ചില ജനിതക ജനാധിപത്യ
പ്രതിലോമതകള്‍
      കാര്യം സിപിഎം ഒരു കൊടുംവിപ്ലവ പ്രസ്ഥാനം തന്നെ. പക്ഷേ, സിപിഎമ്മിനു കോണ്‍ഗ്രസിനോട് ഇത്തിരി പഥ്യമുണ്ടെന്നെങ്കിലും ചില  നാമഹേതുക്കള്‍ കൊണ്ടു മനസിലാക്കണം. ചന്ദ്രപ്പന്‍ സഖാവ് പറഞ്ഞതുപോലെ സന്ദിഗ്ധഘട്ടത്തില്‍ മാത്രമല്ല, പാര്‍ട്ടിയുടെ പരമോന്നത സിറ്റിങ്ങുകള്‍ക്കും ആവാം ഒരു കോണ്‍ഗ്രസ് ടച്ച്. പാര്‍ട്ടി കോണ്‍ഗ്രസ് , പഠന കോണ്‍ഗ്രസ് തുടങ്ങിയ പേരുകള്‍ കേള്‍ക്കുംബോഴെങ്കിലും ഈ ബോധം  ഉണ്ടാകേണ്ടതാണ്. പാര്‍ടിയുടെ പരമോന്നത  സിറ്റിങ്ങിനു കോണ്‍ഗ്രെസ്കാര്‍ പോലും പ്ലിനറി എന്നേ വിളിക്കൂ. സിപിഎം അങ്ങനെയല്ല. അവര്‍ക്കത് പാര്‍ട്ടി കോണ്‍ഗ്രെസ് ആണ്.  
പഴയകാല ചരിത്രവും പാര്‍ട്ടിയുടെ ആവിര്‍ഭാവവും അറിയാവുന്നവര്‍ക്ക് അതില്‍ വൈരുധ്യം കാണാനാവില്ല. കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും അതില്‍ നിന്നു പിന്നീടു കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ മാര്‍ക്സിസ്റ്റും ഉണ്ടായി എന്നതാണു ചരിത്രം. കോണ്‍ഗ്രസിനുള്ളില്‍ ചിലരുടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ വിളഞ്ഞുമൂത്തപ്പോഴാണ് ആദ്യം കോണ്‍ഗ്രസ് സോഷ്യലിസ്റ്റും പിന്നീടു കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും രൂപം കൊണ്ടത്. ആ നിലയ്ക്കു പാര്‍ട്ടി പരമോന്നത പ്ലീനറിക്ക് റെവലൂഷനറി മീറ്റിങ് എന്നോ സോഷ്യലിസ്റ്റ് സിറ്റിങ് എന്നോ ഒന്നുമല്ല, പാര്‍ട്ടി കോണ്‍ഗ്രസ് എന്ന പേരു തന്നെയാണു കൂടുതല്‍ ചേരുക. പാര്‍ട്ടിക്കു പുറത്തുള്ള കാര്യങ്ങള്‍ പഠിക്കുന്ന മീറ്റിങ്ങിനു പാര്‍ട്ടി പഠന കമ്യൂണിസ്റ്റ് എന്ന പേരുദോഷത്തെക്കാള്‍ എന്തുകൊണ്ടും മികച്ചതു പാര്‍ട്ടിയുടെ പഠന കോണ്‍ഗ്രസ് എന്നു തന്നെയാണ്. 
   പേരുദോഷത്തിന്‍റെ ഇപ്പോഴത്തെ പ്രസക്തി എന്താണെന്നു ചോദിക്കരുത്. ഓരോന്നിനും അതാതിന്‍റേതായ പേരും പെരുമയുമൊക്കെയുണ്ട് എല്ലാ കാലത്തും. കേരളം, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സുസ്ഥിര വികസനം എങ്ങനെ നടപ്പാക്കാമെന്നു കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും വളരെ കാര്യമായിത്തന്നെ ചര്‍ച്ച ചെയ്തിരുന്നു. പൊതുമുതല്‍ സംരക്ഷിച്ചു നിലനിര്‍ത്തുക, സഹകരണ മേഖല ശക്തിപ്പെടുത്തുക, പബ്ലിക് സെക്റ്റര്‍ പോലെ പ്രൈവറ്റ് സെക്റ്ററും പരിപോഷിപ്പിക്കുക, വ്യവസായ വികസനത്തിന് ഉത്തേജനം പകരുക തുടങ്ങിയ നയസമീപനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് വളരെ സജീവമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ വിദേശ നിക്ഷേപങ്ങള്‍ക്കടക്കം പാര്‍ട്ടിയുടെ അംഗീകാരവും ലഭിച്ചു. 
   ഇതൊക്കെ നടപ്പാക്കേണ്ട ചുമതല അതതു സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മന്ത്രിസഭയെയാണു ഭരമേല്‍പ്പിച്ചത്. കേരളത്തില്‍ അത്തരത്തിലുള്ള ഏറ്റവും പ്രധാന നിര്‍ദേശമായിരുന്നു കൊച്ചി സ്മാര്‍ട്ട് സിറ്റി. ഭൂമിയിലെ സ്വതന്ത്രാവകാശം, രജിസ്ട്രേഷന്‍ ഇളവ്, സെസ് പദവി, ഊര്‍ജ പ്രതിസന്ധി, കെട്ടിട സമുച്ചയങ്ങള്‍, അവയുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളില്‍ തുടക്കം മുതലേ തര്‍ക്കങ്ങളായിരുന്നു. പഴയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തു തുടക്കം കുറിച്ച കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി വളരെ വേഗം യാഥാര്‍ഥ്യമാകുമെന്നു തോന്നിച്ച കാലഘട്ടത്തിലാണു ഭരണം മാറിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ കാശിനു കൊള്ളാത്തതാണെന്നും അതുമാറ്റി നല്ല സ്വയമ്പന്‍ കരാറുണ്ടാക്കുമെന്നും വി.എസ്. അച്യുതാനന്ദന്‍ സഖാവ് പറഞ്ഞപ്പോള്‍ അവിശ്വസിക്കേണ്ട അവസ്ഥ തെല്ലുമില്ലായിരുന്നു. തന്നെയുമല്ല, ആള്‍ദൈവത്തിന്‍റെ അവതാരരൂപമായിരുന്ന അദ്ദേഹം കേരളത്തിന്‍റെ ഭൂപടം തന്നെ മാറ്റിവരയ്ക്കുമെന്ന പ്രതീതിയായിരുന്നു തുടക്കത്തില്‍. 
    വാസ്തവം പറഞ്ഞാല്‍ തന്നെക്കാള്‍ നല്ല വ്യവസ്ഥകളുണ്ടാക്കി, കൊച്ചിയെ അച്യുതാനന്ദന്‍ സഖാവ് സ്മാര്‍ട്ട് ആക്കിക്കളയുമോ എന്ന് ഉമ്മന്‍ ചാണ്ടി ശരിക്കും ഭയപ്പെടുകപോലും ചെയ്തതാണ്. എന്നാല്‍ അണ്ടിയോട് അടുത്തപ്പോഴാണു സഖാവിനു മാങ്ങയുടെ പുളി ശരിക്കും പിടികിട്ടിയത്. കരയ്ക്കിരുന്നു കപ്പലോടിക്കുന്നതുപോലല്ല കാര്യങ്ങള്‍. രണ്ടാമതുണ്ടാക്കിയ കരാറും രണ്ടാമതു സ്ഥാപിച്ച ഹൈടെക് ശിലയുമൊക്കെ വെറും പാഴ്പ്പണിയാണെന്നു ജനം തിരിച്ചറിഞ്ഞപ്പോഴേക്കും പദ്ധതി വൈകുന്നതിന്‍റെ യഥാര്‍ഥ കാരണം അച്യുതാനന്ദന്‍ സഖാവ് കണ്ടെത്തിക്കഴിഞ്ഞിരുന്നു. സ്മാര്‍ട്ട് സിറ്റി സ്ഥാപിച്ചെടുക്കേണ്ട ദുബായ് ടീകോമിന്‍റെ കൈയില്‍ ഓട്ടക്കാലണ പോലുമില്ലത്രേ. പണമില്ലാത്തവന്‍ വെറും പിണം. അവരെങ്ങനെ കൊച്ചിയെ സ്മാര്‍ട്ട് ആക്കും? 
     പക്ഷേ, ദുബായ് ടീകോം ഉടന്‍ മീശവിറപ്പിച്ചു. ചുണയുണ്ടെങ്കില്‍ മാള്‍ട്ടയിലേക്കു വരൂ. നിങ്ങടെ കൊച്ചിയോടൊപ്പം ഞങ്ങള്‍ ഏറ്റെടുത്ത പണിയാണത്. അത് ഇതാ യാഥാര്‍ഥ്യമായിരിക്കുന്നു. വേണമെങ്കില്‍ മുഖ്യമന്ത്രിക്കു മാള്‍ട്ട സന്ദര്‍ശിച്ചു സ്വയം ബോധ്യപ്പെടാം. അതിനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ ചെയ്തുതരാം. വെല്ലുവിളി മുഖ്യമന്ത്രിയോടായിരുന്നു. മാള്‍ട്ടയില്‍ വച്ചു പാര്‍ട്ടി പൊളിറ്റ് ബ്യൂറോയോ കേന്ദ്ര കമ്മിറ്റിയോ കൂടിയിരുന്നെങ്കില്‍ ഒരു കൈ നോക്കാമയിരുന്നു. അതില്ലാത്തതുകൊണ്ടു വി.എസ് കേട്ടില്ലെന്നു നടിച്ചു. 
    സ്മാര്‍ട്ട് സിറ്റി ഇനി നടപ്പില്ലെന്ന് ഏതാണ്ടുറപ്പിച്ചപ്പോഴാണ് എം.എ. യുസഫ് അലിയുടെ രംഗപ്രവേശം. അന്താരാഷ്ട്ര പ്രശസ്ത ഇന്ത്യന്‍ വ്യവസായി യൂസഫലിയുടെ ഇടപെടല്‍ ഒരുവിധം ഫലം കണ്ടു തുടങ്ങിയതാണ്. കൊച്ചി വേഗം സ്മാര്‍ട്ട് ആക്കുന്ന കാര്യത്തില്‍ ദുബായി ഭരണകൂടത്തിന്‍റെ ഇടപെടല്‍ ഉറപ്പായ സാഹചര്യത്തില്‍ ഇതാ വി.എസ് വക പുതിയ വെളിപ്പെടുത്തല്‍. ടീകോം മേധാവി ഫരീദ് അബ്ദുള്‍ റഹ്മാന്‍ കള്ളുകുടിയനാണത്രേ. 
      ഒരാളെ കള്ളുകുടിയനെന്നു വിശേഷിപ്പിക്കണമെങ്കില്‍ വ്യക്തമായ തെളിവുണ്ടാകണം. കള്ളു കുടിച്ചതിന്‍റെ പേരില്‍ അയാള്‍ക്കെതിരേ ഏതെങ്കിലും ക്രിമിനല്‍ കേസ് ഉണ്ടാകണം. അല്ലെങ്കില്‍ പൊതുമുതല്‍ നശിപ്പിക്കണം, സംസ്ഥാനത്തിനു ചീത്തപ്പേരുണ്ടാക്കണം. എന്നാല്‍ ഫരീദ് അബ്ദുള്‍ റഹ്്മാന്‍ അങ്ങനെ എന്തെങ്കിലും ചെയ്തതായി ഒരു പരാതിയില്ല, യാതൊരു തെളിവുമില്ല. പിന്നെങ്ങനെ അദ്ദേഹത്തെ കള്ളുകുടിയനെന്നു വിളിക്കും? ആരോടും പ്രീതിയോ വിദ്വേഷമോ കൂടാതെ സംസ്ഥാനം ഭരിക്കുമെന്നു ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തയാളാണു മുഖ്യമന്ത്രി. വ്യക്തമായ തെളിവുകളുടെയോ ശരിയായ പരാതിയുടെ പോലുമോ അടിസ്ഥാനത്തിലല്ലാതെ, ഒരാളെ അപമാനിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തവകാശം? മറ്റുള്ളവരോടു വിദ്വേഷത്തോടെ പെരുമാറുന്നതും അവര്‍ക്കെതിരേ പരാമര്‍ശിക്കുന്നതും സത്യപ്രതിജ്ഞാലംഘനമാണെന്ന് അദ്ദേഹത്തെ ആരുപദേശിക്കും? അങ്ങനെ ഉപദേശിക്കാനും ശാസിക്കാനും ശിക്ഷിക്കാനുമൊക്കെ പാര്‍ട്ടിക്കു കഴിഞ്ഞിരുന്നെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ് എന്നൊക്കെ കേള്‍ക്കുന്ന മാത്രയില്‍ സഖാക്കള്‍ പേടിക്കുമായിരുന്നു. ഇന്ന് ആര് ആരെ പേടിക്കാന്‍? ഒരു വിദേശ നിക്ഷേപകനെ നമ്മുടെ മുഖ്യമന്ത്രി കള്ളുകുടിയനെന്നല്ലേ വിളിച്ചുള്ളൂ? ഡ്രങ്കാര്‍ഡ് എന്ന് വളരെ വേഗത്തില്‍ ഫരീദിനു തര്‍ജമ ചെയ്തു കൊടുക്കാം. വല്ല പോഴനെന്നോ കൊഞ്ഞാണനെന്നോ മറ്റോ വിളിച്ചിരുന്നെങ്കില്‍ അതിന്‍റെ അര്‍ഥം അദ്ദേഹത്തെ എങ്ങനെ മനസിലാക്കിക്കൊടുക്കുമായിരുന്നു? മൊഴിമാറ്റക്കാര്‍ ഇരുകൈയും കൂപ്പി നമിക്കും, നമ്മുടെ മുഖ്യമന്ത്രിയെ.
  ഇനി പഠന കോണ്‍ഗ്രസിന്‍റെ കാര്യം. പഠനം എന്നാല്‍ കാര്യങ്ങള്‍ വായിക്കുക, അപഗ്രഥിക്കുക, മനസിലാക്കുക, വിലയിരുത്തുക, പരീക്ഷിക്കുക തുടങ്ങിയ നിരവധി പ്രക്രിയകളുടെ ആകെത്തുകയാണ്. ഇതൊന്നുമില്ലെങ്കിലും പാര്‍ട്ടിയില്‍ പലതും പഠിക്കാനുണ്ട്. അതാണു പഠന കോണ്‍ഗ്രസ്. ഉദാഹരണത്തിന് അന്തക വിത്ത്. ജനിതകമാറ്റം വരുത്തിയ നടീല്‍വസ്തു എന്നു വേണമെങ്കിലും മാറ്റിവായിക്കാം. അതൊന്നും ഇവിടെ പാടില്ലെന്നായിരുന്നു ഇതുവരെയുള്ള പാര്‍ട്ടി കോണ്‍ഗ്രസില്‍ പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ പഠന കോണ്‍ഗ്രസില്‍ അന്തക വിത്ത് അത്രയ്ക്ക് അന്തകനല്ലെന്നാണു തിരുത്ത്. കാര്‍ഷിക മേഖലയിലെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ നമ്മുടെ കൃഷിയിടങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നു വാദിക്കുന്നതു ശരിയല്ലെന്നാണു പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ വിലയിരുത്തല്‍. പാര്‍ട്ടി നടത്തുന്ന പഠന കോണ്‍ഗ്രസിലായിരുന്നു ഈ പ്രഖ്യാപനം. അതുകൊണ്ടുതന്നെ അതു പാര്‍ട്ടി ഔദ്യോഗിക നിലപാടാണെന്നു വ്യക്തം. 
     ശാസ്ത്ര നേട്ടങ്ങള്‍ വേണ്ടെന്നും അവയൊക്കെ പിന്തിരിപ്പനാണെന്നും പണ്ടൊരു പ്രചാരമുണ്ടായിരുന്നു. കംപ്യൂട്ടര്‍ അറബിക്കടലില്‍ എന്നു ഘോരം മുദ്രാവാക്യം വിളിച്ചിട്ടുണ്ട് സഖാക്കള്‍. ഇപ്പോള്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസില്‍പ്പോലുമുണ്ട് കംപ്യൂട്ടര്‍. ടെലികോം സ്വകാര്യവത്കരണത്തിനെതിരേ സത്യഗ്രഹം കിടന്നിട്ടുണ്ട് ഇതേ സഖാക്കള്‍. എന്നാല്‍ മിക്ക നേതാക്കളുടെയും അണികളുടെയും കൈയിലുള്ള മൊബൈല്‍ഫോണുകളെല്ലാം സ്വകാര്യ കമ്പനികളുടേതും. 
കാര്‍ഷിക ഗവേഷണ കശപിശയില്‍ വാടാത്ത ഒരൊറ്റ കേരതരുപോലുമില്ലാത്ത കേരളത്തില്‍, അത്യുത്പാദനശേഷി കൂടിയ വിത്തിനങ്ങള്‍ വികസിപ്പിച്ച് ഉത്പാദനശേഷി കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കണം എന്നുമാത്രമേ പഠന കോണ്‍ഗ്രസ് ഉപദേശിച്ചുള്ളൂ. അപ്പോഴേക്കും പലരും വാളെടുത്തു. മുല്ലക്കര സഖാവും ചന്ദ്രപ്പന്‍ സഖാവുമൊക്കെ ഉറഞ്ഞുതുള്ളി. ഇവരും കംപ്യൂട്ടറിനും സ്വകാര്യ ഫോണുകള്‍ക്കുമെതിരേ സമരം ചെയ്തിട്ടുണ്ട്. എന്നിട്ടോ? എംഎന്‍ സ്മാരകത്തിലും രണ്ടിനുമില്ല കുറവ്. ഗുണം മനസിലാക്കാന്‍ ഇത്തിരി വൈകിയെന്നേയുള്ളു.
     അതുപോലെ മേല്‍ത്തരം വിത്തിനങ്ങളുടെ ഗുട്ടന്‍സ് പിടികിട്ടുന്നതുവരെ അതിനെയും അവര്‍ എതിര്‍ക്കും. കൂടുതല്‍ മേടു കാണിച്ചാല്‍ പഠന കോണ്‍ഗ്രസില്‍ എക്സ്ട്രാ ക്ലാസ് വച്ച് ഇവരെയൊക്കെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ എസ്ആര്‍പി ഒന്നു ശ്രമിച്ചു നോക്ക്. ചിലപ്പോള്‍ നന്നായേക്കും!
 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ