പേജുകള്‍‌

2012, ജൂൺ 11, തിങ്കളാഴ്‌ച

നിയമം നിയമത്തിന്‍റെ വഴിയേ...

ദേഷ്യപ്പെട്ട് ഭാര്യയെ കടുപ്പിച്ചൊന്നു നോക്കിയെന്നു കരുതുക. ഭര്‍ത്താവ് തന്നെ മാനസികമായി പീഡിപ്പിച്ചെന്നു കാണിച്ചു ഭാര്യ ഒരു പരാതി എഴുതി പൊലീസിനു നല്‍കിയെന്നും ചുമ്മാതൊന്നു സങ്കല്‍പ്പിക്കുക. ഭര്‍ത്താവാണെന്നും താത്ക്കാലികമായുണ്ടായ കോപത്താല്‍ ഭാര്യയെ നോക്കിപ്പോയതാണെന്നും പറഞ്ഞു രക്ഷപ്പെടാന്‍ വരട്ടെ. അതിനു മുന്‍പേ, പൊലീസ് പൊക്കി അകത്താക്കും. പീഡനപ്പട്ടികയില്‍ അതിനു വകുപ്പുണ്ട്. അത്ര കടുകട്ടിയാണു നമ്മുടെ നാട്ടില്‍ പുലരുന്ന നിയമം.

ഭാര്യക്കോ ഭര്‍ത്താവിനോ ശല്യം ഉണ്ടാകുന്ന തരത്തില്‍ രാത്രിയില്‍ കൂടെക്കിടന്നു കൂര്‍ക്കം വലിച്ചാല്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്യാന്‍ പോലും വ്യവസ്ഥയുണ്ട്, അങ്ങ് അമെരിക്കയില്‍. എന്തിനധികം; രാവിലെ ഗേറ്റില്‍ തിരുകിയിരിക്കുന്ന ദിനപത്രം എടുക്കാന്‍ പോകുന്ന പോക്കില്‍, ഗേറ്റ് തുറന്ന് റോഡിലേക്കു നീട്ടി കാര്‍ക്കിച്ചൊന്നു തുപ്പുക. റോഡില്‍ തുപ്പിയതിനു വഴിയേ പോയ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അതെഴുതി ഫയല്‍ ചെയ്താല്‍ പിഴയൊടുക്കാനും തടവ് വിധിക്കാനുമുള്ള വകുപ്പുണ്ടാക്കിയിട്ടുണ്ട്, നമ്മുടെ ഹൈക്കോടതി. ഇത്തരം കടുകട്ടി സഞ്ചാരങ്ങളെയാണു നിയമം നിയമത്തിന്‍റെ വഴിക്ക് എന്നു കാര്യവിവരമുള്ളവര്‍ പറയുന്നത്.

കാശുള്ള വീട്ടിലെ കാരണവന്മാര്‍ പണ്ട്, ജാഡ കാണിക്കാന്‍ വീട്ടില്‍ ആനക്കൊമ്പും മാന്‍ കൊമ്പും പുലിത്തോലുമൊക്കെ പ്രദര്‍ശിപ്പിക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. നെഞ്ചിന്‍റെ വിരിവു കാട്ടി, മണിമാലയും അറ്റത്തു പുലിനഖവും കെട്ടി പ്രൗഢി പ്രദര്‍ശിപ്പിക്കുന്നവരും കുറവല്ല. അതിന്‍റെയൊന്നും പേരില്‍ അക്കാലത്ത് വലിയ ചോദ്യവും പറച്ചിലുമൊന്നുമില്ലായിരുന്നു. ഇന്നതല്ല സ്ഥിതി. അവിടെയും നിയമം നിയമത്തിന്‍റെ വഴിയേ വരും. അക്കാര്യം മൈക്കിലൂടെ ഒന്നു വിളിച്ചു പറഞ്ഞതേയുള്ളൂ നമ്മുടെ വനംമന്ത്രി ഗണേഷ് കുമാര്‍. നിയമം മന്ത്രിയുടെ വഴിയിലും എത്തി മീശ പിരിക്കുന്നു.

കറുത്തതും വെളുത്തതുമായ കുറച്ചു പൂച്ചകളെയും കൂട്ടി പണ്ടു വി.എസ്. അച്യുതാനന്ദന്‍ മൂന്നാറില്‍ കിളിത്തട്ടു കളിക്കാന്‍ ഇറങ്ങിയപ്പോള്‍, വേണ്ട, വേണ്ട എന്നു കൈചൂണ്ടി താക്കീതു ചെയ്ത ഉശിരനാണ് എം.എം. മണി. പൊളിച്ചടുക്കല്‍ പദ്ധതികളുമായി മൂന്നാറിലെത്തി നിയമം പറഞ്ഞ വിഎസിന്‍റെ പൂച്ചകളോട് മൂന്നാറില്‍ മൂന്നാറിന്‍റെ നിയമമാണെന്നു മണിയാശാന്‍ നല്ല ഭാഷയില്‍ പറഞ്ഞതാണ്. ആരൊക്കെയോ കുറച്ചു നേരത്തേക്കു കുഞ്ചി വിറപ്പിച്ചെങ്കിലും മണിയാശാന്‍ പറഞ്ഞിടത്താണു പിന്നീടു കാര്യങ്ങള്‍ എത്തിയത്. ഇന്നലെ വരെ എത്തിയതും അവിടെത്തന്നെ. പക്ഷേ, ഇപ്പോഴിതാ നിയമത്തിന്‍റെ വഴിയേ നിയമം മണിയാശാനെയും തേടിയെത്തിയിരിക്കുന്നു.

പാര്‍ട്ടി ശത്രുക്കളെ വണ്‍ടുത്രീ പറഞ്ഞു കശാപ്പു ചെയ്തെന്നാണു മണിമുഴക്കം. ആശാന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഇടുക്കിയിലെ ഏതോ കുഗ്രാമത്തില്‍ വെറുതേ പ്രസംഗിച്ചതാണ്. തോട്ടം തൊഴിലാളികളായിരുന്നു ശ്രോതാക്കള്‍. വൈകുന്നേരങ്ങളില്‍ അവരിത്തിരി ഫോമില്‍ ആയിരുന്നു. അവരെ കോള്‍മയിര്‍ കൊള്ളിക്കാനും പ്രസംഗത്തിനു നല്ല കൈയടി കിട്ടാനും വേണ്ടിയാണു താനങ്ങനെ പറഞ്ഞതെന്നും ആശാന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി സെക്രട്ടറി പറഞ്ഞതുപോലെ മണിക്ക് അത്ര വലിയ പഠിപ്പില്ല. കണ്ടാല്‍ വലിയ ലുക്കുമില്ല. മലമടക്കുകളില്‍ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളെ സംഘടിപ്പിച്ചു പാര്‍ട്ടി വളര്‍ത്തിയ ആളാണു മണി. പ്രാസത്തില്‍ പ്രസംഗിക്കാനും പ്രസംഗത്തിന്‍റെ നിയമവശം നോക്കാനുമൊന്നും അറിയാത്തയാള്‍. എന്നാല്‍ മണി പ്രസംഗിച്ചു വായടയ്ക്കുന്നതിനു മുന്‍പ് നിയമത്തിന്‍റെ വഴി പിടികിട്ടിയ ഒരാളുണ്ട്. സാക്ഷാല്‍ വി.എസ്. അച്യുതാനന്ദന്‍. ഇടുക്കിയില്‍ വണ്‍ടു ത്രീ പറഞ്ഞു പാര്‍ട്ടി വിരുദ്ധരുടെ പട്ടിക തയാറാക്കിയപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി വിഎസ് ആയിരുന്നു. ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തിനു പങ്കുണ്ടെന്നു പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട് വിഎസ്.

പാര്‍ട്ടിയെ തല്ലാന്‍ ശത്രുക്കള്‍ക്കു വടിവെട്ടിക്കൊടുക്കുന്ന സഖാവിനു മണി പറഞ്ഞതിലെ അപകടം പെട്ടെന്നു മണത്തു. ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിനു പങ്കുണ്ടെന്നു പറയുമ്പോള്‍, ഇടുക്കിയിലെ പാര്‍ട്ടിവിരുദ്ധരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്നത്തെ പാര്‍ട്ടി നേതൃത്വത്തിനും പങ്കുണ്ടാകണം. മണിയെപ്പിടിച്ച് അന്വേഷണം തുടങ്ങിയാല്‍ വല്ല തരത്തിലും അത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി അച്യുതാനന്ദനിലേക്കും വന്നുകൂടെന്നില്ല. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമൊക്കെ ആ വഴിക്കു നിയമത്തെ കൈപിടിച്ചു നടത്തുകയും ചെയ്യുന്നുണ്ട്. പുലിവാലാകാന്‍ അതു ധാരാളം മതി. അതുകൊണ്ടാണു പഴയ വിശ്വസ്തന്‍ മണിയെ എമ്പോക്കി എന്നു വിളിച്ചു വിഎസ് തലയൂരിയത്.

കുറ്റകൃത്യം നടന്ന് എത്ര കാലം കഴിഞ്ഞാലും നിയമം നിയമത്തിന്‍റെ വഴിയേ ടാക്സി വിളിച്ചെത്തും. നക്സല്‍ വര്‍ഗീസ് വധക്കേസ് തന്നെ ഉദാഹരണം. വര്‍ഗീസ് കൊല്ലപ്പെട്ടത് 1970 ഫെബ്രുവരി പതിനേഴിന്. വയനാട്ടിലെ നക്സല്‍ കേന്ദ്രങ്ങളില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണു വര്‍ഗീസ് കൊല്ലപ്പെട്ടതെന്നായിരുന്നു ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ വര്‍ഗീസ് കൊല്ലപ്പെട്ടത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലല്ലെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ നിര്‍ദേശപ്രകാരം നിരായുധനായ വര്‍ഗീസിനെ താന്‍ വെടിവച്ചു കൊല്ലുകയായിരുന്നു എന്നും 1998ല്‍ കോണ്‍സ്റ്റബിള്‍ പി. രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയപ്പോള്‍ ചിത്രം മൊത്തം മാറി. അതോടെ നിയമം അന്നത്തെ ഡിവൈഎസ്പിയും പിന്നത്തെ ഐജിയുമായ കെ. ലക്ഷ്മണയുടെ വഴിയിലെത്തി.

വസന്തത്തിന്‍റെ ഇടിമുഴക്കത്തിനു കാതോര്‍ത്ത മാവോയിസ്റ്റുകളെ കേരളത്തില്‍ നിന്ന് ഉന്മൂലനം ചെയ്യുക എന്നത് അന്നത്തെ സര്‍ക്കാരിന്‍റെ നയമായിരുന്നു. കെ. കരുണാകരന്‍ എന്ന ആഭ്യന്തര മന്ത്രിയുടെ തീരുമാനത്തിനു പിന്നില്‍ ഉറച്ചുനിന്ന കേരള പൊലീസ് ആണ് അതിന്‍റെ ഉപജ്ഞാതാക്കള്‍. ലക്ഷ്മണ പറഞ്ഞിട്ടാണു താന്‍ വര്‍ഗീസിനെ വെടിവച്ചതെന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ മൊഴി. അന്നത്തെ ഡിജിപി പി. വിജയന്‍റെ നിര്‍ദേശം നടപ്പാക്കുകയായിരുന്നു പൊലീസ് എന്നു ലക്ഷ്മണ. വിജയനും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടെങ്കിലും സംശയത്തിന്‍റെ ആനുകൂല്യം നല്‍കി വിട്ടയയ്ക്കപ്പെട്ടു. അന്ന് അധികാരത്തിലിരുന്ന അച്യുത മേനോന്‍ സര്‍ക്കാരിന്‍റെ ഉത്തരവാണു തങ്ങള്‍ നടപ്പാക്കിയതെന്ന് പൊലീസ് വാദിച്ചിട്ടുണ്ടാവാം. പക്ഷേ, നിയമം അച്യുത മനോന്‍റെയോ കരുണാകരന്‍റെയോ പിന്നാലെ പോയില്ല. നിരായുധനായ ഒരാളെ കൈകള്‍ കെട്ടി നിസഹായനാക്കി നെഞ്ചിലേക്കു നിറയൊഴിച്ചവന്‍റെ വേദനയില്‍ നിന്നാണ് രാമചന്ദ്രന്‍ നായര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ നിയമത്തിന്‍റെ വഴിയിലേക്കു കടന്നു വന്നത്. നാല്‍പ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നക്സല്‍ വര്‍ഗീസ് വധക്കേസിന്‍റെ വിധി വന്നപ്പോള്‍ ഒന്നാം പ്രതി രാമചന്ദ്രന്‍ നായര്‍ മരിച്ചു പോയിരുന്നു. സാഹചര്യത്തെളിവുകള്‍ മുന്‍നിര്‍ത്തി രണ്ടാം പ്രതി ലക്ഷ്മണയ്ക്ക് ജീവപര്യന്തം കഠിന തടവും പതിനായിരം രൂപ ശിക്ഷയും വിധിച്ചു. ലക്ഷ്മണ ഇപ്പോഴും പൂജപ്പുര ജയിലിലാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ