പേജുകള്‍‌

2010, നവംബർ 8, തിങ്കളാഴ്‌ച

ആരും മുക്കിക്കൊല്ലരുത്
ആദര്‍ശ് അഴിമതിയെ  
1999 മേയ് മുതല്‍ ജൂലൈ വരെയുള്ള മൂന്നു മാസം. ജമ്മു കശ്മീരിലെ ഹിമവല്‍ശൃംഗങ്ങളുടെ ഉച്ചിയില്‍ സമുദ്ര നിരപ്പില്‍ നിന്ന് പതിനെണ്ണായിരം അടി വരെ ഉയരത്തില്‍ കാര്‍ഗില്‍ എന്ന സൈനിക താവളം. പൂജ്യത്തിനു താഴെ 48 ഡിഗ്രി വരെ തണുത്തുറഞ്ഞുപോയ മഞ്ഞുപാളികള്‍ക്കു മീതെ പ്രാണവായുവിനു പോലും ബുദ്ധിമുട്ടി നൂറുകണക്കിനു വീരജവാന്മാര്‍. അതിര്‍ത്തിക്കപ്പുറത്തുനിന്ന് തീവ്രവാദം കടത്തിവന്ന കൊടുംകുറ്റവാളികളെയും പാക്കിസ്ഥാന്‍ സൈന്യത്തെയും കൊന്നൊടുക്കിയും ആട്ടിപ്പായിച്ചും ഈ ധീരദേശാഭിമാനികള്‍ കാര്‍ഗില്‍ യുദ്ധഭൂമിയില്‍ വെന്നിക്കൊടി പാറിച്ചു, ജൂലൈ 26 ന്. അപ്പോഴേക്കും മലയാളി ലഫ്. കേണല്‍ വിശ്വനാഥന്‍ ഉള്‍പ്പെടെ നാനൂറില്‍പ്പരം വീരജവാന്മാര്‍ ജനിച്ച മണ്ണിനു വേണ്ടി ജീവത്യാഗം ചെയ്തിരുന്നു. നിരാലംബരായ അവരുടെ മാതാപിതാക്കള്‍, നൂറുകണക്കിനു വിധവകള്‍, പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍... തോരാക്കണ്ണീരില്‍ മുങ്ങിപ്പോയ ഇവരെ നോക്കി ഇന്ത്യക്കാര്‍ ഉറക്കെ വിളിച്ചു പറഞ്ഞു: നിങ്ങള്‍ അനാഥരല്ല, ഈ രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.
    സൈന്യത്തില്‍ ചേര്‍ന്നവരും ചേരാനിരുന്നവരും അഭിമാനംകൊണ്ടു പുളകിതരായി. ദേശാഭിമാനത്തിന്‍റെ ത്രിവര്‍ണ പതാക തങ്ങളുടെ ഓരോരുത്തരുടെയും ശരീരത്തെ പുതപ്പിക്കാനുള്ളപ്പോള്‍ ഏത് അക്രമിയെയും അവന്‍റെ മാളത്തില്‍ച്ചെന്നു കടിച്ചുകീറാനുള്ള പോരാട്ടവീര്യം പുറത്തെടുക്കാന്‍ അവര്‍ ഉത്സുകരായി. കാര്‍ഗില്‍ രക്തസാക്ഷികള്‍ക്കും അവരുടെ ഉറ്റവര്‍ക്കും എന്തു കൊടുത്താലും അധികപ്പറ്റല്ലെന്നു രാജ്യം ഒറ്റക്കെട്ടായി ഉദ്ഘോഷിച്ചു. അങ്ങനെ മുംബൈ നഗരഹൃദയത്തിന്‍റെ കണ്ണായ കൊളാബയില്‍ സൈന്യത്തിന്‍റെ കൈവശമുള്ള കുറച്ചു ഭൂമിയും അവിടെ ആറു നിലകളില്‍ ഏതാനും ഫ്ളാറ്റുകളും നിര്‍മിച്ച്, കാര്‍ഗില്‍ വീരജവാന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും നല്‍കാന്‍ തീരുമാനിച്ചു. പക്ഷേ, മഹരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍റെ കസേര തെറിപ്പിച്ച, രാജ്യം കണ്ട ഏറ്റവും നിന്ദ്യവും അപഹാസ്യവുമായ അഴിമതിക്കഥയായി ഈ ഫ്ളാറ്റ് പദ്ധതി അധഃപതിച്ചതിന്‍റെ വാര്‍ത്തകളാണു കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യം കേള്‍ക്കുന്നത്.
    ആറു കോടി മുതല്‍ എട്ടരക്കോടി രൂപ വരെ വിലമതിക്കുന്ന ആഡംബര ഫ്ളാറ്റുകള്‍ വെറും 60-85 ലക്ഷം രൂപ മുടക്കി കൈക്കലാക്കിയവരില്‍ അശോക് ചവാന്‍റെ ഭാര്യാ മാതാവ്, അടുത്ത ബന്ധുക്കള്‍, മൂന്നു മുന്‍ സൈനിക മേധാവികള്‍, ഒരു ചീഫ് സെക്രട്ടറി തുടങ്ങി ഉന്നത രാഷ്ട്രീയ നേതാവിന്‍റെ ഡ്രൈവര്‍ വരെ ഉള്‍പ്പെടുന്നു. 31 നിലകളിലായി പണിതീര്‍ത്ത 103 ആഡംബര ഫ്ളാറ്റുകളില്‍ കാര്‍ഗില്‍ പോരാളികള്‍ക്കു ലഭിച്ചതു വെറും മൂന്നെണ്ണം!
    ആദര്‍ശ് അഴിമതി അശോക് ചവാനില്‍ തുടങ്ങുന്നതോ അദ്ദേഹത്തില്‍ മാത്രം അവസാനിക്കുന്നതോ അല്ല. കേന്ദ്ര സംസ്ഥാന പരിസ്ഥിതി മന്ത്രാലയങ്ങള്‍, നഗരാസൂത്രണ മന്ത്രാലയം, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതര്‍ തുടങ്ങി വന്‍തോക്കുകളുടെ നിരതന്നെയുണ്ട്. രാജ്യത്തിന്‍റെ വിവിധ മഹാനഗരങ്ങളില്‍ അഞ്ചു ഫ്ളാറ്റുകള്‍ സ്വന്തമാക്കിയ മുന്‍ ആര്‍മി ചീഫ് ദീപക് കപൂര്‍ വരെ ഈ കൊള്ളയില്‍ പങ്കാളിയായി എന്നറിയുമ്പോഴാണ് അഴിമതിയുടെ നെല്ലിപ്പലക തെളിയുന്നത്. ആദര്‍ശ് അഴമതിക്കഥ പുറത്തുകൊണ്ടു വന്നത് ഏതെങ്കിലും മന്ത്രാലയമോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികളോ അല്ല, ഇവിടത്തെ മാധ്യമങ്ങളാണ്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന കുംഭകോണ കൊടുങ്കാറ്റില്‍ നില്‍ക്കക്കള്ളിയില്ലാതെ ആടിയുലയുകയാണു കൊള്ളമുതല്‍ കൈക്കലാക്കിയവരും അതിനു വളം വച്ചവരും.
     തന്‍റെ ഭാര്യാമാതാവ് മരിച്ചു പോയെന്നും അവരുമായി തനിക്കു ബന്ധമില്ലെന്നുമാണ് അശോക് ചവാന്‍റെ നിലപാട്. കാര്‍ഗില്‍ യോദ്ധാക്കള്‍ക്കു വേണ്ടിയുള്ള ഹൗസിങ് സ്കീം ആയിരുന്നു ആദര്‍ശ് എന്ന് അറിഞ്ഞില്ലെന്നു മുന്‍ സൈനിക മേധാവികളായ ദീപക് കപൂര്‍, എന്‍.സി. വിജ്, അഡ്മിറല്‍ മാധവേന്ദ്ര എന്നിവര്‍ നാണം കെട്ട കുമ്പസാരം നടത്തുന്നു. ചവാന്‍റെ വാദം പ്രതീക്ഷിച്ചതു തന്നെ. കാരണം അദ്ദേഹം ഒരു രാഷ്ട്രീയ നേതാവാണ്. എന്നാല്‍, ആര്‍മിയുടെയും നേവിയുടെയും പരമോന്നത പദവിയിലിരുന്ന മൂന്നു പേര്‍, തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും അവരുടെ വിധവകള്‍ക്കും വേണ്ടി പണികഴിപ്പിച്ച ഫ്ളാറ്റുകള്‍ അനധികൃതമായി കൈവശപ്പെടുത്തിയ ശേഷം പച്ചക്കള്ളം പറയുന്നത് എങ്ങനെ പൊറുത്തുകൊടുക്കും ഈ രാജ്യത്തെ ജനങ്ങള്‍?
      ബന്ധപ്പെട്ട എല്ലാ അഴിമതി ആരോപണങ്ങളും സിബിഐ അന്വേഷിക്കുമെന്നു പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി അറിയിച്ചിട്ടുണ്ട്; നല്ലത്. പക്ഷേ, സിബിഐ അന്വേഷണം എന്നു കേട്ടാല്‍ എല്ലാം ശരിയായിക്കൊള്ളും എന്നു വിശ്വസിക്കാനുള്ള വിഡ്ഢിത്തം ഇപ്പോള്‍ ജനങ്ങള്‍ക്കില്ല. രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച, 40 വയസില്‍ താഴെ മാത്രം പ്രായമുള്ള സൈനികരോടുള്ള ഉത്തരവാദിത്വമെന്ന നിലയിലെങ്കിലും, ആദര്‍ശ് അഴിമതിയെക്കുറിച്ചു സുതാര്യവും സത്യസന്ധവുമായ അന്വേഷണം പൂര്‍ത്തിയാക്കണം. പെരുങ്കള്ളന്മാര്‍, അവര്‍ എത്ര ഉന്നതരായാലും തുറുങ്കിലടയ്ക്കപ്പെടണം, ഈ ഒരു കേസിലെങ്കിലും. എങ്കിലേ ശാന്തി കിട്ടൂ, കാര്‍ഗില്‍ മലനിരകളില്‍ ജീവന്‍ ത്യജിച്ച ധീരജവാന്മാര്‍ക്ക്.
(metrovaartha editorial 2010 Nov 10.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ