പേജുകള്‍‌

2012, ജനുവരി 9, തിങ്കളാഴ്‌ച

പ്രവാസികള്‍ അര്‍ഹിക്കുന്ന അംഗീകാരം
 
ആരുടെയെങ്കിലും ഔദാര്യമോ, ദയാവായ്പോ അല്ല, പ്രവാസികള്‍ക്കുള്ള വോട്ടവകാശവും പെന്‍ഷന്‍ അടക്കമുള്ള പുനരധിവാസവും. എങ്കിലും രാജ്യം സ്വാതന്ത്ര്യത്തിന്‍റെ ഷഷ്ഠിപൂര്‍ത്തി പിന്നിട്ട ശേഷവും വിദേശ ഇന്ത്യക്കാര്‍ ഈ ആനുകൂല്യങ്ങള്‍ക്കു പുറത്തായിരുന്നു എന്നത് നമ്മുടെ ഭരണകര്‍ത്താക്കളുടെയും ഭരണ സമ്പ്രദായങ്ങളുടെയും വീഴ്ച എന്നു കരുതിയാല്‍ മതി. ഈ വീഴ്ച തിരുത്തിയതിനു ഡോ. മന്‍മോഹന്‍സിങ് മന്ത്രിസഭയ്ക്ക് എന്‍ആര്‍ഐ വിഭാഗത്തിന്‍റെ പേരില്‍ അഭിനന്ദനം. അതിനു മുന്‍കൈ എടുത്ത കേന്ദ്ര മന്ത്രിസഭ പൊതുവിലും പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പ്രത്യേകിച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. ജനിച്ച നാട്ടില്‍ അവസരങ്ങള്‍ ഇല്ലാത്തതു മൂലം സ്വയം നാടുകടത്തലിനു വിധിക്കപ്പെട്ടവരാണ് വിദേശ ഇന്ത്യക്കാരില്‍ നല്ലൊരു പങ്കും. സ്വാതന്ത്ര്യ ലബ്ധിക്കു മുന്‍പു മുതല്‍ തന്നെ ഈ പ്രയാണം തുടങ്ങിയതാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, അന്നു തുടങ്ങിയതാണ് ഇക്കൂട്ടരോടുള്ള ചിറ്റമ്മനയവും. ഉടുതുണിക്കു മറുതുണിയില്ലാതെ നാടുവിടേണ്ടി വന്നവരെ അംഗീകരിക്കാന്‍ പണ്ടു മുതല്‍ തന്നെ അധികാര കേന്ദ്രങ്ങള്‍ വൈമുഖ്യം കാട്ടിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനുവേണ്ടി പോരടിക്കാന്‍ നിര്‍ബന്ധിതരായ ഇന്ത്യക്കാര്‍ക്കു സ്വാതന്ത്ര്യ സമര പെന്‍ഷന്‍ പോലും നല്‍കാന്‍ എത്ര അമാന്തമായിരുന്നു.

രാഷ്ട്രത്തിന്‍റെ നിര്‍മാണപ്രക്രിയയിലും വികസനത്തിലും പ്രവാസികള്‍ നിര്‍വഹിച്ചിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. പ്രത്യേകിച്ചു കേരളത്തിന്‍റെ കാര്യത്തില്‍. നമ്മുടെ വിദേശ നാണ്യ ശേഖരത്തിന്‍റെ നല്ലൊരു പങ്ക് വിദേശ ഇന്ത്യക്കാരുടെ വിയര്‍പ്പിന്‍റെ വിലയാണ്. സംസ്ഥാന ബജറ്റ് തുകയ്ക്കു തുല്യമായൊരു തുകയാണ് ഓരോ വര്‍ഷവും വിദേശ മലയാളികള്‍ ഇവിടേക്ക് എത്തിക്കുന്നത്. അവര്‍ അയയ്ക്കുന്ന പണം ഒരു മാസം പൂര്‍ണമായി നിലച്ചാല്‍ ഇവിടുത്തെ ബാങ്കിങ് മേഖലതന്നെ പ്രതിസന്ധിയിലാകും. എന്നിട്ടും അവര്‍ക്ക് ഈ നാട് തിരിച്ചെന്തു നല്‍കിയെന്ന ചോദ്യത്തിനു നന്ദികേടു മാത്രം എന്നു പറയുന്നതല്ലേ ശരി? നാട്ടിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്താവളം മുതല്‍ തുടങ്ങുന്നു അവര്‍ക്കു നേരേയുള്ള കൊടിയ പീഡനങ്ങളും കൊള്ളകളും.

അന്യനാടുകളില്‍ ജോലി ചെയ്ത് വീടും സ്വന്തം നാടും സമ്പന്നമാക്കി തിരിച്ചെത്തുന്നവരില്‍ ബഹുഭൂരിപക്ഷവും പിന്നീട് അവഗണനയിലും ദുരിതത്തിലുമാണു വന്നു വീഴുക. നിത്യവരുമാനമില്ല, ചികിത്സാ സൗകര്യങ്ങളില്ല, പുനരധിവാസ പദ്ധതികളെല്ലാം വെറും ഏട്ടിലെ പശു മാത്രം. അങ്ങനെ ദുരിതപൂര്‍ണമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവര്‍ കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്തയാണ് ഇന്നലെ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പുരില്‍ പ്രധാനമന്ത്രിയില്‍ നിന്നു കേട്ടത്. പ്രവാസി ഭാരതീയ ദിവസിന്‍റെ പത്താം വാര്‍ഷിക സമ്മേളനം ഈ പ്രഖ്യാപനങ്ങള്‍ കൊണ്ട് അര്‍ഥപൂര്‍ണമായി. സ്വന്ത നിലയില്‍ ജോലി അവസാനിപ്പിച്ചു നാട്ടിലെത്തുന്നവര്‍ക്കുള്ള പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതിയാണ് അതില്‍ മുഖ്യം. ഓരോ പ്രവാസിക്കും പ്രതിവര്‍ഷം ആയിരം രൂപ വരെ സര്‍ക്കാര്‍ വിഹിതം അനുവദിച്ചാണു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. ഓരോ ഗുണഭോക്താവും 1000 രൂപ മുതല്‍

12,000 രൂപ വരെ വാര്‍ഷിക വിഹിതം നല്‍കിയാല്‍ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹത ലഭിക്കും. നേരത്തേ തന്നെ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു എന്നു മാത്രം.

ഈ വിഹിതത്തില്‍ നിന്നു ലഭിക്കുന്ന പെന്‍ഷന്‍ നാമമാത്രമായിരിക്കുമെന്നും അതുകൊണ്ട് ഒരു റിട്ടയേര്‍ഡ് എന്‍ആര്‍ഐക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ഉറപ്പ്. പക്ഷേ, ഇതൊരു തുടക്കമായി കണക്കാക്കി, വരുംകാലത്ത് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടാനുള്ള അവസരമാക്കി മാറ്റാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനുള്ള സുവര്‍ണാവസരമാണ് വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള തീരുമാനം. അറുപതു ലക്ഷത്തില്‍പ്പരം മലയാളികള്‍ വിദേശരാജ്യങ്ങളിലുണ്ടെന്നാണു കണക്ക്. നേരത്തേ സൂചിപ്പിച്ചതു പോലെ അവര്‍ ഇവിടേക്ക് ഒഴുക്കുന്നതു നമ്മുടെ പൊതു ഖജനാവിലെ നിക്ഷേപത്തെക്കാള്‍ വലിയ തുകയും. ക്രയശേഷിയും അംഗബലവുമുള്ള ഇവരുടെ വോട്ടു മാത്രമല്ല, അവരുടെ പ്രതിനിധികള്‍ക്ക് നിയമനിര്‍മാണ സഭകളിലും മറ്റ് ജനായത്ത സംവിധാനങ്ങളിലും പ്രാതിനിധ്യം ഉറപ്പു വരുത്താനും നമുക്കു കഴിയണം. നിയമസഭയിലും മറ്റും ന്യൂനപക്ഷങ്ങള്‍ക്കു സീറ്റ് സംവരണം ചെയ്തതു പോലെ, എന്‍ആര്‍ഐകള്‍ക്കും പ്രത്യേക സംവരണം ഏര്‍പ്പെടുത്തി അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതാണ്. പ്രതിശീര്‍ഷ എന്‍ആര്‍ഐ പ്രാതിനിധ്യം കേരളത്തിലാണു കൂടുതല്‍. മൊത്തം ജനസംഖ്യയുടെ ഇരുപതു ശതമാനത്തോളം വരും ഇവിടെനിന്നുള്ള എന്‍ആര്‍ഐകള്‍. എണ്ണത്തില്‍ത്തന്നെയുള്ള ഈ ബാഹുല്യം കണക്കിലെടുത്ത് വിദേശ ഇന്ത്യക്കാരുടെ പ്രതിനിധികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും പരിഗണനയും നല്‍കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും മത്സരിച്ചു മുന്നോട്ടു വരേണ്ട സമയമാണ് സംജാതമായതെന്നു മറക്കാതിരിക്കാം. പ്രവാസി പെന്‍ഷനും ഇന്‍ഷുറന്‍സും വോട്ടവകാശവും അവര്‍ക്കു വളരെ വളരെ വൈകി വന്ന നീതി തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ