പേജുകള്‍‌

2012, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

അനിയന്‍ ബാവ, ചേട്ടന്‍ ബാവ


ഏറിയാല്‍ ഒരു ലോറിയില്‍ കൊള്ളാവുന്നത്ര ആള്‍ക്കൂട്ടം. ഞങ്ങളെക്കുറിച്ച് ചിലരുടെ ആക്ഷേപം അങ്ങനെ ആയിരുന്നല്ലോ. ലോറിയിലോ കാളവണ്ടിയിലോ ഓട്ടൊറിക്ഷയിലോ ഒക്കെ കൊള്ളാന്‍ മാത്രം ഉണ്ടായിരുന്ന ഞങ്ങളുടെ പാര്‍ട്ടിയാണ് കഴിഞ്ഞ ആഴ്ച ഒരു ലക്ഷത്തില്‍പ്പരം പേരെ അണിനിരത്തി പ്രക്ഷോഭം നടത്തിയതെന്നു മറക്കരുത്. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍റേതാണ് ഓര്‍മപ്പെടുത്തല്‍. സിപിഐയെക്കുറിച്ച് ആക്ഷേപം ഉന്നയിച്ച ചിലര്‍ എന്നു പന്ന്യന്‍ ഉദ്ദേശിച്ചത്, വല്യേട്ടന്മാരെതന്നെ. തങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്കു കാരണവും അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു നാളായി ഇത്തരം ആക്ഷേപങ്ങള്‍ അതിജീവിക്കാനുള്ള ഊര്‍ജം പാര്‍ട്ടി സമാഹരിച്ചുവരികയായിരുന്നു. ഏതായാലും അതു വിജയിച്ച സാഹചര്യത്തില്‍ ഇനിയൊരു പഞ്ചഗുസ്തിക്കു മുതിരാതെ വല്യേട്ടനുമായി സമവായമെന്ന പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു, പന്ന്യന്‍.

ടിപി, ഫസല്‍, ഷുക്കൂര്‍ വധക്കേസുകളില്‍ സിപിഎമ്മിനു പങ്കില്ലെന്നും പാര്‍ട്ടി നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി കല്‍ത്തുറുങ്കിലടയ്ക്കുകയാണെന്നുമായിരുന്നു സിപിഎം ഭാഷ്യം. എന്നാല്‍ ഇതെല്ലാം നല്ല സൊയമ്പന്‍ കേസുകളാണെന്നും ഹരിശ്ചന്ദ്രനെക്കാള്‍ മികച്ച രീതിയിലാണ് കേരള പൊലീസ് ഈ കേസുകളെല്ലാം അന്വേഷിക്കുന്നതെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെക്കാള്‍ ഉച്ഛൈസ്ഥരം ഉദ്ഘോഷിച്ചത് സിപിഐക്കാരും പിന്നെ സാക്ഷാല്‍ വി.എസ്. അച്യുതാനന്ദനുമായിരുന്നു. അച്യുതാനന്ദന്‍ അതേ പറയൂ എന്നറിയാത്തവരല്ല, സിപിഎമ്മിലുള്ളത്. എന്നാല്‍ കൂടെ നിന്നിട്ടു പാലം വലിച്ച സിപിഐ എന്ന സുഹൃത്തിനെക്കുറിച്ച് വല്യേട്ടനു ചില്ലറ പ്രതീക്ഷകളുണ്ടായിരുന്നു.

ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടിയില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പങ്കെടുക്കാതെ സിപിഐ മാറി നിന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. അതങ്ങു വെറുതേ വിട്ടാല്‍ മതിയായിരുന്നു. സിപിഎമ്മിനു പണ്ടത്തെ പ്രതാപം ഇല്ലാത്തതുകൊണ്ടോ, സിപിഐ വല്ലാതങ്ങു വളര്‍ന്നു വലുതായി എന്നു ധരിച്ചു വശായതുകൊണ്ടോ, പിണറായി വിജയന്‍ അടക്കമുള്ളവര്‍ സിപിഐയുടെ പിന്നാലെ കൂടി ചീത്തപ്പേരു കേട്ടതു മിച്ചം.

ഇങ്ങനെ സിപിഎം പിടിച്ചുവച്ച ചീത്തപ്പേരുകളുടെ ബലത്തിലാണ് സിപിഐ ലക്ഷം പേരെ അണിനിരത്തി പ്രക്ഷോഭം നയിക്കാനുള്ള കരുത്താര്‍ജിച്ചതെന്നു പന്ന്യന്‍ പറഞ്ഞില്ലെങ്കിലും സാധാരണ ജനങ്ങള്‍ക്കറിയാം. എംഎന്‍ സ്മാരകത്തില്‍ വലിയ ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി കഴിഞ്ഞു വരികയായിരുന്നു സിപിഐ നേതാക്കള്‍. അങ്ങനെയിരിക്കുമ്പോഴാണു കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സമ്മേളനം നടന്നത്. ഏറെക്കുറെ അതേ ദിവസങ്ങളില്‍തന്നെയായിരുന്നു സിപിഐ സമ്മേളനം കൊല്ലത്തു നടന്നതും. മുന്‍ നിശ്ചയിച്ച പ്രകാരം സിപിഐ സമ്മേളനം ആദ്യം നടത്താന്‍ അനുവദിക്കുകയും സിപിഎം സമ്മേളനം മറ്റൊരു ദിവസത്തേക്കു മാറ്റുകയും ചെയ്തിരുന്നെങ്കില്‍ വലിയ കേള്‍പ്പോരും കേള്‍വിയുമില്ലാതെ സിപിഐ സമ്മേളനം അവസാനിക്കുമായിരുന്നു.

പിണറായി പറഞ്ഞതു പോലെ, പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍തോതിലുള്ള സാന്നിധ്യവും ബഹുജന പങ്കാളിത്തവും കൊണ്ട് സിപിഎം സമ്മേളനം വന്‍ വിജയമായി. എന്നാല്‍ അത് അംഗീകരിച്ചു കൊടുക്കാന്‍ സിപിഐ തയാറായില്ല. കോടികള്‍ ഒഴുക്കിയ ഇവന്‍റ് മാനെജ്മെന്‍റ് എന്നായിരുന്നു കൊച്ചേട്ടന്‍റെ കൊട്ട്. അത് ഏറ്റുപിടിക്കേണ്ട കാര്യം വല്യേട്ടനുണ്ടായിരുന്നില്ല. പക്ഷേ, ഏറ്റുപിടിച്ചു. മറുപടിയും തെറിവിളിയുമായി രംഗം കൊഴുത്തു. സിപിഎം സമ്മേളന വേദിയില്‍ നിന്ന് സാക്ഷാല്‍ വി.എസ്. അച്യുതാനന്ദന്‍ കൂടി കൊല്ലത്തു സിപിഐ സമ്മേളന നഗരിയില്‍ എത്തിയതോടെ പപ്പരാസിപ്പട അപ്പാടെ കൊല്ലത്തെത്തി. അങ്ങനെ സിപിഎം ചെലവില്‍ സിപിഐക്ക് ഉശിരന്‍ പബ്ലിസിറ്റി.

ജയരാജന്‍ സംഭവത്തില്‍ സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്തെങ്ങും പൂര്‍ണമായിരുന്നു. പ്രധാന നഗരങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ പോലും ഓടിയില്ല. കട കമ്പോളങ്ങള്‍ തുറന്നില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരിടത്തും പ്രവര്‍ത്തിച്ചില്ല. ദേശാഭിമാനി ഭാഷയില്‍ കേരളം നിശ്ചലം. അങ്ങനെ ഒരു ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു വിജയിപ്പിക്കാന്‍ സിപിഎമ്മിനു തനിച്ചു കഴിയുമെന്നിരിക്കേ, കൂടെയുള്ള സുഹൃത്തുക്കള്‍ സഹായിച്ചില്ല എന്നു നിലവിളിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന സംശയം ബാക്കി. ഏതായാലും കഴിഞ്ഞ ഒരാഴ്ച അതില്‍പ്പിടിച്ചായിരുന്നു സിപിഐയുടെ വളര്‍ച്ച.

ജയരാജന്‍, ടി.വി. രാജേഷ് എന്നിവരുടെ

അറസ്റ്റിനെതിരേ പരസ്യ നിലപാട് സ്വീകരിക്കാതിരുന്ന സിപിഐക്കാര്‍ ഇപ്പോള്‍രഹസ്യമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ്. സിപിഎം നേതാക്കളെ കാണാനല്ല, ജയിലിന്‍റെ ഉള്‍ഭാഗം ശരിക്കൊന്നു കാണാനാണ് ഇവരുടെ വരവെന്നും ചില അസൂയാലുക്കള്‍ അടക്കം പറയുന്നു. അറസ്റ്റിനെ തള്ളിപ്പറയാതിരുന്നവര്‍ ജയിലില്‍ തങ്ങളെ കാണാന്‍ വരേണ്ടെന്നു പറയാനുള്ള ബുദ്ധി സിപിഎം നേതാക്കള്‍ക്കും ഇല്ലാതെ പോയി.

അടിയന്തരാവസ്ഥക്കാലത്ത് ഇഎംഎസ്, എകെജി തുടങ്ങിയ സിപിഎം നേതാക്കളെല്ലാം ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ പീഡനങ്ങള്‍ ഏറ്റു വാങ്ങി, രോഗാതുരനായി തിരുവനന്തപുരം മെഡിക്കല്‍ കോളെജിലാണ് എകെജി മരിച്ചത്. പൗരാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതിനെതിരേ പട നയിച്ച എകെജിയുടെ മരണം അടിയന്തരാവസ്ഥ പിന്‍വലിച്ചതിന്‍റെ തൊട്ടടുത്ത ദിവസം ആയിരുന്നു എന്നതും യാദൃശ്ചികം.

അക്കാലത്ത് കോണ്‍ഗ്രസുമായി കൂടി അധികാരം പങ്കിടുകയായിരുന്നതു കൊണ്ട് സിപിഐക്കാര്‍ക്ക് ആര്‍ക്കും പൊലീസിന്‍റെ അടിയും ഇടിയും കൊള്ളാനുള്ള ഭാഗ്യം ലഭിച്ചില്ല. പിന്നീടിങ്ങോട്ട് അതുപോലൊരു അവസരം കിട്ടിയതുമില്ല. ഏതായാലും ജയരാജനെയും രാജേഷിനെയും കാണാന്‍ ജയിലില്‍ പോയതുകൊണ്ട് ചില്ലറ ഗുണമൊക്കെ ഉണ്ടെന്നാണ് എംഎന്‍ സ്മാരകത്തില്‍ നിന്നുള്ള അശരീരി. വല്യേട്ടനെ തെറിവിളിച്ചതിന്‍റെ പഴി പോക്കുകയും ചെയ്യാം, ജയിലിനുള്ളിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ നേരിട്ടു മനസിലാക്കുകയും ചെയ്യാം.

പക്ഷേ, നിനച്ചിരുന്ന ഒരു പൂതി നടക്കാതെ പോയതിന്‍റെ നീരസവും കൊച്ചേട്ടന്‍ മറച്ചു വയ്ക്കുന്നില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ സഖാവ് പി. കൃഷ്ണ പിള്ള അനുസ്മരണമായിരുന്നു ഇന്നലെ. ആലപ്പുഴ വലിയ ചുടുകാട്ടില്‍ സിപിഎം-സിപിഐ സംയുക്തമായി അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. സിപിഎമ്മിനെ പ്രതിനിധീകരിച്ചു പിണറായി വിജയനും സിപിഐയില്‍ നിന്ന് പന്ന്യനും പങ്കെടുക്കും എന്നായിരുന്നു അറിയിപ്പ്. പറഞ്ഞുപോയതിന്‍റെ പ്രാശ്ചിത്തവും പറയാനിരിക്കുന്നതിന്‍റെ സൂചനയുമൊക്കെ മണ്‍മറഞ്ഞ സഖാക്കളുടെ ബലികുടീരങ്ങള്‍ സാക്ഷിയാക്കി വല്യേട്ടനോടു പറയാമെന്നായിരുന്നു, പന്ന്യന്‍റെ പ്രതീക്ഷ. പക്ഷേ, അതൊക്കെ പറയാന്‍ അനന്തപുരിയിലെ എകെജി സെന്‍ററില്‍ വന്നാല്‍ മതിയെന്ന മട്ടില്‍ ഇന്നലെത്തെ യോഗത്തില്‍ പിണറായി പങ്കെടുത്തില്ല. അതു പാരയാകുമെന്ന പേടിയും എംഎന്‍ സ്മാരകത്തിനുണ്ട്. 2014ലെ തെരഞ്ഞെടുപ്പ് അത്ര അകലെയല്ല. വല്യേട്ടനോട് അന്നു കണക്കു പറയേണ്ടി വരുമെന്ന് മറ്റാരേക്കാളും നന്നായി പ

ന്ന്യന് അറിയാം. അതിന്‍റെ സൂചനയല്ലേ, ഇന്നലെ തന്നതെന്നും കൊച്ചേട്ടന്‍ പേടിക്കുന്നു.

സ്റ്റോപ് പ്രസ്

കേരളത്തിലെ കോണ്‍ഗ്രസ് സംഘടന തെര ഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലാണ്. വോട്ടെടുപ്പ് വളരെ വേഗത്തില്‍ പുരോഗമിക്കുന്നു. പ്രത്യേക സാഹചര്യം മൂലം രണ്ടു പേര്‍ക്കു മാത്രമേ വോട്ടവകാശമുള്ളൂ. കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്കും. കേരളത്തിലിരുന്ന് ഇരുവര്‍ക്കും വോട്ടു ചെയ്യാന്‍ ധൈര്യമില്ലാത്തതുകൊണ്ട് ഡല്‍ഹിയില്‍ ചെന്നേ വോട്ടു ചെയ്യൂ. ഫലം രണ്ടു ദിവസ ങ്ങള്‍ക്കുള്ളില്‍ അറിയാം. പിന്നീട് എന്തൊക്കെ അറിയേണ്ടി വരുമെന്ന് ആര്‍ക്കറിയാം. കണ്ടിടത്തോളം മുണ്ട് ചുമ്മാ മുറുക്കിയുടുത്താല്‍ മതിയാകുമെന്ന് തോന്നുന്നില്ല; നല്ല ഒന്നാന്തരം ബെല്‍റ്റ് തന്നെ വാങ്ങി കെട്ടേണ്ടിവരും ഗ്രൂപ്പ് നേതാക്കള്‍ക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ