കല്‍ പ്രതികരിച്ചത്. ഏതായാലും പന്ന്യന്‍ സെക്രട്ടറി ആയി, വളരെ അവിചാരിതമായി. അതിനെക്കാള്‍ അവിചാരിതമായി പന്ന്യന്‍ സഖാവിന്‍റെ തോളും കഴിഞ്ഞു കീഴോട്ടു നീണ്ടു വളര്‍ന്ന മുടി വടിച്ചിറക്കിയേക്കാം. കാത്തിരിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ