പേജുകള്‍‌

2012, മേയ് 28, തിങ്കളാഴ്‌ച

ചില ഏറനാടന്‍ തമാശകള്‍

      കാലം സാക്ഷി, ചരിത്രം സാക്ഷി, രക്തസാക്ഷി കുടീരം സാക്ഷി എന്നു തുടങ്ങുന്നതാണു കമ്യൂണിസ്റ്റ് പ്രതിജ്ഞകളെല്ലാം. കേവലം നാല്‍പ്പത്തെട്ടു വര്‍ഷത്തെ മാത്രം ചരിത്രം പേറുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് എന്ന സിപിഐ എമ്മിനു കാലത്തെയും ചരിത്രത്തെയും സാക്ഷ്യപ്പെടുത്താന്‍ വളരെക്കൂടുതലുണ്ട്. ധീരരക്തസാക്ഷികളുടെ നിണം വീണു നനഞ്ഞ മണ്ണില്‍ ചവിട്ടി വളര്‍ന്നു വലുതായവരും ഭരണകൂട നെറികേടുകളുടെ ബൂട്സിനടിയില്‍ ഞെരിഞ്ഞമര്‍ന്ന്, ഒന്നും നേടാതെ മരിച്ചു മാഞ്ഞുപോയവരുമുണ്ട്. പ്രതിയോഗികളുടെ കൊലക്കത്തിക്ക് ഇരയായ ഹതഭാഗ്യരുണ്ട്. അധികാരത്തില്‍ നിന്ന് എക്കാലത്തും അകലം പാലിച്ച നിരവധി പേരുണ്ട്, അപൂര്‍വം ചില അധികാര അത്യാര്‍ത്തിക്കാരുണ്ട്, കുലത്തില്‍പ്പിറന്നവരുണ്ട്, ലക്ഷണമൊത്ത കുലംകുത്തികളുമുണ്ട്. പാര്‍ട്ടിയെ അകമഴിഞ്ഞു സ്നേഹിക്കുന്നവരുണ്ട്. ശുംഭന്മാരും കൊഞ്ഞാണന്മാരും പോഴന്മാരും പോക്കണംകെട്ടവരുമൊക്കെ കൂടിച്ചേര്‍ന്നതാണ് ഈ പാര്‍ട്ടി.

ഇന്നലെവരെ ഇവരെല്ലാം ഒരു കൊടിയുടെ ചുവടെ ഒറ്റക്കെട്ടായിരുന്നു. ഇന്ന് ഓരോരുത്തരും പരസ്പരം തിരിഞ്ഞു നിന്ന് ഓരോരുത്തരുടെയും കുലം വിളിച്ചു പറയുന്നു. തൊഴിലാളികളുടെയും അധ്വാനവര്‍ഗത്തിന്‍റെയും അത്താഴപ്പട്ടിണിക്കാരന്‍റെയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന പാര്‍ട്ടിയില്‍ ഇന്നത്തെ ചിന്താവിഷയം ചില തമാശകളാണ്. അതില്‍ ഏറ്റവും പുതിയത് ടി.കെ. ഹംസയുടെ ഏറനാടന്‍ തമാശ. തുഞ്ചത്ത് ആചാര്യപാദര്‍ മുതല്‍ എം.ടി. വാസുദേവന്‍ നായര്‍ വരെ നീളുന്ന വലിയൊരു വിജ്ഞാനഭണ്ഡാരമാണ് ഏറനാട്-വള്ളുവനാട്. നല്ല ആസ്വാദകരും ഫലിതപ്രിയരുമാണ് അവര്‍. ഹംസയ്ക്കും അതേ സംസര്‍ഗഗുണം കിട്ടിയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല.

പാര്‍ട്ടിക്കു ദോഷം വരുമ്പോഴൊക്കെ കോലിട്ടിളക്കുന്ന ആളാണു പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം സഖാവ് വി.എസ്. അച്യുതാനന്ദന്‍ എന്നാണു ഹംസ പറഞ്ഞ തമാശ. അതിനു വിഎസ് പറഞ്ഞ മറുപടിയിലെ തമാശകള്‍ കേട്ടു ചിരിക്കാത്തവരായി ഭൂമി മലയാളത്തില്‍ ആരുമുണ്ടാവില്ല. ആരെങ്കിലും ചിരിച്ചില്ലെങ്കില്‍ അവര്‍ക്കു കാലവും ചരിത്രവുമൊന്നും വലിയ പിടിപാടില്ലെന്നു പറയേണ്ടിവരും. ഞാനും മുതലയമ്മാച്ചനും കൂടി എന്നു ബാലകഥയില്‍ പറയുമ്പോലെ, ഞാനും മുസാഫിര്‍ അഹമ്മദും ജ്യോതിബസുവും എകെജിയും ഇഎംഎസും സുന്ദരയ്യയും ബസവ പുന്നയ്യയും ഒക്കെച്ചേര്‍ന്നുണ്ടാക്കിയതാണു സിപിഎം എന്ന വിഎസിന്‍റെ വാക്കില്‍ തമാശ പക്ഷേ, ലവലേശമില്ല. അടുത്ത വാചകത്തില്‍ ചിരിക്കാന്‍ ഏറെയുണ്ടുതാനും.

അന്നു ഞങ്ങളുണ്ടാക്കിയ പാര്‍ട്ടിയില്‍ പിന്നീട് ഒരുപാട് അധികാരമോഹികള്‍ വന്നു. അവരില്‍ ഒരുത്തനാണ് ഈ ഹംംംസ! മലപ്പുറം ഡിസിസി പ്രസിഡന്‍റ് ആയിരിക്കെ, കോണ്‍ഗ്രസില്‍ നിന്നു രാജി വച്ച് സിപിഎമ്മില്‍ ചേര്‍ന്ന് എംഎല്‍എയും എംപിയും മന്ത്രിയുമൊക്കെയായ ശേഷം ഇനിയും വല്ല സ്ഥാനമാനങ്ങളും കിട്ടുമോ എന്നു നോക്കിനടക്കുന്ന ഈ ശുംഭന്‍ പറയുന്നതിനു ഞാനെന്തു പറയാനാ എന്നുകൂടി വിഎസ് ചോദിച്ചപ്പോഴും കേട്ടവര്‍ക്കു ചിരി പൊട്ടി.

അമരാവതി ഭൂസമരത്തില്‍ പങ്കെടുത്തു നിരാഹാരം കിടന്ന എ.കെ. ഗോപാലനെ ചീത്ത വിളിച്ചിട്ടുണ്ട് പഴയ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ടി.കെ. ഹംസ. അവിടെ നിന്നു തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തനം അദ്ദേഹത്തെ മലപ്പുറം ഡിസിസി അധ്യക്ഷ സ്ഥാനം വരെയെത്തിച്ചു. രണ്ടരപ്പതിറ്റാണ്ടു നീണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ അതിനപ്പുറത്തേക്കു വളരാന്‍ ഹംസയ്ക്കു കഴിഞ്ഞില്ല. 1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു ഹംസ നേരേ വന്നതു സിപിഎമ്മില്‍. അന്നു ഹംസയ്ക്കു പാര്‍ട്ടി മെംബര്‍ഷിപ്പ് നല്‍കിയത് സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍. അമരാവതി ഭൂസമരത്തില്‍ നിരാഹാരം കിടന്ന, പാവങ്ങളുടെ പടത്തലവന്‍ എ.കെ. ഗോപാലനെ പോഴത്തം പറഞ്ഞ ആളെ പാര്‍ട്ടിക്കു വേണ്ട എന്നു പറയാന്‍ ചുമതലപ്പെട്ടയാള്‍ അച്യുതാനന്ദന്‍ ആയിരുന്നു. പക്ഷേ, അന്ന് അദ്ദേഹമതു പറഞ്ഞില്ല. അതിനു കാരണമുണ്ടായിരുന്നു.

മലപ്പുറത്തു മുസ്ലിം സമുദായത്തില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാവ് പാലോളി മുഹമ്മദ് കുട്ടി ആയിരുന്നു. പാര്‍ലമെന്‍ററി വ്യാമോഹങ്ങളില്ലാത്ത ഒരു നൈഷ്ഠിക കമ്യൂണിസ്റ്റ്. അധികാരമോഹമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് പണ്ടേക്കു പണ്ടേ പൊളിറ്റ് ബ്യൂറോയില്‍ വരാമായിരുന്നു. മന്ത്രിസഭകളില്‍ ചേരാമായിരുന്നു. ഒരു പക്ഷേ, അച്യുതാനന്ദനെ ഇറക്കിവിട്ടു കേരളത്തിന്‍റെ മുഖ്യമന്ത്രി ആകാമായിരുന്നു. കഴിഞ്ഞ അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ കടുത്ത സമ്മര്‍ദത്തിനൊടുവിലാണ് തദ്ദേശഭരണ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയാകാന്‍ പോലും അദ്ദേഹം തയാറായത്. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അന്നേ വ്യക്തമാക്കുകയും ചെയ്തു.

പാലോളി പക്ഷേ, ഒരു കാലത്തും വിഎസിന്‍റെ അപ്രമാദിത്വം അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടി പറയുന്നതായിരുന്നു അദ്ദേഹത്തിനു ശരി. മലപ്പുറത്തു പാലോളിക്കു പാര വയ്ക്കുക എന്ന ഏക ലക്ഷ്യത്തോടെ അച്യുതാനന്ദന്‍ പാര്‍ട്ടി അംഗമാക്കിയ ആളാണ് ടി.കെ. ഹംസ. 1984 ല്‍ പാര്‍ട്ടി അംഗമായ ഹംസയെ 1987ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു ജയിപ്പിച്ച് നായനാര്‍ മന്ത്രിസഭയില്‍ മരാമത്തു മന്ത്രിയാക്കി. അദ്ദേഹത്തിന്‍റെ ഭരണ മികവില്‍ റോഡായ റോഡൊക്കെ കുളംകുത്തിയപ്പോള്‍ കെ. കരുണാകരന്‍ അവയ്ക്കൊരു പേരും നല്‍കി- ഹംസക്കുണ്ട്. സംസ്ഥാനത്ത് മറ്റൊരു മന്ത്രിക്കും അങ്ങനെയൊരു സ്മാരകം പതിച്ചു കിട്ടിയിട്ടില്ല. അന്നത്തെ വമ്പന്‍ പക്ഷേ, ഇന്നു വിഎസിനു ശുംഭന്‍!

ഹംസയെ വിഎസ് ശുംഭനെന്നു വിളിക്കുന്നതു കേട്ടു ചിരിക്കാന്‍ വരട്ടെ. അധികാരമോഹി എന്നു വിളിച്ചാലോ?കാലുമാറ്റക്കാരന്‍ എന്നു വിളിച്ചാലോ? അച്യുതാനന്ദനോളം വരില്ല രണ്ടും. അതിനു കാലം സാക്ഷി. 1964ല്‍ അച്യുതാനന്ദന്‍ കൂടിച്ചേര്‍ന്നു രൂപം നല്‍കിയതാണു സിപിഎം. മൂന്നു വര്‍ഷത്തിനുള്ളില്‍, 1967ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അദ്ദേഹം എംഎല്‍എ ആയി. തുടര്‍ന്നിങ്ങോട്ട് 1970, 91, 2001, 2006, 2011 എന്നീ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു വിജയിച്ചു. 1992, 2001,2011 എന്നിങ്ങനെ മൂന്നു തവണ പ്രതിപക്ഷനേതാവായി. ഒരു തവണ മുഖ്യമന്ത്രിയായി. ഒന്നും കൂടി ആവണം എന്ന ചെറിയ മോഹമേ ഈ തൊണ്ണൂറാംകാലത്തു ശേഷിച്ചുള്ളു. അതിനാണു മലമ്പുഴയില്‍ ഇറങ്ങിയത്. അതു പക്ഷേ, കാക്ക കൊത്തിപ്പോയി.

പല തവണ മുഖ്യമന്ത്രി ആകാനുള്ള പാര്‍ലമെന്‍ററി വ്യാമോഹം സഖാവിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഈ വ്യാമോഹത്തില്‍ 1992 വരെ കാലാവധി ഉണ്ടായിരുന്ന നായനാര്‍ മന്ത്രിസഭയെ 1991ല്‍ രാജി വയ്പിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ ജയിച്ചെങ്കിലും പാര്‍ട്ടി തോറ്റു. 2006ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചു മുഖ്യമന്ത്രി ആയി. നാല്‍പ്പത്തെട്ടു വര്‍ഷം പഴക്കമുള്ള സിപിഎമ്മില്‍ നാല്‍പ്പത്തഞ്ചു വര്‍ഷം അധികാരത്തില്‍ അമര്‍ന്നിരിക്കാന്‍ ഭാഗ്യം കിട്ടിയ ഒരേയൊരു നേതാവേ ഉള്ളൂ, വി.എസ്. അച്യുതാനന്ദന്‍. തൊണ്ണൂറോട് അടുത്ത പ്രായത്തില്‍ പാര്‍ട്ടിയുടെ ഗുരുകാരണവരായിരിക്കേണ്ട ആളാണ് സഹസഖാക്കളെ ശുംഭനെന്നും അധികാരമോഹിയെന്നും പോഴനെന്നും കൊഞ്ഞാണനെന്നുമൊക്കെ കൊഞ്ഞനം കുത്തുന്നത്. കേള്‍ക്കുന്നവര്‍ എങ്ങനെ ചിരിക്കാതിരിക്കും?

ഇനി കാലുമാറ്റത്തിന്‍റെ കാര്യം. 1964ല്‍ എസ്.എ. ഡാങ്കെയെ തള്ളിപ്പറഞ്ഞു പാര്‍ട്ടി ഫോറത്തില്‍ നിന്നു പുറത്തു വന്നയാളാണ് അച്യുതാനന്ദന്‍. അതില്‍ ഇന്നദ്ദേഹം അതിയായി അഭിമാനിക്കുന്നു. നല്ല കാര്യം. പക്ഷേ, 1964ല്‍ ഡാങ്കെയെ തള്ളിപ്പറഞ്ഞു സിപിഐ വിട്ടു പോന്ന സിപിഎം എന്തേ 1967ല്‍ അതേ ഡാങ്കെയുമായി കൈകോര്‍ത്തു തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കി? 1980 മുതല്‍ 1992 വരെ അച്യുതാനന്ദനായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. 1980ല്‍ കേരളത്തില്‍ സിപിഐയുമായി ചേര്‍ന്നു ഇടതുമുന്നണിക്കു രൂപം നല്‍കിയപ്പോള്‍ സിപിഐയുടെ അമരത്തു തന്നെ ഉണ്ടായിരുന്നു, എസ്.എ. ഡാങ്കെ. 1962ല്‍ ഡാങ്കെയുടെ നാഷനലിസ്റ്റ് ലൈനില്‍ ആയിരുന്നു വിഎസ്. അന്നു സെക്രട്ടേറിയറ്റില്‍ നിന്നു തരംതാഴ്ത്തി ഒറ്റുകാരനെന്നു ശിക്ഷിച്ചിട്ടുണ്ട് സാക്ഷാല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട്.

1964ലും 2012ലുമല്ലാതെ അച്യുതാനന്ദന്‍ ഡാങ്കെയെ തള്ളിപ്പറഞ്ഞു കേട്ടിട്ടില്ല. ആരോടെങ്കിലും രഹസ്യമായി വല്ലതും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അഴിമതിക്കേസില്‍ താന്‍ ശിക്ഷിച്ചു എന്നു വിഎസ് വീമ്പിളക്കുന്ന ആര്‍. ബാലകൃഷ്ണപിള്ള, കെ.എം. മാണി എന്നിവരുള്‍പ്പെട്ട അവിശുദ്ധ ഇടതുമുന്നണിക്കു രൂപം നല്‍കിയതും സഖാവായിരുന്നില്ലേ? ആന്‍റണി കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയപ്പോള്‍, കേരളത്തിലെമ്പാടും കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി വോട്ടു ചോദിച്ചില്ലേ, അച്യുതാനന്ദന്‍.

നാല്‍പ്പത്തെട്ടു വര്‍ഷം മുന്‍പ് താന്‍ കൂടി മുന്‍കൈ എടുത്തു സ്ഥാപിച്ച ഒരു പാര്‍ട്ടി തനിക്കു മാത്രം അവകാശപ്പെട്ടതാണെന്നു വാദിക്കുന്നതില്‍ എന്തു യുക്തിയുണ്ട് സഖാവേ. ഒരുപാട് പേര്‍ ചോരയും ജീവനും നല്‍കി വളര്‍ത്തിയതാണു പാര്‍ട്ടി. അവരില്‍ ഒരാള്‍ മാത്രമാണു അച്യുതാനന്ദന്‍. മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത സൗഭാഗ്യങ്ങളെല്ലാം പാര്‍ട്ടി അങ്ങേയ്ക്കു നല്‍കിയിട്ടുണ്ട്. അത്രയൊന്നും വേണ്ട, അതില്‍ കുറച്ചെങ്കിലും മറ്റുള്ളവരും അനുഭവിച്ചോട്ടെ. അതിനു വേണ്ടിയെങ്കിലും ഈ പാര്‍ട്ടി നിലനില്‍ക്കണമെന്ന താങ്കളും മോഹിക്കണം.

1964ല്‍ ഇറങ്ങിപ്പോന്ന 32 ല്‍ നിന്ന് പാര്‍ട്ടി അംഗത്വം പത്തു ലക്ഷത്തിലേക്കു വളര്‍ന്നു. വിഎസ് ഉള്‍പ്പെട്ട 32 പേര്‍ കിഴിച്ച്, 9,99,968 പേരെ താന്‍ മാത്രമാണു കൂട്ടിക്കൊണ്ടു വന്നതെന്നു പറയുമോ, സഖാവ്? നാല്‍പ്പത്തഞ്ചു വര്‍ഷം അതിന്‍റെ അമരത്തിരുന്ന് സംഘടനാതലത്തിലും പാര്‍ലമെന്‍ററി തലത്തിലും സര്‍വവിധ ആഡംബരങ്ങളും കൊണ്ടാടി അനുഭവിച്ച ശേഷം പാര്‍ട്ടി കൊള്ളില്ല, താനാണു ശരി, താന്‍ മാത്രമാണു ശരി എന്നു ശഠിച്ചാല്‍, കൂടെ നില്‍ക്കാന്‍ ഇവരില്‍ ആരുണ്ടാവും? അതല്ലേ, സഖാവ് ഇപ്പോള്‍ ശരിക്കും അനുഭവിക്കുന്ന വ്യഥ. സ്വസ്ഥമായിരുന്ന് ആലോചിക്ക്. അങ്ങ് പറയുന്നതു മാത്രമല്ല ശരി എന്നറിയുന്ന ഒരുപാടു പേരുണ്ട്, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പുറത്തും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ