രാഹുല്‍ ഗാന്ധി  വായിക്കണം 
ബീഗംപെട്ടിലെ പഴയൊരു   
കണ്ണീര്‍ കഥ    
    2009 ഒക്റ്റോബര്‍ എട്ട്. വിവിഐപി വാഹനവ്യൂഹം എറണാകുളം രാജേന്ദ്ര മൈതാനവും കടന്നു മുന്നോട്ടു കുതിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയാണു വിവിഐപി. കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല തുടങ്ങി പല വിഐപികളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മഹാരാജാസ് കോളെജിന്‍റെ പ്രധാന ഗേറ്റിനു സമീപത്തെത്തിയപ്പോള്‍ രാഹുല്‍ജിയുടെ വാഹനം കോളെജിലേക്കും മറ്റുള്ളവ ഗസ്റ്റ് ഹൗസ് വഴിക്കും വഴിപിരിഞ്ഞു. 
    മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ വിവിധ കോളെജുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 1500 ഓളം കുട്ടികള്‍ അവിടെ രാഹുല്‍ജിയെ കാത്തിരിപ്പുണ്ടായിരുന്നു. ഹൈബി ഈഡന്‍റെ കൈപിടിച്ചു കടന്നുവരുന്ന യുവകോമളനെ കണ്ടപാടേ എല്ലാവരും കൈയടിച്ച് വരവേറ്റു. ടൈറ്റ് ജീന്‍സും ഇളം നീല ചെക്ക് ഫുള്‍സ്ലീവ് ഷര്‍ട്ടും ധരിച്ചു മുന്നില്‍ നില്ക്കുന്ന ഈ യുവാവാണ് ഇനി തങ്ങളുടെ നേതാവ് എന്ന് അവര്‍ വളരെ സന്തോഷത്തോടെ തിരിച്ചറിഞ്ഞു. എല്ലാവരും ഒറ്റ ശ്വാസത്തിന് “"രാഹുല്‍ജീ' എന്ന് ആര്‍ത്തുവിളിച്ചു. അദ്ദേഹം അവരെ ഉടന്‍ വിലക്കി. രാഹുല്‍ജിയല്ല, ഞാന്‍ ന ിങ്ങളുടെ രാഹുല്‍. എന്നെ രാഹുല്‍ എന്നു വിളിച്ചാല്‍ മതി. കാതടപ്പിക്കുന്ന കൈയടി, പിന്നെയും. ഒരു യുവനേതാവിനു കളം കൈയിലെടുക്കാന്‍ ഇത്രയും ധാരാളം. മഹാരാജാസില്‍ കണ്ട ഇതേ യുവനേതാവിനെ അതിനു മുമ്പും പിമ്പും ജെഎന്‍യുവിലും പാറ്റ്നയിലും കോഴിക്കോട്ടും കോല്‍ക്കത്തിയിലും ബംഗളൂരുവിലും മുംബൈയിലും ചണ്ഡീഗഡിലുമൊക്കെ വിവിധ കോളെജുകളിലും യൂനിവേഴ്സിറ്റികളിലും കണ്ടു. ഈ യുവ നേതാവില്‍ രാജ്യം ചെറിയ തോതില്‍ പ്രതീക്ഷ അര്‍പ്പിച്ചു തുടങ്ങി. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ യുപിയിലടക്കം ചില കോര്‍ണറുകളില്‍ അതു വേഗം തിരിച്ചറിയപ്പെടുകയും ചെയ്തു.
രാഹുല്‍ വന്നുപോയ എറണാകുളത്തെ മഹാരാജാസ് കോളെജില്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗം വെന്നിക്കൊടി പാറിക്കുകകൂടി ചെയ്തപ്പോള്‍ ഭാവി കേരളവും ഈ യുവനേതാവിനെ ഹൃദയത്തിലേറ്റിയെന്നു തന്നെ കരുതാം, കരുതണം.
വൈരികള്‍ എന്തൊക്കെ പ്രചരിപ്പിച്ചാലും ഇന്ത്യയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തമ്മില്‍ വല്ലാത്തൊരു ഹൃദയബന്ധമുണ്ട്. അലഹബാദിലെ ആനന്ദഭവനുമായി ഒരു തറവാട്ടു ബന്ധം തന്നെയുണ്ട് ഇന്നാട്ടുകാര്‍ക്ക്. മറ്റൊരര്‍ഥത്തില്‍പ്പറഞ്ഞാല്‍ ആനന്ദ് ഭവനിലെ ആണ്‍ പിറപ്പുകള്‍ക്കു തങ്ങളുടെ ഭാഗധേയം തീറെഴുതിക്കൊടുക്കാന്‍പോലും ഈ രാജ്യത്തുള്ളവര്‍ തയാറാവും. മോത്തിലാല്‍ നെഹ്റുവില്‍ തുടങ്ങിയ പാരമ്പര്യമാണത്. എന്നു കരുതി എല്ലാവരും എല്ലാവരെയും എല്ലായ്പ്പോഴും അംഗീകരിക്കണമെന്ന നിര്‍ബന്ധവുമില്ല.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെ തന്നെ കോണ്‍ഗ്രസില്‍ കരുത്തുറ്റ നേതാവായിരുന്നു സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റ്. പക്ഷേ, ഇന്ത്യക്കാര്‍ കൂടുതല്‍ സ്നേഹിച്ചതു നെഹ്റുവിനെ. നെഹ്റുവിന് ഒരു മകള്‍ മാത്രമായിരുന്നതു കൊണ്ട് ഇന്ദിരാ ഗാന്ധിക്കു മാത്രമായി ആ സ്നേഹം പിന്നീടു പകര്‍ന്നു കിട്ടി. ഇന്ദിരയ്ക്കു മക്കള്‍ രണ്ട്. സഞ്ജയും രാജീവും. രാഷ്ട്രീയത്തില്‍ ആദ്യമെത്തിയതു സഞ്ജയ് ആയിരുന്നെങ്കിലും ഇന്ത്യയുടെ ഹൃദയം കവര്‍ന്നതു രാജീവ്. രാജീവിനു മക്കള്‍ രണ്ട്. പ്രിയങ്കയും രാഹുലും. ഇവരില്‍ ആരോടാണു ജനങ്ങള്‍ക്കു കൂടുതല്‍ ഇഷ്ടമെന്നു ചോദിച്ചാല്‍ രണ്ടുപേരോടും തുല്യം എന്ന് എളുപ്പത്തില്‍പ്പറയും. അവസരം കിട്ടിയാല്‍ രണ്ടുപേരെയും തരാതരം തരം പോലെ ഇഷ്ടപ്പെട്ടെന്നുമിരിക്കും.
സോണിയ ഗാന്ധിയെക്കാള്‍ മുന്‍പേ രാഷ്ട്രീയത്തിലിറങ്ങി പരിചയമുണ്ട് മേനക ഗാന്ധിക്ക്. ഇരുവരുടെയും രാഷ്ട്രീയ മേല്‍വിലാസം ഇന്ദിര ഗാന്ധിയുടെ മരുമക്കള്‍. പക്ഷേ, ജനം അംഗീകരിച്ചതു സോണിയയെ. രാഹുലിനെക്കാള്‍ മുന്‍പേ രാഷ്ട്രീയത്തിലിറങ്ങിയതു വരുണ്‍ ഗാന്ധി. ഇരുവരും ഇന്ദിരയുടെ ചെറുമക്കള്‍. എന്നിട്ടും രാഹുലിനോടുള്ള അടുപ്പം വരുണിനോടില്ല. അതാണു പറഞ്ഞത്, ആനന്ദ് ഭവന്‍ എന്ന തറവാട്ടു മഹിമയില്‍ മാത്രമല്ല, മറ്റു ചിലതു കൂടി പരിഗണിച്ചാണ് ഇന്ത്യക്കാര്‍ തങ്ങളുടെ നേതാക്കളെ അംഗീകരിക്കുന്നത്.
ഇത്രയും പുരാവൃത്തം. വണ്ടി വീണ്ടും എറണാകുളം മഹാരാജാസ് കോളെജ് ഗ്രൗണ്ടില്‍. രാഹുലിനോടു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അടുപ്പം ഇത്തിരി കുറയുന്നോ എന്നൊരു അശരീരി പലേടത്തും കേള്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ഒറ്റയാന്‍പോക്കില്‍ ഒരുതരം അസ്വസ്ഥത പുകയുന്നോ എന്നൊരു സംശയം. കേരളത്തിലെ കാര്യങ്ങള്‍ രാഹുലും അദ്ദേഹവുമായി അടുപ്പമുള്ളവരുമാണു തീരുമാനിക്കുന്നതെന്ന ധാരണ പരന്നിട്ടുണ്ട്. മഹാരാജാസില്‍ കെഎസ്യു വിജയിച്ചത് ഇവിടുത്തെ ഒരു നേതാവിന്‍റെയും ചെലവില്ലെന്ന പരമാര്‍ശം ഈ സംശയം ബലപ്പെടുത്തുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വിജയ ഫോര്‍മുലയും ടീം രാഹുലിന്‍റേതാണത്രെ. അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും രാഹുലിന്‍റെ അദൃശ്യകരം പ്രവര്‍ത്തിക്കും. അവിടെയും വിജയം ഉറപ്പ്. ഇതിലൊന്നും തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന മട്ടില്‍ ചില ഇളമുറക്കാരുടെ പ്രചാരണത്തിലുള്ള അമര്‍ഷം അടക്കാന്‍ പാടുപെടുകയാണ് മുതിര്‍ന്ന നേതാക്കള്‍. മഹാരാജാസിലെന്നല്ല, ഇന്ത്യയില്‍ എവിടെപ്പോയാലും രാഹുല്‍ജി കോണ്‍ഗ്രസ് നേതാക്കളെ ഒപ്പം കൂട്ടാറില്ല. സന്ദര്‍ശന വിവരം അവരെ അറിയിക്കാറു പോലുമില്ല. പിസിസി ആസ്ഥാനത്ത് എത്താറില്ല, മുതിര്‍ന്ന നേതാക്കളെ കാണാറില്ല. അവരോട് ആശയവിനിമയം നടത്താറില്ല. രാഹുല്‍ജിയുടെ മനസിലിപ്പോള്‍ രണ്ടുതരം കോണ്‍ഗ്രസ് ഉണ്ടെന്ന് അണിയറയില്‍ കോണ്‍ഗ്രസ്കാര്‍ അടക്കം പറയുന്നു. ഒന്നു നരച്ചു മൂത്ത പഴയ കോണ്‍ഗ്രസ്. യുവത്വം മാത്രം തുളുമ്പുന്ന യുവ കോണ്‍ഗ്രസ് ആണു മറ്റൊന്ന്. ആദ്യത്തെ കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യണമെന്ന് ഒപ്പമുള്ള ഉപജാപകക്കാര്‍ ഉപദേശിക്കുന്നു. പഴഞ്ചന്മാര്‍ ഉടന്‍ കളം വിടണമത്രേ. പുതുതായി രംഗത്തു വരുന്നവര്‍ക്കുവേണ്ടി അവരെല്ലാം സ്വയം ഒഴിഞ്ഞുനില്ക്കണമെന്നാണ് വ്യാഖ്യാനം.
കോണ്‍ഗ്രസല്ലേ പാര്‍ട്ടി? ഇത്രയും കാലം വെയിലും മഞ്ഞും കൊണ്ട് ഊരുചുറ്റി പാര്‍ട്ടി വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്തവര്‍ അവസാനകാലത്തു കളം വിടണമെന്നു പറഞ്ഞാല്‍ നടന്നതു തന്നെ. പിന്നെ പാര്‍ട്ടിക്കിപ്പോള്‍ നല്ല സമയമാണ്. വച്ചടി വച്ചടി കയറ്റം. 2ജി സ്പെക്ട്രത്തില്‍ കൈ പൊള്ളിയില്ലെങ്കില്‍ കുറേ നാള്‍ കൂടി നല്ല ഗ്ലാമര്‍ ഉണ്ടാകും. അതുകൊണ്ട് എല്ലാവരും അടങ്ങിയൊതുങ്ങി കഴിയുന്നു എന്നു മാത്രം.
എന്നു കരുതി മുതിര്‍ന്ന നേതാക്കളെ അപ്പാടെ ഒഴിവാക്കി എക്കാലത്തും യുവരാജാവായി കഴിയാമെന്നു രാഹുല്‍ജി കരുതരുതെന്ന് മുറുമുറുപ്പ് ഉയര്‍ന്നു കഴിഞ്ഞു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ കുളംകലക്കലിനു കാരണം. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണു കേരളത്തില്‍. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതു കഴിഞ്ഞു മതിയെന്നാണു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം. നേരത്തേ പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്‍പ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ആലോചന. മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്‍റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ രാഹുലിനെ കണ്ട് അഭ്യര്‍ഥിച്ചതനുസരിച്ചാണ് അന്നു തെരഞ്ഞെടുപ്പ് മാറ്റിയത്.
തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണം, എങ്ങനെ നടത്തണമെന്നൊക്കെ പാര്‍ട്ടി നേതൃത്വവും അതിനു ചുമതലപ്പെട്ടവരുമാണു തീരുമാനിക്കേണ്ട്. യൂത്ത് കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം രാഹുലിനു തന്നെ. എന്നാല്‍ എല്ലാ തലങ്ങളിലും മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായി ഒഴിവാക്കുന്നതു നല്ലതാണോ എന്നു നിശ്ചയമായും രാഹുല്‍ ആലോചിക്കണം. തീരെ ചെറുപ്പമായതുകൊണ്ടു പഴയൊരു കഥ ഓര്‍മിപ്പിക്കാം.
1980 ജൂണ്‍ 23 നുണ്ടായ വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടശേഷം രാഷ്ട്രീയത്തില്‍ തന്നെ സഹായിക്കാന്‍ രാജീവ് ഗാന്ധിയെ മാതാവ് ഇന്ദിര ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയാക്കി. എയര്‍ ഇന്ത്യയിലെ ഏറ്റവും സമര്‍ഥനായ പൈലറ്റ് ആയിരുന്നു അന്നു രാജീവ്. പൈലറ്റ് പണി ഉപേക്ഷിച്ചു രാഷ്ട്രീയത്തിലിറങ്ങിയ രാജീവിനും അന്നു നിരവധി ഉപദേശകരെ കിട്ടി. എല്ലാവരും പുതുമുഖങ്ങള്‍. യുവ തുര്‍ക്കികള്‍. ഇന്നു രാഹുല്‍ ആഗ്രഹിക്കുന്നതുപോലെ, രാജ്യത്തെ യുവാക്കളുടെ വരുതിയില്‍ കൊണ്ടുവരാന്‍ രാജീവ് കടുത്ത തീരുമാനത്തിലായിരുന്നു.
1982 ല്‍ രാജീവ് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും മിന്നല്‍ പര്യടനം നടത്തി. കൂട്ടത്തില്‍ ആന്ധ്ര പ്രദേശും. ആന്ധ്ര പ്രദേശ് എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ തറവാട്ടുപാടം. നെഹ്റു കുടംബത്തിനു മുന്നില്‍ സ്വന്തം പ്രാണന്‍ പോലും എടുത്തു വയ്ക്കുന്ന കോണ്‍ഗ്രസുകാരുള്ള നാട്. മുതിര്‍ന്ന നേതാവ് ടി. അഞ്ജയ്യ ആണു മുഖ്യമന്ത്രി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും യുവരാജാവുമായ രാജീവ് ഗാന്ധി ആന്ധ്രയിലെത്തുന്ന കാര്യം മുഖ്യമന്ത്രി ഔപചാരികമായി അറിഞ്ഞിരുന്നില്ല. അറിഞ്ഞ പാടേ സകല പ്രോട്ടോകോളും മറന്ന് അഞ്ജയ്യ ബീഗംപെട്ട് വിമാനത്താവളത്തിലേക്കു കുതിച്ചു. തന്‍റെ പ്രിയ നേതാവ് ഇന്ദിര ഗാന്ധിയുടെ പ്രിയപുത്രനു സാധ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാന്‍ അഞ്ജയ്യ കൈമെയ് മറന്ന് ഉത്സാഹിച്ചു. എന്നാല്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തിനായിരുന്നു രാജീവിന്‍റെ വരവ്. തന്‍റെ സന്ദര്‍ശനത്തിന് അഞ്ജയ്യ ശല്യമാണെന്നു രാജീവ് വളരെ വേഗം മനസിലാക്കി. അദ്ദേഹം അഞ്ജയ്യയെ പൊതുജനമധ്യത്തില്‍ വല്ലാതെ അപമാനിച്ചു. അഞ്ജയ്യ ആന്ധ്രയെന്ന കോണ്‍ഗ്രസ് കോട്ട കാക്കു ന്ന മുഖ്യമന്ത്രിയാണെന്നു പോലും രാജീവ് മറന്നു. അപമാനിതനായ അഞ്ജയ്യ നിലവിളിച്ചുകൊണ്ടാണു ബീഗംപെട്ട് വിമാനത്താവളം വിട്ടത്.
   അന്നു രാജീവിനു പ്രായം 38 വയസ്. ഇന്നത്തെ രാഹുലിനേക്കാള്‍ രണ്ടു വയസ്സ് ഇളപ്പം. അന്ജയ്യക്ക് പ്രായം അറുപത്തി മുന്നും.   രാജീവ് അപമാനിച്ചതു കോണ്‍ഗ്രസ് നേതാവിനെയല്ല, ആന്ധ്രയുടെ മുഖ്യമന്ത്രിയെ ആണെന്നു പരക്കെ വിമിര്‍ശനമുയര്‍ന്നു. രാഷ്ട്രീയത്തിലിറങ്ങാന്‍ തര്‍ക്കം പാര്‍ത്തിരുന്ന ആള്‍ദൈവം നന്ദമൂരി താരക രാമറാവു അവസരം നന്നായി ഉപയോഗിച്ചു. അന്ജയ്യ കോന്ഗ്രെസ്കാരനായിരിക്കാം. എന്നാല്‍ അദ്ദേഹം തെലുങ്കനാണ്. മുതിര്‍ന്ന നേതാവാണ്. ഏതു കൊമ്പത്തെ കോന്ഗ്രെസ്സ് നേതാവായാലും തെലുങ്കന്‍റെ നെഞ്ചത്ത് കയറരുതെന്ന് രാമറാവു ആക്രോശിച്ചു.  തെലുങ്കന്‍റെ ആത്മാഭിമാനത്തില്‍ കയറിപ്പിടിച്ച് “തെലുങ്കന്‍റെ ആത്മഗൗരവം’ എന്ന മുദ്രാവാക്യമുയര്‍ത്തി. 1984  ല് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ചു എന്‍ടിആര്‍. 1994 വരെ  അദ്ദേഹം തെലുങ്കു ദേശം ഭരിച്ചു. പിന്നീടു മരുമകന്‍ ചന്ദ്ര ബാബു നായിഡവും ആന്ധ്ര. ഭരിച്ചു, പത്തു വര്‍ഷം. പിന്നീടു കോണ്‍ഗ്രസ് പച്ച തൊട്ടത് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ രംഗപ്രവേശത്തോടെ 2004 ല്‍മാത്രം.
   ഒരു കാര്യം കൂടി. ഇന്ദിരാ ഗാന്ധിയുടെ അകാല വേര്‍പാടിനെത്തുടര്‍ന്ന് 1984 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 542ല്‍ 411 എന്ന ചരിത്ര വിജയത്തോടെയാണു നാല്‍പതാം വയസില്‍ രാജീവ് പ്രധാനമന്ത്രിയായത്. അപ്പോഴേക്കും പഴയ പല കേസരികളെയും അദ്ദേഹം പിണക്കിക്കളഞ്ഞു. വി.പി. സിങ്, എന്‍.ഡി. തിവാരി, അര്‍ജുന്‍ സിങ്, വി. സി. ശുക്ല...പട്ടിക നീളും. ഫലമോ, അതേ രാജിവ് തന്നെ 1989 ല്‍ 200 സീറ്റ് പോലും കിട്ടാതെ   പ്രതിപക്ഷത്തിരിക്കുന്നതും രാജ്യം കണ്ടു. പിന്നീടൊരിക്കലും അദ്ദേഹത്തിനു രാഷ്ട്രീയവിജയത്തിലേക്കു തിരിച്ചുവരാന്‍ കഴിഞ്ഞില്ലെന്നതു വിധിവൈപരീത്യം. രാഹുലിന് ഇപ്പോള്‍ പ്രായം 40 വയസ്. ഉറപ്പുള്ള അടിത്തറയിലാണ് അദ്ദേഹം കാലുറപ്പിച്ചിരിക്കുന്നത്. പക്ഷേ നല്ല ഒഴുക്കുള്ള വെള്ളത്തിലാണു നില്പെന്നു മറക്കരുത്. ഏതു നിമിഷവും കാല്‍ വഴുതാം. പഴയതും പുതിയതും ചേര്‍ന്നാലേ കോണ്‍ഗ്രസ് നിലനില്ക്കൂ. പുതിയതിനെ മാത്രം വരിച്ചാല്‍ കാല്‍ച്ചുവട്ടിലെ മണ്ണ് വളരെ വേഗം ഒലിച്ചു പോയെന്നിരിക്കും. ബീഗംപെട്ടിലെ അഞ്ജയ്യയുടെ കഥ ഇടയ്ക്കിടെ ഓര്‍ത്താല്‍ കൊള്ളാം. എക്കാലത്തും ഒരുപോലെ ചിന്തിക്കുന്നവരല്ല, പൊതുവില്‍ കോണ്‍ഗ്രസുകാറെന്നു ഓരോ ദിവസവും 101 ആവര്‍ത്തിച്ചു ഉരുവിടണം.
 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ