മാപ്പുസാക്ഷികള്‍ നീണാള്‍വാഴട്ടെ!
ആര്‍. ബാലകൃഷ്ണ പിള്ളയുടെ പ്രശസ്തമായ ആത്മകഥയ്ക്കു ഗ്രന്ഥകര്‍ത്താവ് നല്‍കിയ പേര് “"മദ്വചനങ്ങള്‍ക്കു മാര്‍ദവമില്ലെങ്കില്‍...'’ എന്നായിരുന്നു. ഇതു പുസ്തക രൂപത്തിലാക്കിയപ്പോള്‍ പ്രിസണര്‍ 5990 എന്നു പേരു മാറ്റി, പ്രസാധകരായ ഡിസി ബുക്സ്. ഈ പേരുമാറ്റത്തെക്കുറിച്ച് ബാലകൃഷ്ണപിള്ളയ്ക്കു മുന്‍കൂര്‍ വിവരം ലഭിച്ചിരുന്നില്ല. പ്രസാധകര്‍ അതിന് അനുമതി ചോദിച്ചതുമില്ല. പുസ്തകച്ചന്തയിലെ മാര്‍ക്കറ്റിങ് സ്ട്രാറ്റജി എന്നൊക്കെപ്പറഞ്ഞ് ഡിസി ബുക്സ് പിന്നീടു തടിതപ്പുകയും ചെയ്തു.
ഈ പുസ്തകം ഇപ്പോഴായിരുന്നു ഡിസി പ്രസിദ്ധപ്പെടുത്തിയിരുന്നതെങ്കില്‍ പേരുമാറ്റം തീരെ ഉണ്ടാകുമായിരുന്നില്ല. എത്രയോ പേരുടെ എത്രയെത്ര വചനങ്ങളാണ് അടുത്ത നാളുകളില്‍ മാര്‍ദവമില്ലാതെപോയത്. സമീപകാലത്തു വിവാദങ്ങള്‍ വേട്ടയാടുന്നുണ്ടെങ്കിലും ഒരു കാലത്തു തീപ്പൊരിയായിരുന്നു ബാലകൃഷ്ണ പിള്ള. ഇന്നത്തെ ബദ്ധവൈരി അച്യുതാനന്ദന്‍ പോലും ഭയന്നിരുന്ന രാഷ്ട്രീയ എതിരാളി. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സാക്ഷാല്‍ എസ്. രാമചന്ദ്രന്‍ പിള്ളയെ വരെ തെരഞ്ഞെടുപ്പില്‍ അടിയറവു പറയിച്ചിട്ടുണ്ട് പിള്ള. ജന്മം കൊണ്ടു ഫ്യൂഡലിസ്റ്റ് പശ്ചാത്തലമുണ്ടെങ്കിലും കര്‍മം കൊണ്ടു കമ്യൂണിസ്റ്റ് പാരമ്പര്യവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഇന്നത്തെ എസ്എഫ്ഐയുടെ പഴയ രൂപമായ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പിച്ചവച്ച പിള്ള അതിന്‍പടി തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ഇന്നു സിപിഎം പൊളിറ്റ് ബ്യൂറോ വരെയും വളരുമായിരുന്നു.
എന്നാല്‍ ഇടതുപക്ഷ സഹയാത്രികനായി തുടരാന്‍ പാര്‍ട്ടിയിലെതന്നെ പല സഖാക്കളും അനുവദിച്ചില്ലെന്ന് അദ്ദേഹം ആത്മകഥയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ തന്നെ അപായപ്പെടുത്താന്‍ കൂടി ശ്രമിച്ചവരാണു പഴയ സഖാക്കളെന്നു ശരീരത്ത് അവശേഷിക്കുന്ന മുറിപ്പാടുകള്‍ ചൂണ്ടി അദ്ദേഹം സമര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ഐക്യ കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം പിള്ളയെപ്പോലെ നന്നായി ഓര്‍മയുള്ളവര്‍ കുറയും. അതുകൊണ്ടുതന്നെ അഞ്ചര പതിറ്റാണ്ടു നീണ്ട കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം പിള്ളയ്ക്കു നന്നായി പറയാനും കഴിയും. ആ ചരിത്രമാണു മദ്വചനങ്ങള്‍ക്കു മാര്‍ദവമില്ലെങ്കില്‍.. എന്നു വിനയാന്വിതനായി പിള്ള പറയുന്നത്.
നിയമസഭയ്ക്കകത്തും പുറത്തും ആവോളം നര്‍മം കലര്‍ത്തി സംസാരിച്ചിട്ടുള്ള എത്രയോ പേരുണ്ട്? രാഷ്ട്രീയ എതിരാളികളോട് ഒരു മാര്‍ദവുമില്ലാതെ സംസാരിച്ചിട്ടുണ്ട് ബാലകൃഷ്ണ പിള്ള പോലും. എന്നാല്‍ ഇവരാരും സഭ്യതയുടെ വേലിക്കെട്ട് പൊട്ടിച്ചിട്ടുമില്ല. മഴ കുറയാന്‍ കാരണം വ്യാപകമായ വനനശീകരണമാണെന്നു പരിസ്ഥിതി വാദികളെ മുന്‍നിര്‍ത്തി ചിലര്‍ ഉന്നയിച്ച ആളോടു കടലില്‍ മഴ പെയ്യുന്നത് എത്ര വനമുണ്ടായിട്ടാണെന്ന സരസമായ മറുചോദ്യം കൊണ്ടു വായടപ്പിച്ച സീതി ഹാജിയെ ആരെങ്കിലും മറക്കുമോ? സഭയിലെ തന്നെ പ്രസംഗം നിശ്ചിത സമയവും കടന്ന് മുന്നേറിയ ജോസഫ് ചാഴിക്കാടന് അവസാനമായി ഒരു വാചകം കൂടി പറയാന്‍ അനുമതി നല്‍കിയ സ്പീക്കറെ അദ്ദേഹം വട്ടം ചുറ്റിച്ചു. കോംപൗണ്ട് സെന്‍റന്‍സ് എന്ന ഗ്രാമര്‍ പേരുള്ള ഒരു മുഴുനീള വാചകം കൊണ്ടു സഭയുടെ ഏതാണ്ട് ഒരു മണിക്കൂറോളം അപഹരിച്ചു കളഞ്ഞു ചാഴിക്കാടന്‍. അതിനു പഴിയും പിഴയും കേള്‍ക്കേണ്ടി വന്നു എന്നതു വേറേ കാര്യം. പക്ഷേ, സഭാതലത്തില്‍ അതും ചരിത്രം. അമെരിക്കയിലെ ചായകുടിയും ബലാത്സംഗവും തുലനം ചെയ്തു നര്‍മപ്രിയന്‍ സാക്ഷാല്‍ ഇ.കെ. നായനാര്‍ പോലും ചരിത്രത്തില്‍ ഇടം പിടിച്ചു.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വാചകങ്ങള്‍ പലതുണ്ടു ചരിത്ര രേഖയിലും അല്ലാതെയും. അതിന്‍റെ പേരില്‍ ആരെങ്കിലും മാപ്പു പറഞ്ഞതായി ഒരു രേഖയുമില്ല. പക്ഷേ, അതിനു ഭാഗ്യം കിട്ടിയതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു മാത്രം. മുന്നണിയിലും പാര്‍ട്ടിയിലുമുള്ള പലരും ഒറ്റയ്ക്കും കൂട്ടായും ഉമ്മന്‍ ചാണ്ടിക്കു പണി കൊടുക്കുന്നുണ്ട്. അതിന്‍റെ പേരില്‍ നാട്ടുകാരോടു മാപ്പപേക്ഷിച്ചു നടപ്പാണു കുഞ്ഞൂഞ്ഞ്. ഈ പോക്കുപോയാല്‍ എല്ലാത്തിനും മാപ്പു സാക്ഷിയാകേണ്ടി വരുമോ എന്ന ആഥിയും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നാണ് അശരീരി. ഇനി ഒരു വഴിയേയുള്ളു. മറ്റുള്ളവര്‍ എവിടെയും എന്തും പറയട്ടെ. എന്നിട്ടു കുഞ്ഞൂഞ്ഞിനെ കണ്ട്, ആദ്യം മാപ്പു പറയുക. അദ്ദേഹമതു സൗകര്യം പോലെ നാട്ടുകാരെ അറിയിച്ചുകൊള്ളും.
** **
വച്ചടി വച്ചടി കയറ്റം എന്നതു ചിലരുടെ തലേവരയാണ്. അങ്ങനെയൊരു തലേവരയുടെ ഉടമയാണു സാക്ഷാല്‍ വി.എസ്. അച്യുതാനന്ദന്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അല്ലെങ്കില്‍ മലപോലെ വന്നത് ഇങ്ങനെ എലിപോലെ പോകുമോ? കഴിഞ്ഞ ആഴ്ച കാലക്കേടു രണ്ടുമൂന്നു തരത്തിലാണ് അദ്ദേഹത്തെ തലോടി കടന്നുപോയത്. ഒന്ന് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ അഴിമതി. മറ്റൊന്നു സ്വപുത്രന്‍റെ അധികാരധൂര്‍ത്തും അഴിമതിയും. മൂന്നാമത് ഇഷ്ടതോഴന്‍ ടി.ജി. നന്ദ കുമാര്‍. ടൈറ്റാനിയം അഴിമതിയുടെ കുന്തമുന അച്യുതാനന്ദന്‍ സര്‍ക്കാരിലേക്കു നീണ്ടിറങ്ങിയതാണ്. അധികാരത്തിലെത്തി ആദ്യമാസങ്ങളില്‍ത്തന്നെ ടൈറ്റാനിയം കേസ് വിജിലന്‍സ് അന്വേഷണത്തിനു വിടാന്‍ അവസരമുണ്ടായിരുന്നിട്ടും അതു ചെയ്യാതിരുന്നതു തന്‍റെ തന്നെ പാര്‍ട്ടിയിലെ ചിലരെ വെള്ളം കുടിപ്പിക്കാതിരിക്കാനായിരുന്നു എന്നാണു നിയമസഭയില്‍ ഇപ്പോള്‍ ഭരണപക്ഷം ആരോപിച്ചത്. പ്രതിപക്ഷത്തുള്ളവര്‍ ഏറ്റുപിടിക്കാതിരുന്നത് ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നു വിചാരിച്ചും. ഏതായാലും പാമോയില്‍ കേസിലും മറ്റും കാണിക്കുന്ന ആവേശം ടൈറ്റാനിയം കേസില്‍ വിഎസ് കാണിക്കാത്തതിനു പിന്നില്‍ സ്വയംകൃതാനര്‍ഥം കല്‍പ്പിക്കുന്നവരുണ്ട്.
വിഎസിനെ വട്ടപ്പൂട്ടിട്ടു പിടിക്കാന്‍ ഭരണപക്ഷം നടത്തിയ അടുത്ത തന്ത്രം ഒടുവില്‍ ഫലം കാണുമെന്നു വന്നതാണ്. പുറമേയ്ക്ക് അഴിമതിവിരുദ്ധനെന്നു പ്രചാര വേല ചെയ്യുന്ന അച്യുതാനന്ദന്‍റെ കുടുംബാംഗങ്ങളുടെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരേ നിയമസഭ കത്തിക്കാളി വന്നതാണ്. ഈ വിഷയങ്ങളില്‍ ഉത്തരം മുട്ടിപ്പോയ പ്രതിപക്ഷം ഏറെക്കുറെ മൗനത്തിലും.
വിവാദ ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാറിനെ അതിഥിയായി സ്വീകരിച്ചതിന്‍റെ പേരിലും നിയമസഭയില്‍ അച്യുതനാന്ദനെ കുടുക്കാന്‍ പി.സി. വിഷ്ണുനാഥും വി.ഡി. സതീശനും മറ്റും കോപ്പുകൂട്ടിയതാണ്. ഒടുവില്‍ അച്യുതാനന്ദന്‍ ഒറ്റയ്ക്കു പ്രതിരോധിക്കുമെന്ന ഘട്ടം വന്നപ്പോഴേക്കും ഗണേശ് കുമാറും പി.സി. ജോര്‍ജും കളിയുടെ വഴിമാറ്റിവിട്ടു.അങ്ങനെ അച്യുതാനന്ദനെ വിട്ടു പ്രതിപക്ഷവും ഭരണപക്ഷവും പപ്പരാസിപ്പടയും ഇവരുടെ പിന്നാലെ പോയി. ഏതായാലും അധികം അദ്ധ്വാനിക്കാതെ അച്യുതാനന്ദന്‍ തടിതപ്പി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇതാണു യോഗം എന്നു പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ