പേജുകള്‍‌

2012, നവംബർ 10, ശനിയാഴ്‌ച

സിപിആര്‍
അല്ല, ഈ യുഡിഎഫിന് ഇതെന്തു പറ്റി എന്നായിരുന്നു ഇതുവരെയുള്ള ആലോചന. മുന്‍ധാരണകളെല്ലാം തെറ്റിച്ച് എത്ര അടുക്കും ചിട്ടയോടുമായായിരുന്നു അതിന്‍റെ പോക്ക്. എന്നാല്‍ എല്ലാം വെറും തോന്നലെന്ന് ഇപ്പോള്‍ ബോധ്യമായി. കഷ്ടിച്ചു രണ്ട് എംഎല്‍എ മാരുടെ ഭൂരുപക്ഷവുമായി ഭരണത്തിലെത്തിയ കുഞ്ഞൂഞ്ഞു സര്‍ക്കാരിന് രണ്ടു മാസം തികയ്ക്കാന്‍ കഴിയുമോ എന്നുവരെ സംശയിച്ചവരുണ്ട്. 110 സീറ്റിന്‍റെ മൃഗീയ ഭൂരിപക്ഷം നേടി 1977ല്‍ അധികാരത്തിലെത്തിയിട്ടും മുഖ്യമന്ത്രിക്കസേരയില്‍ കഷ്ടിച്ച് രണ്ടു മാസം തികച്ചിരിക്കാന്‍ കഴിഞ്ഞില്ല, ലീഡര്‍ കെ. കരുണാകരന്. രാജന്‍ കേസില്‍ കുടുക്കി പാവത്തെ കെട്ടുകെട്ടിച്ചു.

കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച 2006ലെ തെരഞ്ഞടുപ്പില്‍ 63 പാര്‍ട്ടി എംഎല്‍എ മാരുടെ പിന്തുണയുണ്ടായിരുന്നു അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണിക്ക്. യുഡിഎഫില്‍ 99 എംഎല്‍എമാരുണ്ടായിരുന്നു അന്ന് ആന്‍റണിക്കൊപ്പം. പറഞ്ഞിട്ടെന്താ, കാലാവധി തികയ്ക്കാന്‍ ഒന്നര വര്‍ഷം ബാക്കി നില്‍ക്കെ ആന്‍റണി രായ്ക്കുരാമാനം അനന്തപുരി വിട്ട് ഇന്ദ്രപ്രസ്ഥത്തിലേക്കു പറന്നു. പിന്നീട് ഇന്നോളം ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടു പോലുമില്ല. ദോഷം പറയരുത്, കേരളത്തില്‍ നിന്നു വണ്ടി വിട്ടതോടെ ആന്‍റണിയുടെ നക്ഷത്രം തെളിഞ്ഞു. കേന്ദ്ര ക്യാബിനറ്റില്‍ ആന്‍റണിക്കു മുകളില്‍ ഇപ്പോള്‍ ഒരേയൊരാളേയുള്ളൂ-പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ഈ ആഴ്ച സിങ് വിദേശയാത്ര നടത്താനിരിക്കുകയാണ്. മടങ്ങിവരുന്നതുവരെ കേന്ദ്ര ക്യാബിനറ്റ് നയിക്കുക, കേരളത്തിന്‍റെ ഈ മുന്‍ മുഖ്യമന്ത്രി ആയിരിക്കും. ഇതിനു മുന്‍പ് ഒരു മലയാളിക്കും ലഭിക്കാത്ത ഭാഗ്യം.

കരുണാകരനും ആന്‍റണിക്കുമില്ലാത്ത വല്ല വൈഭവവും ഉമ്മന്‍ ചാണ്ടിക്ക് ഉള്ളതായി ആരും കരുതുന്നില്ല. തന്‍റെ മുന്‍ഗാമികളുടെ അനുഭവം തനിക്കും ഉണ്ടാകുമോ എന്ന ആശങ്ക ഉമ്മന്‍ ചാണ്ടിക്ക് ഇല്ലാതെയുമില്ല. എന്നുകരുതി അധികാരം അത്ര പെട്ടെന്ന് ഇട്ടൊഴിയുമെന്ന് ആരും കരുതരുത്. ഉമ്മന്‍ ചാണ്ടി ഒന്നാന്തരം രാഷ്ട്രീയ വെടിക്കെട്ടുകാരനാണ്. അങ്ങനെയൊരാളെയാണ് കോണ്‍ഗ്രസുകാരായ വി.ഡി. സതീശനും ടി.എന്‍ പ്രതാപനും കേരള കോണ്‍ഗ്രസ്കാരനായ പി.സി ജോര്‍ജും മറ്റും ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്നത്. എല്ലാം വെറും ഓലപ്പാമ്പുകള്‍.

പക്ഷേ, കഴിഞ്ഞ ഒന്നര വര്‍ഷമായി വലിയ അനക്കവും ആവിയുമൊന്നുമില്ലാതെ കിടന്ന യുഡിഎഫില്‍ കാര്യങ്ങള്‍ ഒന്നുഷാറായി വരുന്നുണ്ട്. ഘടകകക്ഷികള്‍ തമ്മിലുള്ള ഐക്യം കണ്ടാല്‍ മാത്രം മതി കാര്യങ്ങളുടെ കിടപ്പ് അറിയാം. ദോഷം പറയരുത്, വലിയ കക്ഷിയെന്നോ ചെറിയ കക്ഷിയെന്നോ ഭേദമൊന്നുമില്ല. യുഡിഎഫില്‍ എല്ലാവരും തുല്യ(ദുഃഖിത)ര്‍.

മുന്നണി നേതാവായ കോണ്‍ഗ്രസില്‍ തുടങ്ങാം. വടക്കേ ഇന്ത്യയിലെമ്പാടും ഗാന്ധിത്തൊപ്പി വച്ചു നടക്കുന്ന കോണ്‍ഗ്രസുകാരെക്കാള്‍ നന്നായി ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കും, നമ്മുടെ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ഇന്നത്തെപ്പോലല്ല, രാജീവ് ഗാന്ധി വിലസിയ കാലത്ത് ഹൈക്കമാന്‍ഡിലായിരുന്നു രമേശിന്‍റെ ഇരിപ്പിടം. കൊള്ളാവുന്ന കോണ്‍ഗ്രസുകാരനും നല്ല നായര്‍ കൊച്ചനും എന്നായിരുന്നു ലേബല്‍. ദോഷം പറയരുത്. ആ നിലയ്ക്കുള്ള പിടിപാടും ഉണ്ടായിരുന്നു. ഇന്ന് രണ്ടു സല്‍പ്പേരുകളും പോയി. കെപിസിസി പ്രസിഡന്‍റ് വകയ്ക്കു കൊള്ളില്ലെന്നു മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ. ചാക്കോ മുതിര്‍ന്ന നേതാവല്ലെന്നും സാദാ നേതാവാണെന്നുമൊക്കെ പഴിച്ചിട്ടു കാര്യമില്ല. ചീത്തപ്പേരു വീണതു വീണുപോയി. പണ്ട്, ഡല്‍ഹിയില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന എത്ര പേരാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയിലുള്ളത്. തന്നെക്കാള്‍ താഴെയുണ്ടായിരുന്ന മമത ബാനര്‍ജി പോലും കേന്ദ്രത്തിലും ബംഗാളിലും ഭരിച്ചു രസിക്കുന്നു. പറഞ്ഞിട്ടെന്താ, ചെന്നിത്തല ഇപ്പോഴും ചെന്നിത്തലയില്‍ത്തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിയമസഭയ്ക്കു പകരം പാര്‍ലമെന്‍റിലേക്കു മത്സരിച്ചിരുന്നെങ്കില്‍ രാജയോഗം തെളിഞ്ഞേനെ.

രാജന്‍ കേസില്‍ കരുണാകരനെപ്പോലെ പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെങ്ങാനും കുരുങ്ങി പുറത്തായാല്‍ ആന്‍റണിയെപ്പോലെ രമേശ് മുഖ്യമന്ത്രി ആകുമെന്ന് അശരീരിയുണ്ടായിരുന്നു. അല്ലായിരുന്നെങ്കില്‍ നിയമസഭയിലേക്കു മത്സരിക്കുന്ന പ്രശ്നമേയുണ്ടായിരുന്നില്ല. വളപട്ടണം കേസില്‍ സുധാകരനും തിരുവഞ്ചൂരും തമ്മില്‍ ഏറ്റുമുട്ടുന്നതാണ് ഇനിയൊരു പ്രതീക്ഷ. തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് സുധാകരവാദികള്‍ നിര്‍ബന്ധം പിടിക്കുന്ന സ്ഥിതിക്ക് കണ്ണൂരില്‍ കാലു കുത്താന്‍ കൊള്ളാവുന്ന ഒരു ആഭ്യന്തര മന്ത്രിയെ കിട്ടിയേ പറ്റൂ. പെരുന്നയില്‍ നിന്നുള്ള ഗുഡ്സ് സര്‍വീസ് എന്‍ട്രി ലഭിച്ചാല്‍ രമേശിന്‍റെ നക്ഷത്രവും തെളിഞ്ഞേക്കും. ആഭ്യന്തര വകുപ്പ് മടുത്തെന്ന മട്ടിലാണ് തിരുവഞ്ചൂര്‍ എന്നും കേള്‍ക്കുന്നു. ഭൂവിനിയോഗ ബില്ലിന്‍റെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന കെ.എം. മാണിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും കേന്ദ്ര മന്ത്രി സഭാ പുനഃസംഘടനയിലും അത്ര സുഖത്തിലല്ല. മാണി മകന്‍ ജോസ്മോനു വകുപ്പില്ലാ വകുപ്പെങ്കിലും കൊടുക്കുമെന്ന് മാണിസാര്‍ വല്ലാതെ പ്രതീക്ഷിച്ചുപോയി. ഇതിന്‍റെ കേടു തീര്‍ക്കാനാണു വക്കീലുപണി നല്ലതുപോലെ അറിയാവുന്ന മാണി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരേ വാളെടുത്തിരിക്കുന്നത്. ഏതായാലും റവന്യൂ വകുപ്പില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസൂയാലുക്കള്‍ പ്രചരിപ്പക്കുന്നു.

പ്രകാശിന്‍റെ കാര്യം പോകട്ടെ, മാണിസാര്‍ തന്നെ മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. വി.ഡി. സതീശനും ടി.എന്‍ പ്രതാപനും വേണ്ടാത്ത സര്‍ക്കാരിനെ താങ്ങി നിര്‍ത്താന്‍ തങ്ങളെ കിട്ടില്ലെന്നാണു കാഞ്ഞിരപ്പള്ളിക്കാരന്‍ ജോര്‍ജിന്‍റെ ഭീഷണി. പറയുന്നതു ജോര്‍ജ് ആയതുകൊണ്ട് അതു കാര്യമാക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസില്‍ നിന്നു തന്നെ മറുമൊഴി. ഏതായാലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള അങ്കം യുഡിഎഫ് ക്യാംപില്‍ ആവേശം വിതറുന്നുണ്ട്.

മുന്നണി ബന്ധത്തില്‍ മുസ്ലിം ലീഗും പെരുത്ത സന്തോഷത്തിലാണ്. കേന്ദ്ര മന്ത്രിസഭയില്‍ ഏഴു ക്യാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തി വികസിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ തഴഞ്ഞു എന്നാണു പ്രധാന ആക്ഷേപം. മുതിര്‍ന്ന നേതാവ് ഇ. അഹമ്മദിന് ക്യാബനിറ്റ് പദവി നിശ്ചയമായും ലഭിക്കേണ്ടതായിരുന്നു എന്നാണ് ലീഗ് യോഗത്തിന്‍റെ വിലയിരുത്തല്‍. അങ്ങനെ ആക്കിയില്ലെന്നു മാത്രമല്ല, കൈയിലുണ്ടായിരുന്ന മാനവശേഷി വികസന വകുപ്പ് ശശി തരൂരിനു നല്‍കുകയും ചെയ്തു. ന്യൂനപക്ഷ സമ്മര്‍ദം എന്ന ദുഷ്പേരു ചാര്‍ത്തി തങ്ങള്‍ക്കു ലഭിക്കേണ്ട പരിഗണന പോലും നല്‍കുന്നില്ലെന്നും അവര്‍ക്ക് പരാതി.

മുന്നണിക്കുള്ളിലും പ്രതിപക്ഷത്തും ലീഗിനെ ചിലര്‍ ഒറ്റപ്പെടുത്തി ആക്രമിക്കുമ്പോള്‍ ഒരു മുന്നണി എന്ന നിലയില്‍ ആരും സഹായിക്കാന്‍ വരുന്നില്ലെന്നും ലീഗ് ആരോപിക്കുന്നു. ഇന്നു കൂടുന്ന മുന്നണി യോഗത്തില്‍ അവര്‍ ഇക്കാര്യം ഉന്നയിക്കും. റേഷന്‍ പിരിവിന്‍റെ കാര്യത്തില്‍ ഒരു പെരുന്നാളിനുള്ള വകയൊക്കെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലുണ്ട്. വകുപ്പിന്‍റെ പേരില്‍ പിരിവ് അനുവദിക്കില്ലെ ന്നു മന്ത്രി. മന്ത്രി തന്നെ പിരിവു നടത്തുന്നതായി പാര്‍ട്ടി നേതാക്കള്‍. അഹോ, എന്തു രസം!

പതിവുപോലെ ഇന്നത്തെ യോഗ ത്തിലും ആര്‍. ബാലകൃഷ്ണ പിള്ള പങ്കെടുക്കുമെന്നു കരുതാന്‍ ന്യായമില്ല. ഏതു നേരത്തും ഒരു വെടിക്കെട്ടിനുള്ള വക പിള്ള സാറും നാവില്‍ കരുതിയിട്ടുണ്ടാവും. ഇടയ്ക്ക് അതു പൊട്ടുന്നതാണ് യുഡിഎഫിലെ ആളനക്കത്തിന്‍റെ മറ്റൊരു ലക്ഷണം. പരിയാരം മെഡിക്കല്‍ കോളെജ് ഭരണ സമിതി പിരിച്ചുവിട്ടില്ലെങ്കില്‍ യുഡിഎഫ് വിടുമെന്ന് സിഎംപി നേതാവ് എം.വി. രാഘവന്‍. മെഡിക്കല്‍ കോളെജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍. അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്തൊരു ഐക്യം!

ഇനി അവശേഷിക്കുന്നത് കെ.ആര്‍ ഗൗരിയമ്മയുടെ ജെഎസ്എസ് ആണ്. ഗൗരിയമ്മ ഇപ്പോഴും പാര്‍ട്ടിയിലുണ്ടോ, പാര്‍ട്ടി ഇപ്പോ ഴും മുന്നണിയിലുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ രാഷ്ട്രീയ സര്‍വകലാശാലകളില്‍ ഗവേഷണ വിഷയമാക്കുമെന്നുമുണ്ട് അശരീരി.

സ്റ്റോപ്പ് പ്രസ്

തന്‍റെ ഓഫീസിലെ മുഴുവന്‍ ക്യാമറകളും പരിശോധനയ്ക്കു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ആരൊക്കെ വീഴും, ആരൊക്കെ വാഴും... ആരറിഞ്ഞു..! ഇനി ഒളിക്യാമറയോ മറ്റോ വയ്ക്കാനുദ്ദേശമുണ്ടെങ്കില്‍ ക്വട്ടേഷന്‍ അച്യുതാനന്ദന്‍ ഗ്രൂപ്പിനു വേണം കൊടുക്കാന്‍. മെട്രൊ റെയ്ലില്‍ ശ്രീധരനെപ്പോലെ, ഇക്കാര്യത്തില്‍ വിഎസ് ആണല്ലോ സബ്ജക്റ്റ് മാറ്റര്‍ "സ്പെഷ്യലിസ്റ്റ് '!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ