പേജുകള്‍‌

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

ശാസ്ത്രിയുടെ കസേരയില്‍
മമത ഇരുന്നാല്‍
ഇക്കഴിഞ്ഞ മേയ് 28 ന് പശ്ചിമ ബംഗാളിലുണ്ടായ ജ്ഞാനേശ്വരി ട്രെയ്ന്‍ ദുരന്തത്തെക്കുറിച്ചു റെയ്ല്‍വേ സേഫ്റ്റി കമ്മിഷണര്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. 150 പേരുടെ മരണത്തിനു കാരണമായ ഈ ദുരന്തത്തിനു പിന്നില്‍ അട്ടിമറിയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. റെയ്ലുകള്‍ ഇളക്കിമാറ്റിയതും പാളങ്ങള്‍ ഉറപ്പിക്കുന്ന ലെവലുകളില്‍ കേടുപാടു വരുത്തിയതുമാണ് അപകടമുണ്ടാക്കിയതത്രേ. ഈ ദുരന്തത്തില്‍പ്പെട്ട പലരെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. എസ് 3 കംപാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്തിരുന്ന രവീന്ദ്ര നാഥ് എന്ന യാത്രക്കാരനെക്കുറിച്ച് ഇനിയും വിവരമില്ല. ഇദ്ദേഹത്തെ കണ്ടുപിടിക്കണമെന്ന ആവശ്യവുമായി ഭാര്യ മാല ഗുപ്ത കയറിയിറങ്ങാത്ത ഓഫിസുകളില്ല. പ്രധാനമന്ത്രി, കേന്ദ്ര റെയ്ല്‍വേ മന്ത്രി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി എന്നിവരോടെല്ലാം മാല തന്‍റെ കദനം വിവരിച്ചു. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതാനും മൃതദേഹങ്ങളിലൊന്ന് രവീന്ദ്ര നാഥിന്‍റേതായിരിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. എന്നാല്‍ ഡിഎന്‍എ ടെസ്റ്റില്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ആനുകൂല്യങ്ങളൊന്നും മാലയ്ക്കും മകനും ലഭിച്ചതുമില്ല. തന്‍റെ ഭര്‍ത്താവ് മരിച്ചിട്ടില്ലെന്നും എന്നെങ്കിലും തിരിച്ചു വരുമെന്നും ഉറച്ചു വിശ്വസിക്കുന്ന മാല, പക്ഷേ മകന്‍റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറുന്നു. അദ്ദേഹത്തിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് കിട്ടിയിരുന്നെങ്കില്‍ ആശ്രിതര്‍ക്കുള്ള ധനസഹായമെങ്കിലും വാങ്ങാമായിരുന്നു എന്ന് അവര്‍ ആത്മഗതം നടത്തുന്നു. ആ സങ്കടം ആരു കേള്‍ക്കാന്‍?
         ജ്ഞാനേശ്വരി ദുരന്തം സാധാരണ അപകടമാണെന്നായിരുന്നു തുടക്കത്തില്‍ കേന്ദ്ര റെയ്ല്‍വേ മന്ത്രി മമത ബാനര്‍ജിയുടെ കണ്ടെത്തല്‍. ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പു ബഹളത്തിന്‍റെ നടുവിലുണ്ടായ അപകടം അട്ടിമറിയാണെന്ന് ആദ്യം തന്നെ സംശയിച്ചിരുന്നെങ്കിലും നക്സലുകളെ പിണക്കാതിരിക്കാന്‍ മമത അത് അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പു ഫലം അനുകൂലമാക്കാനായിരുന്നു നീക്കമെന്ന് അന്നു പശ്ചമ ബംഗാള്‍ സര്‍ക്കാരും സിപിഎമ്മും ആരോപിച്ചു. ഈ ആരോപണം ശരിവയ്ക്കുന്നതാണ് റെയ്ല്‍വേയുടെ ഇപ്പോഴത്തെ അന്വേഷണ റിപ്പോര്‍ട്ട്.
          മന്‍മോഹന്‍ സര്‍ക്കാരില്‍ റെയ്ല്‍വേ വകുപ്പ് മമത ചോദിച്ചു വാങ്ങിയതാണ്. ഈ വകുപ്പ് ഉപയോഗിച്ച് പശ്ചിമ ബംഗാളില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു ലക്ഷ്യം. അതില്‍ അവര്‍ വിജയിച്ചു. മമത അധികാരമേറ്റ ശേഷം ചെറുതും വലുതുമായി ഒരു ഡസനിലധികം അപകടങ്ങളുണ്ടായി. റെയ്ല്‍വേ വകുപ്പിന്‍റെ ചുമതലയേറ്റ ശേഷം മമത കോല്‍ക്കത്തയില്‍ത്തന്നെയാണു സ്ഥിരതാമസം. കോല്‍ക്കത്തയിലിരുന്നാലും ഭരിക്കാമെന്നായിരുന്നു വിമര്‍ശകര്‍ക്കുള്ള മറുപടി. മമത കോല്‍ക്കത്തയിലിരുന്നു റെയ്ല്‍വേ ഭരിച്ചപ്പോഴാണു പശ്ചിമ ബംഗാളില്‍ ഏറ്റവും കൂടുതല്‍ റെയ്ല്‍ അപകടങ്ങളുണ്ടായത്. ഇക്കഴിഞ്ഞ ദിവസവും കോല്‍ക്കത്ത മെട്രൊ റെയ്ല്‍വേയില്‍ അപകടമുണ്ടായി. അപ്പോഴും ബംഗാളില്‍ത്തന്നെയുണ്ടായിരുന്ന മമത അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന്‍റെ പ്രചാരണ പരിപാടികളില്‍ മുഴുകിയിരിക്കുകയായിരുന്നു. ഇതെക്കുറിച്ചു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടിയും നല്കി- 365 ദിവസവും സര്‍വീസ് നടത്തുന്നതാണു റെയ്ല്‍വേ. നൂറു കണക്കിനു ട്രെയ്നുകള്‍ ഓരോ ദിവസ വും സര്‍വീസ് നടത്തുന്നുണ്ട്. അതില്‍ ചിലത് അപകടത്തില്‍പ്പെടുന്നതില്‍ അതിശയിക്കാനില്ലത്രേ!
     മമതയുടെ പോലും ഓഫിസുകളില്‍ ചില്ലിട്ടു സൂക്ഷിക്കുന്ന ഒരു ചിത്രമുണ്ട്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ. പാര്‍ലമെന്‍റിനോടും ജനങ്ങളോടും വകുപ്പു മന്ത്രിയുടെ ഉത്തരവാദിത്വം സംബന്ധിച്ച് അദ്ദേഹം പാര്‍ലമെന്‍റില്‍ നടത്തിയിട്ടുള്ള ഉജ്വലമായ ഒരു പ്രസംഗമുണ്ട്. ജോലിത്തിരക്കില്‍ മമത അതു വായിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ജനാധിപത്യ ബോധമുള്ളവരാരും അതു മറക്കാനിടയില്ല. 1956ല്‍ മഹബൂബ് നഗറിലുണ്ടായ ട്രെയ്ന്‍ അപകടത്തില്‍ 112 പേര്‍ മരിച്ചു. അപകടത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അന്നത്തെ റെയ്ല്‍വേ മന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിക്കു രാജിക്കത്തു നല്കി. നെഹ്റു രാജി നിരസിച്ചു. മൂന്നു മാസത്തിനുള്ളില്‍ തമിഴ്നാട്ടിലെ അരിയാലൂരില്‍ അപകടം ആവര്‍ത്തിച്ചു. അന്ന് 144 പേര്‍ മരിച്ചു. അപ്പോഴും ശാസ്ത്രി രാജിക്കത്തു നല്കി. കത്ത് സ്വീകരിച്ചു കൊണ്ട് പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു, ഈ അപകടവുമായി ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് ഒരു ബന്ധവുമില്ല. എന്നാലും പാര്‍ലമെന്‍റിനോടും രാജ്യത്തെ ജനങ്ങളോടുമുള്ള അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വവും വിധേയത്വവും എടുത്തുകാട്ടാന്‍ പറ്റിയ ഉദാഹരണമായി ഇതു നിലനില്ക്കും. അതുകൊണ്ട് ഈ രാജി ഞാന്‍ സ്വീകരിക്കുന്നു. ശാസ്ത്രി പിന്നീടും തെരഞ്ഞെടുപ്പില്‍ മത്സരിച്ചു, മന്ത്രിയായി, പ്രധാനമന്ത്രിയായി. അദ്ദേഹം പുലര്‍ത്തിയ രാഷ്ട്രീയ മര്യാദ ഇന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പവിത്ര മാതൃകയായി നിലകൊള്ളുന്നു. അന്നത്തെ നേതാക്കന്മാരുടെ ഉത്തരവാദിത്വം രാജ്യത്തിനോടും ജനങ്ങളോടുമായിരുന്നു. നിത്യേന അപകടം നടന്നാലും കുഴപ്പമില്ല, താന്‍ ഇരിക്കുന്ന സ്ഥലത്ത് അമര്‍ന്നിരുന്നു ഭരിച്ചു രാഷ്ട്രീയം കളിക്കുമെന്നു ധാര്‍ഷ്ട്യം പുലര്‍ത്തുന്ന മമതാ ബാനര്‍ജിമാര്‍ ഇന്നത്തെ ജനാധിപത്യത്തിന്‍റെ ബാധ്യതയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ