പേജുകള്‍‌

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

MY COLUMN IN VAARTHA DAILY SEPT 13

ഹര്‍ത്താല്‍ വേണ്ട, ബന്ദ്‌ തന്നെ വേണം
 
സി.പി .രാജശേഖരന്‍

ഇതൊരു കഥയാണ്. കാലം നിശ്ചയമില്ല. കഥാപാത്രങ്ങളെയും അറിയില്ല. പക്ഷേ, കഥയില്‍ കാമ്പുള്ളതുകൊണ്ട് കാലത്തിനു പ്രസക്തമാണ്. കഥയിങ്ങനെ: വിചാരണ പൂര്‍ത്തിയാക്കി, ന്യായാധിപന്‍ ഒരാളെ തൂക്കാന്‍ വിധിക്കുന്നു. വാദിയും പ്രതിയും തരിച്ചിരുന്ന നിമിഷം. ഒട്ടും കൂസലില്ലാതെ പ്രതിഭാഗം വക്കീല്‍ കല്പിക്കുന്നു. ഉടന്‍ ഒരു ത്രാസും കുറേ കട്ടിയും (വെയ്റ്റ് മെറ്റല്‍) കൊണ്ടുവരട്ടെ. രണ്ടും യഥാവിധി എത്തുന്നു. പ്രതിഭാഗം വക്കീല്‍ പ്രതിയുടെ തൂക്കം പരിശോധിച്ചു രേഖപ്പെടുത്തി, ശിക്ഷ നടപ്പായതായി പ്രഖ്യാപിച്ചു പ്രതിയെ വിട്ടയയ്ക്കാന്‍ നിര്‍ദേശിക്കുന്നു.

നടുങ്ങിയതു ന്യായാസനം. തൂക്കിക്കൊല്ലാന്‍ വിധിക്കുമ്പോള്‍ തൂക്കിക്കൊല്ലാന്‍ തന്നെ വിധിക്കണം, അല്ലാതെ തൂക്കാന്‍ വിധിക്കരുത്. അങ്ങനെ വിധിച്ചാല്‍ വിധി ഇങ്ങനയേ നടപ്പാക്കാനാവൂ എന്നായി വക്കീല്‍. കോടതിക്കു കാര്യം പിടികിട്ടി. തൂക്കുക എന്നാല്‍ തൂക്കിക്കൊല്ലുക എന്നല്ല അര്‍ഥം. അതുകൊണ്ടാണത്രേ, പിന്നീടുള്ള വിധിന്യായങ്ങള്‍ കോടതി ഇങ്ങനെ പരിഷ്കരിച്ചു; പ്രതിയെ മരണം വരെ തൂക്കിക്കൊല്ലുക. തൂക്കിലേറ്റുന്ന പ്രതി, തൂക്കുകയറില്‍ത്തന്നെ മരിച്ചു എന്നു ഡോക്റ്റര്‍ വിധിയെഴുതിക്കഴിഞ്ഞു മാത്രമേ, ഇപ്പോള്‍ മൃതദേഹം അഴിച്ചിറക്കൂ.

പണ്ടത്തെ കഥയാണിത്. ഇന്നങ്ങനെയല്ല. വിധികള്‍ നടപ്പാക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല, നീതിപീഠത്തിനു പോലും. പൊതുവഴിയില്‍ തുപ്പരുതെന്നു വിധിയുണ്ടായില്ലേ? പൊതു സ്ഥലത്തു പുക വലിക്കരുതെന്നും പറഞ്ഞു. പൊതു റോഡില്‍ സമ്മേളനം നടത്തുന്നതു വിലക്കി. ഘെരാവോ നടപടിദൂഷ്യമാക്കി. എന്തിനധികം! ബന്ദ് നിരോധിച്ചെന്നു മാത്രമല്ല, സമരത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരേ പോലും കേസ് എടുത്ത് വിചാരണ ചെയ്യാന്‍ വിധിയുണ്ടായി. എന്നിട്ടു വല്ലതും നടപ്പായോ?

1997 ജൂലൈയില്‍ കേരളം ഒന്നും രണ്ടുമല്ല, എണ്ണം പറഞ്ഞ മൂന്നു ബന്ദുകള്‍ക്കു സാക്ഷ്യം വഹിച്ചു. ബന്ദൊന്നിന് 150 കോടി രൂപ വച്ചു സംസ്ഥാനം ദീവാളി കുളിച്ചു. വ്യവസായ മേഖലയ്ക്കു മാത്രം 50 കോടി രൂപ വച്ചു നഷ്ടമുണ്ടെന്നും ഇത്തരം സമരങ്ങള്‍ ഉത്പാദനമേഖലയെ തളര്‍ത്തുമെന്നും കാണിച്ചു കൊച്ചിന്‍ ചേംബര്‍ ഒഫ് കോമേഴ്സ് അടക്കുമുള്ള ചില സംഘടനകളും വ്യക്തികളും ഹൈക്കോടതിയെ സമീപിച്ചു. ബന്ദ് ഭരണഘടാനിവിരുദ്ധമായി പ്രഖ്യാപിക്കമമെന്നായിരുന്നു ഹര്‍ജിക്കാരുടെ അപേക്ഷ. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്്മണ്യന്‍, ജസ്റ്റിസ് ജെ.ബി. കോശി എന്നീ ന്യായാധിപന്മാരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചു. ഇന്ത്യയില്‍ ഇത്തരത്തിലൊരു വിധി നടപ്പാക്കിക്കിട്ടുന്ന ആദ്യ സംസ്ഥാനമായി ബന്ദിന്‍റെ സ്വന്തം നാടായിരുന്ന കേരളം.

പിന്നീടിങ്ങോട്ട് ഇന്നോളം കേരളത്തില്‍ ഒരു ബന്ദുപോലും ഉണ്ടായിട്ടില്ല. എന്നാല്‍, കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടെ ഇവിടെ നൂറിലധികം ഹര്‍ത്താലുകള്‍ നടന്നു. ഒരു കണക്കിനു ബന്ദായിരുന്നു നല്ലത്. അപൂര്‍വമായിരുന്നു ബന്ദ് . ബന്ദ്, ഹര്‍ത്താല്‍ എന്നു പേരു മാറ്റിയപ്പോള്‍ ആഴ്ചയില്‍ രണ്ട് എന്നായി മാറിയതു മിച്ചം. തൂക്കിക്കൊല്ലാന്‍ വിധിച്ചവനെ തൂക്കാന്‍ വിധിച്ചതുപോലായി ബന്ദ് നിരോധനം.

ഇന്ന് അര്‍ധ രാത്രി മുതല്‍ നാളെ അര്‍ധ രാത്രി വരെ നീളുന്ന പടുകൂറ്റന്‍ ഹര്‍ത്താലാണു രാജ്യം കാത്തിരിക്കുന്നത്. പതിവുപോലെ പ്രതിപക്ഷം മാത്രമല്ല ഹര്‍ത്താലിന്‍റെ പ്രായോജകര്‍. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ഭരണപക്ഷവും ജനങ്ങളെ ബന്ദിയാക്കാന്‍ മത്സരിക്കുന്നു. രാജ്യത്തിന്‍റെ മൊത്തം ജനസംഖ്യ 118 കോടി. സമരക്കാരുടെ ഭാഷയില്‍ ഇന്നു തുടങ്ങുന്ന പൊതുപണിമുടക്കില്‍ പങ്കെടുക്കുന്നത് ആറു കോടി തൊഴിലാളികള്‍. ആറുകോടി ആളുകളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും അംഗീകരിച്ചുകിട്ടാന്‍ 112 കോടി ജനങ്ങളെ ബന്ദിക്കണോ, സാര്‍? വേണമല്ലോ? അതല്ലേ ജനാധിപത്യം?

അര ദിവസത്തെ ഹര്‍ത്താലുകൊണ്ട് രാജ്യത്തിനു നഷ്ടപ്പെടുന്നത് 13,000 കോടി രൂപ. കേരളത്തിന് 650 കോടി രൂപ. മുഴുദിവസത്തെ ഹര്‍ത്താല്‍ കൊണ്ട് ഇതിന്‍റെ ഇരട്ടി നഷ്ടം സംഭവിച്ചേക്കാം. വിലവര്‍ധനവില്‍ പ്രതിഷേധിച്ചാണു നാളത്തെ പണിമുടക്ക്. ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ ജൂണ്‍ 19 നും 26 നും കേരളം ഹര്‍ത്താല്‍ നടത്തി. എന്നിട്ട് ഹര്‍ത്താലിന്‍റെ വിലകുറഞ്ഞതല്ലാതെ, മറ്റെന്തിന്‍റെയെങ്കിലും വില കുറഞ്ഞോ? എന്നാല്‍ ചിലര്‍ക്ക് അതുണ്ടാക്കുന്ന രാഷ്ട്രീയ ലാഭം അത്ര ചെറുതല്ല. ചെറിയചെറിയ ലാഭങ്ങള്‍ക്കു വേണ്ടി ഇത്തിരി വലിയ നഷ്ടം സഹിച്ചേ പറ്റൂ. അല്ലെങ്കിലും എത്രയോ നാളായി നമ്മള്‍, സാധാരണക്കാര്‍ അതിനു പാകപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഹര്‍ത്താലോ പണിമുടക്കോ അല്ല, സാക്ഷാല്‍ ബന്ദ് തന്നെ തിരിച്ചു വന്നാലും നാമതു സ്വീകരിക്കും. രണ്ടു കൈയും നീട്ടി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ